പുടിന് താമസിക്കാന്‍ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്; പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വാടക കുതിച്ചുയര്‍ന്നു

സാധാരണ റൂമിന് 85,000 രൂപ

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഡല്‍ഹി സന്ദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുഗമിക്കുന്ന വലിയ പ്രതിനിധി സംഘം തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ തിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ ആഴ്ച ഏറ്റവും കൂടുതല്‍ താമസക്കാരെയും ഉയര്‍ന്ന താരിഫും ലഭിക്കുന്നത് ഈ ഹോട്ടലുകള്‍ക്കാണ്.

ഭാരത് മണ്ഡപത്തിലെ നികുതി സമ്മേളനം, യശോഭൂമിയിലെ പേപ്പര്‍ എക്‌സ്‌പോ, യുനെസ്‌കോ മീറ്റ് തുടങ്ങിയ നിരവധി മെഗാ പരിപാടികള്‍ക്കൊപ്പം വിവാഹ സീസണ്‍ ആരംഭിച്ചതും, ഈ വാരാന്ത്യത്തില്‍ തിരക്ക് കൂട്ടി. ഇതോടെ, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ നോണ്‍-സ്യൂട്ട് (സാധാരണ) റൂമുകളുടെ താരിഫ് 85,000 രൂപ മുതല്‍ 1.3 ലക്ഷം രൂപ വരെയായി കുതിച്ചുയര്‍ന്നു.

യുഎസ് പ്രസിഡന്റുമാരായിരുന്ന ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍, ബില്‍ ക്ലിന്റണ്‍ തുടങ്ങിയ ലോകനേതാക്കള്‍ താമസിച്ചിരുന്ന പ്രസിദ്ധമായ ഐടിസി മൗര്യയുടെ ‘ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടി’ലാണ് പുടിന് താമസം ഒരുക്കിയിരിക്കുന്നത്. 4,700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ആഡംബര സ്യൂട്ടില്‍ രണ്ട് കിടപ്പുമുറികള്‍, പഠനമുറി, 12 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സ്വകാര്യ ഡൈനിംഗ് റൂം, ഒരു മിനി സ്പാ, ജിംനേഷ്യം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളും ഭക്ഷണവും

യുഎസ് പ്രസിഡന്റുമാരുടെ പ്രിയപ്പെട്ട ഇടമായ ‘ബുഖാറ’, ‘ദം-പുഖ്ത്’ തുടങ്ങിയ ഹോട്ടലിലെ പ്രസിദ്ധമായ റെസ്‌റ്റോറന്റുകള്‍ റഷ്യന്‍ പ്രസിഡന്റിനും പ്രതിനിധി സംഘത്തിനുമായി സജ്ജമായി കഴിഞ്ഞു. ഇന്ത്യന്‍, റഷ്യന്‍ ഏജന്‍സികളെ വിന്യസിച്ചുകൊണ്ട് ഹോട്ടലിലെ സുരക്ഷ അതീവ ഉന്നത നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. എങ്കിലും, പുടിന്റെ താമസത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഐടിസി മൗര്യ അധികൃതര്‍ തയ്യാറായിട്ടില്ല.

റഷ്യന്‍ സംഘം തൊട്ടടുത്തുള്ള താജ് പാലസിലും മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലെ താജ് പാലസ്, താജ്മഹല്‍, ഒബ്റോയ്, ലീല, മൗര്യ എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ മുറികള്‍ ഈ വാരാന്ത്യത്തില്‍ വിറ്റുതീര്‍ന്നു. ബുധനാഴ്ച വരെ 50,000 രൂപ മുതല്‍ 80,000 രൂപ വരെയായിരുന്ന ശരാശരി മുറി നിരക്ക്. എന്നാല്‍ ഇന്ന് മുതല്‍ അത് 85,000 രൂപ മുതല്‍ 1.3 ലക്ഷം രൂപ വരെയായി ഉയര്‍ന്നു,’ ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ അപകടകരമായ വായുവിന്റെ നിലവാരം കണക്കിലെടുത്ത്, വിശിഷ്ടാതിഥികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍, ഹോട്ടലുകളിലെ വായു ശുദ്ധീകരണ സംവിധാനങ്ങളുടെ കാര്യക്ഷമത പ്രത്യേകം കണക്കിലെടുക്കുന്നുണ്ട്.

Content Summary: ITC Maurya’s ‘Grand Presidential Suite’ is ready for Putin’s stay

This post was last modified on December 4, 2025 12:43 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment