വർഷത്തിൽ ആറ് മാസവും മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ചൂടേറിയ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിൽ ഇടക്കൊക്കെ വേനൽ മഴയും പെയ്യാറുണ്ട്. അതുകൊണ്ട് തന്നെ വർഷത്തിൽ മിക്കപ്പോഴും നമ്മുടെ നാട്ടിൽ വെള്ളക്കെട്ടുകളും സ്വാഭാവികമാണ്. അതിനൊപ്പം പല ജനുസ്സുകളിൽ ആയിട്ടുള്ള അസുഖം പരത്തുന്നതും അല്ലാത്തതുമായ കൊതുകുകളും! കാലങ്ങളായി നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണിതെങ്കിലും ഓരോ മഴക്കാലം വരുമ്പോഴും കൊതുകുജന്യ രോഗങ്ങൾ കാരണം നിരവധി മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നിട്ടും കൊതുകുകളെ നിയന്ത്രിക്കാൻ നമ്മൾ ഫലപ്രദമായ മാർഗങ്ങൾ വേണ്ട സമയത്ത് വേണ്ടവിധത്തിൽ കൈക്കൊള്ളുന്നുണ്ടോ എന്നത് സംശയമാണ്.
കേരളത്തിലെ രോഗങ്ങൾ പരത്തുന്ന കൊതുകുകൾ ഏതൊക്കെയാണ്? ഏറ്റവും മാരകമായ കൊതുകുജന്യ രോഗം ഏതാണ്? കൊതുകുകളെ നിയന്ത്രിക്കാൻ ഗൂഗിൾ അമേരിക്കയിൽ നടത്താനുദ്ദേശിക്കുന്ന വമ്പൻ പദ്ധതിയുടെ രഹസ്യങ്ങളെന്തൊക്കെ? തുടങ്ങി കൊതുകുകളെ കുറിച്ചും കൊതുകുജന്യ രോഗങ്ങളെ കുറിച്ചുമുള്ള വിശദമായ അറിവുകൾ പങ്കുവെക്കുകയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച്(ഗോവ) -ലെ മുൻ ശാസ്ത്രജ്ഞനും റിട്ടയേർഡ് അസ്സോസിയേറ്റ് പ്രൊഫസറുമായ(ഗവ. കോളേജ് മടപ്പള്ളി) ഡോ. പി. കെ. സുമോദൻ.
കേരളത്തിൽ ആകെ എത്രയിനം കൊതുകുകളുണ്ട്? അസുഖങ്ങൾ പരത്തുന്നവ ഏതൊക്കെയാണെന്നും അവ ഏതൊക്കെ സാഹചര്യത്തിലാണ് വളരുന്നതെന്നും വിശദീകരിക്കാമോ?
കേരളത്തിൽ 18 ജനുസ്സുകളിലായി 150 -ഓളം സ്പീഷീസ് കൊതുകുകളുണ്ട്. അസുഖങ്ങൾ പരത്തുന്ന(വെക്ടർസ്) ഒരു വിധം പ്രധാനപ്പെട്ട കൊതുകുകൾ ഒക്കെ കേരളത്തിലുണ്ട്. അനഫിലസ്, ഏയ്ഡിസ്, ക്യൂലെക്സ്, എന്നീ മൂന്ന് വിഭാഗം ആണ് കേരളത്തിൽ കണ്ടുവരുന്ന പ്രധാന വെക്ടർസ്. അവയ്ക്ക് പുറമെ, ഒരു തരം മന്ത് പരത്തുന്ന ‘മാൻസോണിയ’ എന്ന വിഭാഗത്തിലുള്ള കൊതുകും കേരളത്തിലുണ്ട്. ഈ നാല് വിഭാഗങ്ങൾ ആണ് കേരളത്തിൽ അസുഖങ്ങൾ പരത്തുന്നവയായി കണ്ടെത്തിയിട്ടുള്ളത്. പിന്നെയുള്ളതൊക്കെ അസുഖങ്ങൾ പരത്താത്തവയാണ്.
ഇവയൊക്കെ മുട്ടയിട്ട് വളരുന്ന സാഹചര്യം വ്യത്യസ്തമാണ്. എന്തായാലും കൊതുകുകൾക്കെല്ലാം മുട്ടയിട്ട് വളരാൻ വെള്ളം വേണം. പക്ഷെ തിരഞ്ഞെടുക്കുന്ന വെള്ളത്തിന്റെ ക്വാളിറ്റി വ്യത്യസ്തമായിരിക്കും. മലമ്പനി പരത്തുന്ന ‘അനഫലസ്’ കൊതുകുകൾ പൊതുവെ അധികം മലിനമല്ലാത്ത വെള്ളക്കെട്ടുകളിലാണ് മുട്ടകളിടുക. കിണറുകൾ, ടാങ്കുകൾ, കുളങ്ങൾ എന്നിവയിലൊക്കെ. എന്നാൽ ‘ക്യൂലെക്സ് ക്വിൻക്വിഫേഷിയേറ്റസ്’ എന്ന കൊതുകൊക്കെ അഴുക്കുവെള്ളത്തിൽ ആണ് മുട്ടകളിടുന്നത്. അവയുടെ ലാർവകൾക്ക് വളരാൻ അഴുക്കുവെള്ളത്തിലെ ഓർഗാനിക് അംശങ്ങൾ ആവശ്യമാണ്. അഴുക്കില്ലാത്ത സ്ഥലങ്ങളിലും മുട്ടകളിടുമെങ്കിലും അവ കൂടുതലായി തിരഞ്ഞെടുക്കുന്നത് അഴുക്കുവെള്ളമാണ്. ക്യൂലെക്സ് വിഭാഗത്തിലെ മറ്റു കൊതുകുകളൊക്കെ ശുദ്ധജലത്തിലും ബ്രീഡ് ചെയ്യും. ജപ്പാൻ ജ്വരം പരത്തുന്ന ‘വിഷ്ണുവൈ ഗ്രൂപ്’ കൊതുകുകളൊക്കെ അധികമായും കാണുന്നത് നെൽ വയലുകളിൽ മുട്ടയിടുന്നതായാണ്.
ഇവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഏയ്ഡിസ് കൊതുകുകൾ. അവയ്ക്ക് അധികം വെള്ളമൊന്നും വേണ്ട. നമ്മുടെ വീടുകളിൽ നിന്നൊക്കെ വലിച്ചെറിയുന്ന ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയിലൊക്കെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അവ മുട്ടകളിടും. അവയെ പൊതുവെ ‘കണ്ടെയ്നർ ബ്രീഡേഴ്സ്’ എന്നാണ് പറയുക. അതോടൊപ്പം, പ്രകൃതിയിൽ സ്വാഭാവികമായുള്ള മരങ്ങളിലെ ദ്വാരങ്ങളിലും, കൈത പോലുള്ള ചെടികളുടെ ഇലകളിലെ കക്ഷങ്ങളിലും ഒക്കെയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അവ മുട്ടകളിടാറുണ്ട്. അത് അധികം അഴുക്കില്ലാത്ത വെള്ളവുമായിരിക്കണം. ഇത്തരത്തിൽ ചെറിയ ബ്രീഡിങ് ഹാബിറ്റാറ്റ് മാത്രമേ അവയ്ക്ക് ആവശ്യമുള്ളൂ. അതുകൊണ്ട് തന്നെ മഴപെയ്താൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ വരുന്ന കൊതുകുകളൊക്കെ മിക്കവാറും ഏയ്ഡിസ് കൊതുകുകളായിരിക്കും. പിന്നെ ഒരു പ്രത്യേകത, അവ കൂടുതലായും പകലാണ് കടിക്കുക. ബാക്കി കൊതുകുകൾ ഒക്കെ മിക്കവാറും രാത്രിയാണ് കടിക്കാറ്.
വെസ്റ്റ് നൈൽ എന്ന കൊതുകുജന്യരോഗത്തെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ കാണാമല്ലോ. എന്താണ് വെസ്റ്റ് നൈൽ എന്നും ഏത് കൊതുകാണ് ഈ അസുഖം പരത്തുന്നതെന്നും വിശദീകരിക്കാമോ?
വെസ്റ്റ് നൈൽ വൈറസ് ഡിസീസ് ഒരു കൊതുകുജന്യ രോഗമാണ്. അത് രണ്ട് തരത്തിൽ വരാം. സാധാരണ പനിയായിട്ട് വരാറുണ്ട്. അത് ഒന്ന് രണ്ട് ആഴ്ചകൾ കൊണ്ട് തന്നെ മാറുകയും ചെയ്യാം. എന്നാൽ, ചില കേസുകളിൽ വൈറസ് തലച്ചോറിനെ ബാധിക്കാറുണ്ട്. അത് കൂടുതൽ ഗൗരവകരമാണ്. അത്തരം സന്ദർഭങ്ങളിൽ മരണസാധ്യതയുണ്ട്. കേരളത്തിൽ ഈ വർഷം ഡി. ച്ച്. എസ്സിന്റെ കണക്ക് പ്രകാരം പത്ത് കേസുകളാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ടനുസരിച്ച് മരണമൊന്നും ഉണ്ടായിട്ടില്ല. ജപ്പാൻ ജ്വരം അല്ലെങ്കിൽ ജാപ്പനീസ് എൻസഫലൈറ്റിസ് എന്ന രോഗത്തോട് സാമ്യതയുള്ള അസുഖമാണ് വെസ്റ്റ് നൈൽ. പലപ്പോഴും രോഗനിർണ്ണയം നടത്തുമ്പോൾ വെസ്റ്റ് നൈൽ ജപ്പാൻ ജ്വരമാണെന്ന് തെറ്റുദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നമ്പർ എപ്പോഴും ശരിയായിരിക്കണമെന്നില്ല.
വെസ്റ്റ് നൈൽ മനുഷ്യരിൽ പകർത്തുന്നത് ക്യൂലെക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ്. പക്ഷെ, കേരളത്തിൽ ഇതുവരെയായി ഒരു കൊതുകിൽ നിന്നും ഈ വൈറസിനെ ഐസോലേറ്റ് ചെയ്തിട്ടില്ല. എന്നാലും ഈ അസുഖം പരത്തുന്നത് ക്യൂലെക്സ് വിഭാഗത്തിലെ കൊതുകുകളാണെന്ന് മുൻപ് മറ്റു പലയിടങ്ങളിൽ നടന്ന ഗവേഷണങ്ങളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിൽ ഈ അസുഖം പകർത്താൻ കൂടുതൽ സാധ്യത ‘ക്യൂലെക്സ് ക്വിൻക്വിഫേഷിയേറ്റസ്’ എന്ന കൊതുകാണ്. അമേരിക്കയിൽ ആ കൊതുകുകൾ വെസ്റ്റ് നൈൽ പകർത്തുന്നതായിട്ട് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും ആ സ്പീഷീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നെ, മാൻസോണിയ യൂണിഫോമിസ്, ക്യൂലെക്സ് സ്യൂഡോവിഷ്ണുവയ് തുടങ്ങിയവയും വെസ്റ്റ് നൈൽ പരത്താൻ സാധ്യതയുള്ള കൊതുകുകളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഈ മൂന്ന് തരം കൊതുകുകളിൽ നിന്നുമായി വെസ്റ്റ് നൈൽ വൈറസിനെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.
ക്യൂലെക്സ് കേരളത്തിലെമ്പാടും കാണുന്ന കൊതുക് വിഭാഗമാണോ?
ക്യൂലെക്സ് കൊതുകുകളെ കേരളത്തിൽ എല്ലായിടത്തും കാണാം. വേണമെങ്കിൽ നമുക്കതിനെ ഒരു കോസ്മോപൊളിറ്റൻ കൊതുകാണെന്ന് വിശേഷിപ്പിക്കാം. നാട്ടുമ്പുറത്തും കാണാമെങ്കിലും ‘ക്യൂലെക്സ് ക്വിൻക്വിഫേഷിയേറ്റസ്’ പ്രത്യേകിച്ച് നഗരങ്ങളിലായിരിക്കും കൂടുതലായുണ്ടാവുക. ഇവ തന്നെയാണ് മന്ത് പരത്തുന്നതും.
നേരത്തെ പറഞ്ഞ ജപ്പാൻ ജ്വരം പകരുന്നതെങ്ങനെയാണ്?
ജപ്പാൻ ജ്വരവും കൊതുകുകൾ തന്നെയാണ് പരത്തുന്നത്. ക്യൂലെക്സ് വിഷ്ണുവയ് ഗ്രൂപ്പിലെ കൊതുകുകളാണവ. ജപ്പാൻ ജ്വരവും വെസ്റ്റ് നൈലും സാമ്യതയുള്ള അസുഖങ്ങളാണെന്ന് പറയാൻ കാരണമുണ്ട്. അവ രണ്ടിനും കാരണമാകുന്നത് ‘ഫ്ളേവി’ വൈറസുകളാണ്. ഫ്ളേവി ഗ്രൂപ്പിലെ വളരെ അടുത്ത ബന്ധമുള്ള രണ്ട് വൈറസുകളാണ് ഈ രണ്ട് അസുഖങ്ങൾക്കും പിന്നിൽ. ജപ്പാൻ ജ്വരമായാലും വെസ്റ്റ് നൈലായാലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കൊതുക് വഴി പകരില്ല. ആ അസുഖം മനുഷ്യരിൽ പകരണമെങ്കിൽ കൊതുകുകൾക്ക് മറ്റൊരു ആതിഥേയ ജീവി (ഹോസ്റ്റ്) വേണം. ‘ആംപ്ലിഫയിങ് ഹോസ്റ്റ്’ എന്നാണ് ആ ജീവിയെ പറയുന്നത്. മനുഷ്യരുടെ രക്തത്തിൽ വൈറസുകളുടെ എണ്ണം വളരെ കുറവായിരിക്കും. കൊതുകിന് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ആ അസുഖങ്ങൾ പരത്താൻ ഒരുപാട് വൈറസുകൾ ഒറ്റ കടിയിൽ കിട്ടേണ്ടതാവശ്യമാണ്. അതുകൊണ്ട് ധാരാളം വൈറസുകളുള്ള മറ്റൊരു ജീവി ഉണ്ടായിരിക്കണം. ജപ്പാൻ ജ്വരത്തിന്റെ കേസിൽ പ്രധാനമായും അത് പന്നികളാണ്. ചില പക്ഷികളും ഉൾപ്പെടുന്നുണ്ട്. ആപ്ലിഫയിങ് ഹോസ്റ്റിനെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് അസുഖത്തിന് കാരണമാകാൻ പാകത്തിനുള്ളത്രയും വൈറസുകൾ മനുഷ്യനിലേക്കെത്തുന്നത്. ഒരുപാട് വൈറസുകൾ അവയുടെ ശരീരത്തിൽ ഉണ്ടാകുമെങ്കിലും ആംപ്ലിഫയിങ് ഹോസ്റ്റുകളിൽ മരണകാരണമാകുന്ന വിധത്തിലുള്ള പ്രശ്നങ്ങൾ ഒരിക്കലും വൈറസുകൾ ഉണ്ടാക്കില്ല. പക്ഷെ ഗർഭഛിദ്രം പോലുള്ള പ്രശ്നങ്ങൾ ആംപ്ലിഫയിങ് ഹോസ്റ്റ് ആയ പന്നികളിൽ വൈറസുകൾ കാരണം ഉണ്ടാകാം. ഗർഭഛിദ്രം കൂടുതലായി പന്നികളിൽ സംഭവിക്കുന്നുണ്ടെങ്കിൽ, മനുഷ്യരിൽ ജപ്പാൻ ജ്വരത്തിന് കാരണമാകുന്ന വൈറസുകൾ പന്നികളിലുണ്ടെന്നതിന്റെ സൂചനയാകാമത്.
എന്നാൽ വെസ്റ്റ് നൈലിന് കാരണമാകുന്ന വൈറസുകളുടെ ആംപ്ലിഫയിങ് ഹോസ്റ്റ് പന്നികളല്ല. പക്ഷികളാണ്. അമേരിക്കയിലൊക്കെ കാക്കകളിലാണ് ഈ വൈറസുകൾ പെരുകുന്നത്. പക്ഷെ ഇന്ത്യയിൽ കൊക്ക് വിഭാഗത്തിലുള്ള പക്ഷികളാണ് വെസ്റ്റ് നൈലിന്റെ ആംപ്ലിഫയിങ് ഹോസ്റ്റ്. ദേശാടനപക്ഷികളും അതിലുൾപ്പെടാനുള്ള സാധ്യതയുണ്ട്. വെസ്റ്റ് നൈൽ ഉളള പ്രദേശങ്ങളിൽ നിന്ന് ദേശാടനപക്ഷികൾ വഴി വൈറസുകൾ മറ്റ് പ്രദേശങ്ങളിലേക്ക് എത്താമെന്ന് അനുമാനിക്കാവുന്നതാണ്. പക്ഷികളിൽ വൈറസുകൾ ഒരുപാടുള്ളത് കാരണം കൊതുകുകൾ പക്ഷികളെ കടിച്ചാൽ ധാരാളം വൈറസുകൾ കൊതുകിലേക്കെത്തും. യഥാർത്ഥത്തിൽ വെസ്റ്റ് നൈൽ പക്ഷികളുടെ അസുഖമാണെന്ന് പറയാം. പക്ഷികളിലാണ് വൈറസുകൾ വിഭജിച്ച് പെരുകുന്നത്. അമേരിക്കയിലൊക്കെ കുതിരകൾക്കും ധാരാളമായിട്ട് ഉണ്ടായിരുന്ന അസുഖമാണിത്. മനുഷ്യരിൽ ഉണ്ടാകുന്നത്രയും അസുഖം കുതിരകളിൽ മൂർച്ഛിക്കില്ലെങ്കിലും ഒരു 50 ശതമാനത്തോളം കുതിരകളിൽ മരണകാരണമാകാം. അമേരിക്കയിൽ കുതിരകൾക്ക് വേണ്ടി വെസ്റ്റ് നൈൽ വൈറസിനെതിരെ വാക്‌സിൻ കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷെ ഈ വൈറസിനെതിരെ മനുഷ്യർക്കായി വാക്‌സിൻ കണ്ടെത്തിയിട്ടില്ല. വെസ്റ്റ് നൈൽ വൈറസിനെതിരെ പിന്നെയുള്ളത് സപ്പോർട്ടീവ് മെഡിസിൻസ് ആണ്. ലക്ഷണങ്ങൾ അനുസരിച്ച്, അതായത്, പനി കൂടിയാൽ അതിനെ നിയന്ത്രിക്കാനും ഒക്കെയായുള്ള മരുന്നുകൾ.
ജപ്പാൻ ജ്വരത്തിന്റെ ആംപ്ലിഫയിങ് ഹോസ്റ്റ് ആയിട്ടുള്ള പന്നികളിൽ ചിലപ്പോൾ ഗർഭഛിദ്രം പോലുള്ള പ്രശ്നങ്ങൾ വൈറസുകൾ മൂലം ഉണ്ടാകുന്നുണ്ടെങ്കിലും പന്നികൾക്കിടയിൽ വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ വൈറസുകൾ ഉണ്ടാക്കുന്നില്ല എന്ന് പറഞ്ഞല്ലോ. പക്ഷെ വെസ്റ്റ് നൈലിന്റെ കേസിൽ ആംപ്ലിഫയിങ് ഹോസ്റ്റ് ആയിട്ടുള്ള പക്ഷികളിൽ ആ വൈറസ് മരണകാരണമാകുന്നുണ്ടോ?
അതൊരു നല്ല ചോദ്യമാണ്. അമേരിക്കയിൽ ആ വൈറസുകൾ പക്ഷികളിലും കുഴപ്പമുണ്ടാക്കുന്നുണ്ട്. മുൻപേ പറഞ്ഞ പോലെ അമേരിക്കയിൽ കാക്കകളിൽ ആണ് വൈറസുകൾ പെരുകുന്നത്(ആംപ്ലിഫയിങ് ഹോസ്റ്റ്). കാക്കകൾ ഒക്കെ അവിടെ ചത്ത് വീഴാറുണ്ട്. അത് കാക്കകളിൽ വെസ്റ്റ് നൈൽ വ്യാപിക്കുന്നുണ്ടെന്നതിന്റെ ഒരു സൂചനയാണ്. പക്ഷെ ഇന്ത്യയിൽ അങ്ങനെ ഒരു നിരീക്ഷണം ഇതുവരെ ഉണ്ടായിട്ടില്ല. ഇവിടെ കാക്കകളിൽ നിന്ന് വൈറസിനെ ഐസൊലേറ്റ് ചെയ്തിട്ടുമില്ല. അധികവും വെള്ളക്കെട്ടുകളോടനുബന്ധിച്ച് ജീവിക്കുന്ന പക്ഷികളിലാണ് കണ്ടിട്ടുള്ളത്. കേരളത്തിൽ താറാവുകളിൽ നിന്ന് വെസ്റ്റ് നൈൽ വൈറസിന് എതിരെയുള്ള ആന്റിബോഡികളെ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും താറാവുകൾ ഈ വൈറസിന്റെ ആംപ്ലിഫയിങ് ഹോസ്റ്റ് ആയിട്ടുണ്ട് എന്ന നിഗമനത്തിലേക്ക് എത്തിയിട്ടില്ല.
കൊതുകുജന്യ രോഗങ്ങളിൽ ഏറ്റവും മാരകമായിട്ടുള്ളത് ഏതാണ്?
ഇപ്പോഴത്തെ നിലക്ക് ഏറ്റവും മാരകമായത് ഡെങ്കിപ്പനിയാണ്. നേരത്തെ മലേറിയ ആയിരുന്നു. മലേറിയയുടെ എണ്ണം കേരളത്തിലിപ്പോൾ കുറഞ്ഞുകുറഞ്ഞ് വരികയാണ്. കേരളത്തിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ. കഴിഞ്ഞ പ്രാവശ്യം ഏകദേശം ആയിരത്തോളം കേസുകളാണ് ഉണ്ടായിരുന്നത്. അതിൽ മൂന്ന് കേസുകൾ മാത്രമാണ് കേരളത്തിന്റെ അകത്തുനിന്ന് തന്നെ പകർന്നത്. മറ്റ് കേസുകളെല്ലാം കേരളത്തിന് പുറത്ത് യാത്ര ചെയ്തവരിലും അതിഥി തൊഴിലാളികളിലുമാണ് കണ്ടെത്തിയത്. അത്തരം കേസുകളെ ‘ഇംപോർടെഡ് കേസുകൾ’ എന്നാണ് പറയുക. 2024 മുതൽ കേസുകളിൽ നേരിയ വർധന കാണുന്നുണ്ടെങ്കിലും ആശങ്കാജനകമല്ല. ഡെങ്കിപ്പനിയാണെങ്കിൽ കഴിഞ്ഞ കൊല്ലം പതിനായിരത്തിലധികം ഉണ്ടായിരുന്നു. 56 പേർ മരണമടയുകയും ചെയ്തു. ഈ വർഷമാണെങ്കിൽ ജൂലൈ രണ്ട് വരെ 4795 കേസുകളും 19 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. വാസ്തവത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഡെങ്കിപ്പനിയുടെ വ്യാപനം കുറയ്ക്കാനാണ്.
വെസ്റ്റ് നൈൽ ഒക്കെ താരതമ്യേന കേരളത്തിൽ പുതിയതായത് കൊണ്ടാണ് മാധ്യമ ശ്രദ്ധ കൂടുതൽ നേടിയത്. അത് വലിയ കുഴപ്പമുള്ള അസുഖമല്ല. എങ്കിലും ചില അവസരങ്ങളിൽ മരണത്തിന് കാരണമാകാറുണ്ട്. പൊതുവെ അതൊരു ഗൗരവകരമല്ലാത്ത അസുഖമാണ്. എൺപത് ശതമാനം ആൾക്കാർക്കും ലക്ഷണങ്ങളുണ്ടാകില്ല. ഒരു ശതമാനം പേരിൽ മാത്രമേ മസ്തിഷ്കത്തെ ബാധിക്കുന്ന തരത്തിൽ അസുഖം മൂർച്ഛിക്കാറുള്ളൂ.
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ എന്തൊക്കെയാണ് ചെയ്യാൻ കഴിയുക?
ഡെങ്കി പരത്തുന്ന രണ്ട് സ്പീഷീസ് കൊതുകുകളാണ് നമുക്ക് ഇവിടെയുള്ളത്. ‘ഏയ്ഡിസ് ആൽബോപിക്ട്‌സ്’ -ഉം ‘ഏയ്ഡിസ് ഈജിപ്തൈയും. ഇവയൊക്കെ കണ്ടെയ്നർ ബ്രീഡേഴ്സ് ആണ്. അതായത്, നേരത്തെ പറഞ്ഞ പോലുള്ള ചിരട്ടകളിലും പ്ലാസ്റ്റിക്ക് പാട്ടകളിലുമൊക്കെ പ്രജനനം നടത്തുന്നവ. അവയിലൊക്കെ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കിയാൽ നമുക്ക് ഡെങ്കി പരത്തുന്ന കൊതുകുകളെ ഒഴിവാക്കാം. ഡ്രൈ ഡേ ആചരിച്ചാൽ തന്നെ മതി. അത് വളരെ കൃത്യമായി ചെയ്യണം എന്ന് മാത്രം. വീടുകളിൽ മാത്രം ചെയ്താൽ പോരാ. പൊതുസ്ഥലങ്ങളിൽ കൂടി ചെയ്യേണ്ടി വരും. സിറ്റികളിലൊക്കെ പല സ്ഥലങ്ങളിലുമായി പ്ലാസ്റ്റിക് കപ്പുകളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുണ്ടാകുമല്ലോ.
ഡെങ്കി പരത്തുന്ന കൊതുകുകൾ വളരുന്ന മറ്റൊരു പ്രധാന സാഹചര്യമുള്ളത് റബ്ബർ തോട്ടങ്ങളിലാണ്. റബ്ബർപ്പാല് ശേഖരിക്കാൻ വെക്കുന്ന പ്ലാസ്റ്റിക് ചിരട്ടകൾ കമഴ്ത്തിവെച്ചില്ലെങ്കിൽ മഴക്കാലത്തു വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുകുകൾ ബ്രീഡ് ചെയ്യും. അതിൽ കൊതുകുകൾക്ക് നന്നായി ബ്രീഡ് ചെയ്യാനുള്ള പോഷണങ്ങൾ ഉണ്ട്. കാരണം, റബ്ബർപാലിൽ ഗ്ലുക്കോസിന്റെ അംശങ്ങളുണ്ട്. റബ്ബർപാലിന്റെ അംശമുള്ള ചിരട്ടയിൽ വളരുന്ന കൊതുക് ലാർവകളുടെയും(കൂത്താടികൾ) അതിന്റെ അംശമില്ലാത്ത ചിരട്ടയിൽ വളരുന്നവയുടെയും എണ്ണങ്ങൾ താരതമ്യപ്പെടുത്തിയാൽ നമുക്കത് മനസ്സിലാകും. റബ്ബർ ചിരട്ടയിൽ വളരുന്നവയ്ക്ക് നല്ല ആരോഗ്യമുണ്ടാകും. റബ്ബർ തോട്ടങ്ങളിൽ മുട്ടയിട്ട് വളരുന്ന കൊതുകുകൾ ആയിരുന്നു എന്റെ പ്രധാനപ്പെട്ട പഠനമേഖല. മറ്റൊരു കാര്യം, ഏയ്ഡിസ് കൊതുകിനത്തെ നിയന്ത്രിച്ചാൽ നമുക്ക് ഡെങ്കിയെ മാത്രമല്ല ചിക്കുൻഗുനിയയും സിക്കയും കൂടി തടയാൻ കഴിയും. കാരണം ഈ മൂന്ന് രോഗങ്ങളുടെയും വെക്ടറുകൾ ഏയ്ഡിസ് കൊതുകുകളാണ്.
സിക്കയെ കുറിച്ച് വിശദീകരിക്കാമോ. അതൊരു മാരകമായ കൊതുകുജന്യ രോഗമാണോ?
അത്ര മാരകമായ അസുഖമല്ലത്. മരണ സാധ്യതയൊക്കെ കുറവാണ്. നിസ്സാരമായ പനിയും മറ്റുമായിരിക്കും പൊതുവെ. ആ അസുഖവും വൈറസ് കാരണമാണ് ഉണ്ടാകുന്നത്. അമേരിക്കയിൽ ഗർഭിണികളായ സ്ത്രീകളിൽ സിക്ക ഉണ്ടാകുമ്പോൾ ഗർഭസ്ഥ ശിശുക്കൾക്ക് മൈക്രോസെഫാലി എന്ന അവസ്ഥ(കുഞ്ഞിന്റെ തല അസാധാരണമായി ചെറുതാകുന്നത്) ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. അതേ പോലെ മുതിർന്നവരിൽ അപൂർവ്വമായി ഗില്ലൻ ബാരെ സിൻഡ്രോം (മാംസപേശികൾ തളരുന്ന അവസ്ഥ) ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. പക്ഷേ, ഈ രണ്ട് സങ്കീർണ്ണതകളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവിടത്തെ വൈറസ് സ്‌ട്രെയിൻ വ്യത്യസ്തമയതുകൊണ്ടാകാം ഇതെന്ന് അനുമാനിക്കാം.
ഓരോ വർഷം കഴിയുമ്പോഴും കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊതുകുജന്യ രോഗങ്ങൾ മാറി മാറി വരുന്നുണ്ടോ? എന്തായിരിക്കും അതിന് കാരണം?
ചെറിയ ചെറിയ വ്യത്യാസങ്ങൾ കാണുന്നുണ്ട്. കാരണം, ഒരുകാലത്ത് നല്ല രീതിയിലുള്ള ചിക്കുൻഗുനിയ ഔട്ട്ബ്രേക്ക് ഉണ്ടായിരുന്നു. 2006- ലായിരുന്നു ചിക്കുൻഗുനിയ ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്ത വർഷങ്ങളിൽ അത് ഒരുപാട് കേസുകളായി വർധിച്ചു. പക്ഷെ ഇപ്പോൾ ചിക്കുൻഗുനിയ കേസുകൾ നന്നായി കുറഞ്ഞു. ഒരിക്കൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗങ്ങൾ കുറയാനുള്ള ഒരു കാരണം മനുഷ്യർ വൈറസുകൾക്കെതിരെ ആർജിക്കുന്ന പ്രതിരോധമാണ്. മറ്റൊന്ന് സർക്കാർ എടുക്കുന്ന ജാഗ്രതാ നടപടികൾ ആയിരിക്കണം.
വർഷത്തിൽ 6 മാസവും മഴ കിട്ടുന്ന സംസ്ഥാനമാണല്ലോ കേരളം. മഴക്കാലങ്ങളിൽ സ്വാഭാവികമായും ഒരുപാട് വെള്ളക്കെട്ടുകളും ഉണ്ടാകും. അവയൊക്കെ പൂർണ്ണമായും ഇല്ലാതാക്കുന്നത് ഒരിക്കലും പ്രയോഗികവുമല്ലല്ലോ. എന്തൊക്കെയാണ് കൊതുകുകളെ നിയന്ത്രിക്കാനായി നമ്മളെടുക്കേണ്ടതായിട്ടുള്ള മെച്ചപ്പെട്ടതും പ്രായോഗികവുമായ മാർഗ്ഗങ്ങൾ?
രണ്ട് തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഉള്ളത്. ഒന്ന് സർക്കാർ ഇടപെട്ടുള്ള നിയന്ത്രണം. മറ്റേത് നമ്മൾ ജനങ്ങൾക്ക് നേരിട്ട് നടത്താൻ പറ്റുന്ന നിയന്ത്രണ മാർഗങ്ങൾ. ഏയ്ഡിസ് കൊതുകുകളെയൊക്കെ ജനങ്ങൾക്ക് വളരെ നന്നായി നിയന്ത്രിക്കാൻ പറ്റുന്നതും എന്നാൽ സർക്കാരിന് നേരിട്ട് ചെയ്യാൻ പറ്റാത്തതുമാണ്. കാരണം, നമ്മളോരോരുത്തരും വിചാരിച്ചാൽ മാത്രമേ ഏയ്ഡിസ് കൊതുകുകളെ നിയന്ത്രിക്കാൻ സാധിക്കുള്ളൂ. നമ്മുടെ വീട്ടിനുചുറ്റുമുള്ള പാത്രങ്ങളും ചെടിച്ചട്ടികളുമൊക്കെ പരിശോധിച്ച് കെട്ടിക്കിടക്കുന്ന വെള്ളം മറിച്ചുകളയുകയും മഴ കൊള്ളാത്ത സ്ഥലങ്ങളിലേക്ക് എടുത്തുവെക്കുകയും ചെയ്യുക. പൊതുവെ ശരാശരി ഒരാഴ്ചകൊണ്ടാണ് കൊതുകുകളുടെ മുട്ടകൾ വിരിഞ്ഞ് ലാർവകളാകുന്നതും പിന്നീട് അവ വളർന്ന് പുതിയ കൊതുകുകൾ പുറത്തിറങ്ങുന്നതും. അത് ബ്രേക്ക് ചെയ്യുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.
അതുകൊണ്ട് തന്നെയാണ് സർക്കാർ ഇപ്പോൾ ഡ്രൈ ഡേ ആചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. നമുക്ക് ചെയ്യാവുന്ന മറ്റൊരു കാര്യം വ്യക്തിഗതമായ പരിരക്ഷയാണ്. കൊതുകുവലയാണ് അതിൽ ഏറ്റവും പ്രധാനം. കൊതുക് വലയുപയോഗിക്കുന്നതിലൂടെ നമുക്ക് കൊതുകുകളെ മാത്രമല്ല പാമ്പുകളെ പോലും നിയന്ത്രിക്കാം. എന്നാൽ, കേരളത്തിൽ നമുക്കാ ശീലം ഇതുവരെയുണ്ടായിട്ടില്ല. നോർത്ത് ഈസ്റ്റ് ഇന്ത്യയിലൊക്കെ പോയിക്കഴിഞ്ഞാൽ എല്ലാവരും നിർബന്ധത്തോടെ കൊതുകുവല ഉപയോഗിക്കുന്നത് കാണാം. അതില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ലാത്ത വിധത്തിൽ അവരുടെ ജീവിതത്തിന്റെ ഭാഗമാണ് കൊതുകുവലകൾ. ഇപ്പോൾ ഇൻസ്‌ക്ടിസൈഡ് ട്രീറ്റഡ് ബെഡ് നെറ്റ് ലഭ്യമാണ്. അതായത് കൊതുക് വലയിൽ ഇൻസ്‌ക്ടിസൈഡിന്റെ അംശമുണ്ടാകും. കൊതുക് വന്ന് അതിൽ ഇരുന്നാൽ ചത്തുപോകും. മലമ്പനി കൂടുതലായി വ്യാപിക്കുന്ന സ്ഥലങ്ങളിൽ ഡബ്ല്യൂ. എച്ച്. ഒ ശുപാർശ ചെയ്യുന്നത് ഇത്തരത്തിലുള്ള കൊതുകുവലകൾ ഉപയോഗിക്കണമെന്നാണ്.
കൊതുകുകളെ നിയന്ത്രിക്കാനായുള്ള വിപുലമായ ഇൻസെക്ടിസൈഡ് ഉപയോഗമൊക്കെയാണ് സർക്കാരിന് നേരിട്ട് ചെയ്യാൻ കഴിയുക. മലമ്പനിയൊക്കെ ഒരുപാട് പകരുന്ന സംസ്ഥാനങ്ങളിൽ ഗവൺമെന്റുകൾ ഓരോ വീടുകളിലും കൊതുകിനെതിരെയുള്ള ഇൻസെക്ടിസൈഡ് സ്പ്രേ ചെയ്യാനുള്ള നടപടികൾ ചെയ്യാറുണ്ട്. ഇൻഡോർ റെസിജ്വൽ സ്പ്രേ എന്നാണ് അതിനെ പറയാറ്. കേരളത്തിൽ മലമ്പനി അത്രത്തോളം പകരാറില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ ഇപ്പോൾ അത് ചെയ്യാറില്ല. വടക്കേ ഇന്ത്യയിൽ ഇപ്പോഴും റെസിജ്വൽ സ്പ്രേ തുടരുന്നുണ്ട്.
നമ്മൾ കൊതുകിനെതിരെ ഇൻസെക്ടിസൈഡ് ഉപയോഗിച്ചാലും കൊതുകുകളുടെ തലമുറകൾ ചെറിയ കാലം കൊണ്ട് തന്നെ ഒരുപാടുണ്ടാകുന്നത് കാരണം അവർ അതിനെതിരെ പ്രതിരോധം നേടുന്നില്ലേ? അങ്ങനെ നോക്കുമ്പോൾ ഇൻസ്‌ക്ടിസൈഡ് ഒരു നല്ല മാർഗ്ഗമായി കാണാൻ കഴിയുമോ?
നല്ല മാർഗ്ഗമല്ല. ഡി. ഡി. ടി ഒക്കെ കണ്ടുപിടിച്ച കാലത്ത് അതുപയോഗിച്ച് കൊതുകുകളെ ഒരുപാട് കൊന്നിരുന്നു. ഡി. ഡി. ടി സ്പ്രേ കൊണ്ട് മാത്രം ലോകത്തിന്റെ പല ഭാഗത്ത് നിന്നും മലമ്പനിയെ നല്ല രീതിയിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും യൂറോപ്പിലൊക്കെ മലമ്പനി നിർമ്മാജനം ചെയ്യാൻ വരെ സാധിച്ചു. ഇന്ത്യയിലും ഡി. ഡി. ടി സ്പ്രേ കൊണ്ട് കൊതുകുകളെ ഒരുപാട് നിയന്ത്രിച്ചിരുന്നു. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് കേരളത്തിലെ മലമ്പ്രദേശങ്ങൾ മലമ്പനിയുടെ പിടിയിലായിരുന്നു. 1949 മുതൽ 1951 -വരെ ഡി. ഡി. ടി ഉപയോഗിച്ചുള്ള ഒരു മലമ്പനി നിവാരണ പരിപാടി ലോകാരോഗ്യ സംഘടനയുടേയും യുനിസെഫിന്റേയും സാമ്പത്തിക സഹായത്തോടെ കേരളത്തിലെ മലമ്പനി മേഖലകളിൽ നടപ്പാക്കിയതിന്റെ ഫലമായി 1965 ആകുമ്പോഴേക്കും മലമ്പനി പൂർണ്ണമായി ഉന്മൂലനം ചെയ്യപ്പെട്ടു. പക്ഷെ, പിൽക്കാലത്ത് കൊതുകുകൾ ഡി. ഡി. ടി -ക്ക് എതിരെയുള്ള പ്രതിരോധം നേടി. ഇപ്പോൾ ഡി. ഡി. ടി കൊണ്ടൊന്നും ഒരു കാര്യവുമില്ല. എന്നാൽ കൊതുകുകളെ കൊല്ലാൻ ശക്തിയുള്ള കെമിക്കൽസ് വേറെയുമുണ്ട്. പക്ഷെ ജനങ്ങൾ പൊതുവെ അതിനെതിരാണല്ലോ. അതുകൊണ്ട് ഇപ്പോൾ ഇൻസ്‌ക്ടിസൈഡ്സ് അത്രയധികം ഉപയോഗിക്കാറില്ല.
എന്തുതന്നെയായാലും ഇൻസെക്ടിസൈഡുകൾ നമ്മുടെ പരിസ്ഥിതിക്ക് ഒരുപാട് ദോഷമുണ്ടാക്കില്ലേ?
തീർച്ചയായും. ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഖലയെ അത് ഒരുപാട് ബാധിക്കും. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള കൊതുക് നിർമ്മാജ്ജന മാർഗങ്ങൾ കുറച്ച് കൊണ്ട് വരുക എന്നതാണ് ഡബ്ല്യൂ. എച്ച്. ഒ -യും അനുശാസിക്കുന്നത്. കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. എന്നിരുന്നാലും നിവൃത്തിയില്ലാത്ത ചില സന്ദർഭങ്ങളിൽ അവ ഉപയോഗിക്കാതെയിരിക്കാനും പറ്റില്ല.
അധിനിവേശ ജീവികൾ വലിയൊരു വെല്ലുവിളിയാണല്ലോ. നമ്മുടെ നാട്ടിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് കൊതുകുകൾ വന്ന് ഭീഷണിയാകാറുണ്ടോ? അതേപോലെ നമ്മുടെ നാട്ടിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇവിടത്തെ കൊതുകുകൾ എത്തിപ്പെടാറുണ്ടോ?
ഭാഗ്യവശാൽ ഇന്ത്യയിലേക്ക് അങ്ങനെ അധിനിവേശ കൊതുകുകൾ വരാറില്ല. പക്ഷെ, മറ്റ് പലരാജ്യങ്ങളിലും കൊതുകുകളുടെ അധിനിവേശം പ്രശ്നമാകാറുണ്ട്. ‘ഏയ്ഡിസ് ആൽബോപിക്റ്റസ്’ എന്നൊരു കൊതുകുണ്ട്. ‘ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോസ്’ എന്നാണ് അവയെ പറയുക. ഡെങ്കി പരത്തുന്ന കൊതുകാണത്. അതിപ്പോൾ യൂറോപ്പിലും അമേരിക്കയിലുമൊക്കെ അധിനിവേശ കൊതുകായിട്ട് വലിയ ഭീഷണിയാണ്. അമേരിക്കയിൽ ഈ കൊതുകുകൾ എത്തിയത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലേക്കും ആ കൊതുക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള താപനം കാരണം യൂറോപ്പിലെ താപനിലയിൽ വർധനവ് ഉണ്ടാകുകയാണല്ലോ. താപനില കൂടുന്നതനുസരിച്ച് വടക്കൻ യൂറോപ്പിലെ പല സ്ഥലങ്ങളിലായി ആ കൊതുകിനം വ്യാപിക്കുകയാണ്. അതേപോലെത്തന്നെ ഡെങ്കിപ്പനി പരത്തുന്ന ഏയ്ഡിസ് ഈജിപ്തൈയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് എത്തിപ്പെട്ട അധിനിവേശ കൊതുകുകളാണ്.
വാസ്തവത്തിൽ ഭീഷണി നമുക്കല്ല. കാരണം, ഒരുവിധമുള്ള അസുഖങ്ങൾ പരത്തുന്ന എല്ലാ കൊതുകുകളും നമ്മുടെ നാട്ടിൽ ഇപ്പോൾ തന്നെയുണ്ട്. പിന്നെ, കൊതുകുപരത്തുന്ന യെല്ലോ ഫീവർ എന്നൊരു അസുഖമുണ്ട്. അത് ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല. അതിന്റെ കാരണങ്ങൾ ഇപ്പോഴും നമുക്ക് കൃത്യമായി അറിയില്ല. ചിലപ്പോൾ ഇവിടുത്തെ കൊതുകുകളുടെ പ്രത്യേകതയായിരിക്കാം. മറ്റുരാജ്യങ്ങളിൽ യല്ലോ ഫീവർ പരത്തുന്ന കൊതുകിനം ഇവിടെയുമുണ്ട്. എന്നിട്ടും ഇവിടെ ഒരിക്കലും ആ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലപ്പോൾ കൃത്യമായി ക്വാറന്റൈൻ പ്രോട്ടോകോൾ പിന്തുടരുന്നത് കാരണമാകാം ഇവിടെ ആ അസുഖം എത്താത്തത്. യല്ലോ ഫീവർ ഉള്ള രാജ്യങ്ങളിലേക്ക് പോകുന്നവർ യെല്ലോ ഫീവറിനെതിരെയുള്ള വാക്സിൻ എടുക്കണമെന്നത് നിർബന്ധമാണ്. യെല്ലോ ഫീവർ കൂടി മാത്രമേ ഇവിടെ ഇനി വരാൻ ബാക്കിയുളളൂ. കാരണം, ആകെയുള്ള എട്ട് പ്രധാന കൊതുകുജന്യ അസുഖങ്ങളിൽ ഏഴെണ്ണവും കേരളത്തിലുണ്ട്. മലമ്പനി, മന്ത്, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം, സിക്ക, വെസ്റ്റ് നൈൽ വൈറസ് എന്നിവയാണ് ആ ഏഴ് രോഗങ്ങൾ. അതിന്റെ പ്രധാന കാരണം, വർഷത്തിലുടനീളം കേരളത്തിൽ കൊതുകുകൾക്ക് വളരാൻ പറ്റിയ സഹചര്യങ്ങളുണ്ട് എന്നതാണ്. ഇവിടെ നമുക്ക് വേനൽ മഴയും കിട്ടാറുണ്ടല്ലോ. അതുപോലെത്തന്നെ ഒരുപാട് തണുപ്പും ഇല്ല. യൂറോപ്പിലൊക്കെ തണുപ്പ് കാലത്ത് കൊതുകുകൾ ആക്റ്റീവ് ആയിരിക്കില്ല. അവർ ഡയപ്പോസിൽ (ഒരു തരം ഉറക്കം) ആയിരിക്കും. ചൂട് കൂടുമ്പോഴാണ് അവിടങ്ങളിൽ കൊതുകുകൾ വീണ്ടും ആക്റ്റീവ് ആകുന്നത്. കേരളത്തിൽ മാത്രമായിരിക്കണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ആകെ എട്ട് കൊതുകുജന്യ രോഗങ്ങളിൽ ഏതാണ്ട് എല്ലാ രോഗങ്ങളും കണ്ടുവരുന്നത്. എട്ടിലെ ഏഴ് എണ്ണവും കേരളത്തിൽ ഉണ്ട്.
റബ്ബർ പ്ലാന്റേഷനുകളിലെ കൊതുകുകളുടെ ബ്രീഡിങ്ങിനെക്കുറിച്ചുള്ള താങ്കളുടെ പഠനങ്ങളെക്കുറിച്ച് സംസാരിക്കാമോ.
1991 മുതൽ 2001 -വരെ ഞാൻ ഗോവയിലായിരുന്നു. അവിടത്തെ മലേറിയ റിസർച്ച് സെന്റർ എന്ന സ്ഥാപനത്തിൽ സയന്റിസ്റ് ആയിട്ട്. 2001 -ലാണ് ഞാൻ വയനാട് ജില്ലയുടെ മലേറിയ ഓഫീസർ എന്ന പദവിയിൽ കേരളത്തിലേക്ക് വരുന്നത്. 2001 -ൽ തന്നെയാണ് റബ്ബർ പ്ലാന്റേഷനുകളിൽ വളരുന്ന കൊതുകുകളിലേക്ക് എന്റെ ശ്രദ്ധ വരുന്നത്. അവിടത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് എന്നോടതിനെപ്പറ്റി സൂചിപ്പിക്കുന്നത്. അങ്ങനെ ഞാൻ റബ്ബർ തോട്ടങ്ങളിൽ പോയി പരിശോധിച്ചു. ഗോവയിൽ റബ്ബർ ഇല്ലാത്തതുകൊണ്ട് റബ്ബർ തോട്ടങ്ങളിൽ ഇത്രമാത്രം കൊതുകുകളുണ്ടാകും എന്ന് ഞാൻ അധികം ചിന്തിച്ചിരുന്നില്ല. വയനാട്ടിലെ റബ്ബർ തോട്ടങ്ങളിൽ പോയി കൊതുകുലാർവകളെ ശേഖരിച്ച് ഞാൻ ലാബിൽ ബ്രീഡ് ചെയ്ത് തുടങ്ങി.
അപ്പോഴാണ് മനസ്സിലായത് ഇഷ്ടം പോലെ പല സ്പീഷീസ് കൊതുകുകളും യഥേഷ്ടം റബ്ബർ ചിരട്ടകളിൽ മുട്ടയിട്ട് വളരുന്നുണ്ട് എന്ന്. അതിലൊന്ന് ‘ഏയ്ഡിസ് ആൽബോപിക്ടസ്’ എന്ന ഡെങ്കി പരത്തുന്ന കൊതുകിനം ആണ്. 2001 -ൽ ഉത്തരകേരളത്തിൽ ഡെങ്കിപ്പനി ഇല്ലായിരുന്നു. 2002 -ലാണ് ശരിക്കും ഡെങ്കിപ്പനി പകർന്ന് തുടങ്ങിയത്. ആ വർഷം കണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്തെ ശ്രീകണ്ഠാപുരം എന്ന സ്ഥലത്ത് ഒരു മരണമുണ്ടായി. അത് ഡെങ്കിപ്പനി മൂലമാണെന്ന സംശയത്തിൽ അന്വേഷണം തുടങ്ങി. അന്വേഷണത്തിനായി ഡി. എച്ച്. എസ് നിയമിച്ച സംഘത്തിൽ ഞാനുമുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഞാൻ ശ്രീകണ്ഠാപുരത്ത് പോയി അവിടത്തെ റബ്ബർ തോട്ടങ്ങൾ പരിശോധിച്ചു. അവിടെ നടത്തിയ പഠനങ്ങളും ചേർത്താണ് ഡെങ്കി പരത്തുന്ന ഏയ്ഡിസ് ആൽബോപിക്ട്‌സ് എന്ന കൊതുകിനത്തിന്റെ, റബ്ബർ തോട്ടങ്ങളിലെ ബ്രീഡിങ്ങിനെ കുറിച്ച് ഞാൻ ഒരു പേപ്പർ പബ്ലിഷ് ചെയ്യുന്നത്. അത് ഡബ്ല്യൂ. എച്ച്. ഒ -യുടെ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ നടന്ന ആദ്യത്തെ പഠനമായിരുന്നു അത്. പിന്നീട് 2003 -ൽ കോളേജിൽ അധ്യാപകനായ ശേഷം എനിക്ക് യു. ജി. സി -യുടെ ഒരു പ്രൊജക്റ്റ് കിട്ടി. അതിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മുൻപ് ചെയ്ത പഠനം ഒന്നുകൂടെ വിപുലമായി വ്യാപിപ്പിച്ചു. അതിലൂടെ റബ്ബർ ചിരട്ടകളിൽ വളരുന്ന 12 സ്പീഷീസുകളെ കണ്ടെത്താൻ കഴിഞ്ഞു. അങ്ങനെയാണ് ആ പ്രത്യേക പഠന മേഖലയിൽ ഞാൻ കൂടുതൽ എസ്സ്റ്റാബ്ളിഷ് ആകുന്നത്. വിവിധ ജേർണലുകളിൽ പ്രസിദ്ധീകരിച്ച എന്റെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തായ്‌ലാൻഡ്, മലേഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് ക്ഷണം ലഭിച്ചതിനെ തുടർന്ന് ആ രാജ്യങ്ങളിൽ പോയി പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
കൊതുകിന്റെ ജീവിത ചക്രം വിശദീകരിക്കാമോ.
എല്ലാവർക്കുമറിയുന്നത് പോലെ കൊതുകുകൾ മുട്ടയിടുന്നത് വെള്ളത്തിലാണ്. ഒറ്റപ്രാവശ്യം ഒരു കൊതുക് ഏകദേശം 100 മുതൽ 200 വരെ മുട്ടകളിടും. മുട്ടയിടണമെങ്കിൽ പെൺകൊതുകിന് ചോര കുടിക്കണം. കുടിച്ച ചോര ദഹിക്കുന്നതിനൊപ്പം തന്നെ മുട്ടകളും വികസിക്കും. ചോര കുടിച്ച ഒരു കൊതുകിനെ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കൊതുക് കുത്തിയെടുത്ത ചോര കുറയുന്നതിനൊപ്പം മുട്ടകൾ വികസിക്കുന്നത് കാണാം. ദഹനം കഴിയുമ്പോഴേക്കും മുട്ടകളൊക്കെ പൂർണ്ണമായി വികസിച്ചിട്ടുണ്ടാകും. കേരളം പോലുള്ള ശരാശരി താപനില ഉയർന്ന സ്ഥലങ്ങളിൽ ഒന്നരാടം ദിവസങ്ങളിലാണ് കൊതുകുകൾ മുട്ടകളിടുക. ഒരു ദിവസം ചോര കുടിക്കും അടുത്ത ദിവസം മുട്ടകളിടും.’ബ്രീഡിങ് ആൻഡ് ഫീഡിങ്’ എന്നാണ് അതിനെ പറയുക.
കേരളത്തിലെയൊക്കെ കണ്ടീഷൻ അനുസരിച്ച് ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ കൊതുകിന്റെ മുട്ടകൾ വിരിഞ്ഞ് ലാർവകൾ(കൂത്താടികൾ) പുറത്ത് വരും. ലാർവ ഘട്ടത്തിൽ തന്നെ നാല് സ്റ്റേജസ് ഉണ്ട്. 1st ഇൻസ്റ്റാർ തൊട്ട് 4th ഇൻസ്റ്റാർ വരെ. ഓരോ സ്റ്റേജ് കഴിയുമ്പോഴും അതിന്റെ ത്വക്ക് ഉരിഞ്ഞ് കളയും. അപ്പോഴാണ് അതിന് വളരാൻ കഴിയുക. ആദ്യത്തെ ഇൻസ്റ്റാർ വളരെ ചെറുതായത് കൊണ്ട് കാണാൻ വളരെ ബുദ്ധിമുട്ടായിരിക്കും. സാധാരണ ആൾക്കാരുടെ കണ്ണിൽ പെടുന്നത് മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിൽ എത്തിയ ലാർവയെയാണ്. നാലാമത്തെ സ്റ്റേജ് കഴിഞ്ഞാൽ ലാർവ പ്യൂപ്പയായി മാറും. വേനൽ കാലത്താണെങ്കിൽ 4 മുതൽ 5 ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിഞ്ഞ് പുറത്ത് വന്ന ലാർവ പ്യൂപ്പയായി മാറും. മഴക്കാലമാണെങ്കിൽ ഏകദേശം ഒരാഴ്ച്ചയൊക്കെ പിടിക്കും. പ്യൂപ്പയിൽ നിന്ന് രണ്ടോ മൂന്നോ ദിവസം കൊണ്ട് കൊതുക് പുറത്തിറങ്ങും. പെൺകൊതുകിന് മുട്ടയിടണമെങ്കിൽ ചോരകുടിച്ചേ മതിയാകൂ. ആൺകൊതുകുകൾക്ക് നേരത്തെ പറഞ്ഞ പോലെ ചോരയുടെ ആവശ്യം ഇല്ല. അതിന്റെ ഫുഡ് പ്രധാനമായും പൂന്തേനും ചെടികളിലെ നീരും ഒക്കെയാണ്.
കൊതുകുകളും വൈറസുകളും തമ്മിലുള്ള ബന്ധം പരിണാമ ചരിത്രത്തിൽ എങ്ങനെയാണ് രൂപപ്പെട്ടുവന്നത്?
പരിണാമപരമായി വന്നത് തന്നെയാണ്. പക്ഷെ അതെപ്പോൾ തുടങ്ങിയെന്നത് നമുക്ക് കൃത്യമായി അറിയില്ല. ഒരു പ്രത്യേക വൈറസിന് ഒരു പ്രത്യേക കൊതുകിനത്തിൽ ജീവിക്കാനും പെരുകാനുമുള്ള സാഹചര്യം ഉണ്ടായാൽ മാത്രമേ ആ കൊതുകിനം ഒരു വെക്റ്റർ ആയി മാറുകയുള്ളൂ. എല്ലാ കൊതുകിലും എല്ലാ വൈറസുകളും ഉണ്ടാവില്ല. പ്രത്യേക വൈറസുകൾ പ്രത്യേക കൊതുകുകളിലായാണ് പൊരുത്തപ്പെട്ട് വന്നത്. വൈറസുകൾ കാരണം കൊതുകുകൾക്ക് ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ല. കൊതുകിന്റെ ജീവിത ദൈർഘ്യം പോലും കുറയാതിരുന്നാൽ മാത്രമേ വൈറസുകൾക്ക് നല്ല രീതിയിൽ കൊതുകുകളെ വെക്റ്റർ എന്ന രീതിയിൽ ഉപയോഗിക്കാനാവൂ. ഓരോ തരം വൈറസുകളും പരിണാമ വഴിയിൽ അത്തരം കൊതുകുകളെയായിരിക്കണം തിരഞ്ഞെടുത്തത്.
പെൺകൊതുകുകൾ മാത്രമാണല്ലോ മനുഷ്യരെ കടിക്കുന്നത്. പെൺകൊതുകുകൾക്ക് ചോര എന്തുകൊണ്ടാണ് അത്യാവശ്യമാകുന്നത്?
രക്തത്തിലുള്ള പ്രോട്ടീനുകളുടെ അളവ് വളരെ കൂടുതലാണ്. ഈ പ്രോട്ടീനുകൾ പെൺകൊതുകുകൾക്ക് അവയുടെ മുട്ടകൾ വികസിച്ച് വരാൻ ഒരുപാട് അനുയോജ്യവുമാണ്. രക്തം കുത്തിയെടുക്കുന്നതിലൂടെ ആവശ്യമായ പ്രോട്ടീനുകളെല്ലാം എളുപ്പത്തിൽ പെൺ കൊതുകുകൾക്ക് കിട്ടും. കൂടാതെ, കുറച്ച് ഫുഡിൽ നിന്ന് തന്നെ കൂടുതൽ പ്രോട്ടീനും ലഭ്യമാകും. അങ്ങനെയാണ് കൊതുകുകൾ പരിണാമത്തിലൂടെ രക്തപാനികളായി മാറിയത്. പെൺകൊതുകുകൾ കൂടുതലായും കടിക്കുന്നത് കശേരുകികളെയാണ് (vertibrates). അതിൽ സസ്തനികളും ഉരഗങ്ങളും ഉഭയജീവികളും പക്ഷികളുമൊക്കെ പെടും. മത്സ്യങ്ങളുടെ ചോരകുടിക്കുന്ന ഏതാനും സ്പീഷീസുകളുണ്ട്. അപൂർവ്വമായി അകശേരുകികളെ കടിക്കുന്നവയുമുണ്ട്.
മുട്ടകൾ വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശത്തിനുപരി പെൺകൊതുകുകൾ അവയുടെ ജീവിതം നിലനിർത്താനുള്ള ഊർജവും ചോരയിൽ നിന്ന് എടുക്കാറുണ്ടോ?
ആൺകൊതുകുകളെ പോലെ തന്നെ പെൺകൊതുകുകൾക്കും ഊർജ്ജം ലഭിക്കുന്നത് പഞ്ചസാരകളിൽ നിന്നാണ്. ഈ പഞ്ചസാരകളുടെ (ഗ്ലൂക്കോസ്, സൂക്രോസ് മുതലായവ) മുഖ്യ സ്രോതസ്സ് പൂന്തേൻ (nectar) ആണ്. അത് ലഭ്യമല്ലെങ്കിൽ ചെടിച്ചാർ. ഇത് രണ്ടും ലഭ്യമല്ലെങ്കിൽ ചില പെൺകൊതുകുകൾ പതിവിൽ കൂടുതൽ രക്തം കുടിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രക്തത്തിലടങ്ങിയ കൊഴുപ്പ് ഊർജ്ജത്തിന്റെ സ്രോതസ്സായി ഉപയോഗിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. സാധാരണഗതിയിൽ രക്തം അവയുടെ പ്രജനനത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്. നഗരങ്ങളിലെ കൊതുകുകൾ മധുരപലഹാരങ്ങളിൽ നിന്ന് പഞ്ചസാര കുത്തിയെടുക്കാറുണ്ട്.
കൊതുകുകൾ നമ്മുടെ ആവാസവ്യവസ്ഥയിൽ എന്തെങ്കിലും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടോ?
എന്തൊക്കെയായാലും കൊതുകും ഭക്ഷ്യശൃംഖലയുടെ ഭാഗമാണല്ലോ. അതുകൊണ്ട് തന്നെ കൊതുകുകൾ ചില ജീവികളുടെ ഭക്ഷണമാണ്. തവളകൾ, ചിലന്തികൾ, ഓന്തുകൾ, ചില പക്ഷികൾ തുടങ്ങിയവയുടെയൊക്കെ. പക്ഷെ കൊതുകിനെമാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതാണ് കൊതുകുകൾ തീരെയില്ലെങ്കിലും വലിയ കുഴപ്പമില്ല എന്ന് പറയാനുള്ള ഒരു കാരണം. എന്നാൽ, അതേസമയം, ഒരിക്കലും 100 ശതമാനവും ഉറപ്പിച്ച് പറയാനും കഴിയില്ല. കൊതുകുകളെ പൂർണ്ണമായിട്ടും ഭൂമിയിൽ നിന്ന് നിർമ്മാജനം ചെയ്യുന്നതിനോട് പലരും എതിരാണ്. പക്ഷെ എനിക്ക് തോന്നുന്നത് അതിൽ കുഴപ്പമില്ല എന്നാണ്. പ്രശ്നമുണ്ടാകാൻ സാധ്യതയില്ല. കാരണം മുൻപ് പറഞ്ഞ കൊതുകിനെ ഭക്ഷിക്കുന്ന ആ ജീവികൾക്കൊക്കെ വേറെയും ഒരുപാട് ഷഡ്പദങ്ങൾ ഭക്ഷണമായി ഭക്ഷ്യശൃംഖലയിൽ ഉണ്ടല്ലോ. മത്സ്യങ്ങളുടെ കാര്യമെടുത്താൽ അവർ കൊതുകിന്റെ ലാർവയെ മാത്രമല്ലല്ലോ കഴിക്കുന്നത്. വേറെയും ഭക്ഷണം അവയ്ക്കുണ്ടല്ലോ. അതുകൊണ്ട് ഒരു വലിയ പ്രശ്നം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും.
കൊതുകുകളെ കൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ?
കൊതുകുകളെ കൊണ്ട് വേറെ ചെറിയ ചില്ലറ ഉപയോഗങ്ങൾ ഒക്കെയുണ്ട്. ചിലവ ചെടികളിൽ പരാഗണം നടത്താൻ സഹായിക്കാറുണ്ട്. പക്ഷെ എല്ലാകൊതുകുകളൊന്നും അല്ല, അപൂർവം ചില കൊതുകിനങ്ങൾ മാത്രം. അതുകൊണ്ട്, കൊതുകുകൾ പരാഗണത്തിൽ പ്രധാന പങ്കുവഹിക്കുന്നു എന്ന് പറയാനാവില്ല. പിന്നെ ആഫ്രിക്കയിലൊക്കെ മനുഷ്യർ കൊതുകുകളെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. കുറേ കൊതുകുകളെ പിടിച്ച് വറുത്തെടുത്ത് ബർഗർ ഉണ്ടാക്കാനൊക്കെ ഉപയോഗിക്കും. അതിന് നല്ല ടേസ്റ്റ് ആണെന്നാണവർ പറയുന്നത്. പിന്നെ കിഴക്കൻ യൂറോപ്പിലൊക്കെ കൊതുകുകളെ കോഴികൾക്കുള്ള ഫുഡ് ആയി ഉപയോഗിക്കാറുണ്ട്. അതൊക്കെ പുതിയ പരീക്ഷണങ്ങളാണ്.
അതിന് പുറമെ ചില ഗുണമൊക്കെ കൊതുകുകളെ കൊണ്ട് വന്നുതുടങ്ങിയിട്ടുണ്ട്. ജൈവവൈവിധ്യം സംരക്ഷിച്ചുനിർത്തണമെങ്കിൽ ആകെ എത്രത്തോളം വിവിധയിനം ജീവികൾ ഭൂമിയിലുണ്ടെന്ന് അറിയണമല്ലോ. നേരിട്ട് എല്ലായിനം ജീവികളെയും കണ്ടുപിടിച്ച് എണ്ണുന്നതിന് പകരം ഒരു ഏരിയയിലെ കൊതുകുകളെ ശേഖരിച്ചാൽ മതിയാകും! കാരണം ആ ഏരിയയിലെ പല ജീവികളെയും അവിടത്തെ പെൺകൊതുകുകൾ കടിച്ചിട്ടുണ്ടാകും. ഒരു കൊതുകിന്റെ വയറ്റിലെ രക്തം ലാബിൽ അനലൈസ് ചെയ്‌താൽ ഏതൊക്കെ തരം ജീവികളെ ആ കൊതുക് കടിച്ചിട്ടുണ്ടെന്ന് കണ്ടെത്താം. അങ്ങനെ ഒരുപാട് പെൺകൊതുകുകളെ ശേഖരിക്കുകയും അവ പല ജീവികളിൽ നിന്നായി കുത്തിയെടുത്ത രക്തസാമ്പിളുകൾ പരിശോധിക്കുകയും ചെയ്താൽ ഒരുപാട് ജീവികളുടെ ഡീറ്റെയിൽസ് കിട്ടും. അങ്ങനെയുള്ള ഒന്ന് രണ്ട് പരീക്ഷണങ്ങൾ അമേരിക്കയിലൊക്കെ നടന്നിട്ടുണ്ട്.
പിന്നെയുള്ളത് ഫോറൻസിക് സയൻസിൽ ആണ്. അധികമൊന്നുമില്ലെങ്കിലും ഒന്ന് രണ്ട് റിപ്പോർട്ടുകളുണ്ട്. കൊതുക് കുത്തിയെടുത്ത ചോര അനലൈസ് ചെയ്ത് ഒരു കൊലപാതകിയെ കണ്ടുപിടിച്ചിട്ടുണ്ട്. അതായത്, കൊതുകിൽ നിന്ന് അത് കുത്തിയെടുത്ത ചോര ശേഖരിച്ച് ആ ചോരയിലെ ഡി. എൻ. എ അനലൈസ് ചെയ്താണ് കൊലപാതകിയെ കണ്ടെത്തിയത്. ഇറ്റലിയിൽ അങ്ങനെ ഒരു കേസ് തെളിയിച്ചിട്ടുണ്ട്. അതുപോലെ ഫിൻലാന്റിൽ ഒരു കാർ മോഷ്ടാവിനെ കൊതുക് വഴി പിടിച്ചിട്ടുണ്ട്. പക്ഷെ ഇതൊക്കെ അത്യപൂർവ്വമായിട്ടുള്ള സംഭവങ്ങൾ ആണ്. പൊതുവായിട്ട് ഫോറൻസിക് സയൻസിൽ ഉപയോഗിച്ച് വരുന്ന ഒരു മാർഗ്ഗമല്ല.
അതിലും രസകരമായ മറ്റൊരു കാര്യം 3 ഡി പ്രിന്റിങിലാണ്. 3 ഡി പ്രിന്റിങ്ങിൽ നോസിലുകൾ വഴിയാണ് പ്രിന്റിങ് മെറ്റീരിയലിനെ പുറത്തേക്ക് വരുത്തുന്നത്. 3 ഡി പ്രിന്റിങ്ങിൽ വളരെ കൃത്യതയോടെ സൂക്ഷ്മമായ ഡിവൈസുകളുണ്ടാക്കാൻ ഏറ്റവും നല്ല നോസിൽ എന്ന് പറയുന്നത് കൊതുകുകൾ നമ്മളെ കടിക്കാൻ ഉപയോഗിക്കുന്ന അതിന്റെ ‘പ്രൊബോസിസ്’ (ചോര കുത്തിയെടുക്കാൻ ഉപയോഗിക്കുന്ന അവയവം) ആണ്. കൊതുകുകളിൽ നിന്ന് ഫ്രഷ് ആയി പ്രൊബോസിസ് മുറിച്ചെടുത്ത് 3 ഡി പ്രിന്റിങ് ഡിവൈസിൽ ഫിക്സ് ചെയ്യാനുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണ്. കൊതുകുകൾ കൊണ്ടുള്ള ചില ഗുണങ്ങൾ ഇതൊക്കെയാണ്. അതായത്, 100 ശതമാനവും മനുഷ്യന് ദോഷം മാത്രമല്ല എന്നർത്ഥം.
ഒരു തരം ബാക്റ്റീരിയം ഇൻഫെക്ട് ചെയ്ത ആൺകൊതുകുകളെ ഉപയോഗിച്ച് ഗൂഗിൾ ഒരു പദ്ധതി ചെയ്തുവരുന്നുണ്ടല്ലോ. അതൊന്ന് വിശദീകരിക്കമോ? കൊതുകുകളെ നിയന്ത്രിക്കാൻ പ്രായോഗികമായ വഴിയാണോ അത്?
പരീക്ഷണം വിജയിച്ചിട്ടുണ്ട്. സിംഗപ്പൂരിലും സൗത്ത് അമേരിക്കയിലുമൊക്കെയായി ഇത്തരം മാർഗങ്ങൾ മുൻപ് നടത്തിയിട്ടുമുണ്ട്. ഇപ്പോൾ ഗൂഗിൾ അമേരിക്കൻ ഗവണ്മെന്റിന്റെ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ അനുവാദം വാങ്ങിയിരിക്കുകയാണ്. അവരുടെ അനുവാദത്തോട് കൂടി മാത്രമേ അമേരിക്കയിൽ ഇത്തരം പദ്ധതികൾ ചെയ്യാൻ കഴിയുള്ളൂ. 32 ദശലക്ഷം ആൺകൊതുകുകളെ കാലിഫോർണിയയിലും ഫ്ളോറിഡയിലും തുറന്ന് വിടാനായുള്ള അനുവാദമാണ് വാങ്ങിയത്. അവരുദ്ദേശിക്കുന്നത് വെസ്റ്റ് നൈലിനെതിരെയും സെന്റ് ലൂയിസ് വൈറസ് ഉണ്ടാക്കുന്ന മറ്റൊരു കൊതുകുജന്യ അസുഖത്തിനെതിരെയുമുള്ള നിയന്ത്രണ മാർഗ്ഗമാണ്. ക്യൂലെക്സ് ക്വിൻക്വിഫേഷിയറ്റസ് ആണ് ഈ രണ്ട് അസുഖങ്ങളും പരത്തുന്ന കൊതുകിനം. അവർ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ ഈ ക്യൂലെക്സ് ക്വിൻക്വിഫേഷിയേറ്റസ് എന്ന ഇനം കൊതുകുകളെ കൂട്ടത്തോടെ ബ്രീഡ് ചെയ്യും. കോടിക്കണക്കിന് കൊതുകുകളുണ്ടാകും. അതിലെ ആൺകൊതുകുകളെ മാത്രമേ അസുഖങ്ങളെ കൺട്രോൾ ചെയ്യാൻ ഉപയോഗിക്കുകയുള്ളൂ. ഈ ആൺകൊതുകുകളിൽ ഒരു പ്രത്യേകതരം ബാക്റ്റീരിയം ഇൻട്രൊഡ്യൂസ് ചെയ്യും. വൾബാക്കിയ എന്നാണ് ആ ബാക്റ്റീരിയത്തിന്റെ പേര്. വൾബാക്കിയ എന്ന ബാക്റ്റീരിയം ബാധിച്ച ആൺകൊതുകുകൾ അതില്ലാത്ത പെൺകൊതുകുകളുമായി ഇണചേർന്ന് ഉണ്ടാകുന്ന മുട്ടകളൊന്നും വിരിയില്ല. അവ നശിച്ച് പോകും. മറ്റൊരു കാര്യം പെൺകൊതുകുകൾ അവരുടെ ജീവിതത്തിൽ ഒറ്റപ്രാവശ്യം മാത്രമേ ഇണചേരുകയുള്ളൂ. അപ്പോൾ വൾബാക്കിയ ബാധിച്ച ആൺകൊതുകുകളുമായാണ് ഇണചേർന്നതെങ്കിൽ ആ പെൺകൊതുകുകൾക്കൊന്നും അടുത്ത തലമുറയുണ്ടാക്കാൻ കഴിയില്ല. ഇങ്ങനെ തുടർച്ചയായി വൾബാക്കിയ ബാധിച്ച ആൺകൊതുകുകളെ തുറന്ന് വിട്ടാൽ ആ വിഭാഗം കൊതുകുകളുടെ പോപുലേഷൻ നന്നായി കുറച്ച് കൊണ്ട് വരാൻ കഴിയും. പക്ഷെ ഒരു പ്രശ്നമുണ്ട്. വ്യത്യസ്ത രോഗങ്ങൾ പരത്തുന്നത് വ്യത്യസ്ത സ്പീഷീസ് കൊതുകുകളാണല്ലോ. ഗൂഗിൾ ഇപ്പോൾ ഒരു സ്പീഷീസിനെയാണ് ടാർഗറ്റ് ചെയ്തിരിക്കുന്നത്. ഓരോ അസുഖങ്ങളെയും ഈ മാർഗം ഉപയോഗിച്ച് നിയന്ത്രിക്കുക എന്നത് വളരെയധികം ശ്രമകരവും അതേപോലെ ഒരുപാട് പണച്ചിലവുള്ളതുമാണ്.
ഇത്തരം പദ്ധതിയൊക്കെ പ്രൈവറ്റ് കമ്പനികളാണ് ചെയ്തിട്ടുള്ളത്. ഗൂഗിളിന് മുൻപ് ഓക്സി ടെക്ക് എന്ന കമ്പനി ഒരു പദ്ധതി ചെയ്തിരുന്നു. അവരാണ് യഥാർത്ഥത്തിൽ ഇത്തരമൊരു പദ്ധതി ആദ്യമായി ചെയ്യുന്നത്. പക്ഷെ അവരുടെ രീതി കുറച്ച് വ്യത്യാസം ഉള്ളതായിരുന്നു. അവർ വൾബാക്കിയ എന്ന ബാക്റ്റീരിയം അല്ല ഉപയോഗിച്ചത്. ജനിതക വ്യതിയാനം വരുത്തിയ ആൺകൊതുകുകളെയാണ് ഉപയോഗിച്ചത്. ഇതുപോലത്തെ എല്ലാ പദ്ധതികളുടെയും പ്രധാന ഉദ്ദേശം ചില പ്രത്യേക തരത്തിൽ മാറ്റങ്ങൾ വരുത്തിയ ആൺകൊതുകുകളെ തുറന്നുവിടുന്നതാണ്. അതുവഴി പെൺകൊതുകുകളുടെ ബ്രീഡിങ് തടയും. ആൺകൊതുകുകൾ കടിക്കാത്തത് കാരണം അവയെ തുറന്ന് വിടുന്നതിൽ ജനങ്ങൾക്ക് വലിയ എതിർപ്പുണ്ടാകില്ലല്ലോ. എങ്കിലും അമേരിക്കയിൽ സ്ഥിതി വ്യത്യസ്തമാണ്. ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം അമേരിക്ക ജനങ്ങൾക്ക് കൊടുത്തിരുന്നു. ഞാൻ ഈയടുത്ത് ഇന്റർനെറ്റിൽ അമേരിക്കക്കാർ പറഞ്ഞ അഭിപ്രായങ്ങൾ വായിച്ചുനോക്കി. അനുകൂലമായ അഭിപ്രായങ്ങളൊന്നും ഞാൻ കണ്ടില്ല. എല്ലാവരും അതിനെ എതിർക്കുകയാണ്. പല കാരണങ്ങളാണ് അവർ പറയുന്നത്. ചിലയാൾക്കാർ പറയുന്നത് എല്ലാ കൊതുകുകളെയും മനുഷ്യന്മാർ ഇങ്ങനെ നശിപ്പിക്കാൻ പാടില്ല എന്നാണ്. മറ്റു ചിലർ പറയുന്നത്, വെസ്റ്റ് നൈലും സെന്റ് ലൂയിസുമൊന്നും അമേരിക്കയിൽ അത്ര വലിയ പ്രശ്നമല്ല എന്നാണ്. വേറെ ചിലർക്കുള്ള പേടി, ഇങ്ങനെ കുറേ കൊതുകുകളെ തുറന്ന് വിട്ടാൽ മനുഷ്യർക്ക് എന്തെങ്കിലും പ്രശ്നം വരുമോ എന്നാണ്. പല അഭിപ്രായങ്ങളും ശാസ്ത്രീയമൊന്നുമല്ല. ഇതൊക്കെ പൊതുജനങ്ങളിലുള്ള പേടിയാണ്. പൊതുവെ അമേരിക്കയിൽ മിക്കവർക്കും ഇങ്ങനത്തെ കാര്യങ്ങളോട് ഭയങ്കര പേടിയാണ്. ശാസ്ത്രാവബോധം വളരെ കുറവാണ് അവർക്കിടയിൽ. അമേരിക്കയിൽ ഒരുപാട് ആൾക്കാർ വാക്‌സിന് പോലും എതിരാണല്ലോ.
ഏതായാലും ഇതുവരെ അമേരിക്കയിൽ ഗൂഗിൾ കൊതുകുകളെ തുറന്ന് വിട്ടിട്ടില്ല. ജനാഭിപ്രായം മാത്രം വച്ചാണ് തീരുമാനം എടുക്കുന്നതെങ്കിൽ അവർക്ക് അനുവാദം കിട്ടില്ല. അതുകൊണ്ട് തന്നെ ജനാഭിപ്രായം പരിഗണിക്കുമോ എന്ന് സംശയമാണ്. ഗൂഗിൾ സിങ്കപ്പൂരിൽ ചെയ്ത ട്രിയലിന് നല്ല റിസൾട്ട് ആയിരുന്നു. അതൊരു ചെറിയ ട്രയൽ ആയിരുന്നു. അമേരിക്കയിൽ ചെയ്യാനുദ്ദേശിക്കുന്നത് കുറച്ചുകൂടി ബൃഹത്തായിട്ടാണ്.
Content Summary: A detailed discussion on mosquitoes in Kerala, covering disease transmission, emerging threats like West Nile virus, mosquito control methods, and recent scientific research.
This post was last modified on July 4, 2026 7:30 am
Leave a Comment