വെള്ളിയാഴ്ച്ച നടന്ന ഇറാന്റെ പ്രത്യാക്രമണത്തില്‍ ഒമ്പത് ഇസ്രയേലികള്‍ കൊല്ലപ്പെട്ടതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഏകദേശം 166 പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. വൃദ്ധരും കുട്ടികളുമടക്കം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഇസ്രയേല്‍ ടെഹ്റാനില്‍ അടക്കം നടത്തിയ വ്യോമാക്രമണം വന്‍നാശനഷ്ടം ഇറാന് ഉണ്ടാക്കിയിരുന്നു. അവരുടെ സൈനിക തലവന്മാരും ആണവ ശാസ്ത്രജ്ഞരുമടക്കം കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളും പ്രതിരോധമന്ത്രാലയവും ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അതേ ദിവസം തന്നെ രാത്രിയില്‍ ഇറാന് 100 ഓളം റോക്കറ്റുകളും മിസൈലുകളും അയച്ച് പ്രത്യാക്രമണം നടത്തിയിരുന്നു. ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഇറാന് കഴിഞ്ഞുവെന്നാണ് അവിടെ നിന്നും പുറത്തു വരുന്ന നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും കണക്കുകള്‍ തെളിയിക്കുന്നത്.
ഇസ്രയേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വ്യോമാക്രമണം നടത്തിയതായും ഇറാന് അവകാശപ്പെടുന്നുണ്ട്. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഇറാന് ആണവ ശാസ്ത്രജ്ഞരെ ഇസ്രയേല്‍ വധിച്ചതിനുള്ള പ്രതികരണമായാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന് സ്റ്റേറ്റ് മീഡിയയിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിലെ ഒരു ലബോറട്ടറി കെട്ടിടത്തിന് തീപിടിച്ചതായി വാര്‍ത്തകളുണ്ട്. എന്നാല്‍ അപകടത്തിന്റെ വ്യാപ്തിയോ മറ്റ് നാശനഷ്ടങ്ങളോ അറിവായിട്ടില്ല.
ടെല്‍ അവീവില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ തെക്കുകിഴക്കായി റെഹോവോട്ടിലാണ് പ്രസ്തുത വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. ഇസ്രയേലിലെ മുന്‍നിര സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തു വന്ന ചിത്രങ്ങള്‍ പരിശോധിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭൗതികശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകപ്രശസ്തമായ ഒരു ബഹുമുഖ ഗവേഷണ സ്ഥാപനമാണ് വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇസ്രയേല്‍ രാജ്യം സ്ഥാപിക്കപ്പെടുന്നതിനും പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1934 ല്‍ സ്ഥാപിതമായതാണിത്. ഇസ്രയേലിന്റെ അഭിമാനസ്തംഭങ്ങളില്‍ ഒന്നില്‍ തന്നെ ആക്രമിക്കാന്‍ കഴിഞ്ഞുവെന്നാണ് ഇറാന്റെ അവകാശവാദം.
ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്ത് നിരവധി മിസൈലുകളാണ് ടെല്‍ അവീവിലെ റെഹോവോട്ടിലും ബാറ്റ് യാമിലും ആക്രമണം നടത്തിയത്. 69 വയസ്സുള്ള ഒരു സ്ത്രീയും 80 വയസ്സുള്ള ഒരു സ്ത്രീയും 10 വയസ്സുള്ള ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് കുട്ടികളും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഡസന്‍ കണക്കിന് ആളുകളെ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായിട്ടുണ്ടെന്നും വിവരമുണ്ട്.
ഡസന്‍ കണക്കിന് സിവിലിയന്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മൂന്നെണ്ണം ഒഴികെ ബാക്കിയുള്ളവ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു ഇസ്രയേലി പോലീസ് സോഷ്യല്‍ മീഡിയ വഴി ആദ്യം അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്കാന് അവര്‍ തയ്യാറായതുമില്ല. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരങ്ങളില്‍ ഒമ്പത് മരണം ഇസ്രയേലില്‍ നടന്നിട്ടുണ്ട്.
അതേസമയം, ഇറാന് ആരോപിക്കുന്നത് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തങ്ങളുടെ 78 പേര് കൊല്ലപ്പെട്ടുവെന്നാണ്. മിസൈല്‍ ആക്രമണത്തില്‍ 14 നില കെട്ടിടം തകര്‍ന്ന് 60 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന് ആരോപിക്കുന്നത്. ഇതില്‍ 29 പേര് കുട്ടികളായിരുന്നുവെന്നു പറയുന്നു.
ഇറാനിലെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകള്‍ ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടിട്ടുണ്ട്. ഒന്ന് ഷഹ്റാനിലെയും മറ്റൊന്ന് തെക്കന്‍ ടെഹ്റാനിലെയും എന്നാണ് വിവരം. ഇസ്രയേലി ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഉന്നത ഉപദേശകന് അലി ഷംഖാനിയും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഷംഖാനി അവിടെവച്ചാണ് മരണമടയുന്നതെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയില്‍ വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 30 സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന് അധികൃതര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. Iran attack Tel Aviv and Jerusalem. 9 dead report
Content Summary; Iran attack Tel Aviv and Jerusalem. 9 dead report
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.