July 24, 2026 |
Share on

ഇടപെടലുകളുടെ എംടി

ഫ്യൂഡല്‍ തകര്‍ച്ചകളില്‍ നിന്നും തകര്‍ന്ന മൂല്യങ്ങളില്‍ നിന്നുമാണ് ഇടപെടലുകളിലെ എം.ടി ഉണ്ടാവുന്നത്

കാലം തകര്‍ത്തിട്ട നാലുകെട്ടില്‍ നിന്നിറങ്ങിവന്ന് സ്വയം ഒരു കൊച്ചുവീട് പണിത എം.ടി യെയായിരുന്നു എനിക്കിഷ്ടം. കാസര്‍ഗോഡ് കോളേജിലെ ഗ്രാഡ്വേഷന്‍ കാലത്ത് ഞങ്ങളുടെ വായനയില്‍ കാമുവും സാര്‍ത്രും ഷെയ്ക്‌സ്പിയര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും എം.ടിയുടെ തകര്‍ന്ന നാലുകെട്ടുകളിലെ നിസ്സഹായരായ മനുഷ്യര്‍ പാരമ്പര്യമായി നേരിടുന്ന രോഗാതുരത പേറി നടക്കുന്നത് നാലുകെട്ട് എന്ന നോവലില്‍ നിന്ന് തിരിച്ചറിഞ്ഞു. ജന്മനാ ഭ്രാന്തുള്ള വേലായുധനും വൈരൂപ്യം കാര്‍ന്നുതിന്ന കുട്ട്യേടത്തിയും പിന്നെ കേരളത്തില്‍ ആധുനികത കത്തി നില്ക്കുമ്പോള്‍ ചരസ്സും ഭാംഗുമായി ചിലരുടെ കഥാപാത്രങ്ങള്‍ റോന്തുചുറ്റുമ്പോള്‍ നൈനിത്താളില്‍ സ്വന്തം അസ്തിത്വത്തിന്റെ വേര് തേടുന്ന ബുദ്ദു എന്ന മലയാളത്തിലെ ആദ്യത്തെ ഭിന്നശേഷിക്കാരനായ കഥാപാത്രവും (ഒ.വി.വിജയന്റെ അപ്പുക്കിളിക്കും മുമ്പ്) നാമറിഞ്ഞ ജീവിതത്തിന്റെ വ്യക്തി വ്യസനങ്ങള്‍ പറഞ്ഞുതന്നു. എന്റെ ദേശത്തു തന്നെ കബീര്‍ച്ച എന്നു പേരായ ഒരു മുസ്ലിം ഭ്രാന്തനും കുട്ട്യേടത്തിയെപ്പോലെ ഒരു അയല്‍ക്കാരിയും ഉണ്ടായിരുന്നു. അതുവരെ ഇത്തരം രോഗപീഡ അനുഭവിക്കുന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ കുറവായിരുന്നു. പാരമ്പര്യത്തെ തച്ചുതകര്‍ക്കാനുള്ള ആവേശവുമായി എംടിയുടെ കഥാപാത്രങ്ങള്‍ കേരളീയ പരിസരത്ത് ചുറ്റിനടക്കുന്നത് കണ്ടാണ് വായനയുടെ ലോകം വളര്‍ന്നത്. അതുകൊണ്ട് കുട്ട്യേടത്തിയും ഭ്രാന്തന്‍ വേലായുധനും ഞങ്ങളുടെ ക്‌ളാസ് മുറി ചര്‍ച്ചകളില്‍ പടര്‍ന്നു പന്തലിച്ചു. മധ്യവര്‍ത്തിയായ ശുദ്ധമലയാളിയുടെ പരിസരം അതിനുണ്ടായിരുന്നു. അങ്ങനെയാണ് ആ മലയാളിയുടെ പരിസരങ്ങളിലേക്ക് എംടി പ്രവേശിക്കുന്നത്. അക്കാലത്ത് എന്റെ കോളേജില്‍ അദ്ദേഹം വരുന്ന വിവരം എനിക്കുള്ള കത്തില്‍ അദ്ദേഹം എഴുതിയപ്പോഴാണ് ഞാനാ രചയിതാവിന്റെ വൈശിഷ്ട്യം നേരിട്ടറിഞ്ഞത്. അര നൂറ്റാണ്ടുകാലമായി ആ എഴുത്ത് ബന്ധത്തിന് ദൈര്‍ഘ്യമുണ്ടായിരുന്നു. MT, the writer who dismantled the decaying within the nalukettu

നാലുകെട്ടിന്നകത്തെ ജീര്‍ണ്ണതകളെ നിര്‍വീര്യമാക്കാനുള്ള എഴുത്തുയത്‌നമായിരുന്നു എം.ടി യുടെ സാഹിത്യപരതയുടെ അടിസ്ഥാനം. മലയാളത്തിലെ ആദ്യത്തെ ഭിന്നശേഷി കഥാപാത്രം വരുന്നത് എം.ടിയുടെ നാലുകെട്ടില്‍ നിന്നു തന്നെയാണ്. ലക്ഷണമൊത്ത രൂപത്തികവുള്ള ഉദാത്ത നായകന്മാര്‍ നിറഞ്ഞു തുളുമ്പുന്ന മലയാള സാഹിത്യ വേദിയിലേക്കാണ് കാതുമുറിച്ച കുട്ട്യേടത്തിയെയും നൊസ്സന്‍ വേലായുധനെയും മതം മാറിയ ഗോവിന്ദന്‍ കുട്ടിയെയും ബഷീറിന്റെ സുന്ദരിയല്ലാത്ത തങ്കത്തെപ്പോലെ മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നത്. എന്റെ എം.ഫില്‍ പ്രബന്ധത്തിലെ ഒരു പുസ്തകം മഞ്ഞായത് അതുകൊണ്ടാണ്. നായര്‍ ആധിപത്യം തകര്‍ന്നത് നാം അറിയുന്നത് ഏതെങ്കിലും പ്രബന്ധത്തില്‍ നിന്നോ ഹംഫ്രിയുടെ ഗവേഷണ പ്രബന്ധത്തില്‍ നിന്നോ അല്ല. എം.ടിയുടെ അനുഭവ പ്രപഞ്ചത്തില്‍ നിന്നാണ്. പില്ക്കാലത്ത് ഫ്യൂഡല്‍ ബന്ധങ്ങള്‍ എങ്ങനെ മാനവീയതയെ ചോര്‍ത്തിക്കളയുന്നു എന്ന് ‘ശിലാലിഖിതം’ എന്ന കഥയിലൂടെ എം.ടി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മാനവീയത മുദ്രയായ ആ കഥാപാത്രങ്ങള്‍ ഉരുവംകൊള്ളുന്നതിന്റെ പിറകിലെ സൃഷ്ടിരഹസ്യം അതാണ്. ഈ മാനവീയത നഷ്ടപ്പെട്ടതുകൊണ്ടാണ് ഇരുട്ടിന്റെ ആത്മാവിലെ വേലായുധന് എന്നെ ചങ്ങലക്കിടൂ എന്ന് തന്റെ കാമുകിയോട് പറയേണ്ടി വരുന്നത്.

ഫ്യൂഡല്‍ തകര്‍ച്ചകളില്‍ നിന്നും തകര്‍ന്ന മൂല്യങ്ങളില്‍ നിന്നുമാണ് ഇടപെടലുകളിലെ എം.ടി ഉണ്ടാവുന്നത്. ഞാനറിയുന്ന എം.ടി സൈലന്റ് വാലി പ്രശ്‌നം വന്നപ്പോഴും ആ പ്രതിരോധങ്ങളില്‍ ഉണ്ടായിരുന്നു. പെരിങ്ങോത്ത് ആണവനിലയ പ്രശ്‌നമുണ്ടായപ്പോഴും എം.ടി അവിടെയെത്തി പ്രതിഷേധിച്ചു. പ്‌ളാച്ചിമടയിലും അദ്ദേഹം ചെന്നു. സ്വന്തം വീട്ടുമുറ്റത്തെ നിളയെ പൂഴിയെടുക്കാനുള്ള കുഴിയാക്കിയപ്പോഴും താന്‍ എഡിറ്ററായ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിരന്തരം എഴുതി. എഴുത്തുകൊണ്ടായിരുന്നു ആ സമരം. ചാലിയാറിനെ ബിര്‍ളയില്‍ നിന്ന് രക്ഷിക്കാനുള്ള യത്‌നത്തിലും അദ്ദേഹമുണ്ടായിരുന്നു. ‘മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ ഭരണകൂട ഭീകരതയുണ്ടായപ്പോള്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരെ ഒരു കുടക്കീഴിലാക്കി അദ്ദേഹം പ്രതിഷേധിച്ചു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമുണ്ടായപ്പോള്‍ ഇരകളെ സഹായിക്കാനും സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കാനും എം.ടി പാഞ്ഞെത്തി. കാസര്‍ഗോഡുകാരായ ഗള്‍ഫ് മലയാളികള്‍ അയല്‍ക്കാരെന്ന നിലയില്‍ ഇരകള്‍ക്ക് സഹായധനവുമായി വന്നപ്പോള്‍ എന്‍ വിസാജ് എന്ന സംഘടനയുടെ രക്ഷാധികാരിയായി അദ്ദേഹം ഇരകള്‍ക്ക് അത്താണിയായി: ‘മൂത്രാശയം പുറത്തായ ഒരു രോഗിക്ക് ഓപ്പറേഷനായി വേണ്ട പണത്തിനായി ഒരമ്മ കേണപ്പോള്‍ 25,000 രൂപയുടെ സ്വന്തം ചെക്കുമായി വന്ന്. ഇരകള്‍ക്കൊപ്പം നിന്ന CERV എന്ന സംഘടന അവര്‍ക്ക് ഉന്നത നീതിപീഠത്തില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ അതിന്റെ രക്ഷാധികാരിയായി പന്ത്രണ്ട് സംഘടനകളുടെ കൈത്താങ്ങായി അദ്ദേഹം നിന്നു. 2022 ല്‍ ആ കേസിന്റെ വിധിയില്‍ നിലവിലുള്ള 6,727 രോഗികള്‍ക്ക് 5 ലക്ഷം രൂപ ഓരോ രോഗിക്കും കേരള സര്‍ക്കാര്‍ നല്കിയപ്പോള്‍ (ആകെ 215 കോടി) മരണത്തിനു മുമ്പ് ആ വാര്‍ത്തയറിയാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. എന്‍ വിസാജ് നിര്‍മ്മിച്ച വീടുകളില്‍ അഞ്ചെണ്ണം രോഗികള്‍ക്ക് താമസിക്കാന്‍ നല്കിയ വാര്‍ത്തയും അദ്ദേഹമറിഞ്ഞിരുന്നു.

നാലുകെട്ടിന്നകത്തെ ജീര്‍ണ്ണതകളില്‍ നിന്ന് സ്വയമേവ കിട്ടിയ പാഠങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം ദേശം ജീര്‍ണതകളിലേക്കും ആതുരതകളിലേക്കും പോകാതിരിക്കാനുള്ള കരുതലായിരുന്നു എം.ടിയുടെ എഴുത്തും ഇടപെടലുകളും. ഭരണാവകാശമായി വരേണ്ട പാലിയേറ്റീവ് ആശുപത്രിക്കായി സുപ്രീംകോടതി ഹൈക്കോടതിയിലേക്ക് മാറ്റിയ കേസിന്റെ വിധിയായിരുന്നു പ്രജ്ഞയുള്ളപ്പോഴൊക്കെ തിരക്കിയിരുന്നത്. കേസ് ഇപ്പോഴും തുടരുന്നു. ഇരകള്‍ക്ക് വേണ്ടി നിലകൊണ്ട ആ മഹാശയന് പ്രണാമം.MT, the writer who dismantled the decaying within the nalukettu

Content Summary: MT, the writer who dismantled the decaying within the nalukettu

MT vasudevan nair nalukettu latest news kerala literature kerala news writer 

എം എ റഹ്‌മാന്‍

എം എ റഹ്‌മാന്‍

എഴുത്തുകാരന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×