ബിഹാര്‍ പിടിക്കാന്‍ ബിജെപി; 50,000 കോടിയുടെ സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി

ഒക്ടോബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന് വാഗ്ദാനങ്ങളുടെ പെരുമഴയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാറ്റ്‌ന സന്ദര്‍ശനം. 50000 കോടി രൂപയിലേറെ സംസ്ഥാന വികസനത്തിനായി ചിലവഴിക്കുമെന്നാണ് പാറ്റ്‌നയില്‍ നടന്ന ഒരു ചടങ്ങില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സാക്ഷിയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വികസനം സംബന്ധിച്ച വിശദമായ പ്രഖ്യാപനങ്ങള്‍ പിന്നീട് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇതോടെ ബിഹാര്‍ പിടിച്ചെടുക്കുകയാണ് ബിജെപിയുടെ പ്രഥമ ലക്ഷ്യം എന്ന് വ്യക്തമായിരിക്കുകയാണ്.

താന്‍ നേരത്തെ നടത്തിയ വാഗ്ദാനങ്ങള്‍ പാലിക്കുക മാത്രമല്ല അതില്‍ കൂടുതല്‍ സഹായങ്ങളും സംസ്ഥാനത്തിന് ലഭ്യമാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാലാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതോടെ സംസ്ഥാനത്തിന് 3.75 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി. സംസ്ഥാന സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി പാറ്റ്‌നയില്‍ എത്തിയത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ മൊത്തം നാല്‍പത് മണ്ഡലങ്ങളില്‍ 32ലും വിജയിച്ച ബിജെപി നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമാന പോരാട്ടമായാണ് വിലയിരുത്തുന്നത്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്ഥമായി ജനതാപരിാവറില്‍ പ്രകടമായിരിക്കുന്ന ഐക്യം പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മാത്രമല്ല കോണ്‍ഗ്രസും സംഖ്യകക്ഷികളും ജനതാ പരിവാറിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന വികസനത്തിനായി വന്‍തുക കേന്ദ്രം വാഗ്ദാനം ചെയ്തിരിക്കുന്നത്.

This post was last modified on December 27, 2016 3:19 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment