‘ഒരാളുടെ ഭക്ഷണരീതിയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല’; ‘സദാചാര മുന്നറിയിപ്പ്’ തള്ളി ഋഷഭ് ഷെട്ടി

'കാന്താര പർവ' എന്ന ഫാൻ പേജ് പിന്നീട് പോസ്റ്റ് പിൻവലിച്ചു

kantara poster

കാന്താര  2 സിനിമയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് ചിത്രത്തിലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടി. സിനിമ കാണാൻ പോകുന്നതിന് മുൻപ് മദ്യപാനം, പുകവലി, മാംസാഹാരം എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫാൻ പേജിൽ വന്ന പോസ്റ്റാണ് വിവാദമായത്. ഇതിനെത്തുടർന്നാണ് ഋഷഭ് ഷെട്ടി രംഗത്തെത്തിയത്.

ഈ പോസ്റ്റ് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്നും ഒരാളുടെ ഭക്ഷണരീതിയിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഋഷഭ് ഷെട്ടി ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ പറഞ്ഞു. ഒരാൾ എങ്ങനെ ജീവിക്കണം എന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. ഇതിന് ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസുമായി യാതൊരു ബന്ധവുമില്ല, ഋഷഭ് ഷെട്ടി പറഞ്ഞതായി ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സംഭവം വിവാദമായതോടെ ‘കാന്താര പർവ’ എന്ന ഫാൻ പേജ് പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തു. മുൻപ് പോസ്റ്റ് ചെയ്ത വിഷയത്തിൽ കാന്താര സിനിമയുടെ ടീമിന് യാതൊരു ബന്ധവുമില്ലെന്നും ഇത് തന്റെ മാത്രം തെറ്റാണെന്നും എന്നായിരുന്നു മാപ്പപേക്ഷ.

അതേസമയം, ഒക്ടോബർ 2ന് റിലീസ് ചെയ്യുന്ന സിനിമയ്ക്ക് ഈ വിവാദം കൂടുതൽ സഹായകമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ഇന്ത്യയിൽ മദ്യവും മാംസവും വിൽക്കുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. 2022 ൽ കാന്താര സിനിമയുടെ ചിത്രീകരണത്തിന് മുൻപ്, ആത്മീയപരമായ തയ്യാറെടുപ്പിന്റെ ഭാഗമായി താൻ കുറച്ച് ആഴ്ചകൾ മാംസം കഴിക്കുന്നത് ഒഴിവാക്കിയിരുന്നതായി ഋഷഭ് ഷെട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, അത് തന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പായിരുന്നുവെന്നും പ്രേക്ഷകരിൽ നിന്ന് അത് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

2022 ൽ പുറത്തിറങ്ങിയ ‘കാന്താര’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ പ്രീക്വൽ ആണ് ‘കാന്താര: ചാപ്റ്റർ 1’. ഈ സിനിമയിലെ അഭിനേതാക്കളുടെ പട്ടികയും ട്രെയ്‌ലർ ലോഞ്ചിലാണ് പുറത്തുവിട്ടത്.

ആദ്യ ഭാഗത്തിൽ ‘ഭൂത കോല’ ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഋഷഭ് ഷെട്ടി പറഞ്ഞത് വലിയ വിവാദമായിരുന്നു. ഹൈന്ദവ ബ്രാഹ്മണിക്കൽ വിശ്വാസങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഭൂതങ്ങൾ എന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിരുന്നു.

Content Summary: kantara 2 controversy; Rishabh Shetty rejects ‘moral policing’ . Nobody has the right to dictate another person’s food choices Rishabh Shetty says 

അഴിമുഖം ഡെസ്‌ക്:
Leave a Comment