പശ്ചിമേഷ്യയില്‍ സമാധാനം എന്നത് വെറുമൊരു സ്വപ്നമായി മാറുകയാണ്. രണ്ട് ആഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകം മുഴുവന്‍ ആകാംക്ഷയോടെയും ഭീതിയോടെയുമാണ് ഹോര്‍മുസ് കടലിടുക്കിലേക്ക് നോക്കുന്നത്. ബുധനാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക പങ്കെടുക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന ഇറാനെ എങ്ങനേയും അനുനയിപ്പിക്കാനാണ് പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെങ്കില്‍ നേരിടാന്‍ പോവുന്നത് വലിയ പ്രത്യാഘാതമെന്ന ട്രംപിന്റെ ഭീഷണി വീണ്ടും കാര്യങ്ങള്‍ വഷളാക്കിയിരിക്കുകയാണ്. ഭീഷണിയുടെ നിഴലില്‍ ചര്‍ച്ച സാധ്യമല്ലെന്ന് ഇറാന്റെ പ്രസിഡന്റും തിരിച്ചടിച്ചു. കപ്പല്‍ പിടിച്ചെടുത്ത അമേരിക്കയുടെ നടപടിക്കെതിരെ ഇറാന്‍ ഐക്യരാഷ്ട്ര സഭയില്‍ പരാതിയും നല്‍കി. ‘ഞങ്ങള്‍ കീഴടങ്ങില്ല, ഭീഷണികള്‍ക്ക് വഴങ്ങില്ല’ – ഇറാന്റെ ഈ ഉറച്ച നിലപാട് മേഖലയെ വീണ്ടും ഒരു വന്‍ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. അമേരിക്കയുടെ ചതിയാണോ ചര്‍ച്ചകള്‍ പാളാന്‍ കാരണം? എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നത്? വിശദമായി പരിശോധിക്കാം.
വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുമ്പോള്‍ ഇനി എന്താവും? പശ്ചിമേഷ്യയും ലോകം ഒന്നാകെയും ആശങ്കയിലാണ്. എന്തായാലും, കീഴടങ്ങല്‍ , അത് പ്രതീക്ഷിക്കണ്ട എന്ന് തന്നെ ഉറച്ച നിലപാടിലാണ് ഇറാന്‍. ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്ന നേരത്തേ പ്രഖ്യാപിച്ച നിലപാടില്‍ നിന്ന് ഇറാന്‍ ഇതേവരെ അയഞ്ഞിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭീഷണികള്‍ക്ക് വഴങ്ങി സമാധാന ചര്‍ച്ചകള്‍ക്കില്ല എന്ന് ഇറാന്‍ കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. വിരട്ടലും ഉപരോധങ്ങളും ഒന്നുംകൊണ്ട് സമാധാനം ഉണ്ടാവില്ല എന്ന ഇറാന്റെ കടുത്ത നിലപാട് അമേരിക്കയ്ക്കും ട്രംപിനും വലിയ തലവേദനയാണ്.
ഭീഷണിപ്പെടുത്തിയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും ചര്‍ച്ചാമേശ കീഴടങ്ങല്‍ മേശയാക്കി മാറ്റാനാണ് ട്രംപ് ശ്രമിക്കുന്നത് എന്നാണ് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ കാലിബഫ് കുറ്റപ്പെടുത്തിയത്. എത്രയൊക്കെ ഭീഷണിപ്പെടുത്തിയാലും തങ്ങള്‍ വഴങ്ങില്ലെന്നും യുദ്ധമെങ്കില്‍ യുദ്ധം എന്ന തീരുമാനം അവര്‍ ലോകത്തെ അറിയിച്ച് കഴിഞ്ഞു. ആര്‍ക്കു മുന്നിലും അടിയറവ് പറയാനോ മുട്ടുമടക്കാനോ കീഴ്‌പ്പെടാനോ തയ്യാറല്ല എന്ന് പ്രഖ്യാപിച്ച് ഇറാന്‍ മുന്നോട്ട് പോവുമ്പോള്‍ എങ്ങനെയും ഇറാനെ ചര്‍ച്ചാമേശയില്‍ എത്തിക്കുക എന്നത് തന്നെയാണ് അമേരിക്കയുടെ ലക്ഷ്യം. ഹോര്‍മൂസ് ബ്ലോക്കേഡ് മാറ്റാതെ അതിന് തയ്യാറാവുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും വേണ്ട എന്നാണ് ഇറാന്റെ മറുപടി. കരാറുകളും വാക്കുകളും ലംഘിച്ച അമേരിക്കയോട് യാതൊരു ചര്‍ച്ചയ്ക്കും തങ്ങള്‍ ഒരുക്കമല്ല എന്ന നിലപാട് ഇറാന്‍ ആവര്‍ത്തിച്ച് പറയുന്നു. വെടിനിര്‍ത്തല്‍ ധാരണകള്‍ ലംഘിച്ച് ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുത്ത അമേരിക്കന്‍ നടപടിയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.
ലെബനനില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മൂസ് തുറക്കാന്‍ ഇറാന്‍ തയ്യാറായപ്പോഴാണ് അമേരിക്ക ഉപരോധം കടുപ്പിച്ചത്. അതോടെ ഇറാനും ശക്തമായി തിരിച്ചടിച്ചു. ഇറാന്റെ കൈവശമുള്ള ഏറ്റവും ശക്തിയേറിയ ആണവായുധമാണ് ഹോര്‍മൂസ്, അത് വീണ്ടും അടച്ചുകൊണ്ട് അമേരിക്കയ്ക്ക് തക്ക മറുപടി നല്‍കി. വെടിനിര്‍ത്തല്‍ നിലനില്‍ക്കെത്തന്നെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. അമേരിക്കയുടേത് ‘കടല്‍ക്കൊള്ള’ ആണെന്നാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്. നാവിക ഉപരോധം പിന്‍വലിക്കാതെ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇറാന്‍ നിലപാട് കടുപ്പിച്ചു. കപ്പലില്‍ ജീവനക്കാരും കുടുംബങ്ങളും ഉള്ളതിനാലാണ് ഉടനടി തിരിച്ചടി നല്‍കാതിരുന്നതെന്നും, എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. സമാധാനത്തിന്റെ മുഖംമൂടി അണിഞ്ഞ് അമേരിക്ക വീണ്ടും ചതിക്കുകയാണെന്നാണ് ഇറാന്റെ പക്ഷം.
സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇറാന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും ഉപരോധം തുടരുമെന്നുമായിരുന്നു ട്രമ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇറാനുമായിട്ടുള്ള യുദ്ധത്തില്‍ അമേരിക്ക വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്നും കരാറില്‍ ഏര്‍പ്പെടാന്‍ തന്റെ മേല്‍ യാതൊരുവിധ സമ്മര്‍ദ്ദവുമില്ല എന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധം ജയിച്ചു എന്ന് ആവര്‍ത്ത്ിച്ച് പറയുന്ന ട്രംപ്, ഇത് നാവിക ഉപരോധം നീക്കാനും ഇറാനുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കാനുമുള്ള ട്രംപിന്റെ തന്ത്രത്തിന്റെ ഭാഗമായി തന്നെയാണ് യുദ്ധ വിദഗ്ദ്ധര്‍ കണക്കാക്കുന്നത്.
മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ പാകിസ്ഥാന്‍ സജീവമായി രംഗത്തുണ്ട്. പാക് സൈനിക മേധാവി അസിം മുനീര്‍ ട്രംപുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് .ഹോര്‍മുസിലെ നാവിക ഉപരോധം കുരുക്കാകുമെന്ന് പാകിസ്ഥാന്‍ അമേരിക്കയെ ധരിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍സമാധാനം പുനസ്ഥാപിക്കാന്‍ നടക്കുന്ന രണ്ടാം ഘട്ട ശ്രമങ്ങള്‍, തുര്‍ക്കിയും പാക്കിസ്ഥാനും ഇറാനെ ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. അതിനുള്ള അനുനയ ശ്രമങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും ഇറാന്റെ ഭാഗത്ത് നിന്ന് പോസിറ്റീവ് ആയ ഒരു മറുപടി ലഭിച്ചിട്ടില്ല. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായിട്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇസ്ലാമാബാദിലേക്ക് തിരിച്ചിട്ടുണ്ടെങ്കിലും പ്രതിനിധികളെ അയക്കില്ല എന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. വാക്കിന് വ്യവസ്ഥയില്ലാത്ത അമേരിക്കയോട് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും ചതി ഇനി അംഗീകരിക്കാനാവില്ലെന്നും ഉറപ്പിച്ച് പറഞ്ഞ ഇറാന് മുന്നില്‍ ഈ അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഏപ്രില്‍ 22ന് വെടിനിര്‍ത്തല്‍ അവസാനിക്കാനിരിക്കെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ചെറിയ വിമുഖത പോലും പശ്ചിമേഷ്യയേയും ലോകത്തേയും ആശങ്കയിലാഴ്ത്തുകയാണ്.
ഹോര്‍മുസില്‍ അമേരിക്ക തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിനു പിന്നാലെ തന്നെ ഉടനടി തിരിച്ചടിക്ക് സജ്ജമായിരുന്നു എന്നും ജീവനക്കാരും കുടുംബങ്ങളും കപ്പലില്‍ ഉള്ളതിനാല്‍ ഒഴിവാക്കിയെന്നും ഇറാന്‍ സേനയെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്തായാലും കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടി നല്‍കുമെന്ന് തന്നെയാണ് ഇപ്പോഴും ഇറാന്റെ നിലപാട് അമരിക്കയുടേത് കടല്‍ കൊല്ല അമേരിക്കയുടേത് കടല്‍ കൊള്ളയാണെന്നാണ് ഇറാന്റെ വിമര്‍ശനം എന്തായാലും നാവിക ഉപരോധം നീക്കാതെ ഇറാന്‍ ചര്‍ച്ചയ്ക്ക് വഴങ്ങില്ല അതിനിടയെ തന്നെ ഇറാന്‍ നേതൃത്വത്തിലെ ഭിന്നതകള്‍ സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ ഉണ്ട് ഹോര്‍ബൂസ് തുറന്നതായിട്ട് പ്രഖ്യാപനം നടത്തിയ ശേഷം
ചര്‍ച്ചയ്ക്ക് ഇറാന്‍ രംഗത്ത് വരുന്ന സമയത്തെല്ലാം അമേരിക്ക ചതിക്കുകയാണ് ചെയ്തിട്ടുള്ളത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് നടന്ന ജനീവ ചര്‍ച്ചയിലും അതിന് ശേഷം കഴിഞ്ഞ തവണ ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചയിലും ചര്‍ച്ചയ്ക്ക് ശേഷവും എല്ലാം അമേരിക്ക അത് തുടര്‍ന്നു. വീണ്ടും വീണ്ടും ചതിയില്‍ പെടുന്നതിനു പകരം ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചത് എന്നത് നമ്മള്‍ കണ്ടതാണല്ലോ. അതിന് ശേഷവും പലതവണ നിലപാടില്‍ മാറ്റം വരുത്തി അമേരിക്ക എല്ലാവരേയും കബളിപ്പിക്കുന്നതാണ് കണ്ടത്. എന്നാല്‍ ഇറാന്‍ യുദ്ധം തുടങ്ങുമ്പോള്‍ മുതല്‍ ഒരേ നിലപാടിലായിരുന്നു. ഖമേനിയുടെ കൊലയും മിനാബിലെ കുരുന്നുകളുടെ കൂട്ടക്കൊലയ്ക്കും ശേഷം ഇറാന്‍ നിലപാട് കടുപ്പിച്ചു. എന്ത് വന്നാലും കൊലകള്‍ക്ക് മറുപടി നല്‍കും എന്ന് ഉറപ്പിച്ച് തന്നെയാണ് ഇറാന്‍ ഓരോ ഘട്ടത്തിലും മുന്നോട്ട് പോയത്. ഇപ്പോള്‍ അമേരിക്ക കപ്പല്‍ പിടിച്ചെടുത്ത സംഭവത്തിലും എന്ത് വന്നാലും മറുപടി നല്‍കിയിരിക്കും എന്ന നിലപാടില്‍ തന്നെയാണ് ഇറാന്‍.
ഇനി, ഈ വെടിനിര്‍ത്തല്‍ കാലയളവില്‍ ഇറാന്‍ എന്താണ് ചെയ്തത്? ലോകം സമാധാന ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഇറാന്‍ തങ്ങളുടെ പ്രതിരോധ കോട്ടകള്‍ ഒന്നുകൂടി ബലപ്പെടുത്തി. ഐആര്‍ജിസി എയര്‍ സ്‌പേസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ സായിദ് മജീദ് മൗസവി പറഞ്ഞത് ഒരു പുതിയ യുദ്ധതന്ത്രമാണ്. ആധുനിക യുദ്ധങ്ങളില്‍ ആദ്യത്തെ മിസൈല്‍ പ്രഹരമല്ല വിജയം നിശ്ചയിക്കുന്നത്, മറിച്ച് ആ പ്രഹരം ഏറ്റുവാങ്ങിയ ശേഷം എത്ര വേഗത്തില്‍ ഒരു രാജ്യം പുനസംഘടിക്കപ്പെടുന്നു എന്നതാണ്. വെടിനിര്‍ത്തല്‍ കാലയളവില്‍ തങ്ങളുടെ മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ യുദ്ധത്തിന് മുന്‍പത്തേക്കാള്‍ കരുത്തോടെ ഇറാന്‍ സജ്ജമാക്കിയിരിക്കുന്നു. ഇത് കേവലം ഒരു അവകാശവാദമല്ല, മറിച്ച് ദീര്‍ഘകാലം യുദ്ധം ചെയ്യാനുള്ള ഇറാന്റെ ശേഷിയെയാണ് കാണിക്കുന്നത്.
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞാല്‍ ലോകത്തിന്റെ ഊര്‍ജ്ജ വിപണി തകരും. ഇതറിയുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നേരിട്ട് സംസാരിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. പക്ഷെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബിജിങ്ങുമായി ചര്‍ച്ച നടത്തുന്നത് ട്രംപിന് അത്ര സുഖകരമായ കാര്യമല്ല. അമേരിക്ക ഇറാനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചൈന വലിയൊരു ശക്തി കേന്ദ്രമായി മാറുന്നത് അമേരിക്കയ്ക്ക് ക്ഷീണമാണ്. ലോകക്രമം തന്നെ മാറ്റി മറിക്കാന്‍ ഉതകുന്ന തരത്തിലേക്ക് ഈ സാഹചര്യം വളര്‍ന്നേക്കാം എന്ന തോന്നല്‍ അമേരിക്കയ്ക്കുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന യുദ്ധം അവസാനിപ്പിക്കാന്‍ തന്നെയാണ് ട്രംപും ആഗ്രഹിക്കുന്നത്. പക്ഷെ അമ്പിനും വില്ലിനും അടുക്കാത്ത ഇറാന് മുന്നില്‍ കീഴടങ്ങാനും തോറ്റോടാനും വയ്യാത്ത സ്ഥിതിയിലുമാണ് അമേരിക്ക.
എന്തായാലും ഏപ്രില്‍ 22-ന് വെടിനിര്‍ത്തല്‍ അവസാനിക്കുമ്പോള്‍ പശ്ചിമേഷ്യ വീണ്ടും കത്തുമോ? ഇറാന്‍ ഒരു ചതിക്കും ഇനി തയ്യാറല്ലെന്ന് വ്യക്തമാക്കുമ്പോള്‍, അമേരിക്ക തങ്ങളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ തുടരുകയാണ്. സമാധാനം ഒരു വിദൂര സ്വപ്നമായി അവശേഷിക്കുന്നു. ലോകം ഒന്നടങ്കം ഈ മണിക്കൂറുകളെ ഭീതിയോടെയാണ് നോക്കി കാണുന്നത്. ഇനി എന്താവും മിഡില്‍ ഈസ്റ്റിന്റെ ഭാവി?
അതെ, സമാധാനം എന്നത് ഇപ്പോള്‍ വെറും മണിക്കൂറുകളുടെ ദൂരത്തിലാണ്. ഒന്നുകില്‍ വിട്ടുവീഴ്ച, അല്ലെങ്കില്‍ മഹാവിനാശകാരിയായ ഒരു യുദ്ധം. അമേരിക്കയുടെ നയതന്ത്ര ചതികളെ ഇറാന്‍ എങ്ങനെ പ്രതിരോധിക്കും? പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങള്‍ വിജയിക്കുമോ? അതോ ഏപ്രില്‍ 22-ന് ശേഷം പശ്ചിമേഷ്യയുടെ ഭൂപടം തന്നെ മാറുന്ന കാഴ്ചയാണോ നമ്മള്‍ കാണാന്‍ പോകുന്നത്? ലോകം ഭീതിയോടെ കാത്തിരിക്കുന്നു. ഇറാന്റെ ഓരോ നീക്കവും അമേരിക്കയുടെ ഓരോ പ്രസ്താവനയും നിര്‍ണ്ണായകമാണ്.
Content Summary: Middle East conflict: will the April 22 ceasefire deadline lead to a full-scale Middle East war?
This post was last modified on April 21, 2026 3:52 pm
Leave a Comment