ഇറാനെ ഒരൊറ്റ രാത്രികൊണ്ട് തകര്‍ക്കാനാകും; ആ രാത്രി ഒരുപക്ഷേ നാളെയായേക്കാം: മുന്നറിയിപ്പുമായി ട്രംപ്

ഹോര്‍മുസ് തുറക്കാന്‍ ടെഹ്‌റാന് നല്‍കിയ സമയപരിധി ചൊവ്വാഴ്ച്ച രാത്രി എട്ടുമണിക്ക്‌ കഴിയും

Trump Warns Tehran- Hormuz

ഇറാനെതിരെയുള്ള സൈനിക നടപടികളില്‍ അതിശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ഒരൊറ്റ രാത്രികൊണ്ട് പൂര്‍ണ്ണമായും തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും, ആ രാത്രി ഒരുപക്ഷേ നാളെയായേക്കാം എന്നും അദ്ദേഹം പ്രസ്താവിച്ചു. യുദ്ധം വിചാരിച്ചതിലും മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അമേരിക്കന്‍ സൈന്യം അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനായി ടെഹ്റാനു നല്‍കിയ സമയപരിധി ചൊവ്വാഴ്ച രാത്രി 8 മണിക്ക് അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഈ കടുത്ത പരാമര്‍ശം.

കഴിഞ്ഞയാഴ്ച ഇറാനില്‍ വെച്ച് വെടിവെച്ചിട്ട യുഎസ് എഫ്-15 ഫൈറ്റര്‍ ജെറ്റിലെ രണ്ടാമത്തെ ക്രൂ അംഗത്തെ സാഹസികമായി രക്ഷപ്പെടുത്തിയതിനെ ട്രംപ് ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ചു. കുടുങ്ങിക്കിടക്കുന്ന സൈനികനെ തിരികെ എത്തിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും, ഒരു അമേരിക്കക്കാരനെയും തങ്ങള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി ഇറാന്‍ മണ്ണിലിറങ്ങിയ രണ്ട് ജീവനക്കാരെയും രക്ഷപ്പെടുത്താന്‍ സാധിച്ചതായി അദ്ദേഹം അറിയിച്ചു.

അത്യന്തം അപകടകരമായ സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനമെന്നും സൈനിക സംഘത്തിന് നേരെ ശത്രുക്കള്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടുവെന്നും ട്രംപ് വെളിപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററില്‍ വെടിയുണ്ടകള്‍ തറച്ചിട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ ഭീകരര്‍ നിറഞ്ഞ പ്രദേശത്ത്, ഗുരുതരമായി പരിക്കേറ്റ് 48 മണിക്കൂറോളം കുടുങ്ങിക്കിടന്ന സൈനികന്‍ തന്റെ ലൊക്കേഷന്‍ കൈമാറുന്നതിനായി കുത്തനെയുള്ള പാറക്കെട്ടുകള്‍ പോലും വലിഞ്ഞുകയറിയതായി ട്രംപ് വിവരിച്ചു.

ഈ വന്‍കിട ദൗത്യത്തിനായി 155 വിമാനങ്ങള്‍, 4 ബോംബര്‍ വിമാനങ്ങള്‍, 64 ഫൈറ്റര്‍ ജെറ്റുകള്‍, 48 റീഫ്യൂവലിംഗ് ടാങ്കറുകള്‍, 13 റെസ്‌ക്യൂ വിമാനങ്ങള്‍ എന്നിവയാണ് അമേരിക്ക വിന്യസിച്ചത്. തങ്ങളുടെ ഭാഗത്ത് യാതൊരുവിധ ജീവഹാനിയും സംഭവിക്കാതെ സൈനികനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേതാണെന്ന് ആവര്‍ത്തിച്ച ട്രംപ്, രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

Content Summary: Iran ‘can be taken out in one night, and that might be tomorrow night, Donald Trump warning Theran

This post was last modified on April 7, 2026 7:26 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment