ലോറന്‍സ് ബിഷ്‌ണോയിയെ അമേരിക്കയ്ക്ക് വേണം; വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ്‌

ഗുജറാത്തിലെ ജയിലിലിരുന്ന് ബിഷ്‌ണോയി ഇപ്പോഴും അധോലോകത്തെ നിയന്ത്രിക്കുന്നുണ്ടെന്ന് ഓപ്പറേഷന്‍ ഹാര്‍ഡ്‌ബോളില്‍ കണ്ടെത്തിയിരുന്നു

Lawrence Bishnoi extradition

കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയെ ഇന്ത്യയില്‍ നിന്നും വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്(ഡിഒജെ). കാനഡ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ ബിഷ്‌ണോയിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഡിഒജെയുടെ ഈ നീക്കം. 2014-ല്‍ അറസ്റ്റിലായ ബിഷ്‌ണോയി നിലവില്‍ ഗുജറാത്തിലെ ജയിലിലാണ് ഉള്ളത്.

ബിഷ്‌ണോയിയെ വിട്ടുനല്‍കാന്‍ ഔദ്യോഗികമായി ആവശ്യപ്പെടാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് യു.എസ് അറ്റോര്‍ണി ഓഫീസ് (സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയ) പബ്ലിക് അഫയേഴ്‌സ് ഓഫീസര്‍ സിയാരന്‍ മക്ഇവോയ് വ്യക്തമാക്കി. എന്നാല്‍, നാടുകടത്തല്‍ എന്നത് വര്‍ഷങ്ങള്‍ എടുത്തേക്കാവുന്ന ഒരു ദീര്‍ഘകാല നിയമനടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ഇന്ത്യന്‍ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള 24 പേരെ അറസ്റ്റ് ചെയ്ത യു.എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളുടെ സുരക്ഷാ ഏജന്‍സികള്‍ കൂട്ടമായി നടത്തിയ ‘ഓപ്പറേഷന്‍ ഹാര്‍ഡ്ബോളിന്റെ’ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് യു.എസ് അധികൃതര്‍ ബിഷ്‌ണോയി ഉള്‍പ്പെടെ 37 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഗുജറാത്ത് ജയിലിലിരുന്ന് വാട്‌സാപ്പ് വഴി അധോലോക ഭീഷണി; ലോറന്‍സ് ബിഷ്‌ണോയിക്കെതിരെ യുഎസ് കുറ്റപത്രം

ലോറന്‍സ് ബിഷ്‌ണോയിയെയും അദ്ദേഹത്തിന്റെ കൂട്ടാളി ഗോള്‍ഡി ബ്രാറിനെയും കൂടാതെ, അസമിലെ ജയിലില്‍ കഴിയുന്ന ജഗ്ഗു ഭഗവാന്‍പുരിയ, കാനഡയിലുള്ള രവീന്ദര്‍ സിങ് ധണ്ഡ എന്നിവരാണ് യു.എസ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രധാന ഗ്യാങ് ലീഡര്‍മാര്‍. നിജ്ജാറിനെ വധിക്കാന്‍ ഉത്തരവിട്ടത് ബിഷ്‌ണോയിയും ബ്രാറുമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒളിവില്‍ കഴിയുന്ന ഗോള്‍ഡി ബ്രാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എഫ്.ബി.ഐ 50,000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

1997-ലെ ഉഭയകക്ഷി നാടുകടത്തല്‍ കരാറും ഇന്ത്യയുടെ 1962-ലെ എക്‌സ്ട്രാഡിഷന്‍ ആക്റ്റും അനുസരിച്ചാണ് ഇന്ത്യയും യു.എസും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്ന നടപടികള്‍ നിയന്ത്രിക്കപ്പെടുന്നത്. എങ്കിലും, ബിഷ്‌ണോയി നിലവില്‍ ഇന്ത്യന്‍ ജയിലില്‍ റിമാന്‍ഡിലാണെന്നതും രാജ്യത്തുടനീളം നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ടെന്നതും ഈ നിയമനടപടിയില്‍ നിര്‍ണായകമാകും. ബിഷ്‌ണോയിക്കെതിരെയുള്ള കൊലപാതകം, പിടിച്ചുപറി, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി, ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ആ ശിക്ഷാ കാലാവധി കഴിഞ്ഞതിന് ശേഷം മാത്രമേ വിട്ടുനല്‍കാനാകൂ എന്ന് ഇന്ത്യക്ക് നിയമപരമായി വാദിക്കാന്‍ സാധിക്കും.

യു.എസ് എപ്പോള്‍ ഔദ്യോഗികമായി ഈ അപേക്ഷ സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിയമപ്രകാരം യു.എസ് നീതിന്യായ വകുപ്പ് തയ്യാറാക്കുന്ന അപേക്ഷ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളുമായി ആലോചിച്ച് നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിദേശകാര്യ മന്ത്രാലയം പരിശോധിക്കും. അതിനിടെ, ഈ കേസില്‍ ഉള്‍പ്പെട്ട ദണ്ഡ ഗ്യാങ്ങിലെ ്പ്രതികളുടെ വിചാരണ ഓഗസ്റ്റ് 31-നും ഭഗവാന്‍പുരിയ സംഘാംഗങ്ങളുടേത് സെപ്റ്റംബര്‍ ഒന്നിനും ലോസ് ആഞ്ചലസ് കോടതിയില്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഈ തീയതികള്‍ നീട്ടിവെക്കാനാണ് സാധ്യതയെന്ന് മക്ഇവോയ് സൂചിപ്പിച്ചു. ബിഷ്‌ണോയി സംഘത്തെ ഇതുവരെ യു.എസ് പരിധിയില്‍ ഹാജരാക്കിയിട്ടില്ലെന്നും, കൈമാറി കിട്ടുന്ന മുറയ്ക്ക് മറ്റ് നിയമനടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Summary; The US Department of Justice (DoJ) confirms plans to seek the extradition of gangster Lawrence Bishnoi from India following his indictment in the Hardeep Singh Nijjar murder case under Operation Hardball

This post was last modified on July 12, 2026 10:11 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment