താന്‍ ബീഫ് കഴിക്കുമെന്നുള്ളത് അടിസ്ഥാനമില്ലാത്തതും ലജ്ജാകരവുമായ ആരോപണമാണെന്ന് കങ്കണ റണാവത്ത്. ബോളിവുഡ് താരമായ കങ്കണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്.
ബിഫോ മറ്റേതെങ്കിലും റെഡ് മീറ്റോ താന്‍ കഴിക്കാറില്ലെന്നും അഭിമാനിയായ ഹിന്ദുവാണ് താനെന്നുമാണ് കങ്കണ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.
‘ ഞാന്‍ ബീഫോ, മറ്റെന്തെങ്കിലും റെഡ് മീറ്റോ കഴിക്കാറില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്നത് നാണംകെട്ട പ്രവര്‍ത്തിയാണ്. ഞാന്‍ പതിറ്റാണ്ടുകളായി യോഗ-ആയുര്‍വേദിക് ജീവിതരീതികള്‍ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നൊരാളാണ്. എന്റെ വ്യക്തിത്വം താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിക്കില്ല. ജനങ്ങള്‍ എന്നെയറിയാം, ഞാന്‍ അഭിമാനിയായൊരു ഹിന്ദുവാണെന്നും അവര്‍ക്കറിയാം. ഒന്നിനും അവരെ തെറ്റിദ്ധരിപ്പികാനാകില്ല’ കങ്കണയുടെ വാക്കുകള്‍.
കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു ബീഫ് കഴിക്കില്ലെന്ന വാദവുമായി കങ്കണ രംഗത്ത് വന്നത്. താന്‍ ബീഫ് കഴിക്കുമെന്ന് കങ്കണ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായ വാഡേത്തിവാര്‍ ഒരു റാലിയില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞത്. ബീഫ് തനിക്ക് ഇഷ്ടമാണെന്നും കഴിച്ചിട്ടുണ്ടെന്നുമുള്ള കാര്യം കങ്കണ എക്‌സില്‍ പങ്കുവച്ചിട്ടുണ്ടെന്നും, അത് നോക്കാതെയാണ് ബിജെപി അവര്‍ക്ക് ലോക്‌സഭ ടിക്കറ്റ് കൊടുത്തതെന്നുമാണ് വാഡേത്തിവാറിന്റെ ആക്ഷേപം. കോണ്‍ഗ്രസിന്റെ ആരോപണം തള്ളി കങ്കണയെ പിന്തുണയ്ക്കുകയാണ് ബിജെപിയും. പരാജയഭീതി പൂണ്ടതുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി വരുന്നതെന്നാണ് ബിജെപി വക്താവ് കേശവ് ഉപാധ്യയെ പറഞ്ഞത്.
Leave a Comment