ഇന്ത്യാ സഖ്യത്തിന്റെ അനിവാര്യത : ജന്തർ മന്ദർ നൽകുന്ന പാഠം

ഇന്ത്യാ സഖ്യമെവിടെ അവർ പരസ്പരം സഹായിക്കാത്തതെന്ത് ആശ്വസിപ്പിക്കാത്തതെന്ത് ഒരുമിച്ച് പൊരുതാത്തതെന്ത്?

ഇന്ത്യാ സഖ്യത്തിലെ ഘടക കക്ഷികളെ ഓരോന്നായി നെടുകെ പിളർത്തുന്നു. വൻതോതിലുള്ള സമ്പത്ത് അതിനു വേണ്ടി ചിലവഴിക്കുന്നു. നഗ്നമായ അഴിമതികൾ ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. എം.പിമാരെയും എം.എല്‍.എ മാരെയും കൂറുമാറ്റുന്നു. ഈ പ്രക്രിയ നിരന്തരം തുടരുകയാണ്. തൃണമൂൽകോൺഗ്രസ്സ്, എ.എ.പി, ഉദ്ധവ്കക്ഷി, സമാജ് വാദി പാർട്ടി, എൻ സി പി പവാർ വിഭാഗം തുടങ്ങി എല്ലാവരും അതിൽ അകപ്പെട്ടു കഴിഞ്ഞു. സി.പി.എം ആകട്ടെ, അതിന്റെ എതിർപ്പിന്റെ കുന്തമുന രാഹുലിനും കോൺഗ്രസ്സിനും എതിരെ തത്വ ദീക്ഷയില്ലാതെ തിരിച്ചു വെക്കുന്നു. ന്യൂന പക്ഷങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നു. സംഗതികൾ ഒത്തുവന്നാൽ കേരളം ഉൾപ്പെടെ 2029 -ൽ വീണ്ടും തിരഞ്ഞെടുപ്പു നടക്കും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നയം നടപ്പിലാക്കും. ഫലം പ്രവചനാതീതമാകും.

സി.ജെ.പി നേതാവ് അഭിജിത് ദീപക്കെ

ഈ സന്നിഗ്ദ്ധഘട്ടത്തിൽ സി. ജെ. പി യുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദിറിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭം പ്രതിപക്ഷ ഐക്യത്തിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും അനിവാര്യത വിളിച്ചോതുന്നു. ഇന്ത്യാ സഖ്യമെവിടെ അവർ പരസ്പരം സഹായിക്കാത്തതെന്ത് ആശ്വസിപ്പിക്കാത്തതെന്ത് ഒരുമിച്ച് പൊരുതാത്തതെന്ത്? സഖ്യത്തിൽ നിന്നു വിട്ടുപോയവരെ തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കാത്തതെന്ത്? ബിജെപി അധികാരത്തിൽ തുടർന്നാലും വലിയ ബുദ്ധിമുട്ടുകളൊന്നും സഹിക്കേണ്ടതില്ലാത്തവരുണ്ടാകാം. അവരുടെ നിലപാട് കർക്കശമാവാതെ പോയെന്നും വരാം. യഥാർത്ഥ രാജ്യ സ്നേഹികളും മതേതര ജനാധിപത്യ ശക്തികളും ഇന്ത്യ ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ആപത്കരമായ സ്ഥിതി വിശേഷം കാണാതെ പോവില്ല. ഏകാധിപത്യത്തോട് സന്ധി ചെയ്യാതെ ഏറെക്കുറെ പൊരുതി തോറ്റത് മമതയും ധീരരായ അവരുടെ ചില നേതാക്കളുമാണ്. ഇപ്പോഴും അവരെ കൈവിടാത്തവർ ബഹുമാനിക്കപ്പെടേണ്ടവരാണ്. ഫാഷിസ്റ്റുകളോട് പ്രത്യക്ഷമായും പരോക്ഷമായും സന്ധിചെയ്തും വർഗ്ഗീയത പച്ചയായി പറയുന്നവരെ താലോലിച്ചും പിണറായി പത്തു വർഷം ഭരണം നിലനിർത്തി. സിപിഎം ഒരു പാർട്ടിയെന്ന നിലയിൽ അങ്ങനെ ആഗ്രഹിച്ചു കാണില്ല. മുഖ്യ മന്ത്രിയുടെ ശരി പാർട്ടിയുടെ ശരിയായിരുന്നതിനാൽ അവർ മാപ്പു സാക്ഷികളായി. ഇടതു നിലപാടുകൾ കൈവിടാതിരുന്ന ചിലർ പാർട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ അത് കനത്ത തിരിച്ചടിക്ക് കാരണമായി.

ബാലറ്റു പേപ്പർ തിരിച്ചുവരാതെ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ജനാധിപത്യം പുലരുകയില്ല. അങ്ങിനെയിരിക്കെ അതിനു വേണ്ടി ഒരു വൻ പ്രക്ഷോഭം നടത്തുവാൻ പ്രതിപക്ഷ പാർട്ടികൾ പരിശ്രമിക്കാത്തതെന്ത്? കഴിഞ്ഞ വർഷങ്ങളിൽ മധ്യപ്രദേശ് രാജസ്ഥാൻ ഹരിയാന മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് പാർട്ടി പരാജയപ്പെടാനുള്ള കാരണങ്ങൾ എന്തുകൊണ്ടാണ് പഠന വീധേയമാക്കാതെ പോയത്? വാസ്തവത്തിൽ അത് അത്യാവശ്യമായിരുന്നില്ലേ… പ്രതിപക്ഷ പാർട്ടികൾക്കകത്ത് കാര്യങ്ങൾ എല്ലാം നേരെയാണോ നടക്കുന്നത്? ബിജെപിക്കു സഹായകരമായ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കുവാൻ ആരെങ്കിലും അണിയറയിൽ പ്രവർത്തിക്കുന്നുണ്ടാകുമോ? യുവാക്കളുടെ പുത്തൻ പ്രസ്ഥാനത്തെ അടിച്ചമർത്താൻ ബിജെപി സർക്കാർ ശ്രമം തുടങ്ങി. എന്നിട്ടും ഇന്ത്യാ സഖ്യം തൃപ്തികരമാം വിധം ഒരുമിച്ചു നിന്നു പ്രതികരിക്കാത്തതെന്ത്? ഈ യുവജന മുന്നേറ്റത്തെ ജനാധിപത്യ കക്ഷികൾ എല്ലാം ശക്തമായി പിന്തുണക്കേണ്ടതില്ലേ… ഇവർ ഏതു വഴി ഏതറ്റം വരെ പോകുമെന്ന് അപ്പോൾ അറിയാമല്ലോ. ഭാവി ഇന്ത്യ തെരുവുകളിൽ നീതിക്കും ന്യായത്തിനും സത്യത്തിനും വേണ്ടി പൊരുതുമ്പോൾ അതിൽ ഇടപെടാതെ ആരെയാണ് കാത്തു നിൽക്കുന്നത്? ആർക്കുവേണ്ടി പോരാടാനാണ് പ്രതിപക്ഷത്ത് ചിലരെങ്കിലും അവരുടെ പോരാട്ട വീര്യം ഫ്രീസറില്‍ സൂക്ഷിക്കുന്നത്?

ഇതിനകം തന്നെ ചെറുപ്പക്കാരോടൊപ്പം അണിചേർന്ന കക്ഷികളും സംഘടനകളും വ്യക്തികളും ഗ്രൂപ്പുകളും അഭിനന്ദനമർഹിക്കുന്നു. പുതിയ തലമുറക്ക് പൊതുവെ രാഷ്ട്രീയ നേതാക്കളോടും കക്ഷികളോടും ബഹുമാനമോ അവരിൽ വിശ്വാസമോ ഇല്ല. അവരെയെല്ലാം അഴിമതിക്കാരും സത്യം പറയാത്തവരും നീതിക്കുവേണ്ടി നിൽക്കാത്തവരും ആയിട്ടാണ് അവർ കാണുന്നത്. അതിൽ ഏറെ ശരിയുണ്ട് താനും. മഹാഭൂരിപക്ഷം രാഷ്ട്രീയനേതാക്കളും പ്രവർത്തകരും നേർവഴിക്കു ചിന്തിക്കുന്നവർ തന്നെയാണ്. എങ്കിലും, പുതു തലമുറയെ പൂർണ്ണമായി തള്ളിപ്പറയുക വയ്യ. പുതിയ ചെറുപ്പക്കാരിൽ വ്യത്യസ്ഥ പാർട്ടികളിൽ സജീവമായി പ്രവർത്തിക്കുന്ന എന്നാൽ മറിച്ചു ചിന്തിക്കുന്നവരും ധാരാളമുണ്ട്. അവരുടെ ചിന്താഗതികൾ അതിവേഗം വാർദ്ധക്യം പ്രാപിക്കുന്നത് പ്രശ്നമാണ്. മതേതര ജനാധിപത്യ കക്ഷികൾ യുവജന പ്രക്ഷോഭത്തെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യണം അതിനെ നയിക്കാൻ ശ്രമിക്കരുത്. സാമ്പ്രദായിക രാഷ്ട്രീയ കക്ഷികളുടെ യാഥാസ്ഥിതിക മനോഭാവങ്ങളും അലസതയും പുത്തൻ യുവജന മുന്നേറ്റത്തിനുള്ള കാരണങ്ങളിൽ ഒന്നാണല്ലോ. നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ ഈ പ്രക്ഷോഭം നയിച്ചാൽ വിവിധ കാരണങ്ങളാൽ സമരം ലക്ഷ്യ പ്രാപ്തിയിലെത്തുക ദുഷ്കരമാവാനാണ് സാധ്യത.

Content Summary:The article argues that opposition unity under the INDIA alliance is essential to counter the BJP’s growing political influence and defend India’s democratic institutions. It also urges stronger support for youth-led democratic movements and greater cooperation among opposition parties.

കെഎന്‍എ ഖാദര്‍

മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവും മൂന്നു തവണ എംഎല്‍എയുമായിട്ടുള്ള കെഎന്‍എ ഖാദര്‍, മികച്ച പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു

More Posts

This post was last modified on July 24, 2026 4:10 pm

കെഎന്‍എ ഖാദര്‍: മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവും മൂന്നു തവണ എംഎല്‍എയുമായിട്ടുള്ള കെഎന്‍എ ഖാദര്‍, മികച്ച പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു
Related Post
Leave a Comment