എല്ലാം ശാന്തമെന്ന വിശ്വാസത്തില്‍ സര്‍ക്കാര്‍, അമിത് ഷായെ ലക്ഷ്യമിട്ട് പ്രതിപക്ഷം

ഈ മണ്‍സൂണ്‍ സമ്മേളനത്തില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്ന ചില അജണ്ടകളുണ്ട്‌

Student Protest -Parliament Monsoon Session 2026

പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ ശനിയാഴ്ച രാജിവെപ്പിച്ചതിന് പിന്നാലെ, യുവജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും വിഷയം രാഷ്ട്രീയമായി തിരിച്ചുവിടാനും തന്ത്രപരമായ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും. ശനിയാഴ്ച പ്രധാന്‍ രാജിവെച്ചതോടെ ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരം താല്‍ക്കാലികമായി അവസാനിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഇടയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തിറങ്ങി.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്കായി ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി ഞായറാഴ്ച പ്രഖ്യാപിച്ച പ്രധാനമന്ത്രി, പരീക്ഷ തട്ടിപ്പുകള്‍ തടയുന്നതിനായി വേഗത്തിലുള്ള കഠിന ശിക്ഷകള്‍ ഉറപ്പാക്കുന്ന ‘പൊതുപരീക്ഷാ ഭേദഗതി ബില്‍ 2026’ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ഉറപ്പുനല്‍കി. വിശ്വസ്തനായ ധര്‍മേന്ദ്ര പ്രധാനെ കൈവിടേണ്ടി വന്നുവെങ്കിലും, ഭരണപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാമായിരുന്ന ഒരു യുവജന സമരത്തെ വേഗത്തില്‍ ശാന്തമാക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് ഭരണകൂടം.

വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും, പ്രധാനമന്ത്രിയുടെ പരീക്ഷാ പരിഷ്‌കാര പ്രഖ്യാപനങ്ങളും, അടിയന്തിര നിയമനിര്‍മ്മാണവും ചേര്‍ന്നതോടെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ മൂര്‍ച്ച കുറഞ്ഞുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. വിഷയം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്ന പ്രതിപക്ഷ പ്രതീക്ഷകള്‍ ഇതോടെ മങ്ങി. തങ്ങളുടെ നിയമനിര്‍മ്മാണ അജണ്ടകളെ ഈ വിഷയം ഇനി ബാധിക്കില്ലെന്നും തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് നടപടികള്‍ സാധാരണ നിലയില്‍ മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി സര്‍ക്കാരിന്റെ ഭരണഘടനാ ഭേദഗതി അജണ്ടകള്‍ക്ക് തടസ്സമാകില്ലെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. പരീക്ഷാ വിഷയത്തില്‍ തടസ്സങ്ങള്‍ നീങ്ങിയതോടെ, വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കല്‍, മണ്ഡല പുനര്‍നിര്‍ണ്ണയം എന്നീ സര്‍ക്കാരിന്റെ മുന്‍ഗണനാ ബില്ലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. ഈ ഭരണഘടനാ ഭേദഗതികള്‍ പാസാക്കുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സമാഹരിക്കാന്‍ സമരം കൈകാര്യം ചെയ്ത രീതിയിലൂടെ കഴിഞ്ഞുവെന്നും, വിഷയാധിഷ്ഠിത പിന്തുണ നല്‍കുന്ന പാര്‍ട്ടികളെ കൂടെനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഈ ‘അടിയന്തിര പരിഹാര നിലപാടിന്’ സാധിച്ചുവെന്നും ബി.ജെ.പി നേതൃത്വം കരുതുന്നു.

എന്നാല്‍, ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. തിങ്കളാഴ്ച പാര്‍ലമെന്റ് പുനരാരംഭിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് ലക്ഷ്യമിടാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ജൂലൈ 20-ന് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസും സുരക്ഷാ സേനയും നടത്തിയ ക്രൂരമായ ആക്രമണങ്ങളില്‍ ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് റൂള്‍ 267 പ്രകാരം അടിയന്തിര പ്രമേയ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സമാജ്വാദി പാര്‍ട്ടി തുടങ്ങിയവ ധാരണയിലെത്തി.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിച്ച് സുരക്ഷാ സേന നടത്തിയ അതിക്രമങ്ങളില്‍ അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കടുത്ത അമര്‍ഷം രേഖപ്പെടുത്തി. 19 കാരനായ സാഹില്‍ ലോച്ചാബ് എന്ന വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായതും, മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പെല്ലറ്റ് വെടിയേറ്റതും ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി, പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കാന്‍ ആഭ്യന്തരമന്ത്രി വ്യക്തിപരമായി അനുമതി നല്‍കിയിട്ടുണ്ടോ എന്ന് ചോദ്യമുന്നയിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അതിനിടെ, കൊണാട്ട് പ്ലേസില്‍ വിന്യസിച്ചിരുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ (ആര്‍.എ.എഫ്) ഒരു ഉദ്യോഗസ്ഥന്‍ പെല്ലറ്റ് തോക്കില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തതായി സി.ആര്‍.പി.എഫ് നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം പ്രതിഷേധക്കാരുടെ ശരീരത്തിലാണ് പതിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഉപയോഗിച്ച ‘ഫോഴ്സ് ഗ്രേഡിയന്റ്’ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കും ആര്‍.എ.എഫ് പരിശീലനത്തിനും അനുസൃതമായിരുന്നില്ലെന്ന് സി.ആര്‍.പി.എഫ് ഐ.ജി അനിത ധുന്ധിയ വിലയിരുത്തിയത് പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്താകും. സഭയില്‍ തുടര്‍തന്ത്രങ്ങള്‍ മെനയാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേരും.

Content Summary; Following Dharmendra Pradhan’s resignation and the end of student protests, the Centre aims to neutralize the Opposition and push its legislative agenda in Parliament

This post was last modified on July 27, 2026 11:27 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment