ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് സാധ്യത; റഷ്യൻ എണ്ണ ഇറക്കുമതി പ്രധാന വിഷയമാകും

യുഎസിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി വർദ്ധിപ്പിക്കാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്

അമേരിക്കൻ പ്രതിനിധികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഒരു വ്യാപാര കരാറിലേക്ക് അടുക്കുന്നതിനായി ഇന്ത്യൻ പ്രതിനിധികൾ ഈ ആഴ്ച വാഷിംഗ്ടണിലെത്തുമെന്ന് റിപ്പോർട്ട്. യുഎസുമായുള്ള വ്യാപാര ചർച്ചകളിൽ മഞ്ഞുരുകലിന് സാധ്യത നൽകുന്നതാണ് ഈ തീരുമാനമെന്ന് ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

പുതുതായി നിയമിതനായ യുഎസ് അംബാസഡർ സെർജിയോ ഗോർ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വാണിജ്യ സെക്രട്ടറി രാജേഷ് അഗ്രവാൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവുമായുള്ള (USTR) വരാനിരിക്കുന്ന കൂടിക്കാഴ്ച ഔപചാരിക ചർച്ചാ റൗണ്ടാകുമോ എന്നത് വ്യക്തമല്ല. അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച വാഷിംഗ്ടണിന്റെ ആശങ്കകൾ പരിഹരിക്കുന്നതിനായി യുഎസിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി വർദ്ധിപ്പിക്കാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. റഷ്യൻ എണ്ണ പ്രശ്നം പരിഹരിക്കുന്നത് ദ്വികക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് ഒരു മുന്നോടിയായിരിക്കുമെന്ന് യുഎസ്, ഇന്ത്യൻ ഉദ്യോഗസ്ഥർ സൂചന നൽകിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയും തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഫോൺ സംഭാഷണത്തിന് ശേഷമാണ് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ പിരിമുറുക്കം അയഞ്ഞതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭാഷണത്തിനിടെ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിൽ നരേന്ദ്ര മോദി ട്രംപിനെ അഭിനന്ദിച്ചിരുന്നു. വ്യാപാര ചർച്ചകളിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും മോദി പരാമർശിച്ചിരുന്നു.

സെപ്റ്റംബർ 16 ന് പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തിന് തലേന്ന് യുഎസ് പ്രസിഡന്റ് വിളിച്ചതിന് ശേഷം നടന്ന രണ്ടാമത്തെ സംഭാഷണമായിരുന്നു ഇത്. ഒക്ടോബർ 26 മുതൽ 28 വരെ മലേഷ്യയിലെ കോലാലംപൂരിൽ നടക്കുന്ന ആസിയാൻ, കിഴക്കൻ ഏഷ്യൻ നേതാക്കളുടെ ഉച്ചകോടിക്കിടെ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും ഇതുവരെ തങ്ങളുടെ യാത്രാ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.

യുഎസ്-ചൈന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന ഈ സമയത്താണ് ഇരു രാജ്യങ്ങളും തമ്മിൽ മഞ്ഞുരുകലിന് സാധ്യത തെളിയുന്നത്. നിർണായക ധാതുക്കളിൽ ചൈന പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളോട് പ്രതികരിച്ച ട്രംപ്, 100 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

യുഎസ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50% തീരുവകൾ ചെറുകിട വ്യവസായങ്ങളെ ദോഷകരമായി ബാധിക്കാൻ തുടങ്ങിയതോടെ, വരാനിരിക്കുന്ന വ്യാപാര ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്.

ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി കോൺഫെഡറേഷൻ തിങ്കളാഴ്ച പുറത്തുവിട്ട സർവേ റിപ്പോർട്ട് പ്രകാരം, പ്രതികരിച്ചവരിൽ ഏകദേശം മൂന്നിലൊന്ന് പേരും തങ്ങളുടെ വിറ്റുവരവ് 50 ശതമാനത്തിലധികം കുറഞ്ഞതായി റിപ്പോർട്ട് ചെയ്തു.

Content Summary: Indian negotiators headed back to US for trade talks

This post was last modified on October 14, 2025 8:28 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment