“ആടിനെ വെട്ടി ബിരിയാണി വച്ച് ഞങ്ങൾ ഇത് ആഘോഷിക്കും..” മഞ്ഞക്കുറ്റി പിഴുതെറിയുന്ന സന്തോഷത്തിൽ സമരക്കാർ

ഇനി ആ പ്രശ്നം ഞങ്ങടെ തലയ്ക്കൽ ഇല്ല. എല്ലാം ശരിയായി. ഞങ്ങടെ ജീവിതം തകർത്ത മഞ്ഞക്കുറ്റികൾ ഇനി ഇല്ല..

k-rail protest

“ഞങ്ങളേ.. ഒരു ആടിനെ വെട്ടാനാ പ്ലാൻ. എന്താന്നറിയോ.. കേരളത്തിൽ കെ റെയിലിനെതിരെ സമരം ചെയ്ത എല്ലാരേം വിളിച്ചുകൂട്ടി ബിരിയാണി വച്ച് ആഘോഷിക്കാനാ തീരുമാനിച്ചേ.. അത്രയ്ക്കുണ്ടായിരുന്നു ഞങ്ങടെ വേദന. ഇനി ആ പ്രശ്നം ഞങ്ങടെ തലയ്ക്കൽ ഇല്ല. എല്ലാം ശരിയായി. ഞങ്ങടെ ജീവിതം തകർത്ത മഞ്ഞക്കുറ്റികൾ ഇനി ഇല്ല..” ഇത് പറയുമ്പോൾ റോസ്ലിൻ ആശ്വാസത്തോടെ ചിരിക്കുകയായിരുന്നു. റോസ്ലിനെ കേരളത്തിലുള്ളവർ മറന്നിട്ടുണ്ടാവില്ല. കെ-റെയിൽ പദ്ധതി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി മാടപ്പള്ളയിൽ നടന്ന സമരത്തിൽ മറക്കാൻ കഴിയാത്ത മുഖങ്ങളിൽ ഒന്നാണ് റോസ്ലിന്റേത്. പോലീസ് സ്വന്തം വീട്ടുമുറ്റത്തു നിന്ന് അമ്മയെ മർദിക്കുന്നതു കണ്ടു ഓടിവന്ന ഒരു കുഞ്ഞിനേയും ആർക്കും മറക്കാനാവില്ല. മകളുടെ മുന്നിൽ വെച്ച് വലിച്ചിഴച്ച് കൊണ്ട് പോയിട്ടും മാനസികമായി തകർത്തിട്ടും സമര വീര്യം ഒട്ടും ചോരാതെ പോരാടിയ മാടപ്പള്ളിക്കാരിയായ റോസ്ലി ഫിലിപ്പ് . ചങ്ങനാശേരി മാടപ്പള്ളിയിൽ കെ റെയിലിനെതിരെ സമരം ചെയ്ത, പോലീസ് മർദ്ദനമേറ്റ റോസ്ലിന്റെ ഇന്നത്തെ ചിരി എന്തുകൊണ്ടാണെന്നും ആർക്കും പറഞ്ഞ് തരേണ്ടിവരില്ല.

പ്രതീക്ഷ നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം മനുഷ്യരുടെ തിരിച്ചുവരവിന്റെ, ജീവിതം തിരിച്ച് എത്തിപ്പിടിക്കലിന്റെ തുടക്കമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശന്റെ കെ-റെയിൽ ഇനിയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനം. റോസ്ലിൻ ഉൾപ്പെടെ നിരവധി സ്ത്രീകൾ നേതൃത്വം നൽകിയ സമരങ്ങൾ, കേരളത്തിൽ അങ്ങോളമിങ്ങോളം നമ്മൾ അത് കണ്ടതാണ്. പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്നോട്ട് പോയിരുന്നെങ്കിലും, പദ്ധതിക്കായുള്ള വിജ്ഞാപനം റദ്ദ് ചെയ്തിരുന്നില്ല. അത് പലർക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ചെറുതല്ല. എന്നാൽ അതിൽ നിന്നെല്ലാം ആണ് അവർക്ക് ഇപ്പോൾ ആശ്വാസം ലഭിച്ചിരിക്കുന്നത്.

“ഞങ്ങളെ ജീവിക്കാൻ സമ്മതിക്കാതെ വീർപ്പുമുട്ടിച്ചു. രാത്രി കാലങ്ങളിൽ പുറത്ത് പോവുമ്പോഴൊക്കെ സിപിഎമ്മിന്റെ പ്രവർത്തകരും മറ്റും പലപ്പോഴും ഞങ്ങളെ പിന്തുടർന്നു. കൊറേക്കാലം നീണ്ടുനിന്ന സൈബർ ആക്രമണങ്ങൾ വേറെ. എന്തു വന്നാലും, ഞങ്ങളെ കൊന്നാലും ഈ പദ്ധതി റദ്ദാക്കാതെ അതിൽ നിന്നൊരടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ചായിരുന്നു. 90%വും, യുഡിഫ് അധികാരത്തിൽ വന്നാൽ, കെ-റെയിൽ വരില്ല കേട്ടോ എന്ന ഒരു വാർത്ത വരും എന്ന് ഞങ്ങക്ക് ഉറപ്പായിരുന്നു. അങ്ങനെ യുഡിഎഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് 1490 ദിവസങ്ങൾ കൊണ്ട് സമരമുഖത്ത് ഇരുന്ന് ഞങ്ങൾ നടപ്പാക്കിയത്” റോസ്ലിൻ അഴിമുഖത്തോട് പറഞ്ഞു.

അന്ന് ഇടതു സർക്കാരിന്റെ കെ-റെയിൽ പ്രഖ്യാപനത്തിന് ശേഷം സ്വന്തം വീടും സ്വപ്നങ്ങളും തകർന്നവരുടെ പ്രതിനിധിയാണ് റോസ്ലിനും . ജീവിക്കാനുള്ള മാർഗ്ഗങ്ങൾ എല്ലാം തടസപ്പെട്ടു എന്ന് മാത്രമല്ല, സ്വന്തം ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാതെ, ആ ഭൂമി ഒറു ആവശ്യത്തിനും ഉപയോ​ഗിക്കാൻ കഴിയാതെ വന്നപ്പോൾ അത് തിരിച്ചുപിടിക്കാൻ, അവകാശത്തെ നേടിയെടുക്കാൻ കൊടിയ പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു ഇവർക്ക്. ഇതിന്റ എല്ലാം തുടക്കം ഓർത്തു പറയുകയാണ് റോസ്ലിൻ.

“നേഴ്സ് ആയി വിദേശത്തു ജോലി ചെയ്തിരുന്ന എനിക്ക് നാട്ടിലെ പോലീസുകാരെന്ന് കേട്ടാലേ പേടിയായിരുന്നു. എന്നാൽ കെ- റെയിൽ പദ്ധതിക്ക് കല്ലിടാൻ എന്റെ വീട്ടുമുറ്റത്തു എത്തിയപ്പോൾ ബൈബിളിലെ 91-ാം സങ്കീർത്തനം വായിച്ചു കർത്താവിന്റെ സംരക്ഷണം വായിച്ച് ഞാനിറങ്ങി. അന്ന് ഡി.വൈ.എസ്.പി റോസ്ലിൻ ഫിലിപ്പ് ഉൾപ്പടെയുള്ള നാലു പേരെ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവ് ഇട്ടു. സമരമുഖത്തെ പ്രധാനികളായ നാലുപേരെ അറസ്റ് ചെയ്യണം എന്നായിരുന്നു അവരുടെ തീരുമാനം. എന്റെ പേര് ആദ്യം തന്നെ പറഞ്ഞു. പി കെ ലാലി, ജോസഫ് എം പുതുചേരി അങ്ങനെ .. പ്രതിഷേധം ശക്തമായപ്പോൾ രണ്ട് പുരുഷപോലീസും രണ്ടു വനിതാപോലീസും ചേർന്ന് ബലമായി പിടിച്ചു വലിച്ചു 200 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. ലാത്തികൊണ്ട് മർദ്ദിച്ചു. എന്നെയും മറ്റൊരു അച്ചായനെയും കൂടി വേറെ ഒരു മുറിക്കാത്തിട്ടു പൂട്ടി. ഒരുപാട് മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്”.

പിണറായി സർക്കാരിന്റെ അഭിമാനപദ്ധതികളിൽ ഒന്നായിരുന്നു കെ-റെയിൽ പദ്ധതി. കേന്ദ്രസർക്കാരുമായി സഹകരിച്ച് 529.45 കിലോമീറ്റർ ദൂരത്തിൽ നാലുമണിക്കൂറിൽ താഴെ ദൈർഘ്യത്തിൽ യാത്ര ചെയ്യാവുന്ന അർധ- അതിവേഗ പാതയാണ് സർക്കാർ പദ്ധതിയിട്ടത്. ഇതിനെ സിൽവർലൈൻ പദ്ധതി എന്ന് വിളിച്ചു. തിരുവനന്തപുരത്തേയും കാസറ​ഗോഡിനേയും ബന്ധിപ്പിച്ച് മണിക്കൂറിൽ 200 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ തെക്ക്- വടക്ക് ഓടും. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചാൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുകളുണ്ടാവുമെന്നും സർക്കാർ അവകാശപ്പെട്ടു. കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടി കേന്ദ്ര റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു (കെ- റെയിൽ) പദ്ധതി നിർവഹണ ചുമതല. സിൽവർലൈൻ പദ്ധതിയെ മലയാളികൾ കെ- റെയിലെന്ന് വിളിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ ഡിപിആർ തയ്യാറാക്കൽ ഉൾപ്പെടെ നടപടികളുമായി മുന്നോട്ടുപോയി. എന്നാൽ ഡിപിആർ പോലും പൂർത്തിയാക്കാതെ ആയിരുന്നു ജനവാസ മേഖലകളിലും വീട്ട് മുറ്റത്തും വരെ മഞ്ഞക്കുറ്റികൾ ഇട്ടത് എന്ന വലിയ ആക്ഷേപമുയർന്നു. 63,000 കോടി ചെലവിൽ പദ്ധതി പൂർത്തിയാക്കാമെന്നായിരുന്നു സർക്കാർ വാദം. ചെലവിന്റെ 80% ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയിൽ (ജൈക) നിന്ന് വായ്പയായും ബാക്കി തുക കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമായും പദ്ധതിയിലേക്കെത്തുമെന്നായിരുന്നു ധാരണ. ആദ്യ പിണറായി സർക്കാരിന്റെ കാലത്തുതന്നെ കേന്ദ്രസർക്കാരിന് ഡിപിആർ സമർപ്പിക്കപ്പെട്ടു.

രണ്ടാം പിണറായി സർക്കാരാണ് സിൽവർലൈനിനു വേണ്ടി അതിശക്തമായി രംഗത്തിറങ്ങിയത്. ഡിപിആറിലെ വിവരങ്ങൾ അപൂർണ്ണമാണെന്നും പദ്ധതി കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ലെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. കേരളത്തെ മതിൽകെട്ടി വിഭജിക്കുമെന്നും 20,000-ത്തിലധികം കുടുംബങ്ങൾ വഴിയാധാരമാവുമെന്നും ആരോപിക്കപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആശങ്കകളും ഉയർന്നു. പദ്ധതി സംസ്ഥാനത്തിന്റെ കടബാധ്യത വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകി. യാത്രാനിരക്ക് സാധാരണക്കാർക്ക് പ്രാപ്യമാവുന്നതാണോ എന്ന സംശയവും ഉയർന്നു. കോഴിക്കോട് കാട്ടിലപ്പീടികയിലും കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സമരങ്ങളും കേരളമാകെ ചർച്ചയായി. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ പലതവണ ആവർത്തിച്ചു പറഞ്ഞു. കെ- റെയിൽ വന്നാൽ പാലക്കാട്ടെ കൂറ്റനാടുനിന്ന് കുടുംബശ്രീ പ്രവർത്തകർക്ക് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിന് മുമ്പ് തിരികെയെത്താൻ കഴിയുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം വലിയ രാഷ്ട്രീയപരിഹാസമായി. അപാകതകളുള്ള, അപൂർണ്ണമായ ഡിപിആറുമായി ഭൂമിയെടുപ്പിന് സർവേക്കായി കല്ലുകൾ സ്ഥാപിച്ചത് മറ്റൊരു സമരപരമ്പരയ്ക്ക് തുടക്കം കുറിച്ചു. സ്വകാര്യസ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ജനരോഷമുയർന്നു. അടുക്കളപ്പുറത്ത് മഞ്ഞക്കുറ്റി സ്ഥാപിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരേ സമരക്കാർ പ്രതിരോധമുയർത്തി. പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് നടപടിക്കെതിരേ വൈകാരിക പ്രതികരണങ്ങളുണ്ടായി. സമരക്കാർക്ക് പിന്തുണയുമായി അന്നത്തെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. ശക്തമായ ജനരോഷത്തെത്തുടർന്ന് മഞ്ഞക്കുറ്റികൾ സ്ഥാപിക്കുന്നത് സർക്കാർ നിർത്തിവെച്ചു. ഇതിന്റെ പ്രധാന സമര ഇടങ്ങളിൽ ഒന്നായിരുന്നു കോട്ടയം ചങ്ങനാശേരി മാടപ്പള്ളയിൽ നടന്ന സമരം.

“കെ- റെയിൽ പദ്ധതിയുടെ നട്ടലൊടിഞ്ഞത് മാടപ്പള്ളിയിൽ ആണ്. വി മുരളീധരൻ കേന്ദ്രമന്ത്രിയായിരുന്ന സന്ദർഭത്തിൽ കേരളത്തിൽ ഇത് നടപ്പാകില്ല എന്ന് ഉറപ്പു നൽകിയിരുന്നു. പിന്നെ ഞങ്ങൾ രാഷ്ട്രീയ ഭേദമന്യേ സമരം ശക്തമാക്കി. ” സമരത്തിൽ സജീവമായുണ്ടായിരുന്ന വിനീഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

“കെ റെയിൽ പദ്ധതിക്കെതിരായ സമരങ്ങൾ നടക്കുമ്പോൾ അന്ന് തൃക്കാക്കരയിലും പുതുപ്പള്ളിയിലെയും ബൈ ഇലക്ഷനുകൾ നടന്നപ്പോൾ തൃക്കാക്കരയിലെ ഓരോ സിപിഎം വീടുകളിലും ചെന്ന് അവിടുള്ളവരോട് ഞങ്ങളുടെ അവസ്ഥ പറഞ്ഞ് മനസിലാക്കി അവരെക്കൊണ്ട് വോട്ട് ചെയ്യിച്ചു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നാൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടു പോകുന്നത് ഞങ്ങളുടെ ഭവനങ്ങളും ഞങ്ങളുടെ സാമ്പത്തികമായിട്ടുള്ള എല്ലാ കൈമുതലുകളും ആണ്. ആ അവസ്ഥ പറഞ്ഞതു കൊണ്ടാണ് തൃക്കാക്കരയിൽ അങ്ങനെ ഒരു വിജയം സാധ്യമായത്. അതുപോലെ തന്നെ പുതുപ്പള്ളി ബൈ ഇലക്ഷനും ഞങ്ങൾ പരിശ്രമിച്ചു. അന്ന് സർക്കാരിനെ താഴെ ഇറക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സജീവമായി നിലനിന്നു. മാർച്ച് 18-ാം തീയതി വി ഡി സതീശൻ സമര പന്തലിൽ വരുകയും യുഡിഫ് അധികാരത്തിൽ വന്നാൽ ഈ പദ്ധതി റദാക്കും എന്ന് വാക്ക് തരികയും ചെയ്തു. അദ്ദേഹം ആ വാക്ക് ഇപ്പോൾ പാലിച്ചു. മാടപള്ളിയിൽ 30 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ചിരുന്ന ഒരു വാർഡ് ആണ് 12-ാം വാർഡ്‌. അവിടെ 100-ാം ബൂത്ത്‌ എന്നത് ഇവിടുത്തെ എക്സ് എംഎൽഎ ജോ മൈക്കിളിന്റെ കുത്തകയാണ്. അന്ന് അവിടെ എതിർകക്ഷിയായി ഞാൻ മത്സരിച്ചു. 30 വർഷം പാർട്ടി ഭരിച്ച ഒരു വാർഡിൽ നിന്ന് അദ്ദേഹത്തിനോട് 41 വോട്ടിനു മാത്രം ആണ് ഞാൻ പരാജയപെട്ടു പോയത്. അത്രയും എനിക്ക് സാധിച്ചു. ജീവിത മാർഗത്തിനായി ഒരു കടയുണ്ട്. കടയിലേക്ക് ഒരാളിനെപ്പോലും സിപിഎം പ്രവർത്തകർ വിട്ടില്ല. വരുന്നവരോട് ഭീഷണികൾ മുഴക്കി. കൃഷി ഉണ്ടായിരുന്നു. അവിടെ കൈത ഇറക്കാൻ വേണ്ടി ജെസിബി കൊണ്ട്‌ വന്നു. അതിനും അവർ വിലക്ക് കൽപ്പിച്ചു. കൊടിയ പീഡനങ്ങളായിരുന്നു, ഗുണ്ടകളെ പോലെയാണ് അവർ എന്നോട് പെരുമാറിയത് . അതുകൊണ്ട് എനിക്ക് 40000 രൂപ നഷ്ടമായി, കൃഷി ഇറക്കാൻ കഴിഞ്ഞതും ഇല്ല. ജീവിക്കാൻ വയ്യാത്ത ഒരു അവസ്ഥ. പിന്നീട് ഉറപ്പിച്ചു, എന്തുവന്നാലും ഞങ്ങളെ കൊന്നാലും ഈ പദ്ധതി റദ്ദാക്കാതെ അതിൽ നിന്നൊരടി പിന്നോട്ടില്ലെന്ന്. അതിനായി എന്റെ വീടിന്റെ വാതിൽക്കൽ തന്നെ പന്തലിട്ട് അവിടെ സമരം തുടങ്ങി. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ പലതും യുഡിഎഫ് പ്രവർത്തികമാക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി ഒഴിവാക്കിയതും ഇനി ആശാവർക്കർമാർക്ക് വേതനം, കെ എസ് ആർ ടിസിയിൽ വനിതകൾക്ക് സംവരണം എന്നിവയും എല്ലാം അവർ നടപ്പിലാക്കും. അതുകൊണ്ട് തന്നെ ഈ അഞ്ചു വർഷം അല്ല ഇനിയുള്ള വർഷങ്ങളിലും യുഡിഫ് തന്നെ ഭരിക്കും എന്നതിൽ തർക്കമില്ല. ഇനി ഒരു കാര്യം മാത്രം ഇതുമായി ബന്ധപെട്ട നിലവിലുള്ള കേസുകൾ കൂടി സർക്കാർ പിൻവലിച്ചാൽ ഇതിനു ഒന്നുകൂടി ഇരട്ടി മധുരം ആകും “എന്ന് എന്നതുകൂടി റോസ്ലിൻ കൂട്ടിച്ചേർത്തു.

ജനരോക്ഷം ഉയർന്നപ്പോൾ ബിജെപിയും ഒപ്പം നിന്നു. എന്നാൽ ഡിപിആറിലെ സാങ്കേതിക വിവരങ്ങൾ വ്യക്തമല്ലെന്ന് കാണിച്ച് കേന്ദ്രസർക്കാർ അനുമതി നൽകുന്നത് നീട്ടിവെച്ചതാണ് സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്കു തിരിച്ചടിയായത്. സിൽവർലൈനിൽ കേന്ദ്രത്തിന്റെ നിലപാടുകൾ പലതവണ മാറിമറിഞ്ഞു. ചിലപ്പോൾ അനുകൂലമായി പ്രതികരിച്ച കേന്ദ്രം രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് വാക്കുമാറ്റി പറയുകയാണുണ്ടായത്. സിൽവർലൈൻ പദ്ധതി പിൻവലിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ സമരസമിതികൾ സ്വാഗതം ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം. സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകളുടെ സ്വഭാവം പരി​ഗണിച്ച് അത് പിൻവലിക്കാൻ കോടതിയോട് ശുപാർശ ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശവും നൽകിയിട്ടുണ്ട്.

Content summary; K-Rail / Silver Line scrapped by new UDF government in Kerala . Yellow survey stones to be removed. Maadappally protest Leader Roslin Philip , who faced police assault and cyber attacks .

This post was last modified on May 23, 2026 7:45 am

എം ബി കൃഷ്ണവേണി:
Related Post
Leave a Comment