വിശ്വഹിന്ദു പരിഷത്തിന് (വിഎച്ച്പി) ഏകദേശം നാല് ഏക്കര്‍ ഭൂമി അനുവദിച്ച് മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാര്‍. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) ഉടമസ്ഥതയിലുള്ള ഈ സ്ഥലം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് വിഎച്ച്പി-ക്ക് കൈമാറുന്നത്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് പ്രകാരമുള്ള വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് ഭൂമി കൈമാറ്റത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
പ്രധാനമായി, 7,558.33 ചതുരശ്ര മീറ്റര്‍ (ഏകദേശം 4 ഏക്കര്‍) വിസ്തീര്‍ണ്ണമുള്ള ഈ സ്ഥലം പാട്ടത്തിന് നല്‍കുന്നതിനു പകരം ഉടമസ്ഥാവകാശം നല്‍കിയാണ് അനുവദിച്ചിരിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം, സ്ഥലം ലഭിക്കുന്നവര്‍ക്ക് അതിന്റെ പൂര്‍ണ ഉപയോഗാവകാശങ്ങളോടുകൂടിയ ഏകദേശം ഉടമയുടെ പദവി ലഭിക്കുകയാണ്. ഈ അനുമതിക്കായി ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ കീഴിലുള്ള നഗരവികസന വകുപ്പിന് ബിഎംസിയുടെ നിര്‍ദ്ദേശം ഈ ഒക്ടോബറില്‍ സമര്‍പ്പിച്ചിരുന്നു.
30 വര്‍ഷത്തേക്കാണ് ഈ ഉടമസ്ഥാവകാശം നല്‍കിയിരിക്കുന്നത്. ബിഎംസി ഇതിന് അംഗീകാരം നല്‍കിയ തീയതിയായ 2025 ജൂണ്‍ 25 മുതലാണ് കാലാവധി ആരംഭിക്കുക. ഈ സ്ഥലത്തിനുള്ള വാര്‍ഷിക വാടക 10,186 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണയായി, ഉടമസ്ഥാവകാശ അടിസ്ഥാനത്തില്‍ നല്‍കുന്ന ഭൂമിക്ക് വാര്‍ഷിക വാടക ഈടാക്കാറില്ലാത്തതിനാല്‍ ഈ നിരക്ക് അസാധാരണമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഇത്തരത്തിലുള്ള ദീര്‍ഘകാല ഉടമസ്ഥാവകാശത്തിന് ബാധകമായ ഒറ്റത്തവണയായി അടയ്‌ക്കേണ്ട പ്രീമിയമായി 9.72 ലക്ഷം ഈടാക്കുമെന്നാണ് നഗരവികസന വകുപ്പ് പറയുന്നത്. ഈ തുക സാധാരണമായി ഈടാക്കുന്ന പ്രീമിയത്തിന്റെ 25 ശതമാനം മാത്രമാണ്. ഈ സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ സംസ്ഥാന സര്‍ക്കാര്‍ ആയതിനാലും, പ്രത്യേക ആവശ്യങ്ങള്‍ക്കായി ബിഎംസിക്ക് കൈമാറിയതായതിനാലുമാണ് ഈ ഒറ്റത്തവണ പ്രീമിയം ഏര്‍പ്പെടുത്തുന്നത്. വാര്‍ഷിക വാടകയുടെയും പ്രീമിയത്തിന്റെയും നിരക്കുകള്‍ ബിഎംസി നിശ്ചയിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം, ഏകദേശം നാല് ഏക്കര്‍ വിസ്തൃതി വരുന്ന ഈ ഭൂമി 2034 ലെ വികസന നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം സംവരണം ചെയ്തതാണ്. അതായത്, പ്രസ്തുത ഭൂമി മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഈ ആവശ്യങ്ങള്‍ക്ക് മാത്രമേ ഭൂമി ഉപയോഗിക്കുന്നുള്ളൂ എന്നു കര്‍ശനമായി ഉറപ്പാക്കാന്‍ ബിഎംസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. വാര്‍ഷിക വാടകയും ഒറ്റത്തവണ പ്രീമിയവും അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും ബിഎംസിയുടെ ഉത്തരവാദിത്തത്തിലുള്ളതാണ്..
ഈ ഭൂമി 1984 മുതല്‍(കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലം മുതല്‍) ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. മുമ്പ് ഇത് പാട്ടത്തിനായിരുന്നു, എന്നാല്‍ ഇപ്പോഴത്തെ ഈ പുതുക്കല്‍ വഴി, സര്‍ക്കാരിന് മുമ്പ് ലഭിക്കാതിരുന്ന വരുമാനം ഇനി ലഭിക്കും. ഇതിപ്പോള്‍ പുതിയതായി അനുവദിക്കപ്പെട്ട ഭൂമിയല്ല, നേരത്തെ തന്നെ ഞങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്നതാണ്. ആവശ്യമുള്ളവര്‍ക്ക് വൈദ്യസഹായവും വിദ്യാഭ്യാസ സഹായവും നല്‍കാനാണ് ഞങ്ങള്‍ ഈ സ്ഥലം ഉപയോഗിക്കുന്നത്.’ എന്നായിരുന്നു വിഎച്ച്പി വക്താവ് ശ്രീരാജ് നായര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചപ്പോള്‍ പറഞ്ഞത്.
This post was last modified on December 9, 2025 4:53 pm
Leave a Comment