വിഷപ്പൊയ്കകളായി കൊച്ചിയിലെ ജലാശയങ്ങള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസിന്റെ നേതൃത്വത്തിലുള്ള 'ഫ്യൂച്ചര്‍ കേരള മിഷന്‍' നടത്തിയ സമഗ്രമായ ജലഗുണനിലവാര പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

കൊച്ചിയിലെ ജലാശയങ്ങളില്‍ ഗുരുതരമായ അളവില്‍ മലിനീകരണം കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പരിശോധന നടത്തിയ ആറ് സ്ഥലങ്ങളിലും മലവിസര്‍ജ്യത്തിലൂടെ പടരുന്ന ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തുന്ന കണ്ടെത്തല്‍ വലിയ ആശങ്കകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസിന്റെ നേതൃത്വത്തിലുള്ള ‘ഫ്യൂച്ചര്‍ കേരള മിഷന്‍’ നടത്തിയ സമഗ്രമായ ജലഗുണനിലവാര പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. 2026 മേയ്, ജൂണ്‍ മാസങ്ങളിലായി ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. രണ്ട് മാസങ്ങളിലും പരിശോധന നടത്തിയ ആറ് കേന്ദ്രങ്ങളിലെയും വെള്ളം മൈക്രോബയോളജിക്കല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി കണ്ടെത്തി.

ജെയിന്‍ സര്‍വകലാശാലയുടെ പദ്ധതിയുടെ ഭാഗമായി ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന വിദഗ്ദ്ധര്‍

രക്തത്തില്‍ മാരകമായ അണുബാധയ്ക്കും (Blood Sepsis) തൊണ്ടവേദന, ത്വക്ക് രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ പലവിധ അണുബാധകള്‍ക്ക് കാരണമായേക്കാവുന്ന ‘സ്‌ട്രെപ്‌റ്റോകോക്കി’ (Streptococci) ബാക്ടീരിയകളുടെ സാന്നിധ്യം തുതിയൂര്‍ വെട്ടുവേലി ഫെറി പരിസരത്തെ ജലാശയങ്ങളില്‍ കണ്ടെത്തിയത് ആശങ്ക ഇരട്ടിയാക്കുന്നു. ബാക്ടീരിയകളുടെ സാന്നിധ്യത്തിന് പുറമെ ജലാശയങ്ങളുടെ ഭൗതികവും രാസപരവുമായ ഗുണനിലവാരത്തിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാക്കനാട് ഫെറി ടെര്‍മിനലി ലെ ജലത്തില്‍ ടര്‍ബിഡിറ്റി (ദ്രാവകങ്ങളില്‍ (പ്രത്യേകിച്ച് വെള്ളത്തില്‍) അലിഞ്ഞുചേരാത്ത ഖരകണങ്ങള്‍ കാരണം ഉണ്ടാകുന്ന കലക്കത്തെയോ തെളിച്ചമില്ലായ്മയെയോ ആണ് ടര്‍ബിഡിറ്റി എന്ന് വിളിക്കുന്നത്) തോത് 9.2 എന്‍ടിയു ( നെഫെലോമെട്രിക് ടര്‍ബിഡിറ്റി യൂണിറ്റുകള്‍) ആയി രേഖപ്പെടുത്തി,

ഇത് അനുവദനീയമായ പരിധിയേക്കാള്‍ പത്തിരട്ടിയോളം കൂടുതലാണ്. വെള്ളത്തില്‍ വന്‍തോതില്‍ മാലിന്യങ്ങളും സൂക്ഷ്മകണികകളും അടിഞ്ഞുകൂടിയിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ചിലവന്നൂര്‍ ബണ്ട് റോഡിലെ പൊക്കാളി പാര്‍ക്ക് പരിസരത്ത സാമ്പിളുകളില്‍ കണ്ടെത്തിയ ഖരപദാര്‍ത്ഥങ്ങളുടെ അളവ് (TDS) മെയ് മാസത്തില്‍ 10,316 mg/L എന്ന നിരക്കിലായിരുന്നു. ജൂണ്‍ മാസത്തിലും ഇത് 3,068 mg/L എന്ന ഗുരുതരമായ അവസ്ഥയില്‍ തന്നെ തുടര്‍ന്നു. ഇതേ സ്ഥലത്ത് ക്ലോറൈഡിന്റെ അളവ് 1,277.62 mg/L ആണ് രേഖപ്പെടുത്തിയത്. ഇത് അനുവദനീയമായ പരിധിയേക്കാള്‍ വളരെ മുകളിലാണ്. ഈ വെള്ളം കുളിക്കാനോ മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ ഒട്ടും അനുയോജ്യമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയിലെ ‘സെന്റര്‍ ഓഫ് റിസര്‍ച്ച് ഇന്‍ മറൈന്‍ സയന്‍സ്’ (CRMS) അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഭിജിത്ത് മുരളീധരന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ലബോറട്ടറി പരിശോധനകള്‍, ജി.ഐ.എസ് (GIS) മാപ്പിംഗ് എന്നിവയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തിലുള്ള ജലഗുണനിലവാര നിരീക്ഷണ സംവിധാനം ഒരുക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം.

മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് തടയാനും നഗരത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനും അടിയന്തരവും ആസൂത്രിതവുമായ പദ്ധതി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.’

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഔട്ട്‌ഡോര്‍ കുളിസ്ഥലങ്ങളിലെ (outdoor bathing) ജലഗുണനിലവാര മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തല്‍.
നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (NABL) അംഗീകൃത ലബോറട്ടറിയിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്.

കാക്കനാട് ഫെറി ടെര്‍മിനല്‍, ആറാട്ടുകടവ് വാക്ക്‌വേ, ചമ്പക്കര കനാല്‍ വ്യൂപോയിന്റ്, തുതിയൂര്‍ വെട്ടുവേലി ഫെറി, വൈറ്റില വാട്ടര്‍ മെട്രോ പരിസരം, ചിലവന്നൂര്‍ പൊക്കാളി പാര്‍ക്ക് എന്നിവയാണ് പരിശോധന നടത്തിയ പ്രധാന കേന്ദ്രങ്ങള്‍.

ഈ കണ്ടെത്തലുകള്‍ അതീവ ഗുരുതരമാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ വേണു രാജാമണി പറഞ്ഞു. കൊച്ചിയിലെ നഗര ജലാശയങ്ങളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍, ശാസ്ത്രീയവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ പരിഹാരങ്ങള്‍ വികസിപ്പിക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ (ന്യൂ ഇനിഷ്യേറ്റീവ്‌സ്) ഡോ. ടോം ജോസഫ് വ്യക്തമാക്കി.

Kochi waterbodies show alarming levels of faecal contamination: Study

This post was last modified on July 6, 2026 11:50 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment