സ്റ്റാൻഡ് അപ്പ് കോമേഡിയൻ കുനാൽ കമ്രയും കെട്ടകാലത്തിന്റെ പാട്ടുകാരൻ റാപ്പർ വേടനും വേട്ടയാടപപ്പെടുന്നത് എന്തുകൊണ്ടാണ്?
ഇവർ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നു. അധികാരത്തിന്റെ തണലിൽ കഴിയുന്ന വരേണ്യ വർഗ്ഗത്തിനും വർണ്ണ വ്യവസ്ഥയിൽ വിശ്വസിക്കുന്ന രാഷ്ട്രീയക്കാർക്കും ഇവരുടെ കലാവിഷ്ക്കാരങ്ങൾ സഹിക്കാൻ ആവുന്നില്ല. കലയിലൂടെ കലഹിക്കുന്ന മനുഷ്യരെ ഭരണകൂടം എക്കാലത്തും അടിച്ചമർത്താൻ ശ്രമിച്ചിട്ടേ ഉള്ളൂ. കുനാലിന്റെയും വേടന്റെയും കേസിൽ ഒരു പൊതുബോധനിർമ്മിതി ഉയർന്നുവന്നത് കൊണ്ട് മാത്രമാണ് അവരെ കുടുക്കാൻ ശ്രമിച്ച സിസ്റ്റം ഒന്ന് അയഞ്ഞത്. ഇതിവിടെ അവസാനിക്കുന്ന ഒന്നല്ല. മനുഷ്യ പക്ഷത്ത് നിൽക്കുന്നവരെ, മനുഷ്യർക്കുവേണ്ടി ശബ്ദിക്കുന്ന കലാകാരന്മാരെ ഭരണകൂടം എപ്പോഴും ഭയക്കുന്നു. എസ്റ്റാബ്ലിഷ്മെന്റിനെതിരെ നിലകൊള്ളുന്ന പാട്ടും പറച്ചിലും ഏമാന്മാരെ വിറളി പിടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഒരു അവസരം വരുമ്പോൾ നാലുപാടും നിന്ന് വലയെറിഞ്ഞു പിടിക്കുന്നു. ‘പ്രത്യേക താല്പര്യം’ എടുത്തു കുറ്റം ചുമത്തുന്നു.

കുനാല്‍ കമ്ര
കഴിഞ്ഞ മാർച്ച് 23 നു കോമേഡിയനായ കുനാല്‍ കമ്ര തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഒരു ഹിന്ദി സിനിമ ഗാനത്തിന്റെ പാരഡി രൂപത്തിൽ അവതരിപ്പിച്ച പരിപാടിയിൽ പ്രത്യക്ഷത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ ഏകനാഥ് ഷിൻഡെയെ വിമർശിച്ചിരുന്നു. ഉപമുഖ്യമന്ത്രിയുടെ പേര് ഈ ആക്ഷേപഹാസ്യ പരിപാടിയിൽ പരാമർശിച്ചിരുന്നില്ല. എന്നിട്ടും ഭരണകൂടത്തിന് കലിയിളകി.2022 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെക്കെതിരെ വിമത നീക്കം നയിച്ച ഷിൻഡെയെ, പേര് പറയാതെ ഭീരു എന്നാണ് കുനാല്‍ കമ്ര വിശേഷിപ്പിച്ചത്. പാട്ട് രൂപത്തിലുള്ള ക്രിയാത്മക വിമർശനം പോലും സഹിക്കാൻ പറ്റാത്ത ഭരണകൂടമാണ്. ആക്ഷേപഹാസ്യം എന്ന കല അവർക്ക് ശത്രു ഉപയോഗിക്കുന്ന ഒരു ആയുധം ആയിട്ടാണ് തോന്നുന്നത്. ശിവസേനയുടെ സ്ഥാപകൻ ഒരു കാർട്ടൂണിസ്റ്റ് ആയിരുന്നു എന്ന കാര്യം പോലും അവർ മറന്നു പോയി. മഹാരാഷ്ട്ര മുഖ്യമന്ത്രി പോലും കുനാൽ കമ്രക്കെതിരെ നിലപാടെടുത്തു. കമ്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഷിൻഡേ നയിക്കുന്ന ശിവസേന വിഭാഗം പ്രവർത്തകർ മാർച്ച് 23ന് രാത്രി തന്നെ, പ്രസ്തുത വീഡിയോ ചിത്രീകരിച്ച ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചു തകർത്തു.
അടുത്ത ദിവസം പോലീസ് കേസെടുത്തു. അടിച്ചു തകർത്തവർക്ക് എതിരെയല്ല. കുനാൽ കമ്രക്കെതിരെ. ഭാരതീയ ന്യായ സംഹിത വകുപ്പ് പ്രകാരം മാനനഷ്ടത്തിനും പൊതു ദ്രോഹത്തിനും ആയിരുന്നു കേസ്. ചോദ്യം ചെയ്യാനായി കമ്രയെ പോലീസ് മൂന്നുതവണ സമൻസ് അയച്ചു വിളിപ്പിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. സംഭവത്തിൽ മുംബൈ ഹൈക്കോടതി ഇടപെടുകയും കൊമേഡിയനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് തൽക്കാലത്തേക്ക് തടയിടുകയും ആണ് ഉണ്ടായത്. കുനാല്‍ കമ്ര തമിഴ്നാട്ടിൽ സ്ഥിരതാമസമായതിനാൽ ചെന്നൈയിൽ വെച്ച് ചോദ്യം ചെയ്താൽ മതി എന്നും കോടതി പറഞ്ഞു. കേസിപ്പോഴും തുടരുകയാണ്.
കുനാല്‍ കമ്രയുടെ വീഡിയോ അവസാനിക്കുന്നത് “Life begins where fear ends.” എന്ന് കറുത്ത പ്രതലത്തിൽ എഴുതി കാണിച്ചുകൊണ്ടാണ്. ഭയം അവസാനിക്കുന്നിടത്താണ് ജീവിതം ആരംഭിക്കുന്നത് എന്ന് അദ്ദേഹം ഈ സമൂഹത്തോട് വിളിച്ചു പറയുന്നു. വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുള്ള കരുത്താണ് കലയുടെ ശക്തി. ഇത് തിരിച്ചറിയുന്ന കലാകാരന്മാർ പോരാളികളായി തുടരും.
അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ പൗരാവകാശമാണ്. ക്രിയാത്മകമായ വിമർശനം ഉൾക്കൊള്ളാൻ ഭരണകൂടത്തിനും അതിന്റെ സംവിധാനങ്ങൾക്കും ആവുന്നില്ലെങ്കിൽ, സമരസപ്പെടാൻ താല്പര്യമില്ലാത്ത കലാകാരന്മാർക്ക് പിന്നെ പോരാട്ടമല്ലാതെ മറ്റു മാർഗങ്ങളില്ല. വേടനും കുനാല്‍ കമ്രയും പോരാടുന്നത് ഈ അഴുകിയ സിസ്റ്റത്തോടാണ്. ഈ കലാകാരന്മാരുടെ കൂടെ നിൽക്കേണ്ടത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ബാധ്യത കൂടിയാണ്. കാരണം അവരുടെ പാട്ടും പറച്ചിലും അവർക്ക് വേണ്ടി മാത്രമുള്ളതല്ല, അത് ഈ സമൂഹത്തിന്റെ കറയെ നീക്കം ചെയ്യാനുള്ളതാണ്. കലാകാരന്മാർ ഈ സമൂഹത്തിന്റെ ഡിറ്റർജന്റ് ഏജന്റ് ആയാണ് പ്രവർത്തിക്കേണ്ടത്, ഈ ബോധ്യം ഇവർക്കുണ്ട്. അതുകൊണ്ട് പുഴുക്കുത്തുകൾക്കെതിരെ ഇവർ ശബ്ദിക്കുന്നു. ഇവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന സംവിധാനത്തിനെതിരെ കലഹം പ്രഖ്യാപിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. സോഷ്യൽ മീഡിയയിൽ ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അനേകം പേരാണ് മുന്നോട്ടുവന്നത്. അത് ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. കല ഭാവിയെ നിർമ്മിക്കാനുള്ള ഒരു പദ്ധതിയാണെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഇവർക്ക് അനുകൂലമായിട്ടുള്ള പൊതുബോധം അതാണ് സൂചിപ്പിക്കുന്നത്. ഈ പൊതുബോധം ഉയർന്നുവന്നത് കൊണ്ട് മാത്രമാണ് കുനാലിന്റെയും വേടന്റെയും ഒപ്പം നിൽക്കാൻ രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവർത്തകരും ബുദ്ധിജീവികളും വൈകിയാണെങ്കിലും തയ്യാറായത്.
വിവേചനങ്ങളെ വെല്ലുവിളിക്കുന്ന ഉച്ച നീചത്വങ്ങൾക്കെതിരെ പൊരുതുന്ന കലാകാരന്മാരാണ് സമൂഹത്തിന്റെ ഇരുട്ടിലേക്ക് പ്രകാശം പരത്തുന്നത്. അടിച്ചമർത്തപ്പെട്ടവന്റെയും അരികുവത്കരിക്കപ്പെട്ടവന്റെയും ഉയർത്തെഴുന്നേൽപ്പിന്റെ ശബ്ദമാണ് വേടനും കമ്രയും. ഇരുവരും ദാർശനിക കവികളെ പോലെ എഴുതുന്നു പാടുന്നു. വെറും വിനോദ പരിപാടി മാത്രമായി ഇവരുടെ കലാവിഷ്ക്കാരങ്ങളെ ഒതുക്കാനാവില്ല. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇവരുടെ ജനകീയ പരിപാടികൾ ഒരു സാമൂഹ്യ സമരമാണ്. ചെറുപ്പക്കാർ ഇതിലേക്ക് ഇരച്ചെത്തുന്നത് അതുകൊണ്ടാവും. ഇവർ ഉണ്ടാക്കുന്ന ഈ ചെറു ചലനങ്ങൾ, ഒറ്റയാൾ സമരങ്ങൾ ആയി മാറുന്നത്.
സഹിക്കാനാവാത്ത എസ്റ്റാബ്ലിഷ്മെന്റുകളാണ് ഇവർ അകത്തു പോകണമെന്ന്, നിശ ബ്ദരാകണമെന്ന് അതിയായി ആഗ്രഹിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് മാത്രം ഐക്യപ്പെട്ടു കൊണ്ട് നിലനിൽക്കുന്നവരല്ല ഈ കലാകാരന്മാർ. എല്ലാത്തരം വിവേചനങ്ങൾക്കെതിരെയും ഇവർ പാടുന്നു. പറയുന്നു… നിലപാട് എടുക്കുന്നു… അതിൽ ഉറച്ചുനിൽക്കുന്നു. ശരീരം കൊണ്ട് ഒരു ‘ബോയ്’ ആയിരിക്കുന്ന കാലത്താണ് മഹാനായ സോക്രട്ടീസിനെ പോലെ വേടൻ എന്ന പയ്യൻ സംസാരിച്ചത്. ആ ഇന്റർവ്യൂ മനോഹരമാണ്. പ്രായത്തേക്കാൾ കവിഞ്ഞ പക്വതയോടെ സംസാരിക്കുന്നുണ്ട്. “കറുത്ത നിറമുള്ള ആളുകളെ മാത്രമല്ല കളിയാക്കുന്നത്. വെളുത്ത നിറമുള്ളവരെയും കളിയാക്കുന്നുണ്ട്. വെള്ള പാറ്റ, വെള്ളക്കൂറ എന്നൊക്കെ വിളിക്കും. കറുത്ത മനുഷ്യരെ കോളനി വാണങ്ങൾ എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നത് പോലെയാണ് ഇതും. ജാതിപ്പേര് തെറിയായാണ് ഉപയോഗിക്കുന്നത്” നോക്കൂ എത്ര വിശാലമായ അർത്ഥത്തിലാണ് ബോഡി ഷേമിങ്ങിനെയും ജാതി പറഞ്ഞു അധിക്ഷേപിക്കുന്നതിനെയും വേടൻ വിലയിരുത്തുന്നത്. മാനവിക ബോധം ഏറെയുള്ള നൈതികത വളരെ അധികം ഉള്ളടങ്ങിയിട്ടുള്ള ഒരാൾക്ക് മാത്രമേ ഇത്തരം വാക്കുകൾ പ്രസരിപ്പിക്കാൻ ആവൂ. അയാൾ തന്റെ പാട്ടിലൂടെ എല്ലാ മനുഷ്യർക്കുവേണ്ടിയും നിലകൊള്ളുന്നു. വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന് വേടൻ പാടുമ്പോൾ വർഗ്ഗസമരത്തിന്റെ രാഷ്ട്രീയം അതിൽ വരുന്നുണ്ട്. റാപ്പ് എന്ന കലാരൂപം തന്നെ രാഷ്ട്രീയം പറയാൻ വേണ്ടി ഉണ്ടായതാണ്. വളരെ മൂർച്ചയുള്ള രാഷ്ട്രീയ ധ്വനികൾ പ്രകടിപ്പിക്കാൻ വേണ്ടി തന്നെയാണ് റാപ്പ് ലോകം മുഴുവനും വ്യാപകമായത്. മനുഷ്യന്റെ വ്യഥകളെ അഡ്രസ്സ് ചെയ്യുന്നതിനാലാണ് അത് ഇത്രയും ജനകീയമായത്. അങ്ങനെയുള്ള ഒരു കലയെ വേടൻ കൈകാര്യം ചെയ്യുമ്പോൾ ആർക്കാണ് പൊള്ളുക എന്ന് നമുക്കറിയാം. വേടൻ പറയും പോലെ രാഷ്ട്രീയക്കാർ പാട്ടുപാടുന്നതും പാട്ടുകാരൻ രാഷ്ട്രീയം പറയുന്നതും തമ്മിൽ വലിയ അന്തരം ഉണ്ട്.

അതുകൊണ്ടാണ് കുനാൽ കമ്ര കേസിൽ, മാപ്പ് പറഞ്ഞാൽ പ്രശ്നം പരിഹരിക്കാം എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞപ്പോൾ, തമാശ പറഞ്ഞതിന്റെ പേരിൽ മാപ്പ് പറയില്ലെന്ന് കമ്ര പറയുന്നത്. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതുപോലെ വെറുതെ പറയാനുള്ളതല്ല മാപ്പ്. ലോകത്തെ തിരുത്തുന്ന കലാകാരന്മാർക്ക് ഇത് നന്നായി അറിയാം. അതുകൊണ്ട് അവർ കീഴടങ്ങാൻ തയ്യാറല്ല. മിലൻ കുന്ദേര എഴുതിയത് പോലെ, മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരമാണ് ഭരണകൂടത്തിനെതിരെയുള്ള കലഹം. കമ്രയും വേടനും സാമൂഹ്യമായ ഓർമ്മകൾ ഉള്ളവരാണ്. അതുകൊണ്ട് അവർ കീഴ്പ്പെടുകയില്ല. അടിമകൾക്കില്ലിടം ചരിത്ര പുസ്തകത്തിൽ എന്ന് വേടന് എഴുതാൻ കഴിയുന്നത് അനുഭവത്തിന്റെ ചൂടും ചൂരും ഉള്ളതിനാലാണ്.
തീക്ഷ്ണമായ സാമൂഹ്യാവസ്ഥകളോട് പ്രതികരിച്ചാണ് എല്ലാ കാലത്തും വലിയ കലാകാരികളേയും കലാകാരന്മാരേയും പ്രസ്ഥാനങ്ങളേയും ലോകം ഉല്പാദിപ്പിച്ചത്. സത്യാനന്തര കാലത്തെ തുറന്നുകാട്ടുന്ന കലാകാരന്മാർ,രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും ബോധമലിനീകരണം നടക്കുന്ന കാലത്ത് നമുക്ക് ആശ്വാസമാണ്. ഈ ബോധ്യം ഉള്ളതുകൊണ്ടാവണം യാക്കോബായ സഭയുടെ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വേടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങനെ ഒരു പ്രസ്താവനയിറക്കിയത്. ‘വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തോടൊപ്പവും എന്നാല്‍ ലഹരിക്കെതിരെയുമാണ് തന്റെ നിലപാട്. രാജ്യമൊട്ടാകെ അംബേദ്കറും കേരളത്തില്‍ അയ്യന്‍കാളിയും മുന്നോട്ടുവെച്ച വലിയ സാമൂഹിക വിപ്ലവത്തിന്റെ സന്ദേശമുള്ള ഗാനങ്ങളാണ് വേടന് പാടുന്നത്. അത് മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തെ അനുവദിക്കണം. ”
അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ പൊതുബോധമാണ്. സാംസ്കാരിക പ്രവർത്തനം ഇല്ലാത്ത, ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ലോകം നമ്മുടേതു പോലുള്ള ഒരു നവോത്ഥാനം സംഭവിച്ച ഒരു ജനതയ്ക്ക് സങ്കൽപ്പിക്കാൻ ആവില്ല. വൈവിധ്യമാർന്ന നമ്മുടെ സാംസ്കാരിക പൈതൃകത്തെ, ഹൈന്ദവ ഫാസിസ്റ്റുകൾ സാംസ്കാരിക ദേശീയത കൊണ്ട് തകർക്കാൻ ശ്രമിക്കുമ്പോൾ കറുത്തവന്റെ പാട്ട് നമ്മൾക്ക് ഒരു ബദൽ പ്രതിരോധമാണ്.
അതുകൊണ്ട് നമുക്ക് പാട്ടുകൾ വേണം, കെട്ട കാലത്തിന്റെ പാട്ടുകൾ വേണം. അമിതാധികാര വ്യവസ്ഥയോട് ഇവർക്ക് ഒന്നേ പറയാനുണ്ടാവൂ. “Don’t bury us, we are seeds” പ്രതിരോധം മുളപൊട്ടുന്നത് സമൂഹത്തിന് നല്ലതാണ്. kunal kamra and vedan question the social system
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: kunal kamra and vedan question the social system