ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ: എന്തിനൊക്കെ വില കുറയും? ഇന്ത്യക്ക് നേട്ടമുണ്ടാകുന്ന മേഖലകൾ ഏതെല്ലാം?

ഇന്ത്യ-യു.കെ വ്യാപാരബന്ധത്തിൽ വലിയ വഴിത്തിരിവാണ് ഈ കരാർ. ഇന്ത്യൻ ഉപഭോക്താക്കൾക്കും കയറ്റുമതിക്കാർക്കും വ്യവസായങ്ങൾക്കും ഗുണകരമായിരിക്കും ഇത്.

യു.കെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (Comprehensive Economic and Trade Agreement – CETA) ഇന്നുമുതൽ (ജൂലൈ 15) പ്രാബല്യത്തിൽ വന്നു. മൂന്ന് വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർഥ്യമായത്. ഇന്ത്യ-യു.കെ വ്യാപാരബന്ധത്തിൽ വലിയ വഴിത്തിരിവായാണ് ഈ കരാർ കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്കും കയറ്റുമതിക്കാർക്കും വ്യവസായങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്നതായിരിക്കും ഇത്.

ഈ കരാർ സാധാരണക്കാർക്ക് എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്? ഏത് ഉൽപ്പന്നങ്ങൾക്കാണ് വിലകുറയുക? ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്ന മേഖലകൾ ഏതൊക്കെയാണ്? വിശദമായി പരിശോധിക്കാം.

ഇന്ത്യ-യുകെ വ്യാപാര കരാർ

സ്വതന്ത്ര വ്യാപാര കരാർ (FTA) എന്നത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഇറക്കുമതി തീരുവ (Import Duty) കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന ഉടമ്പടിയാണ്. കരാർ യാഥാർഥ്യമാകുമ്പോൾ ഇന്ത്യൻ കയറ്റുമതിക്കാർക്കു മുന്നിൽ വലിയൊരു ഉപഭോക്തൃലോകമാണ് തുറക്കപ്പെടുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രീമിയം ബ്രിട്ടീഷ് ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപബന്ധങ്ങൾ ശക്തമാക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം, ധനകാര്യ സേവനം, പുനരുത്പാദന ഊർജം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്ലാം ബ്രിട്ടീഷ് നിക്ഷേപം ആകർഷിക്കാനും വ്യാപര കരാർ കാരണമായേക്കും.
പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് യു.കെയിലേക്കുള്ള ഏകദേശം 99 ശതമാനം കയറ്റുമതിക്കും തീരുവ ഒഴിവാക്കപ്പെടും. അതേസമയം ബ്രിട്ടനിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് ഇന്ത്യ ഘട്ടംഘട്ടമായി ഇറക്കുമതി തീരുവ കുറയ്ക്കും.

ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകും

ഇന്ത്യയും യു.കെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതായിരിക്കും വ്യാപാര കരാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്നാണ് അസോചം (ASSOCHAM) വിലയിരുത്തുന്നത്. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 120സ ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ എന്തിനൊക്കെ വിലകുറയും?

  1. സ്‌കോച്ച് വിസ്‌കി: ഇന്ത്യയിൽ സ്‌കോച്ച് വിസ്‌കിക്ക് നിലവിലുള്ള ഉയർന്ന ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറയും. അതിനാൽ പ്രീമിയം ബ്രാൻഡുകളുടെ വില ഭാവിയിൽ കുറയാൻ സാധ്യതയുണ്ട്.
  2. പ്രീമിയം ബ്രിട്ടീഷ് കാറുകൾ: ലാൻഡ് റോവർ, ജാഗ്വാർ, ആസ്റ്റൺ മാർട്ടിൻ തുടങ്ങിയ ബ്രിട്ടീഷ് ബ്രാൻഡുകളുടെ വാഹനങ്ങൾക്ക് ഇറക്കുമതി തീരുവ കുറയും. അതിനാൽ ആഡംബര വാഹനങ്ങളുടെ വിലയിൽ കുറവ് പ്രതീക്ഷിക്കാം.
  3. ചോക്ലേറ്റുകളും ഭക്ഷ്യവസ്തുക്കളും: ബ്രിട്ടീഷ് ചോക്ലേറ്റ്, ബിസ്‌കറ്റ്, ചില പ്രോസസ്ഡ് ഭക്ഷണങ്ങൾ, ചില ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവയുടെ വിലയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
  4. സൗന്ദര്യവർധക ഉത്പന്നങ്ങൾ: ചില ബ്രിട്ടീഷ് കോസ്‌മെറ്റിക് ബ്രാൻഡുകൾക്കും വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾക്കും വില കുറയാനിടയുണ്ട്.
  5. വസ്ത്രങ്ങളും ചില ഇലക്ട്രോണിക് ഉത്പന്നങ്ങളും മെഡിക്കൽ ഉപകരണങ്ങളും: ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്ത്രങ്ങൾക്കും തിരഞ്ഞെടുത്ത ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും തീരുവ ഇളവ് ലഭിക്കും.

ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുന്ന മേഖലകൾ

  1. ടെക്‌സ്‌റ്റൈൽസ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ: ഇന്ത്യൻ വസ്ത്രങ്ങൾക്ക് മുമ്പ് യു.കെയിൽ 8-12 ശതമാനം വരെ തീരുവ ഉണ്ടായിരുന്നു. അത് ഒഴിവാക്കുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ബംഗ്ലദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളോട് തുല്യമായ മത്സരശേഷി ലഭിക്കും.
  2. രത്‌നാഭരണ മേഖല: സ്വർണാഭരണങ്ങൾ, വജ്രങ്ങൾ, ആഭരണ നിർമാണ മേഖല എന്നിവയ്ക്ക് ബ്രിട്ടീഷ് വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും.
  3. തോൽ ഉത്പന്നങ്ങൾ:
    ചെരിപ്പ്, ബാഗ്, ലെതർ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി തീരുവ 3-16 ശതമാനമായിരുന്നു. ഇത് ഒഴിവാകുന്നതോടെ കയറ്റുമതി വർധിക്കും.
  4. കാർ പാർട്‌സും എൻജിനീയറിങ് ഉത്പന്നങ്ങളും: ഓട്ടോ കോംപോണന്റുകൾ, മെഷിനറി, എൻജിനീയറിങ് ഉത്പന്നങ്ങൾ എന്നിവയ്ക്ക് പുതിയ വിപണി തുറക്കും. 18 ശതമാനമായിരുന്ന കയറ്റുമതി തീരുവ ഒഴിവാകും.
  5. കാർഷിക-ഭക്ഷ്യ ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, ഭക്ഷ്യസംസ്‌കരണ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും കരാർ സഹായകമാകും.
  6. ഐ.ടി, സേവന മേഖല: ഇന്ത്യൻ ഐ.ടി കമ്പനികൾക്കും സേവനമേഖലയ്ക്കും യു.കെ വിപണിയിൽ പ്രവർത്തിക്കുന്നത് കൂടുതൽ എളുപ്പമാകും. ചില ഇന്ത്യൻ പ്രൊഫഷണലുകൾക്ക് സാമൂഹ്യസുരക്ഷാ സംഭാവന സംബന്ധിച്ച ഇരട്ടചെലവ് ഒഴിവാക്കുന്ന വ്യവസ്ഥയും കരാറിലുണ്ട്.
  7. ഇന്ത്യൻ ഇലക്ട്രിക്/ ഹൈബ്രിഡ് കാറുകൾക്ക് 10 ശതമാനമുണ്ടായിരുന്ന തീരുവ ഇല്ലാതാകും.

സാധാരണക്കാർക്ക് ഉടൻ വിലക്കുറവ് ലഭിക്കുമോ?

തീരുവ കുറവ് പല ഉത്പന്നങ്ങൾക്കും ഘട്ടംഘട്ടമായാണ് നടപ്പാക്കുക.
വില നിശ്ചയിക്കുന്നത് തീരുവ മാത്രമല്ല.
രൂപ-പൗണ്ട് വിനിമയ നിരക്ക്, ഗതാഗത ചെലവ്, വിതരണ ശൃംഖല, കമ്പനികളുടെ വിലനയം എന്നിവയും അന്തിമവിലയെ സ്വാധീനിക്കും. അതിനാൽ ഉടനടി വിലക്കുറവിന്റെ ഗുണം സാധാരാണക്കാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.

വെല്ലുവിളികളും ആശങ്കകളും

ഈ കരാർ നേട്ടങ്ങൾക്കൊപ്പം ചില വെല്ലുവിളികളും ഉയർത്തുന്നു. ചില ഇന്ത്യൻ നിർമാതാക്കൾക്ക് ബ്രിട്ടീഷ് ഉത്പന്നങ്ങളിൽ നിന്ന് കൂടുതൽ മത്സരം നേരിടേണ്ടിവരും. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (MSME) യു.കെയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ കൂടുതൽ ഉത്പാദചന ചെലവ് വന്നേക്കാം. സ്റ്റീൽ ഉൾപ്പെടെയുള്ള ചില മേഖലകളിൽ ബ്രിട്ടന്റെ കാർബൺ നയങ്ങൾ ഭാവിയിൽ വെല്ലുവിളിയാകാനും സാധ്യതയുണ്ട്.

”ചരിത്രപരമായ നാഴികക്കല്ല്” എന്നാണ് ഇന്ത്യ-യു.കെ വ്യാപാര കരാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇത് കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട വ്യവസായ മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും ഗുണകരമാവുകയും വികസിത് ഭാരത് 2047ന്റെ ലക്ഷ്യങ്ങൾക്ക് ഊർജമേകുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കരാറിന്റെ സ്വാധീനം ഘട്ടംഘട്ടമായി മാത്രമായിരിക്കും പ്രകടമാകുക. പെട്ടെന്നുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ ഒരു സാധാരണ ഇറക്കുമതി-കയറ്റുമതി ഉടമ്പടി മാത്രമല്ല. ഇന്ത്യയെ ആഗോള വിതരണ ശൃംഖലയിൽ കൂടുതൽ ശക്തമായി ഉൾപ്പെടുത്താനുള്ള സാമ്പത്തിക നീക്കമാണ് ഇത്.

Content Summary: India-UK Free Trade Agreement comes into effect. Find out which products could become cheaper in India and the sectors set to benefit the most from the trade deal.

This post was last modified on July 15, 2026 1:36 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment