ഫുഡ് റെഗുലേറ്ററി ചട്ടങ്ങള്‍ ലംഘിച്ച് അനുമതിയില്ലാത്ത പ്രാണികളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ രണ്ട് മിഷെലിന്‍ സ്റ്റാറുകളുള്ള ദക്ഷിണ കൊറിയന്‍ റസ്റ്റോറന്റ് ഉടമയ്ക്കെതിരെ നിയമനടപടി കടുപ്പിച്ച് പ്രോസിക്യൂഷന്‍. ഭക്ഷണത്തില്‍ ഉറുമ്പുകളെ ചേര്‍ത്തുകൊടുത്ത കേസില്‍ പ്രശസ്ത മിഷെലിന്‍ സ്റ്റാര്‍ റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ് ഒരു വര്‍ഷത്തെ തടവുശിക്ഷയാണ് ദക്ഷിണ കൊറിയന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം, വിഭവങ്ങളില്‍ ചേര്‍ക്കാന്‍ അനുമതിയില്ലാത്ത ഉറുമ്പിനെ ഉള്‍പ്പെടുത്തിയതിനാണ് നടപടി. റസ്റ്റോറന്റ് നടത്തുന്ന കമ്പനിക്ക് 20 ദശലക്ഷം വോണ്‍ (ഏകദേശം 12.3 ലക്ഷം രൂപ) പിഴ ചുമത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. യോന്‍ഹാപ് വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.
സിയോളിലെ ഗംഗ്‌നാമില്‍ പ്രവര്‍ത്തിക്കുന്ന, രണ്ട് മിഷെലിന്‍ സ്റ്റാറുകളുള്ള പ്രശസ്ത റസ്റ്റോറന്റിലാണ് സംഭവം നടന്നത്. പ്രത്യേക രുചി ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി സോര്‍ബെ ഡെസേര്‍ട്ടിന് മുകളില്‍ ഉറുമ്പുകളെ ചേര്‍ത്താണ് ഇവര്‍ നല്‍കിയിരുന്നത്. റസ്റ്റോറന്റില്‍ എത്തിയ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയിലും ബ്ലോഗുകളിലും പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഭക്ഷ്യ സുരക്ഷാ മന്ത്രാലയം അന്വേഷണം നടത്തിയത്.
ദക്ഷിണ കൊറിയന്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വെട്ടുക്കിളി, മീല്‍ വേം, സില്‍ക്ക് വേം തുടങ്ങിയ 10 ഇനം പ്രാണികളെ മാത്രമാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതിയുള്ളത്. എന്നാല്‍ റസ്റ്റോറന്റില്‍ ഉപയോഗിച്ച ഉറുമ്പുകള്‍ ഈ പട്ടികയിലില്ല. ഇത്തരം പ്രാണികളെയൊ ഉറുമ്പുകളെയോ ഭക്ഷണത്തില്‍ ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുമതി നേടണം. എന്നാല്‍ റസ്റ്റോറന്റ് ഈ നിയമനടപടികള്‍ നടപടികള്‍ പാലിച്ചില്ല. ദക്ഷിണ കൊറിയയിലെ നിയമ പ്രകാരം അഞ്ച് വര്‍ഷം വരെ തടവോ 50 ദശലക്ഷം വോണ്‍ വരെ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
2021 മുതല്‍ അമേരിക്കയില്‍ നിന്നും തായ്ലന്‍ഡില്‍ നിന്നും ഉറുമ്പുകളെ ഇറക്കുമതി ചെയ്തുവെന്നാണ് ആരോപണം. നാല് വര്‍ഷത്തിനിടെ 12,200-ഓളം തവണ ഉറുമ്പ് വിതറിയ ഡെസേര്‍ട്ട് വിറ്റതിലൂടെ 120 ദശലക്ഷം വോണ്‍ ഏകദേശം 74 ലക്ഷം രൂപ റസ്റ്റോറന്റിന് ലഭിച്ചു. വിഭവങ്ങള്‍ക്കായി ഏകദേശം 49,000 ഉറുമ്പുകളെ ഉപയോഗിച്ചതായി പ്രോസിക്യൂഷന്‍ കണക്കാക്കുന്നു. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്ന് റസ്റ്റോറന്റ് കോടതിയില്‍ വാദിച്ചു. ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ റസ്റ്റോറന്റുകളില്‍ ഇത്തരത്തില്‍ ഉറുമ്പുകളെ ഉപയോഗിക്കുന്നുണ്ടെന്ന് റസ്റ്റോറന്റ് ചൂണ്ടിക്കാട്ടി. വിഭവങ്ങള്‍ക്ക് പ്രത്യേക പുളിപ്പുരസം നല്‍കാനാണ് ഉറുമ്പുകളെ ചേര്‍ത്തതെന്നും ദക്ഷിണ കൊറിയയില്‍ ഇത് നിയമവിരുദ്ധമാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും റസ്റ്റോറന്റ് വക്താവ് കോടതിയില്‍ വ്യക്തമാക്കി.
Michelin-starred restaurant owner in South Korea faces jail over ant desser
This post was last modified on July 23, 2026 1:02 pm
Leave a Comment