90-ാം ജന്മദിനത്തിന് വെറും 11 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍ ഗാരി സോബേഴ്‌സ് ജീവിതത്തിന്റെ ക്രീസില്‍ നിന്നും മടങ്ങിയിരിക്കുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആരവമടങ്ങാത്ത ഓര്‍മകള്‍ നല്‍കി കാലത്തിന്റെ പവലിയനില്‍ ഇനി നിത്യവിശ്രമത്തില്‍. സ്വന്തം പ്രതിഭയുടെ വലിപ്പത്തില്‍ ഒരിക്കലും മതിമറിക്കാതെ, ലളിതമനസ്‌കനായി ജീവിച്ച മനുഷ്യന്‍ എന്ന വിശേഷണം കൂടിയുണ്ട് അദ്ദേഹത്തിന്. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്തിട്ടുള്ള ചാര്‍ളി ഡേവിസ് ഒരിക്കല്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്: ‘സോബേഴ്‌സ് അങ്ങേയറ്റം വിനയശാലിയായിരുന്നു. താന്‍ എത്രത്തോളം സവിശേഷനായ കളിക്കാരനാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. തന്നേപ്പോലെ തന്നെ മറ്റുള്ളവരും ബാറ്റ് ചെയ്യുമെന്നും ക്യാച്ചുകള്‍ എടുക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. എല്ലാവരും തന്നെപ്പോലെയാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്. മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ്, ‘ഞാന്‍ 150 റണ്‍സ് എടുക്കാം, കന്‍ഹായ് നീ ഒരു 100 റണ്‍സ് എടുക്കൂ, ചാര്‍ളി നീ ഒരു 75 റണ്‍സ് എടുക്കൂ’ എന്ന് വളരെ ലളിതമായി അദ്ദേഹം പറയുമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. അവിടെ സംശയങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഈ പ്ലാന്‍ മിക്കപ്പോഴും വിജയിക്കുകയും ചെയ്യുമായിരുന്നു, എന്നാല്‍ സോബേഴ്‌സിന് മാത്രമേ തന്റെ ഭാഗം കൃത്യമായി പാലിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ’.
1960-കളിലും 70-കളിലും അദ്ദേഹത്തോടൊപ്പം മൈതാനം പങ്കിട്ട ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ അന്തരിച്ച സലിം ദുറാനിയും സോബേഴ്‌സിനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്: ‘എന്തൊരു കളിക്കാരനായിരുന്നു അദ്ദേഹം, അത്രയേറെ ലളിതനായൊരു മനുഷ്യനും’
തെരുവില്‍ നിന്ന് പഠിച്ച ക്രിക്കറ്റ്
1936 ജൂലൈയില്‍ ബ്രിഡ്ജ്ടൗണിലെ വാല്‍ക്കോട്ട് അവന്യൂവിലുള്ള ഒരു ചെറിയ തടി വീട്ടിലാണ് സോബേഴ്‌സ് ജനിച്ചത്. ജനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് കൈകളിലും ഓരോ അധിക വിരലുകള്‍ വീതമുണ്ടായിരുന്നു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന പിതാവ് 1942 ജനുവരിയില്‍ കപ്പല്‍ തകര്‍ന്ന് മരണപ്പെടുമ്പോള്‍ ഗാരിക്ക് അഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം. പതിനാലാം വയസ്സില്‍ ഒരു ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ ചെറിയ ജോലികള്‍ ചെയ്യുകയായിരുന്നു അദ്ദേഹം. ആരും അദ്ദേഹത്തെ ക്രിക്കറ്റ് പഠിപ്പിച്ചിട്ടില്ല; സെന്റ് മൈക്കിളിലെ തെരുവ് കളികളില്‍ നിന്നാണ് അദ്ദേഹം ക്രിക്കറ്റിന്റെ പാഠങ്ങളെല്ലാം പഠിച്ചെടുത്തത്.
21-ാം വയസില്‍ പാകിസ്താനെതിരെയായിരുന്നു കന്നി ടെസ്റ്റ് സെഞ്ച്വറി, അന്ന് സോബേഴ്‌സ് ബാറ്റ് താഴെ വയ്ക്കുമ്പോള്‍ സ്വന്തം സ്‌കോര്‍ ബോര്‍ഡില്‍ 365 റണ്‍സുണ്ടായിരുന്നു. ലെന്‍ ഹട്ടന്റെ ലോകറെക്കോര്‍ഡ് തകര്‍ത്ത ആ ഇന്നിങ്‌സ് 36 വര്‍ഷക്കാലം ആര്‍ക്കും തകര്‍ക്കാനാകാതെ നിലനിന്നു; പിന്നീട് ബ്രയാന്‍ ലാറയാണ് ആ റെക്കോര്‍ഡ് മറികടന്നത്. ഫാസ്റ്റ് മീഡിയം ബൗളിംഗ്, ഓര്‍ത്തഡോക്‌സ് സ്പിന്‍, റിസ്റ്റ് സ്പിന്‍ എന്നിങ്ങനെ മത്സരത്തിന് ആ നിമിഷം എന്താണോ ആവശ്യം, അത് എറിയാന്‍ സോബേഴ്‌സിന് കഴിഞ്ഞിരുന്നു. 1968-ല്‍ സ്വാന്‍സിയില്‍ വച്ച് മാല്‍ക്കം നാഷിന്റെ ഒരോവറിലെ ആറ് പന്തുകളും സിക്‌സറടിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി അദ്ദേഹം മാറി. 93 ടെസ്റ്റുകളില്‍ നിന്നായി 57.78 ശരാശരിയില്‍ 8,032 റണ്‍സും 235 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. എന്നാല്‍ ഈ അക്കങ്ങള്‍ക്കൊന്നും അദ്ദേഹത്തിന്റെ കളിമിടുക്കിനെ പൂര്‍ണ്ണമായി നിര്‍വ്വചിക്കാന്‍ കഴിയില്ല.
ജീവിതം മാറ്റിമറിച്ച ദുരന്തം
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ സോബേഴ്‌സ് നേടിയിരുന്നു. ആ പ്രകടനത്തിന് പ്രചോദനമായി അദ്ദേഹം പറഞ്ഞത്, താന്റ കാരണം ഉണ്ടായൊരു അപകടത്തില്‍ മരണപ്പെട്ടുവെന്ന് അദ്ദേഹം വിശ്വസിക്കുന്ന തന്റെ സഹതാരവും സുഹൃത്തുമായ സുഹൃത്തുമായ കോളി സ്മിത്താണ്. 1959 സെപ്റ്റംബറില്‍ പുലര്‍ച്ചെ നാലേമുക്കാലിന് ലണ്ടനിലെ ഒരു ചാരിറ്റി മത്സരത്തില്‍ പങ്കെടുക്കാനായി രാത്രിയില്‍ കാറോടിച്ചു പോവുകയായിരുന്നു സോബേഴ്‌സ്. ഒരു വളവ് തിരിഞ്ഞപ്പോള്‍ 10 ടണ്‍ ഭാരമുള്ള ഒരു കന്നുകാലി ലോറിയുടെ ഹെഡ്‌ലൈറ്റുകള്‍ക്ക് മുന്നിലേക്കാണ് കാര്‍ ചെന്നു കയറിയത്. ഫാസ്റ്റ് ബൗളര്‍ ടോം ഡ്യൂഡ്‌നി മുന്‍സീറ്റിലും സോബേഴ്‌സിന്റെ ഏറ്റവും അടുത്ത സുഹൃത്തായ കോളി സ്മിത്ത് പിന്‍സീറ്റില്‍ ഉറക്കത്തിലുമായിരുന്നു.
അപകടത്തില്‍ സ്മിത്തിന്റെ നട്ടെല്ല് തകര്‍ന്നു. ‘എന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട, ആ വലിയ മനുഷ്യനെ (ഡ്യൂഡ്‌നി) നോക്കൂ,’ എന്നാണ് സ്മിത്ത് സോബേഴ്‌സിനോട് പറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷം 26-ാം വയസ്സില്‍ സ്മിത്ത് മരണപ്പെട്ടു. അശ്രദ്ധമായി വണ്ടിയോടിച്ചതിന് സോബേഴ്‌സിന് 10 പൗണ്ട് പിഴ ചുമത്തി. ഈ ദുരന്തത്തിന് ശേഷം അദ്ദേഹം കടുത്ത മദ്യപാനത്തിലേക്ക് തിരിഞ്ഞു. എന്നാല്‍ മദ്യത്തില്‍ അഭയം തേടുന്നത് സുഹൃത്തിനോട് ചെയ്യുന്ന രണ്ടാമത്തെ ചതിയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, ഇനി മുതല്‍ രണ്ട് പേര്‍ക്ക് വേണ്ടി- ഗാര്‍ഫീല്‍ഡ് സോബേഴ്‌സിനും കോളി സ്മിത്തിനും- ബാറ്റ് ചെയ്യുമെന്ന് ഉറപ്പിച്ചു.
വിസ്മയിപ്പിച്ച പ്രതിഭ
സോബേഴ്‌സിന് കീഴില്‍ കളിക്കുകയും 22 വാര അകലെ നിന്ന് അദ്ദേഹത്തിന്റെ കളി വര്‍ഷങ്ങളോളം കാണുകയും ചെയ്ത ചാര്‍ളി ഡേവിസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ‘അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല, തീര്‍ച്ചയായും അല്ല’ എന്ന്. ബാറ്ററുടെ തൊട്ടുപിന്നില്‍ ലെഗ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍, കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ വരുന്ന പന്തുകള്‍ പോലും സോബേഴ്‌സ് അനായാസം ക്യാച്ച് ചെയ്യുന്നത് കണ്ട് ഡേവിസ് അത്ഭുതപ്പെട്ടിട്ടുണ്ട്.
1971-72 ല്‍ മെല്‍ബണില്‍ ലോക ഇലവന് വേണ്ടി കളിക്കുമ്പോള്‍, യുവതാരമായിരുന്ന ഡെന്നിസ് ലില്ലിയുടെ ബൗണ്‍സറില്‍ സോബേഴ്‌സ് പൂജ്യത്തിന് പുറത്തായി. അന്ന് വൈകുന്നേരം ഓസ്‌ട്രേലിയന്‍ ഡ്രെസ്സിംഗ് റൂമിലെത്തിയ സോബേഴ്‌സ് ഇയാന്‍ ചാപ്പലിനോട് പറഞ്ഞു: ‘നിങ്ങളുടെ പക്കല്‍ ലില്ലി എന്ന് പേരുള്ള ഒരു പയ്യനുണ്ടല്ലേ, എനിക്കും വേഗത്തില്‍ പന്തെറിയാന്‍ അറിയാമെന്ന് അവനോട് പറഞ്ഞേക്കൂ.’ പിന്നീട് സോബേഴ്‌സ് തിരിച്ച് ബൗണ്‍സറുകള്‍ എറിഞ്ഞപ്പോള്‍, അവന്‍ തനിക്കെതിരെ ഇതുവരെ വേഗത്തില്‍ പന്തെറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ലില്ലി തന്റെ ബാറ്റ് ചുവരിലിടിച്ച് പൊട്ടിച്ചതായി ചാപ്പല്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ‘അവന്റെ കൈയില്‍ പന്തുണ്ട്, എന്റെ കൈയില്‍ ബാറ്റുമുണ്ട്. എന്നെ ഭയപ്പെടുത്താന്‍ കഴിയുന്ന ഒരാളെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുമെന്നും തോന്നുന്നില്ല,’ എന്നായിരുന്നു സോബേഴ്‌സിന്റെ നിലപാട്. ആ മത്സരത്തില്‍ അദ്ദേഹം 254 റണ്‍സ് നേടി. ലില്ലി പന്തെറിഞ്ഞ് ഫോളോ-ത്രൂ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ സോബേഴ്‌സിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് സൈറ്റ് സ്‌ക്രീനില്‍ പതിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സ് എന്നാണ് ഇതിനെ ഡോണ്‍ ബ്രാഡ്മാന്‍ വിശേഷിപ്പിച്ചത്.
1973-ല്‍ ലോര്‍ഡ്‌സില്‍ രാവിലെ ഒന്‍പതര വരെ നീണ്ട ഒരു പാര്‍ട്ടിക്ക് ശേഷം, കുളിച്ച് പാഡണിഞ്ഞ് ഇറങ്ങിയ സോബേഴ്‌സ് പുറത്താകാതെ 150 റണ്‍സ് നേടിയിരുന്നു. അദ്ദേഹത്തിന്റെ 26-ാമത്തെയും അവസാനത്തെയും ടെസ്റ്റ് സെഞ്ച്വറിയായിരുന്നു അത്. ‘ജീവിതം ജീവിച്ചുതീര്‍ക്കാനുള്ളതാണ്’ എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്ത്വചിന്ത. ബാറ്റ് പന്തില്‍ ചെറുതായി ഉരസിയാല്‍ പോലും അമ്പയറുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ അദ്ദേഹം ക്രീസ് വിട്ടു നടക്കുമായിരുന്നു. സ്ലെഡ്ജിംഗിനെ അദ്ദേഹം വെറുത്തിരുന്നു.
സര്‍ ഗാരി
1980-കളുടെ തുടക്കത്തില്‍ സോബേഴ്‌സ് ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് യുവതാരമായിരുന്ന അര്‍ജുന രണതുംഗെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഒരു പരിശീലനത്തിനിടയില്‍ പന്ത് നന്നായി സ്വിങ് ചെയ്യുകയും ബാറ്റ്‌സ്മാന്മാര്‍ തുടര്‍ച്ചയായി ഔട്ടാവുകയും ചെയ്ത ഒരു ദിവസത്തെക്കുറിച്ച് രണതുംഗെ ഓര്‍ക്കുന്നു: ‘അദ്ദേഹം ദേഷ്യത്തോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു. ‘നിങ്ങളെന്താണ് ഈ കാണിക്കുന്നത്? ഹേയ് തടിയാ! നിന്റെ ഗ്ലൗസ് ഇങ്ങു തരൂ’ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ ബാറ്റും കൂടി നല്‍കാന്‍ നോക്കിയപ്പോള്‍ എന്നെ മാറ്റിനിര്‍ത്തി അദ്ദേഹം വിക്കറ്റിലെ ഒരു സ്റ്റമ്പ് മാത്രമാണ് എടുത്തത്. ഒരു സ്റ്റമ്പ് മാത്രം കൈയിലെടുത്ത് അദ്ദേഹം ആറ് പന്തുകള്‍ നേരിടുകയും അവയെല്ലാം കൃത്യമായി കണക്ട് ചെയ്യുകയും ചെയ്തു.’ രണതുംഗെ ഒരിക്കലും അദ്ദേഹത്തെ സോബേഴ്‌സ് എന്ന് വിളിച്ചിട്ടില്ല, എപ്പോഴും ‘സര്‍ ഗാരി’ എന്ന് മാത്രമാണ് അഭിസംബോധന ചെയ്തത്.
1975 ഫെബ്രുവരിയില്‍, താന്‍ ജനിച്ചു വളര്‍ന്ന വാല്‍ക്കോട്ട് അവന്യൂവിലെ തടി വീടിന് ഒരു മൈല്‍ മാത്രം അകലെയുള്ള ഗാരിസണ്‍ റേസ്‌കോഴ്‌സില്‍ വച്ച് അദ്ദേഹം നൈറ്റ്ഹുഡ് (സര്‍ പദവി) നല്‍കി ആദരിക്കപ്പെട്ടു. 2000-ല്‍ വിസ്ഡന്‍ തിരഞ്ഞെടുത്ത നൂറ്റാണ്ടിലെ അഞ്ച് മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായി ഈ ഇതിഹാസം മാറുകയും ചെയ്തു. ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു യുഗത്തിന് അടിവരയിട്ടുകൊണ്ടാണ് സര്‍ ഗാരി സോബേഴ്‌സ് വിടവാങ്ങിയിരിക്കുന്നത്.
Content Summary; Legendary West Indies all-rounder Sir Garry Sobers passes away just days short of his 90th birthday. A tribute to the cricket icon’s extraordinary career, historic records, and humble life
This post was last modified on July 18, 2026 6:56 am
Leave a Comment