June 26, 2026 |
Share on

മെക്സിക്കൻ പ്രസിഡൻ്റിനെ പൊതുമധ്യത്തിൽ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമം

‘പ്രസിഡന്റിനോട് ഇങ്ങനെയാണെങ്കിൽ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താകും?

മെക്സിക്കൻ പ്രസിഡൻ്റ് ക്ലൗഡിയ ഷീൻബോം പൊതുമധ്യത്തിൽ വെച്ച് ലൈം​ഗികാതിക്രമം നേരിട്ട സംഭവത്തിൽ വിവാ​ദം മുറുകുന്നു. സംഭവം
രാജ്യത്തെ സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനത്തെയും പ്രസിഡന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചകളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷീൻബോമിന് നേരെയുണ്ടായ അതിക്രമത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ക്ലൗഡിയ ഷെയ്ൻ​ബോമിന് നേരെ അതിക്രമം ഉണ്ടായത്. അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ ഷെയ്ൻ​ബോം തെരുവിലേക്കിറങ്ങിയ സമയത്ത് സുരക്ഷാ ഉദ്യോ​ഗസ്ഥരെ മറികടന്ന് ഒരു യുവാവ് ഷീൻബോമിന് അരികിലേക്ക് വരുന്നതും പ്രസിഡൻ്റിൻ്റെ കഴുത്തിൽ ചുംബിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഷീൻബോമിനെ ബലമായി കടന്നുപിടിക്കാൻ ശ്രമിക്കുമ്പോൾ ഒരു ഉദ്യോഗസ്ഥൻ ഇടപെട്ട് ആ വ്യക്തിയെ മാറിനിർത്തുന്നുണ്ട്. അനുചിതമായ സ്പർശനമുണ്ടായതും യുവാവിൻറെ കൈ ക്ലൗഡിയ തട്ടി നീക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് ക്ലൗഡിയ ഷീൻബോം പ്രതികരണം അറിയിച്ചിട്ടുണ്ട്. തൻ്റെ രാജ്യത്ത് താൻ നേരിട്ട് ഒരു അനുഭവമാണിതെന്നും രാജ്യത്തിലെ ഒട്ടുമിക്ക സ്ത്രീകളും ഇത്തരമൊരു അവസ്ഥ നേരിടുണ്ടെന്ന് ഞാൻ മനസിലാക്കുന്നുവെന്നും ഷീൻബോം പറഞ്ഞു. ഇപ്പോൾ ഞാൻ ഇത് പരാതിപ്പെടുന്നില്ലെങ്കിൽ അർത്ഥ ശൂന്യമായി പോകും. പ്രസിഡന്റിനോടും ഇങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ, സാധാരണ സ്ത്രീകൾക്ക് എന്താകും സ്ഥിതി, ഷീൻബോം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പ്രസിഡൻ്റിന് പോലും ഈ രാജ്യത്ത് സുരക്ഷയില്ലായെന്നും ഒരു സ്ത്രീ ആയതുകൊണ്ട് എങ്ങനെ വേണമെങ്കിലും പെരുമാരാമെന്നുമുള്ള പുരുഷാധിപത്യത്തിൻ്റെ പ്രതിഫലനമാണ് സംഭവമെന്നും ചിലർ കുറിച്ചു.

ഷീൻബോമിൻ്റെ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചകളെ കുറിച്ചും വിമർശനങ്ങൾ ശക്തമാവുകയാണ്. അക്രമിയോട് ഇത്രയും അനുഭാവമൊന്നും വേണ്ടെന്നും വിഡിയോയ്ക്ക് ചുവടെ കമൻറുകളുണ്ട്. അതിനിടെ, അതിക്രമം നേരിട്ടപ്പോഴും അങ്ങേയറ്റം സമചിത്തതയോടെയാണ് ക്ലൗഡിയ പ്രതികരിച്ചതെന്നും അത് പ്രശംസനീയമാണെന്നും ചിലർ കുറിച്ചു. പുതിയ സുരക്ഷാനയം പ്രസിഡൻറ് ആവിഷ്കരിച്ചതിന് പിന്നാലെയാണ് അതിക്രമമെന്നതും ശ്രദ്ധേയമാണ്. അടുത്തിയിടെയാണ് ഉറ്വാപൻ മേയർ കാർലോസ് ആൽബർട്ടോ മൻസോ കൊല്ലപ്പെട്ടത്. മൂന്ന് വർഷത്തിനിടെ വെടിയേറ്റ് കൊല്ലപ്പെടുന്ന ഏഴാമത്തെ മേയറാണ് മൻസോ. മൻസോയുടെ കൊലപാതകത്തിന് പിന്നാലെ വലിയ ജനകീയ പ്രക്ഷോഭമുണ്ടായിരുന്നു. മൊറേലിയ, ഉറ്വാപൻ, തുടങ്ങിയ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. ഈ സംഘർഷങ്ങൾക്കിടയിലാണ് പ്രസിഡൻറിന് നേരെ തന്നെ അതിക്രമം ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ ശാസ്ത്രജ്ഞയും നൊബേൽ ജേതാവുമായ ക്ലൗഡിയ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മെക്സിക്കോയുടെ പ്രസിഡൻറായി അധികാരമേറ്റത്.

Content Summary: Man gropes, attempts to kiss Mexico’s President Claudia during public event

Leave a Reply

Your email address will not be published. Required fields are marked *

×