ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള സൈനിക നീക്കങ്ങൾ ഊർജിതമാക്കി ഇസ്രായേൽ. ഇതിനായി 60,000 സൈനികരെക്കൂടി ഇസ്രായേൽ നിയോഗിച്ചതായി റിപ്പോർട്ടുകൾ.
ഗാസ സിറ്റിയിൽ സൈനിക നടപടികൾ വിപുലീകരിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു, അതേസമയം വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രത്തിന് ഇസ്രായേൽ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മി വിമർശിച്ചു.വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടയിലും ആക്രമണം ശക്തമാക്കുന്ന ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഗാസയിൽ മെയ് മാസത്തിൽ ആരംഭിച്ച ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സിന്റെ രണ്ടാം ഘട്ടം ഇസ്രയേൽ സൈന്യം ആരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേനയുടെ വക്താവ് എഫി ഡെഫ്രിൻ പറഞ്ഞു. ഓപ്പറേഷന്റെ ഭാഗമായി ഭരണകൂടത്തിന്റെയും സൈനിക ഭീകരതയുടെയും ശക്തികേന്ദ്രമെന്ന് ഇസ്രയേൽ വിശേഷിപ്പിച്ച ഗാസ സിറ്റിയിൽ ഹമാസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ സൈന്യം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസ സിറ്റി പിടിച്ചടക്കാനുള്ള ആക്രമണം വേഗത്തിലാക്കണമെന്ന് കാണിച്ചു കൊണ്ട് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്ന് സൈന്യത്തിന് നിർദേശങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
മധ്യസ്ഥർ സമാധാന ശ്രമങ്ങൾ തുടരുമ്പോഴും ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നത് ചർച്ചകളെ അട്ടിമറിക്കുന്ന നടപടിയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഈ നീക്കം, വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ ശ്രമങ്ങളോടുള്ള ഇസ്രായേലിന്റെ താൽപ്പര്യമില്ലായ്മയാണ് കാണിക്കുന്നതെന്ന് ഹമാസ് വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കുന്നതിനും വെടിനിർത്തലിനും വേണ്ടിയുള്ള നിലവിലെ ചർച്ചകളിൽ ഹമാസിനുമേൽ സമ്മർദ്ദം ചെലുത്താനാണ് ഇസ്രായേൽ വലിയ സൈനിക നടപടിയെക്കുറിച്ച് സംസാരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സൈനികർ ഇതിനകം തന്നെ ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിലും സെയ്തൂൺ പ്രദേശത്തും നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഡെഫ്രിൻ പറഞ്ഞു.
ഗാസ സിറ്റി ആക്രമണത്തിനായി 60,000 സൈനികരെ കൂടി വിളിച്ചതായി ഇസ്രായേൽ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനെ ന്യായീകരിക്കാനായി, തലേദിവസം 18 ഹമാസ് പോരാളികൾ നടത്തിയ ആക്രമണത്തെയാണ് അവർ ഉദാഹരണമായി പറഞ്ഞത്. ചെറിയ ആക്രമണമായിരുന്നിട്ടും ഇതിനെ വലിയ ആക്രമണമായി ചിത്രീകരിക്കരിക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്.
ഇസ്രായേലിന്റെ ആക്രമണങ്ങളിൽ സാധാരണക്കാരായ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. ഗാസയിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് ഇസ്രായേൽ സൈന്യം തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് യുഎൻ അടക്കമുള്ള സംഘടനകൾ ആരോപിച്ചിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലാണ് 3,000-ത്തിലധികം പുതിയ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ഇസ്രായേൽ അംഗീകാരം നൽകിയത്. ഇ1 എന്ന് പേരിട്ട ഈ പദ്ധതിക്ക് പതിറ്റാണ്ടുകളായി അന്താരാഷ്ട്ര എതിർപ്പുകൾ കാരണം അനുമതി ലഭിച്ചിരുന്നില്ല. ഈ നീക്കം പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള സാധ്യതകളെ പൂർണമായി ഇല്ലാതാക്കുമെന്ന് പലസ്തീൻ അതോറിറ്റി ആരോപിക്കുന്നു. വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറുസലേമിൽ നിന്ന് വേർതിരിക്കുന്നതാണ് ഈ പദ്ധതി. ഇസ്രായേലിന്റെ ഈ തീരുമാനത്തെ ബ്രിട്ടൻ ശക്തമായി അപലപിച്ചു. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങളെ പിന്തുണയ്ക്കുന്ന ചില ഇസ്രായേൽ സംഘടനകൾക്ക് യുകെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
content summary: Israel intensifies its offensive in Gaza City as the UK condemns the revised approval of West Bank settlements