ജീവിതച്ചെലവ് അനിയന്ത്രിതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധമായി അത് മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ ‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നതും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അഗ്‌നിക്കിരയാക്കുന്നതും കാണാം.
രാജ്യത്ത് ഇന്റര്‍നെറ്റ് ബന്ധവും അന്താരാഷ്ട്ര ടെലിഫോണ്‍ കോളുകളും വിച്ഛേദിച്ചുകൊണ്ട് ജനങ്ങളുടെ നാവടക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും ഇറാനിലെ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമായി തുടരുകയാണ്. ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങളെയും അടിച്ചമര്‍ത്തലുകളെയും ഭേദിച്ച് പുറത്തുവരുന്ന ദൃശ്യങ്ങള്‍, ഇറാനിലെ വഷളായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര സാഹചര്യം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നു.
എന്നാല്‍, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സ്‌റ്റേറ്റ് ടെലിവിഷനിലൂടെ പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്ത് വന്നു. ഭരണകൂടം മുട്ടുമടക്കില്ലെന്നും, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശശക്തികളുടെ ശ്രമങ്ങളെ ചെറുക്കുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ഖമേനി, ഇറാനികളുടെ രക്തത്താല്‍ പുരണ്ടതാണ് ട്രംപിന്റെ കൈകളെന്നും ആഞ്ഞടിച്ചു. അഹങ്കാരിയായ ആ നേതാവ് ഒടുവില്‍ അട്ടിമറിക്കപ്പെടുമെന്നും ഖമേനി പ്രഖ്യാപിച്ചു.
ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവത്യാഗത്തിലൂടെയാണ് ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതെന്നും, മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി പ്രതിഷേധക്കാര്‍ സ്വന്തം തെരുവുകള്‍ നശിപ്പിക്കുകയാണെന്നും ഖമേനി കുറ്റപ്പെടുത്തി. ഇറാനെ തകര്‍ക്കാന്‍ വിദേശികളുടെ കൂലിപ്പട്ടാളക്കാരായി പ്രവര്‍ത്തിക്കുന്നവരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച ജനകീയ പ്രതിഷേധം, നിലവില്‍ തകര്‍ന്നടിയുന്ന സമ്പദ്വ്യവസ്ഥയ്ക്കും ഇറാനിയന്‍ റിയാലിന്റെ മൂല്യത്തകര്‍ച്ചയ്ക്കുമെതിരായ അതിശക്തമായ രാജ്യവ്യാപക പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.
പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ക്കറ്റുകളും വിപണികളും അടച്ചിട്ടിട്ടും ഇറാനിലെ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. പ്രക്ഷോഭങ്ങളില്‍ ഇതുവരെ കുറഞ്ഞത് 42 പേര്‍ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2,270-ലധികം ആളുകളെ ഭരണകൂടം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി. ഡിസംബര്‍ 28-ന് ടെഹ്റാന്‍ ബസാറിലെ കടകള്‍ അടച്ചിട്ടുകൊണ്ട് ആരംഭിച്ച പ്രതിഷേധം ഇതിനോടകം ഇറാനിലെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു.
2022ലെ ‘മഹ്‌സ അമിനി’ പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇപ്പോഴത്തെ സമരം ഒരു കേന്ദ്രീകൃത നേതാവില്ലാതെയാണ് നടക്കുന്നത്. എന്നാല്‍, നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Summary: Iran protests intensify: Khamenei defiant against coups
This post was last modified on January 9, 2026 6:07 pm
Leave a Comment