അടിയന്തരാവസ്ഥയുടെ ദുര്‍ദേവതയ്ക്ക്, അമൃതകാലത്തിലെ ആണ്‍പതിപ്പ്…?

മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എല്ലാ വര്‍ഷവും താഴേക്ക്

ആധുനിക ഇന്ത്യയുടെ ചരിത്രം രണ്ട് അര്‍ദ്ധരാത്രികളാല്‍ അടയാളപ്പെട്ടിരിക്കുന്നു. ആദ്യത്തേത്, സ്വാതന്ത്ര്യത്തിന്റെ തലേന്ന് 1947 ഓഗസ്റ്റ് 14 ന് അര്‍ധരാത്രി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗമാണ്: ‘അര്‍ദ്ധരാത്രിയുടെ ഞെട്ടലില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും,’ എന്ന് നെഹ്‌റു കാവ്യാത്മകമായി ലോകത്തോട് പറഞ്ഞു. മറ്റൊന്ന് 1975 ജൂണ്‍ 25 ലെ അര്‍ദ്ധരാത്രിയാണ്. നെഹ്റുവിന്റെ പ്രിയപുത്രി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, രാജ്യത്തെ നിയമവാഴ്ചതന്നെ നിര്‍ത്തിവെച്ച് തന്റെ ഭരണഘടനാവിരുദ്ധ, നിയമവിരുദ്ധ വാഴ്ചയായ അടിയന്തരാവസ്ഥക്കാലം ആരംഭിച്ചത് അന്ന് മുതലാണ്. സ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ക്രൗര്യം നിറഞ്ഞ കാലഘട്ടമായി ഇതെന്നും കാണപ്പെടുകയും ചെയ്യുകയാണ്. നമ്മള്‍ കണ്ട ആദ്യത്തെ പാതിരാവില്‍, ജനങ്ങളെ പുളകിതരാക്കിയത് നിറച്ചാര്‍ത്തണിഞ്ഞ സ്വപ്നങ്ങളുമായി പുത്തന്‍ പ്രഭാതങ്ങളിലേക്കും പുതിയ ആകാശങ്ങളിലേക്കും കടന്നിരിക്കുന്ന ഒരു ജനതയെ ആയിരുന്നു. അതേസമയം, നട്ടുച്ചയ്ക്കും നിറഞ്ഞ് മുറ്റിയ ഇരുട്ടിലേക്ക് ഭയവിഹ്വലതയോടെ തുറിച്ച് നോക്കുന്ന, പിടിവിട്ടൊഴിയാത്ത അരക്ഷിതത്വങ്ങളിലേക്ക് ഒരു രാജ്യത്തെയാകെ തള്ളിവീഴ്ത്തിയ അടിയന്തരാവസ്ഥയ്ക്ക് തുടക്കമിട്ട കറുത്ത കാഴ്ചകളാണ് മറ്റേ പാതിരാവ് പകര്‍ന്ന് നല്‍കിയത്.

ഇന്ദിരാ ഗാന്ധി അന്‍പത് കൊല്ലം മുന്‍പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, അതിന്റെ എല്ലാ നിന്ദ്യമായ സ്വഭാവങ്ങള്‍ക്കുമൊപ്പം മനുഷ്യത്വ വിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ ഏകപക്ഷീയത ആയിരുന്നു. അതിനോട് രാജ്യം അതിനിശിതമായിത്തന്നെ പ്രതികരിക്കുകയും, ആ രാഷ്ട്രീയാന്ധകാരത്തിലെ ദുര്‍ദ്ദേവതയായി 21 മാസം യാതനാപൂര്‍വ്വം ജനങ്ങള്‍ സഹിച്ച് ഇന്ദിരാഗാന്ധിയെ തൊട്ടുപിന്നാലെ നിഷ്‌കരുണമവര്‍ പുറന്തള്ളുകയും ചെയ്തു. പക്ഷേ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അരനൂറ്റാണ്ട് മുമ്പത്തെ ആ ഭരണകൂട ഭീകരതയുടെ ഇക്കാലത്തേക്കുള്ള ആണ്‍ പതിപ്പായി രൂപാന്തര പ്രാപ്തി നേടുകയല്ലേ എന്ന ചോദ്യം ഇപ്പോള്‍ അത്യന്തം പ്രസക്തമാണ്. എന്തെന്നാല്‍ മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം അനുഭവിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ, പ്രച്ഛന്നവും അതേസമയം വളരെ അപകടകരവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് മികവ് കാട്ടുന്നത്, ഭയം ഉല്‍പ്പാദിപ്പിച്ച് യഥേഷ്ടം അത് വിതരണം ചെയ്തുകൊണ്ടാണ്, രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ നിശബ്ദമായും അതേസമയം മൂര്‍ച്ചയോടെയും ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടാണ്, മാധ്യമപ്രവര്‍ത്തനത്തെ പരാശ്രിതമാക്കിക്കൊണ്ടാണ്, ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭാഷാ ദേശീയതകളെ സമ്പൂര്‍ണ്ണമായി നിരാകരിച്ച് കൊണ്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രകോപനപരമായ സാംസ്‌കാരിക ദേശീയതയെ സ്ഥാപിച്ചെടുക്കാനുള്ള നടപടികളിലൂടെയാണ്. ഇവയെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പ്രഹരങ്ങളെ ചെറുത്ത് തോല്‍പ്പിക്കുക എന്നത് തന്നെയാണ്, പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ഏതുതരം അടിയന്തരാവസ്ഥാ പദ്ധതികള്‍ക്കുമെതിരായ അടിയുറച്ച പ്രതിരോധം. 1975-77 ലെ അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തില്‍, കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്ന ജാഗ്രത നിശ്ചയമായും മറ്റൊന്നല്ല.

ഇന്ദിരയുടെ ദുര്‍ഭരണത്തിനെതിരെ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലാണ് ജനകീയ പ്രതിഷേധം ഇരമ്പിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ദിരാഗാന്ധി അന്നതിന് മറുപടി നല്‍കിയത്. പൗരാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു, പത്രങ്ങള്‍ സെന്‍സര്‍ ചെയ്തു, ഹേബിയസ് കോര്‍പ്പസും ജുഡീഷ്യല്‍ അവലോകനവും ഇല്ലാതാക്കി. തിരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീട്ടിവെക്കുകയും ആഭ്യന്തര സുരക്ഷാ പരിപാലന നിയമത്തിലൂടെ രാഷ്ട്രീയ എതിരാളികളെ തടങ്കലില്‍ വയ്ക്കുകയും ചെയ്തുകൊണ്ട് ഇന്ദിര ധിക്കാരത്തോടെ ഭരിച്ചു. 1977 മാര്‍ച്ച് വരെ ഈ ഇരുണ്ട കാലം തുടര്‍ന്നു, ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണ്? ഈ കാലയളവില്‍ എന്താണ് സംഭവിച്ചത്.

21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമാണ്. 1975 ജൂണ്‍ 25-ന് അര്‍ധരാത്രി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടപ്പിലാക്കിയ അടിയന്തരാവസ്ഥ, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ റദ്ദാക്കി സര്‍ക്കാരിന്റെ സമഗ്രാധിപത്യ ഭരണം അടിച്ചേല്‍പ്പിക്കുകയായിരുന്നു. രാജ്യമൊട്ടുക്കും ഇത് അതിരൂക്ഷ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തി. ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21) മാത്രം നിലനിര്‍ത്തിക്കൊണ്ട്, ഭരണഘടനാ ദത്തമായി ജനത അതുവരെ അനുഭവിച്ചു പോന്ന എല്ലാ അവകാശങ്ങളും ആ ഇരുണ്ട കാലത്ത് റദ്ദ് ചെയ്യപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ ആജ്ഞാനുവര്‍ത്തിയായ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദാണ് അര്‍ദ്ധരാത്രിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്പേയി, എല്‍ കെ അദ്വാനി, ജോര്‍ജ് ഫെര്‍ണാണ്ടസ്, ചരണ്‍ സിങ്, ദേവിലാല്‍, അശോക് മേത്ത, രാജ് നാരായണ്‍, ഇഎംഎസ്, ജ്യോതി ബസു, ഐ കെ ഗുജ്‌റാള്‍, രാമകൃഷ്ണ ഹെഗ്‌ഡെ, കരുണാനിധി, മധു ദന്തവാദെ, ലാലു പ്രസാദ് യാദവ്, മുലായം സിങ് യാദവ് തുടങ്ങി എണ്ണപ്പെട്ട ദേശീയ നേതാക്കളെയും എംപി മാരെയും എംഎല്‍എ മാരെയും മറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ചു. ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് ആന്‍ഡ് മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം നിരവധി ആക്ടിവിസ്റ്റുകളെയും മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 ന് പിന്‍വലിക്കുന്നതുവരെ അടിയന്തരാവസ്ഥ നീണ്ടുനിന്നു.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് അലഹബാദ് ഹൈക്കോടതി വിധി ഉണ്ടായത്. 1975 ജൂണ്‍ 12-ലെ വിധി അവരുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. പക്ഷേ അതേ ജൂണ്‍ 24 -ന് ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധി സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടു. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചെന്നും പറയപ്പെടുന്നു.

അടിയന്തരാവസ്ഥക്കാലത്ത് 21 മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകളെ വിചാരണയില്ലാതെ ജയിലിലടച്ചു. നൂറ് കണക്കിന് ആള്‍ക്കാരെ ക്രൂരമായി കൊലപ്പെടുത്തി. 15 ലക്ഷം ഇന്ത്യാക്കാരെ നിര്‍ബ്ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയക്ക് ഇരയാക്കി. ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരെ തടവറയിലാക്കി, ജുഡീഷ്യറിയെ നിശബ്ദമാക്കി. ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് മാറി രാജ്യം സ്വേച്ഛാധിപത്യ ഭരണത്തിന് കീഴ്‌പ്പെടേണ്ടി വന്ന ദുരന്ത കാലമായിരുന്നു അത്.

1971 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, ഇന്ദിരാഗാന്ധിക്കെതിരെ റായ്ബറേലി പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ രാജ് നാരായണ്‍ ആണ് വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യല്‍, ബൂത്ത് പിടിത്തം, കള്ളവോട്ട് ചെയ്യല്‍ തുടങ്ങിയ ഗുരുതര ക്രമക്കേടുകള്‍ ആരോപിച്ച് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

1975 ജൂണ്‍ 12-ന്, ജസ്റ്റിസ് ജഗ്മോഹന്‍ ലാല്‍ സിന്‍ഹ, കേസില്‍ ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് അവരുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത്.
1975 ജൂണ്‍ 25ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് ജയപ്രകാശ് നാരായണ്‍ പ്രഖ്യാപിച്ചു :
‘സിംഹാസന്‍ ഖാലി കരോ കി ജനതാ ആതി ഹേ’.
(അധികാരക്കസേരയില്‍ നിന്ന് ഇറക്കിവിടാന്‍ ജനങ്ങള്‍ എത്തിക്കഴിഞ്ഞു).

ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരിനെതിരെ കലാപത്തിനിറങ്ങാന്‍ ജയപ്രകാശ് നാരായണന്‍ അതിന് തലേന്ന് സായുധ സേനയോട് ആവശ്യപ്പെട്ടു. അന്ന് ആ ആഹ്വാനമുണ്ടായ രാത്രിയില്‍ തന്നെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജയപ്രകാശ് നാരായണന്‍ രാജ്യതാല്പര്യ വിരുദ്ധമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നല്‍കുന്നതെന്ന് ഇന്ദിര വ്യാഖ്യാനിച്ചു. തന്നില്‍ നിന്ന് അധികാരം തട്ടിയെടുക്കാനാണ് മറ്റുള്ളവരെല്ലാം ചേര്‍ന്ന് ശ്രമിക്കുന്നതെന്ന് അവര്‍ വല്ലാതെ ഭയപ്പെട്ടിരുന്നു.

നരേന്ദ്ര മോദി ഭരണത്തില്‍ ഔദ്യോഗികമായി ഇതുവരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപിത അടിയന്തരാവസ്ഥയെ എടുത്തെടുത്ത് ഓര്‍മ്മിപ്പിക്കും വിധം സമാനമായ ചില പ്രവണതകള്‍ മോദി ഭരണത്തിലും കാണപ്പെടുന്നുണ്ട്.

ഔദ്യോഗിക സെന്‍സര്‍ഷിപ്പ് ഇല്ലെങ്കിലും, മാധ്യമങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ വലിയ നിയന്ത്രണങ്ങള്‍ ചെലുത്തുന്നതും സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും നമ്മുടെ കണ്‍മുന്നിലെ യാഥാര്‍ത്ഥ്യമാണ്. മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എല്ലാ വര്‍ഷവും താഴേക്ക് പോകുന്നതും ഇതിന് തെളിവാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍, സിബിഐ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED), ഇന്‍കം ടാക്‌സ് (IT) പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവ് സഹിതമുള്ള ഉദാഹരണങ്ങളും അസംഖ്യമാണ്. ഇത് ഈ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നത്.

പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേസെടുത്തുകൊണ്ട് പലതരം രാഷ്ട്രീയ പകപോക്കലുകള്‍ നിരന്തരം നടപ്പാക്കപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം വരെ ചുമത്തുകയും യുഎപിഎ പോലുള്ള നിയമങ്ങള്‍ ദുരുപയോഗിക്കുകയും ചെയ്യുന്നു.

പൗരത്വ നിയമഭേദഗതി (CAA), വഖഫ് നിയമ ഭേദഗതി പോലെ പൗരാവകാശങ്ങളെ ബാധിക്കുന്നതും സാമൂഹിക ധ്രുവീകരണത്തിന് കാരണമാകുന്നതുമായ നിയമങ്ങള്‍ ബോധപൂര്‍വ്വം കൊണ്ടുവരുകയും ഇതിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടികള്‍. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് മതേതരത്വം, ഫെഡറലിസം എന്നീ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെപ്പോലും ദുര്‍ബലപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അമിതാവേശം മറ്റൊന്ന്.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ നിയമപരമായി പ്രഖ്യാപിക്കപ്പെട്ടതും ഭരണഘടനാനുസൃതമായ വകുപ്പുകള്‍ ഉപയോഗിച്ച് നടപ്പിലാക്കിയ ശേഷം പിന്നീട് ജനവിരുദ്ധവും ഹിംസാത്മകവുമായി മാറ്റുകയുമായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും നേരിട്ട് ജയിലിലടച്ചും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയുമാണ് അടിച്ചമര്‍ത്തിയിരുന്നത്. എന്നാല്‍ മോദി ഭരണത്തില്‍, നിയമപരമെന്ന് വ്യാഖ്യാനിച്ച് സ്ഥാപനങ്ങളെ ഒന്നൊന്നായി ദുര്‍ബലപ്പെടുത്തിയും, സാമ്പത്തിക സമ്മര്‍ദ്ദങ്ങളിലൂടെയും ( മാധ്യമ സ്ഥാപനങ്ങള്‍ക്ക് പരസ്യം നിഷേധിക്കുക തുടങ്ങിയവയിലൂടെ) മാധ്യമങ്ങളെയും വിമര്‍ശകരെയും തങ്ങളുടെ വരുതിക്ക് കീഴില്‍ കൊണ്ടുവരാന്‍ പറ്റുന്ന രൂപത്തിലാണ് നരേന്ദ്ര മോദിയുടെ ഓപ്പറേഷനുകള്‍. ഇങ്ങനെ പൊതിഞ്ഞു പിടിച്ച്, ഭരണനിര്‍വ്വഹണത്തിന്റെ വ്യത്യസ്ത വഴികളിലൂടെ ഒളിച്ചു കടത്തുന്ന അജണ്ടകളും അതിന്റെ ശൈലിയുമാണ് മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രത്യേകതകള്‍.അരനൂറ്റാണ്ട് മുമ്പത്തെ ഓര്‍മ്മകളെ തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവുമായ അനുഭവങ്ങളാല്‍ ഇഴ കീറി നോക്കി ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ നമ്മള്‍ തിരിഞ്ഞ് നോക്കുമ്പോള്‍, ആ ദുര്‍ഭരണത്തിലെ ജനവിരുദ്ധ ചെയ്തികളെ തന്ത്ര/കൗശലങ്ങളോടെ സ്വഹിതാനുസാരിയാക്കി മാറ്റുന്ന ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥാകാരനെ നമ്മള്‍ കാണാതിരുന്നുകൂടാ എന്ന ഗുണപാഠവും ഇവിടെ തെളിമയോടെ വെളിപ്പെടുകയാണ്. Is Modi another face of Indira Gandhi during the Emergency?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary: Is Modi another face of Indira Gandhi during the Emergency?

എം ജയചന്ദ്രൻ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

എം ജയചന്ദ്രൻ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
Related Post
Leave a Comment