യെമൻ പൗരനെ വധിച്ച കേസിൽ 2017 മുതൽ യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കൈമാറിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. നിമിഷപ്രിയയെ രക്ഷിക്കാൻ സാധ്യതകളുണ്ടായിരുന്നിട്ടും കേന്ദ്ര സർക്കാർ യാതൊരുവിധ നടപടിയും കൈക്കൊണ്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി അഴിമുഖത്തോട് പ്രതികരിച്ചു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉറപ്പ് നൽകുന്ന കത്തുകളും തന്റെ പക്കലുണ്ടെന്നും എം പി കൂട്ടിച്ചേർത്തു.
‘നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലായെന്നാണ് അനുമാനിക്കാൻ സാധിക്കുന്നത്. യെമൻ പോലുള്ള രാജ്യങ്ങളിൽ പ്രധാനമായും വേണ്ടത് ബ്ലഡ് മണിയാണ്. ദയാധനം സ്വരൂപിച്ച് നൽകാമെന്ന് ആക്ഷൻ കമ്മിറ്റി അറിയിക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രാരംഭമെന്നോണം 40,000 ഡോളർ (ഏകദേശം 35 ലക്ഷം രൂപ) വിദേശകാര്യ വകുപ്പിന് കൈമാറുകയും ചെയ്തു. അത് കൈപ്പറ്റിയെന്ന് എനിക്ക് നൽകിയ ഉത്തരത്തിൽ അവർ സമ്മതിക്കുകയും ചെയ്തിരുന്നു. അത് മാത്രമല്ല, എത്ര തുക വേണമെങ്കിലും അത് പിരിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നാണ് മനസിലാക്കുന്നത്.
യെമനിലെ ഈ വിഭാഗത്തിന് മേൽ നിയന്ത്രണമുള്ള ഇറാൻ സർക്കാറിന്റെ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിച്ച സമയത്ത് അദ്ദേഹം നിമിഷ പ്രിയയുടെ കേസിൽ ഇടപെടാമെന്നുള്ള ഇൻഫോർമൽ ആയുള്ള ഒരു ഉറപ്പുമുണ്ടായിരുന്നു. ഇതൊന്നും കേന്ദ്ര സർക്കാർ ഉപയോഗിച്ചിട്ടില്ല.
പാർലമെന്റിന്റെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ നക്ഷത്ര ചോദ്യമായി ഇത് സഭാതലത്തിൽ കൊണ്ടുവരാനും കഴിഞ്ഞു. പാർലമെൻ്റ തലത്തിൽ വളരെ അപൂർവമായി മാത്രമാണ് ഒരു അംഗത്തിന് നക്ഷത്ര ചോദ്യം കിട്ടാറുള്ളത്. വളരെ നിരാശാജനകമായ പ്രതികരണമാണ് ജയശങ്കറിന്റെ അഭാവത്തിൽ വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിങ്ങിൽ നിന്നുണ്ടായത്. ഇതിൽ രണ്ട് ഉപചോദ്യങ്ങളിലൂടെ സർക്കാരിൻ്റെ നിഷ്ക്രിയത്വവും നിസംഗതയും ഞാൻ പുറത്തുകൊണ്ടുവന്നു. ഒളിച്ചുകളിയെന്നല്ല ഇതിനെ പറയേണ്ടത്, വൻ പരാജയമെന്നാണ്. അവർക്ക് കൃത്യമായിട്ടുള്ള ഒരു മറുപടി പോലുമില്ല. മുൻപ് ജയശങ്കർ എനിക്കയച്ച കത്തിൽ വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകുന്നുണ്ട്. എല്ലാ കത്തുകളുടെയും കോപ്പി ഞാൻ ഉടന് തന്നെ ട്വിറ്ററിൽ അപ്ലോഡ് ചെയ്യുകയും ചെയ്യും. അപ്പോൾ ഇതിൽ കൂടുതൽ വ്യക്തത വരുമല്ലോ? ഫലപ്രദമായ ഒരു ഇടപെടൽ കേന്ദ്ര സർക്കാർ നടത്തിയിരുന്നെങ്കിൽ നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കുമായിരുന്നു. പ്രത്യേകിച്ച് ഒരു മുൻ ജഡ്ജിയുടെ നേതൃത്വത്തിലാണ് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റിയുള്ളത്. ഇങ്ങനെയൊരു ദുരന്തം സർക്കാരിന് ഒഴിവാക്കാമായിരുന്നു. നടപടി സ്വീകരിക്കാൻ സമയം ഇനിയുമുണ്ട്. ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ വെയ്ക്കാം’, ജോൺ ബ്രിട്ടാസ് എം പി അഴിമുഖത്തോട് പറഞ്ഞു.
2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020 ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.
Content Summary: John Brittas criticizes the central government over Nimisha Priya’s execution
Leave a Comment