കെട്ടടങ്ങാതെ ലോസ് ആഞ്ചൽസ്; കൂടുതല്‍ നഗരങ്ങളിലേക്ക് പ്രക്ഷോഭം ആളുന്നു

കർഫ്യൂ ലംഘിച്ചതിന് കൂട്ട അറസ്റ്റ്

ലോസ് ആഞ്ചൽസിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ യുഎസ് ന​ഗരങ്ങൾ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക്, അറ്റ്ലാന്റ, ചിക്കാഗോ എന്നിവിടങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രക്ഷോഭങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള യുഎസ് ന​ഗരങ്ങളിൽ ഈ ആഴ്ച അവസാനം നാഷണൽ ഗാർഡിനെ വിന്യസിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവും ടെക്സസ് ഗവർണറുമായ ഗ്രെഗ് ആബട്ട് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സമാധാനപരമായ പ്രതിഷേധം നിയമപരമാണ്. എന്നാൽ ഒരു വ്യക്തിയെയോ സ്വത്തിനെയോ ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് അറസ്റ്റിലേക്ക് നയിക്കുമെന്നും ആബട്ട് എക്‌സിൽ കുറിച്ചു. തിങ്കളാഴ്ച ഓസ്റ്റിനിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ സംസ്ഥാനത്ത് നിലവിൽ സംഘർഷാവസ്ഥ രൂക്ഷമാണ്.

പ്രതിഷേധത്തെ അടിച്ചമർത്താൻ നാഷണൽ ഗാർഡിനെയും യുഎസ് മറൈൻസിനെയും ലോസ് ഏഞ്ചൽസിലേക്ക് വിന്യസിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം രാജ്യവ്യാപകമായ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. തുടർന്ന് ട്രംപും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരുന്നു. ഫെഡറൽ സൈനികരെ വിന്യസിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപിനും പ്രതിരോധ വകുപ്പിനുമെതിരെ ന്യൂസോം കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് മറുപടിയായി ന്യൂസോമിനെ അറസ്റ്റ് ചെയ്യണമെന്ന് ട്രംപും നിർദ്ദേശിച്ചു. 2028 ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പലരും ഉയർത്തിക്കാട്ടുന്ന പേരാണ് ഗാവിൻ ന്യൂസോമിന്റേത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും പല പ്രദേശങ്ങളിലും തെരുവുകളിലിറങ്ങിയവരെ പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 197 പേരെയാണ് കർഫ്യൂ ലംഘിച്ചതിന് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തെ ദേശീയ പ്രതിസന്ധി എന്നാണ് ഡെമോക്രാറ്റിക് നേതാക്കൾ വിശേഷിപ്പിച്ചത്. കുടിയേറ്റക്കാരെ നാടുകടത്താനും തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്താനും ട്രംപ് ഭരണകൂടം സ്വീകരിച്ച നപടികളിൽ ഏറ്റവും തീവ്രമായ സംഭവമാണിതെന്ന് ഡെമോക്രാറ്റിക് നേതാക്കൾ പറഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കണക്കനുസരിച്ച് പ്രതിദിനം 2,000 ത്തോളം കുടിയേറ്റക്കാരെ ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) അറസ്റ്റ് ചെയ്തിട്ടുണ്ട്.

സതേൺ കാലിഫോർണിയയിൽ ഏകദേശം 700 യുഎസ് മറീനുകൾ കൂടുതൽ വിന്യാസ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, പ്രതിഷേധത്തെ അടിച്ചമർത്താന് സൈന്യത്തെ വിന്യസിക്കുന്നതിൽ കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട ആശങ്കയറിയിച്ചിട്ടുണ്ട്. ഇത് 1878 ലെ പോസ് കോമിറ്റാറ്റസ് ആക്റ്റിന്റെ ലംഘനമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെയാണ് ന​ഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞു പോയെന്ന ട്രംപിന്റെ പരാമർശത്തെ തുടർന്നാണ് ഇമി​ഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നടപടികൾ കർശനമാക്കിയത്. ഒരു ദിവസം കുറഞ്ഞത് മൂവായിരം പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തില്‍ കലാശിച്ചത്.los Angeles protest; More U.S Cities Prepare to Demonstrate
Content Summary: los Angeles protest; More U.S Cities Prepare to Demonstrate

This post was last modified on June 11, 2025 6:02 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment