തമിഴ്‌നാട്ടില്‍ ‘ചിന്നമ്മ’ ശശികലയേയും മരുമകന്‍ ടിടിവി ദിനകരനേയും പുറത്താക്കി എ.ഐ.എ.ഡി.എം.കെ വിഭാഗങ്ങള്‍ തമ്മില്‍ ലയിക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രിയും ഔദ്യോഗിക പക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള
എ.ഐ.എ.ഡി.എം.കെ (അമ്മ) വിഭാഗവും വിമത നേതാവ് ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ (പുരട്ചി തലൈവി) വിഭാഗവുമാണ് ഒന്നിപ്പിന്റെ സ്വരം പുറത്തുവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിനകരന്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നതോടെയാണ് ലയന സാധ്യതകള്‍ക്ക് ചൂടേറിയത്. ദിനകരന്‍ അറസ്റ്റിലായാല്‍ അത് സര്‍ക്കാരിനെ ബാധിക്കാന്‍ പാടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം ശശികലയും ദിനകരനുമായതിനാല്‍ ഇവരെ ഒഴിവാക്കി പാര്‍ട്ടിയേയും സര്‍ക്കാരിനേയും രക്ഷിക്കണമെന്ന ആവശ്യത്തിന് ഭൂരിഭാഗം മന്ത്രിമാരും എം.എല്‍.എമാരും ഒത്തുതീര്‍പ്പിലെത്തിയതായാണ് സൂചന. ഇങ്ങനെയെങ്കില്‍ പനീര്‍ശെല്‍വം മന്ത്രിസഭയിലേക്ക് തിരികെ വരികയും ധനമന്ത്രിയാവുകയും ചെയ്യും. അതോടൊപ്പം പളനിസ്വാമി മുഖ്യമന്ത്രിയായി തുടരുകയും ശശികലയെ മാറ്റി പനീര്‍സെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുകയും ചെയ്യുക എന്ന ഫോര്‍മുലയും ചര്‍ച്ചയിലുണ്ട്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എ.ഐ.എ.ഡി.എം.കെയുടെ ചിഹ്‌നമായ രണ്ടില മരവിപ്പിച്ചിരുന്നു. എന്നാല്‍ ഇത് കിട്ടുന്നതിന് ദിനകരന്‍ ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരന്‍ വഴി അഞ്ചു കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നതിന് ശ്രമിച്ചു എന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. ഒന്നര കോടി രൂപയുമായി സുകേഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇന്ന് ചെന്നൈയിലെത്തുന്ന ഡല്‍ഹി പോലീസ് ദിനകരനെ ചോദ്യം ചെയ്യുമെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നുമാണ് സൂചനകള്‍.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന ശശികലയെ കാണാന്‍ ദിനകരന്‍ പോയിരുന്ന സമയത്താണ് ചെന്നൈയില്‍ ഐക്യ ചര്‍ച്ചകള്‍ അരങ്ങേറിയത്. ഇന്നലെ രാത്രി 11 മണിക്ക് മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാര്‍ ലയനസാധ്യതകളുടെ സൂചനകള്‍ പുറത്തു വിടുകയും ചെയ്തിരുന്നു. നേരത്തെ ജയലളിത പുറത്താക്കിയിരുന്ന ദിനകരനെ പിന്നീട് ശശികലയാണ് പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നത്. തുടര്‍ന്ന് അവര്‍ ജയിലില്‍ പോകുന്നതിന് മുമ്പായി പാര്‍ട്ടിയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നു ദിനകരന്‍. എന്നാല്‍ പ്രചരണ സമയത്ത് വോട്ടര്‍മാര്‍ക്ക് കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ എ.ഐ.എ.ഡി.എം.കെ ഔദ്യോഗിക വിഭാഗത്തെ നയിക്കുന്ന ശശികലയേയും കുടുംബത്തേയും പുറത്താക്കിയാല്‍ ലയനത്തിന് സന്നദ്ധമാണെന്ന നിലപാടാണ് പനീര്‍ശെല്‍വവും കൂടെയുള്ളവരും അറിയിച്ചിരിക്കുന്നത്. പനീര്‍ശെല്‍വത്തിന്റെ തിരിച്ചുവരവിനെ മുതിര്‍ന്ന നേതാവും ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ സ്വാഗതം ചെയ്തതും ലയനത്തിനുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ശശികലയോട് കൂറുള്ള 40-ഓളം എംഎല്‍എമാര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട് എന്നതിനാല്‍ മറ്റൊരു പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
This post was last modified on April 18, 2017 9:03 am
Leave a Comment