മലയാള സിനിമയിലെ ഹൊറർ ഴോണറിന് പുതിയ മാനം നൽകിയ രാഹുൽ സദാശിവൻ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ‘ഡീയസ് ഈറെ’ ഇപ്പോൾ എത്തിയിരിക്കുന്നത്. ‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നിവയ്ക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ഈ ചിത്രം കാഴ്ചക്കാർക്ക് വ്യത്യസ്തമായ ചലച്ചിത്രാനുഭവമാണ് സമ്മാനിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയെസ് ഈറെ’ തിയേറ്ററുകളിൽ മികച്ച വിജയം നേടുമ്പോൾ, പ്രണവ് അവതരിപ്പിച്ച രോഹനോളം തന്നെ പ്രേക്ഷകശ്രദ്ധ നേടുകയാണ് ജിബിൻ ഗോപിനാഥ് അനശ്വരമാക്കിയ മധുസൂദനൻ പോറ്റി എന്ന കഥാപാത്രം. മധുസൂദനൻ പോറ്റിയെ അവതരിപ്പിച്ച നടൻ ജിബിൻ ഗോപിനാഥ് തന്റെ അഭിനയ അനുഭവങ്ങളെക്കുറിച്ചും, സംവിധായകനെക്കുറിച്ചും, സിനിമയുടെ വിജയത്തെക്കുറിച്ചും സംസാരിക്കുന്നു.
മധുസൂദനൻ പോറ്റിയിലേക്കുള്ള വഴി
ഗിരീഷ് പുത്തഞ്ചേരിയുടെ മകനും സംവിധായകനുമായ ജിതിൻ പുത്തഞ്ചേരി വഴിയുള്ള മധുസൂദനൻ പോറ്റിയ്ക്കായുള്ള തിരച്ചിൽ ഒടുവിൽ എന്നിലാണ് എത്തി നിന്നത്. മറ്റൊരു മാധ്യമത്തിന് ഞാൻ നൽകിയ അഭിമുഖത്തിന്റെ ലിങ്കാണ് ജിതിൻ, രാഹുൽ സദാശിവനെ കാണിച്ചത്. മധുസൂദനൻ പോറ്റിയെന്ന കഥാപാത്രത്തിന് ഞാൻ യോഗ്യനാണെന്ന് അദ്ദേഹത്തിന് അപ്പോഴേ തോന്നി. അതിനു പിന്നിലെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
കഥാപാത്രത്തിന്റെ തീവ്രതയും പൂർണ്ണതയും
മധുസൂദനൻ പോറ്റിയെന്ന കഥാപാത്രത്തെക്കുറിച്ചും അയാളുടെ ജീവിത പശ്ചാത്തലത്തെക്കുറിച്ചും കൃത്യമായിത്തന്നെ സംവിധായകൻ പറഞ്ഞു തന്നിരുന്നു. മധുസൂദനൻ പോറ്റിയെന്ന കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന ഭയം തോന്നിക്കുന്ന ഒരുതരം തീക്ഷ്ണതയുണ്ട്, അതാണ് കഥാപാത്രത്തെ പൂർണ്ണമാക്കുന്നത്. സംവിധായകൻ ആവശ്യപ്പെട്ടത് തിരികെ നൽകുകയാണ് ഒരു അഭിനേതാവിന്റെ ചെയ്യേണ്ടത്, അതിന് എനിക്ക് സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്.
രാഹുൽ സദാശിവൻ ബ്രാൻഡ്
സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ഈ ചിത്രം നൽകുന്നത് ഒരു വ്യത്യസ്ത തീയേറ്റർ അനുഭവമായിരിക്കും എന്ന് കരുതിയിരുന്നു. രാഹുൽ സദാശിവൻ എന്ന പേര് തന്നെയാണ് അതിനു കാരണം. അദ്ദേഹം വെറുതെ ഒരു സിനിമ എടുക്കില്ലെന്ന് ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്. ഒരു സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ അദ്ദേഹമതിനെ സിനിമയായി മുന്നിൽ കാണുന്നുണ്ട്. കഥാപാത്രത്തിന്റെ നിർമ്മിതിയിലും അദ്ദേഹം ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത തലത്തിലുള്ള അനുഭവം കാഴ്ചക്കാരിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതിൽ സംവിധായകന്റെ പങ്ക് വളരെ വലുതാണ്. ആളുകൾക്ക് വിശ്വസനീയമായ രീതിയിൽ ഭയം വർക്കൗട്ട് ചെയ്യുക എന്നുള്ളതാണ് ഹൊറർ ചിത്രങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. എന്നാൽ അദ്ദേഹം അത് ധൈര്യമായി ഏറ്റെടുക്കുകയും ഭംഗിയായി പരിഹരിക്കുകയും ചെയ്തു.
പ്രണവ് മോഹൻലാൽ എന്ന അഭിനേതാവ്
പ്രണവിന്റെ കരിയറിലെ ബെസ്റ്റ് പെർഫോമൻസെന്ന് ഇതിനെ വിലയിരുത്തുമ്പോൾ, സംവിധായകൻ ആവശ്യപ്പെടുന്നത് നൂറു ശതമാനമായി തിരികെ നൽകുന്ന ഒരു നടനായാണ് എനിക്ക് അദ്ദേഹത്തെ തോന്നിയിട്ടുള്ളത്. അതിനെ മോശമെന്നും ഗംഭീരമെന്നും പറഞ്ഞ് രണ്ട് തട്ടിൽ വെക്കുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. സിനിമയിൽ കഥാപാത്രമായി ജീവിക്കുക എന്നുള്ളതാണ് ഒരു അഭിനേതാവിന്റെ കർത്തവ്യം. അത് ഭംഗിയായിത്തന്നെ പ്രണവ് ചെയ്തു.
അണിയറപ്രവർത്തകരുടെ പങ്ക്
സംവിധായകനൊപ്പം തന്നെ ചേർത്തു വെച്ച് വായിക്കേണ്ടുന്ന പേരുകളാണ് ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാൽ, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവിയർ, എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കർ എന്നിവരുടേത്. സംവിധായകനെ ഏറ്റവുമടുത്ത് അറിയുന്ന ക്രൂ എന്നതിലുപരി അദ്ദേഹത്തിന്റെ സിനിമയ്ക്ക് എന്താണ് വേണ്ടതെന്നും ഇവർക്ക് കൃത്യമായ ധാരണയുണ്ട്. അത് പ്രാവർത്തികമാക്കാനും ഫലത്തിൽ കൊണ്ടുവരാനും അവർ പരിശ്രമിച്ചു. ക്രിസ്റ്റോയുടെ മ്യൂസിക്കും, ഷെഹ്നാദ് ഇക്കയുടെ എഡിറ്റിങ്ങും, ജ്യോതിഷ് ചേട്ടന്റെ ആർട്ടുമെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു.
മധുസൂദനൻ പോറ്റി നൽകിയ സന്തോഷം
എന്റെ കരിയറിൽ ഞാനിതു വരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതാണ് മധുസൂദനൻ പോറ്റി. നല്ലൊരു ചിത്രമെന്ന് തന്നെ ഞാൻ ‘ഡീയസ് ഈറെ’യെ പറയും. എന്റെ കഴിവ് തെളിയിക്കാൻ സാധിക്കുന്ന അവസരമായാണ് ഞാനീ കഥാപാത്രത്തെ കണ്ടത്. പോറ്റിയെന്ന കഥാപാത്രത്തിന് ലഭിച്ച ഓരോ പ്രതികരണങ്ങളും സന്തോഷം നൽകുന്നുണ്ട്. അറിയുന്നതും അറിയാത്തതുമായ അനേകം പേരിൽനിന്ന് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾ ഒരു അഭിനേതാവെന്ന നിലയിൽ വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അവയെല്ലാം അർഹിക്കുന്ന ആദരവോടെ ഹൃദയത്തോട് ചേർക്കും.
സിനിമാറ്റിക് യൂണിവേഴ്‌സിന്റെ സാധ്യതകൾ
പോറ്റിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാവുമ്പോൾ, ആ കഥാപാത്രത്തെ ഇനിയും സ്ക്രീനിൽ കാണാൻ കഴിയുമോയെന്നും, ‘ഡീയസ് ഈറെ’ ഒരു ഹൊറർ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നുള്ള ചോദ്യങ്ങളും സജീവമാണ്. എന്നാൽ ഇതിനെല്ലാം സംവിധായകൻ തന്നെയാണ് മറുപടി പറയേണ്ടത്. ഞാൻ സിനിമയുടെ ഭാഗമായി എന്നു മാത്രമേയുള്ളൂ.
content summary: Horror films fail when they lack credibility audiences will never forget Madhusudhanan Potty of Dies Irae
This post was last modified on November 6, 2025 1:38 pm
Leave a Comment