കാലത്തെ അപ്രസക്തമാക്കിയ കലാകാരന്‍

മലയാളത്തിന്റെ പ്രിയപ്പെട്ട മധുവിന് 91 ആം പിറന്നാള്‍

madhu image

ഒരിക്കല്‍ ചലച്ചിത്ര നടന്‍ മധുവിനെ ഒരു സംഘടന ക്ഷണിച്ച് കൊണ്ട് പോയി ആദരിച്ചു. സംഘാടക സമിതിയുടെ പേര് എഴുതിയ വലിയൊരു മെമന്റൊ ബഹുമാനപൂര്‍വ്വം അദ്ദേഹത്തിന് സമ്മാനിച്ചു. വിനയത്തോടെ അദ്ദേഹം അത് ഏറ്റ് വാങ്ങി. അക്കാലത്ത് അദ്ദേഹത്തിന്റെ ചലച്ചിത്ര കമ്പനി ഉമാ പ്രൊഡക്ഷന്‍സ് സജീവമായി ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന കാലമായിരുന്നു. മധുവിന്റെ ശിഷ്യന്‍ പി.ചന്ദ്രകുമാറായിരുന്നു സ്ഥിരം സംവിധായകന്‍. അത്തരമൊരു ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഈ പരിപാടി നടന്നത്.

തിരികെ വീട്ടിലെത്തിയ മധു സാറിന്റെ കൂടെ ചന്ദ്രകുമാറിന്റെ അന്നത്തെ അസോസിയേറ്റ് സത്യന്‍ അന്തിക്കാടും ഉണ്ട്. പടത്തിന്റെ സീന്‍ എഴുതണം. വീട്ടില്‍ ചെന്ന മധു സാര്‍ അല്‍പ്പം മുന്‍പ് ആദരിച്ച് കിട്ടിയ ഫലകം എടുത്ത് ചുമരിന് മുകളിലുള്ള സ്ലാബിലേക്ക് ഒറ്റ എറ്. സത്യന്‍ അന്തിക്കാട് നോക്കുമ്പോള്‍ അവിടെ മെമെന്റാകളുടെ ഒരു കൂന തന്നെയുണ്ട്.

അന്തം വിട്ട് നില്‍ക്കുന്ന സത്യനോട് മധു സാര്‍ പറഞ്ഞു.’ വാ നമുക്ക് സീന്‍ എഴുതാം’ അടുത്ത പടത്തിന്റെ സിനിമാ ജോലിയിലേക്ക്.

മധുവെന്ന ചലചിത്രകാരന് അതൊന്നും വലിയ കാര്യമല്ല. താന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത മാന്യശീ വിശ്വാമിത്രനില്‍ പുതിയ സംഗീത സംവിധായകനായ ശ്യാം ഈണമിട്ട വെസ്റ്റേണ്‍ ശൈലിയുള്ള ഗാനം പാടാന്‍ യേശുദാസ് എത്തിയില്ല. ഗാനം റെക്കോര്‍ഡ് ചെയ്യാനാവാതെ ശ്യാം വിഷമിച്ചപ്പോള്‍ മധു പറഞ്ഞു. യേശുദാസ് ഇല്ലെങ്കില്‍ ജയചന്ദ്രന്‍ പാടട്ടെ. സിനിമാ മേഖലയില്‍ ആരും അനിവാര്യരല്ല. അങ്ങനെ ജയചന്ദ്രന്‍ പാടി ‘ആ സംഗീത മധുരനാദം’ എന്ന ആ പാട്ട് ഹിറ്റാവുകയും ചെയ്തു. ഇതൊക്കെ സിനിമാരംഗത്തെ പതിവാണെന്ന നിസംഗതയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്. അമിതമായ പുകഴ്ത്തലോ വിമര്‍ശനമോ ഒരിക്കലുമില്ല. നിര്‍മ്മാതാവായാലും സംവിധായകനായാലും നടനായാലും.

സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യന്‍ ചലചിത്ര മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരം ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് കിട്ടേണ്ട മലയാള ചലചിത്ര രംഗത്തെ രണ്ട് വ്യക്തികളാണ് പി.ഭാസ്‌കരന്‍ മാസ്റ്ററും ഇന്ന് 91 ആം പിറന്നാള്‍ ആഘോഷിക്കുന്ന മധുവും. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അത് ലഭിച്ചിട്ടില്ല. ഫാല്‍ക്കെ പുരസ്‌കാരത്തിന് മധുസാറിന്റെ വീട്ടിലെ സ്ലാബില്‍ വന്ന് വീഴാനുള്ള ഭാഗ്യം ഇതു വരെയുണ്ടായില്ല. ഇനിയുണ്ടാകുമായിരിക്കാം.

മധു മതിപ്പോടെ തുറന്ന് അംഗീകരിച്ച ഒരു സംവിധായകനായിരുന്നു രാമു കാര്യാട്ട്. ‘രാമു കാര്യാട്ടിന്റെ പ്രത്യേകത എന്നു പറഞ്ഞാല്‍, ധാരാളം വായിച്ചിട്ടുണ്ട്. കവിതയും സാഹിത്യവും രാഷ്ട്രീയവും മനുഷ്യ ജീവിതവും നല്ലതും ചീത്തയും ആ മനുഷ്യന് അറിയാമായിരുന്നു. മറ്റ് ഡയറക്ടേഴ്സിനേക്കാളും രാമു കാര്യാട്ടിന്റെ ക്വാളിറ്റി എന്താണ് എന്ന് വെച്ചാല്‍ ‘He is a great organiser. But a bold man .’ ജീവിതത്തിലെല്ലാം ചങ്കുറ്റമായിട്ടുള്ള കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്’. മധു പറഞ്ഞു.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ മധു പഠിക്കുമ്പോള്‍ രാമു കാര്യാട്ട് മധുവിനോട് പറഞ്ഞു. ‘നിങ്ങള്‍ തന്നെ അഭിനയിക്കണം.’ മേക്കപ്പ് ഒന്നും വേണ്ട. ആളിനെ കണ്ടാല്‍ പറ്റുമോ എന്ന് എനിക്കറിയാം പിന്നെ മാധവന്‍ നായര്‍ നാട്ടില്‍ ചന്ദ്രതാരയില്‍ പോകുമ്പോള്‍ ഒരു മേക്കപ്പ് ടെസ്റ്റ് എടുക്കണം. നിര്‍മാതാവിന് കാണണമെങ്കില്‍ അത് വേണ്ടി വരും. ‘ ‘So you are going to do the role’. ഇന്ത്യന്‍ സിനിമയിലെ ഷോ മാന്‍ രാമു കാര്യാട്ട് തീരുമാനിച്ചു. അങ്ങനെ മേക്കപ്പ് ടെസ്റ്റ് ഇടാതെ ആദ്യ പടമായ മൂടുപടത്തില്‍ അഭിനയിക്കാന്‍ തീരുമാനമായി.

പക്ഷേ, പുറത്ത് വന്നത് മറ്റൊരു പടം’നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ വഞ്ചിയൂര്‍ മാധവന്‍ നായര്‍ എന്നൊരു നടന്‍ അക്കാലത്ത് ഉണ്ടായിരുന്നതിനാല്‍ ശോഭന പരമേശ്വരന്‍ നായരും പത്രപ്രവര്‍ത്തകന്‍ എ.സി. സാബുവും പി.എ. ബക്കറുമൊക്കെ ചേര്‍ന്ന് മാധവന്‍ നായര്‍ എന്ന പേര് മാറ്റി, മധു എന്നാക്കി.

ആറു പതിറ്റാണ്ടായി മധു എന്ന ചലചിത്രകാരന്‍ മലയാളികളുടെ മനസിലുണ്ട്. നടന്‍, സംവിധായകന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ പല രൂപങ്ങളില്‍. 1970 ലെ പ്രിയ മുതല്‍ 1986 ലെ ‘ഉദയം പടിഞ്ഞാറ് വരെ’ തുടങ്ങിയ ഒരു പിടി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നല്ലതും ചീത്തയും ഉണ്ട്. കെ.പി.എ.സി. നിര്‍മ്മിച്ച രണ്ടാമത്തെ സിനിമായ ‘ നീലക്കണ്ണുകള്‍’ സംവിധാനം ചെയ്തത് മധുവായിരുന്നു. നായകനായി അഭിനയിച്ച ആ ശരാശരി വിജയം നേടിയ ആ പടത്തില്‍ വയലാറും ഒ. എന്‍. വി യും എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി മലയാളികള്‍ എറ്റു പാടിയ,’മരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല, കരയാന്‍ ഞങ്ങള്‍ക്ക് മനസില്ല’ എന്ന വയലാറിന്റെ ഇതിലെ പ്രശസ്തമായ യേശുദാസും മാധുരിയും ചേര്‍ന്ന് ആലപിച്ച വിപ്ലവഗാനം അര നൂറ്റാണ്ടായിട്ടും മലയാള ഗാനപ്രേമികള്‍ മൂളുന്നു.

എല്ലാ കാലങ്ങളിലും മലയാള സിനിമാ മേഖലയില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന ഏക ചലചിത്രകാരനും മധു സാറായിരിക്കും. നടനായും സംവിധാനം ചെയ്തും നിര്‍മാതാവായും ഇത്രയും കാലം നിലനിന്ന ഒരാളുണ്ടോ? ഇടവേളയില്ലാതെ ആറ് പതിറ്റാണ്ട്! കഴിഞ്ഞ ദിവസം അന്തരിച്ച കവിയൂര്‍ പൊന്നമ്മ കഴിഞ്ഞാല്‍ മലയാള ചലചിത്ര രംഗത്തെ ഇപ്പോഴും സജീവമായ ഏറ്റവും മുതിര്‍ന്ന ചലച്ചിത്രകാരനും അദ്ദേഹം തന്നെ. പഴയ സിനിമ കൊട്ടക കാലം മുതല്‍ ഒ. ടി.ടി. സിനിമ വരെ നേരിട്ട് അനുഭവിച്ച ഇന്ത്യയിലെ തന്നെ അപൂര്‍വ്വ ചലചിത്രതാരം.

മിതഭാഷിയായതിനാല്‍ ഒരു വിവാദത്തിനും ഇല്ല. ആര്‍ട്ട് പടക്കാരെ വിമര്‍ശിക്കാനോ, സമാന്തര സിനിമക്കാര്‍ക്ക് വേണ്ടി വാദിക്കാനോ ഇല്ല. അടൂരിന്റെ പടത്തിലഭിനയിച്ച അതേ വികാരത്തില്‍ ഐ വി.ശശിയുടെ പടത്തിലും അഭിനയിക്കും.

ജി ശങ്കരപിള്ളയുടെ കഥ സതി സംവിധാനം ചെയ്ത ലാഘവത്തോടെ സി. രാധാകൃഷ്ണന്റെ നോവല്‍ ‘തേവിടിശ്ശി’ ‘പ്രിയ’ എന്ന പേരില്‍ സംവിധാനം ചെയ്തു. അഭിനയത്തെ പറ്റി നല്ല ധാരണയുള്ളതിനാല്‍ ബംഗാളി നടി ലില്ലി ചക്രവര്‍ത്തിയെ പ്രിയയില്‍ നായികയാക്കി. എം.ടി.യുടെ ആദ്യ കാലത്തെ മിക്ക തിരക്കഥകളിലും മധു അഭിനയിച്ചു. സതി, അക്കല്‍ദാമ, മാന്യശ്രീ വിശ്വാമിത്രന്‍ തുടങ്ങിയ മധു സംവിധാനം ചെയ്ത അര ഡസന്‍ പടങ്ങള്‍ എച്ച്. എം. വി. സ്റ്റുഡിയോവില്‍ വെച്ച് നെഗറ്റിവ് നശിച്ച് ഇല്ലാതെയായി. തോപ്പില്‍ ഭാസിയുടെ യുദ്ധകാണ്ഡത്തിന്റെ ഫിലിം പ്രിന്റ് അക്കൂട്ടത്തില്‍ നശിച്ചു. അത് മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയ ഒരു സ്വകാര്യ ദുഖം.

‘നല്ല പടമായിരുന്നു. അതിലെ നല്ലൊരു ഗാനം പാടി അഭിനയിച്ചിട്ടുണ്ട് അദ്ദേഹം ഒരിക്കല്‍ ഓര്‍ത്തു. ‘ ശ്യാമ സുന്ദര പുഷ്പമേ’ എന്ന ഒ എന്‍ വി – കെ. രാഘവന്‍ ഹിറ്റ് ഗാനം. സംഗീത സംവിധായകന്‍ , പൂവച്ചല്‍ ഖാദര്‍, ഗായിക ചിത്ര എന്നിവരെ തന്റെ ചിത്രങ്ങളിലൂടെ ആദ്യമായി അവതരിപ്പിച്ചത് മധുവെന്ന നിര്‍മ്മാതാവായിരുന്നു.

മലയാളത്തില്‍ കലാമൂല്യമുള്ള സ്വയംവരം, സ്വപ്നാടനം, ഉത്തരായനം, കബനീ നദി ചുവന്നപ്പോള്‍ പോലുള്ള ചിത്രങ്ങളുടെ തിരക്കഥ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ലെനിന്‍ രാജേന്ദ്രനെ പോലെ ചിലര്‍ ചേര്‍ന്ന് 80 കളില്‍ തീരുമാനിച്ചു. തിരക്കഥയുടെ കൂടെ ആ പടത്തില്‍ സഹകരിച്ച നടന്റെയോ ക്യാമറാമാന്റെയോ എഡിറ്ററുടേയോ അനുഭവങ്ങള്‍ കൂടി ചേര്‍ക്കാന്‍ അവര്‍ തയ്യാറായി. അടൂരിന്റെ സ്വയംവരത്തിലെ നായകന്‍ മധുവിനെ കണ്ട് അവര്‍ അനുഭവം ആവശ്യപ്പെട്ടു. മധു പറഞ്ഞു. ‘അത് പറയാതിരിക്കുകയാണ് ഭേദം. വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് അധികം ഓര്‍മ്മിക്കാതിരിക്കുന്നതല്ലെ നല്ലത്?

അടൂരിന്റെ പടത്തില്‍ അദ്ദേഹം വരക്കുന്ന വരയ്ക്കപ്പുറം ആരും ഇല്ല. പലരും അതിനിരകളായിട്ടുണ്ട്. സിനിമാ രംഗത്ത് അത് എല്ലാവര്‍ക്കും അറിയാം. അത് ആദ്യം രുചിച്ചത് മധു സാറായിരുന്നു.

ഒരിക്കല്‍ ജ്യോത്സ്യന്മാര്‍ ചേര്‍ന്ന് അദ്ദേത്തെ ഒരു യോഗത്തിന് പ്രസംഗിക്കാന്‍ കൊണ്ടുപോയി. 70 ന് അപ്പുറം അദ്ദേഹത്തിന് ആയുസ്സില്ലെന്ന് ഏതോ ജോത്സ്യന്‍ പണ്ട് പറഞ്ഞിരുന്നു. അതോര്‍ത്താവണം അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു പറഞ്ഞു, ‘ജ്യോതിഷം അനുസരിച്ച് എന്റെ സമയം കഴിഞ്ഞു. ഇനി ജ്യോതിഷം അനുവദിക്കുമെങ്കില്‍ അടുത്ത തവണ കാണാം’.

മധുവിന്റെ അഭിനയത്തോട് ഇഷ്ടമാകാം അനിഷ്ടമാകാം. ആറു പതിറ്റാണ്ടായി ഇപ്പോഴും ലൈവായി തുടരുന്ന അദ്ദേഹത്തെ മാറ്റി നിര്‍ത്തി മലയാള സിനിമാ ചരിത്രമില്ല. മലയാള സിനിമയുടെ വളര്‍ച്ച, അച്ചടി മാധ്യമത്തിലൂടെയും ടെലിവിഷനിലൂടേയും, ഇന്റര്‍നെറ്റിലൂടെയും ടാക്കീസിലൂടേയും തിയേറ്ററിലൂടേയും, മള്‍ട്ടിപ്ലെക്‌സ് തിയറ്ററിലൂടേയും ഇപ്പോള്‍ ഒ.ടി.ടി.യിലൂടെയും മലയാള സിനിമയുടെ വേഷ പകര്‍ച്ച കണ്ട മലയാളത്തിലെ എക നടനാണ് മധു, ഇപ്പോഴും ഈ 91ാം വയസിലും സജീവമായ അഭിനയ ജീവിതം.

രാമു കാര്യാട്ടിന്റെ ‘ചെമ്മീന്‍’ലെ ‘പരീക്കുട്ടി’ തൊട്ട് പി. ചന്ദ്രകുമാറിന്റെ ‘ആന’യിലെ ‘ഒറ്റ വെടി ജബ്ബാര്‍’ ആയി വരെ മധു സാര്‍ അഭിനയിച്ചിട്ടുണ്ട്. റൗഡിയായ്, സ്ത്രീജിതനായ താറാവുകാരനായി, സാഹിത്യകാരനായി, ഡോക്ടറായി, പോലീസ് ഐ ജിയായ്, ഒന്നാന്തരം കള്ളുകുടിയനായി, സാഹിത്യകാരനായി, ചങ്ങമ്പുഴയുടെ മദനനായി മധു വെന്ന നടന്‍ അഭിനയിച്ചിട്ടുണ്ട്. ഓളവും തീരത്തിലെ ബാപ്പുട്ടി വേറിട്ട് നിന്ന ഒരു എം.ടി കഥാപാത്രമായി ഇപ്പോഴും മലയാള സിനിമാ ചരിത്രത്തില്‍ മുന്‍ നിരയിലുണ്ട്. 2004 ല്‍ സമഗ്രസംഭാവനക്കുള്ള കെ.സി. ഡാനിയല്‍ അവാര്‍ഡ്, 2013 ല്‍ വൈകിയെത്തിയ പത്മശ്രീ. അംഗീകാരങ്ങള്‍ വൈകിയാണെങ്കിലും എത്തി.

ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌ക്കാരത്തിന് രണ്ട് വട്ടമെങ്കിലും അര്‍ഹതയുള്ള ചലചിത്ര ജീവിതമാണ് അദ്ദേഹത്തിന്റെത്. ഈ തൊണ്ണൂറ്റിയൊന്നാം പിറന്നാളിലും ഉത്തരേന്ത്യന്‍ സായിപ്പുമാര്‍ ഇപ്പോഴെങ്കിലും വിസ്മരിച്ച അംഗീകാരം ഇനിയെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിക്കാം.

എന്തൊക്കെ വിസ്മൃതമായാലും മലയാളി മധുവെന്ന നടനെ ഓര്‍ക്കാന്‍ രണ്ട് വരിയുണ്ട് ഒരു മലയാളിയും മറക്കാത്ത വരികള്‍!

‘ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍
താരകങ്ങള്‍ പുഞ്ചിരിച്ച നീല രാവില്‍’

എന്ന ഗാനം. ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞപോലെ യൂസഫലിയുടെ വരികള്‍ക്ക് ഞാന്‍ അടിവര മാത്രമിട്ട ഗാനം. തലമുറകളായി മലയാളികള്‍ ഇപ്പോഴും മുളൂന്ന ഗാനം.

മധുവെന്ന പേരോര്‍ക്കാന്‍ അത് ധാരാളം.  Malayalam legendary actor madhu 91st birthday

Content Summary; Malayalam legendary actor madhu 91st birthday

അഴിമുഖം ഡെസ്‌ക്:
Leave a Comment