‘കൂട്ടുകാരില്ലാത്തോനായ്
വീട്ടില്‍ ഞാന്‍ ഇസ്‌പേഡേഴായ്
മുടങ്ങാതെ കത്തു തന്നു
നീ മാത്രം കൂടെ നിന്നു
മുട്ടത്തുവര്‍ക്കിസ്സാറിന്‍
നോവലിലെ നായികയായ് ഓ….
സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ – എന്റെ
സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ’
കര്‍ത്താവുയര്‍ത്തെഴുന്നേറ്റ ഞായറാഴ്ച
കരളില്‍ മോദത്തിന്‍ വീഞ്ഞൊഴുകും
ഞായറാഴ്ച.
ശ്രീകുമാരന്‍ തമ്പി
ആറുപതിറ്റാണ്ട് മുന്‍പാണ്. കോട്ടയം വൈ.എം.സി.എ യിലെ എ.വി. ജോര്‍ജ് ഹാളില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുകയാണ്. സംഘത്തിന്റെ സുവര്‍ണ കാലമാണ്. മലയാള സാഹിത്യകാരന്മാര്‍ക്ക് 35% റോയല്‍റ്റി കൊടുത്ത് അവരെ പരിപോഷിച്ച്, വരുമാന നികുതി കൊടുക്കുന്നവരാക്കി മാറ്റിയ ലോകത്തിലെ തന്നെ ആദ്യത്തെ സാഹിത്യ പ്രസ്ഥാനം. നോവലിസ്റ്റുകള്‍, കഥാകാരന്മാര്‍, നാടകകൃത്തുകള്‍, കവികള്‍, നിരൂപകര്‍ കേരളത്തിലെ സാഹിത്യ പ്രതിഭകള്‍ എല്ലാവരും സദസിലുണ്ട്. മലയാള സാഹിത്യവിമര്‍ശന രംഗത്ത് വിഗ്രഹഭഞ്ജകനായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ് അദ്ധ്യക്ഷന്‍, വേദിയില്‍ തകഴിയുണ്ട്, കേശവദേവുണ്ട്, പൊന്‍കുന്നം വര്‍ക്കിയുണ്ട്, എം.ടിയുണ്ട്, എം. കൃഷ്ണന്‍ നായരുണ്ട് മലയാളത്തിലെ ഏറ്റവും അധികം വായിക്കപ്പെടുന്ന നോവലിസ്റ്റ് മുട്ടത്ത് വര്‍ക്കിയുമുണ്ട്.
ഈ യോഗത്തിന്റെ ഒരു സവിശേഷത, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ 12 നോവലുകള്‍ അവിടെ പ്രകാശനം ചെയ്യുന്നു എന്നതായിരുന്നു. പ്രകാശനം നിര്‍വ്വഹിക്കുന്നത് പൊഫ. ജോസഫ് മുണ്ടശ്ശേരി.’ മുണ്ടശ്ശേരി മാഷ് മുറുക്കിത്തുപ്പി മുണ്ടു വരിഞ്ഞു മുറുക്കിയെടുത്ത് തന്റെ വാക്കുകളുടെ പേമാരിയാരംഭിച്ചു. ‘നോവല്‍ രചന എന്ന സര്‍ഗ സൃഷ്ടി നേരത്തെ കളമൊരുക്കിയതിന് ശേഷമേ ഏത് നോവലിസ്റ്റും നടത്താവൂ. കളമൊരുക്കുക എന്നു വെച്ചാല്‍ വിശ്വസാഹിത്യത്തിലെ എണ്ണപ്പെട്ട സൃഷ്ടികള്‍ ഉള്‍ക്കൊണ്ട് അവയെ മാതൃകയായെടുത്ത് എഴുതാന്‍ തയാറാവുക എന്നര്‍ത്ഥം. ഏത് നോവലിസ്റ്റും ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും, ഡൊസ്റ്റാവിസ്‌കിയുടെ കുറ്റവും ശിക്ഷയും, യൂഗോയുടെ പാവങ്ങള്‍ ഇവയൊക്കെ വായിക്കുക മാത്രമല്ല ഹൃദയസ്ഥമാക്കുകയും ചെയ്യണം. നോവല്‍ എന്ന ശില്‍പ്പം എന്താണെന്ന് ആ കൃതികളില്‍ നിന്ന്, അവരുടെ ആവിഷ്‌ക്കാര രീതിയില്‍ നിന്നൊക്കെ മാത്രമേ ഒക്കെ പഠിക്കാനും മനസിലാക്കാനും കഴിയൂ’. പിന്നെ പെയ്തിറങ്ങിയ ശരമാരികള്‍ക്കു ശേഷം മുണ്ടശ്ശേരി മാഷ് പറഞ്ഞു. ഇവിടെ പ്രകാശനം ചെയ്യുന്ന രണ്ട് നോവലുകളില്‍ രണ്ടെണ്ണം ഞാന്‍ വായിച്ചില്ല. അവ മുട്ടത്തു വര്‍ക്കിയുടേയും കാനം ഇ.ജെ.യുടെയുമാണ്.’
പിന്നീട് എം. കൃഷ്ണന്‍ നായര്‍ സാര്‍ പ്രസംഗിച്ചു. തുടങ്ങിയത് ഇങ്ങനെ, ‘പന്ത്രണ്ടില്‍ ഞാനും രണ്ടെണ്ണം വായിച്ചില്ല. മുട്ടത്തു വര്‍ക്കിയുടേതും കാനത്തിന്റെയും’.
മുട്ടത്ത് വര്‍ക്കി
പ്രസംഗത്തിനായി മുട്ടത്ത് വര്‍ക്കിയെ ക്ഷണിച്ചു. വളരെ വിനയാന്വിതനായി പ്രസംഗം ആരംഭിച്ച മുട്ടത്തുവര്‍ക്കി മുണ്ടശ്ശേരിയുടെ വാക്കുകള്‍ക്ക് മറുപടിയായി പറഞ്ഞു തുടങ്ങി.’ മുണ്ടശ്ശേരി മാസ്റ്റര്‍ ഉപദേശിച്ചിരിക്കുന്നത് ടോള്‍സ്റ്റോയിയേയും, ഡൊസ്റ്റോവിസ്‌ക്കിയെയും യൂഗോവിനേയുമൊക്കെ ആധാരമാക്കിയല്ലാതെ നല്ല നോവല്‍ രചന സാധ്യമല്ലെന്നാണ്. അതംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. നിങ്ങള്‍ നോവലെഴുതേണ്ടത് നിങ്ങള്‍ ജനിച്ച മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടാണ്. നിങ്ങളോടൊപ്പം ജീവിക്കുന്ന മനുഷ്യരുടെ വികാരങ്ങളില്‍ പങ്കു ചേര്‍ന്നുകൊണ്ടാണ്. ഡൊസ്റ്റോവസ്‌ക്കിയെയും ടോള്‍സ്റ്റോയിയേയും അനുകരിച്ച് എഴുതാനല്ല ഞാനാഗ്രഹിക്കുന്നത്. ഞാനെഴുതുന്നത് മുട്ടത്തു വര്‍ക്കിയായി നിന്നു കൊണ്ടു തന്നെയാണ്. ഡൊസ്റ്റോവസ്‌ക്കിയും ടോള്‍സ്റ്റായിയുമായി നിന്നുകൊണ്ടെഴുതിയാല്‍ നമ്മുടെ നാട്ടില്‍ എഴുതിയാല്‍ എന്ത് സംഭവിക്കും? അതിനുദാഹരണം ഈയിരിക്കുന്ന മുണ്ടശ്ശേരി മാസ്റ്റര്‍ തന്നെയാണ്. ഡൊസ്റ്റോവസ്‌ക്കിയെയും ടോള്‍സ്റ്റോയിയേയുംമൊക്കെ അവഗാഢം പഠിച്ച് അവരുടെ രചനാരീതി ഹൃദയസ്ഥമാക്കിയ ശേഷം മുണ്ടശ്ശേരി മാസ്റ്റര്‍ ചില നോവലുകളൊക്കെ എഴുതിയല്ലോ.’ പാറപ്പുറത്ത് വീണ മുത്തുകള്‍’ തുടങ്ങിയവ. മണ്ണിന്റെ മണമുള്ള നോവലുകള്‍ ഉണ്ടാകുന്നില്ലെന്നാണ് മുണ്ടശ്ശേരി പറയുന്നത്. ചെത്തിപ്പുഴ മുതല്‍ കോട്ടയം വരെയും കോട്ടയം മുതല്‍ ചെത്തിപ്പുഴ വരെയാണ് എന്റെ ഭൂമി. ഇവിടത്തെ മണ്ണ് മണത്തു നോക്കിയിട്ടില്ല. പക്ഷേ, ഇവിടുത്തെ മനുഷ്യരേയും അവരുടെ ജീവിതത്തേയും എനിക്കറിയാം. അതാണ് ഞാനെഴുതുന്നത്. തുടര്‍ന്ന് വര്‍ക്കി സാര്‍ കത്തിക്കേറി. അങ്ങ് ചൈനേലും റഷ്യയുമൊക്കെ പോയി അവിടത്തയെല്ലാം മണ്ണു മണത്തു വന്നിട്ട് രണ്ട് നോവല്‍ എഴുതിയല്ലോ! മനുഷ്യന്‍ തിരിഞ്ഞു നോക്കിയോ മാഷേ? അച്ചടിച്ച നോവലുകളത്രയും പൊതിഞ്ഞു കെട്ടി മുണ്ടശ്ശേരി മാസ്റ്റര്‍ തന്റെ വീടിന്റെ തട്ടിന്‍ പുറത്തിട്ടിരിക്കുകയാണ്. വായിക്കാനാളുണ്ടോ? അതേ സമയം ഡൊസ്റ്റോവസ്‌ക്കിയും ടോള്‍സ്റ്റോയിയുമൊന്നുമാവാതെ വെറും ചെത്തിപ്പുഴക്കാരന്‍ മുട്ടത്തു വര്‍ക്കിയായി ഞാന്‍ നോവലുകളെഴുതി. ഞാന്‍ ജീവിക്കുന്ന മണ്ണിന്റെ ഹൃദയത്തുടിപ്പുകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് എന്റെ ഭാഷയില്‍, എന്റെ ആവിഷ്‌ക്കരണ ശൈലിയില്‍ ഞാനെഴുതി. എന്റെ ഇണപ്രാവുകളും, മയിലാടും കുന്നുമൊക്കെ പതിനായിരക്കണക്കിനാളുകളാണ് വില കൊടുത്തു വാങ്ങിച്ചത്. എനിക്കതു മതി. ആരെയും അനുകരിക്കാന്‍ ഞാനില്ല. ഞാന്‍ ഞാനായിത്തന്നെ എഴുതിയതു കൊണ്ടാണ് ഞാന്‍ എഴുതിയത് വായിക്കാന്‍ ആളുണ്ടായത്.’ പ്രസംഗം അവസാനിച്ചപ്പോള്‍ കരഘോഷം ഉയര്‍ന്നു. അവിടെ സദസ്സിലിരുന്ന, ആത്മവഞ്ചനയുടെ പൊയ്മുഖം വെച്ചിരുന്നവരും അറിയാതെ കയ്യടിച്ചു. വിവര്‍ണ്ണമായ മുഖത്തോടെ മുണ്ടശ്ശേരി മാസ്റ്റര്‍ വേദിയിലിരുന്നു.
നോവലുകള്‍, നാടകങ്ങള്‍, ചെറുകഥാ സമാഹാരങ്ങള്‍, കവിത, വിവര്‍ത്തനം, ജീവചരിത്രം, തിരക്കഥ, നാടകം എന്നിങ്ങനെ മുട്ടത്തു വര്‍ക്കി കൈവെയ്ക്കാത്ത സാഹിത്യ ശാഖയില്ല. 132 കൃതികള്‍ – അതില്‍ 112 എണ്ണം അച്ചടിക്കപ്പെട്ടു. 1953 ല്‍ എഴുതിയ നോവല്‍ ഇണപ്രാവുകളിലൂടെ മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും വായിക്കപ്പെടുന്ന നോവലിസ്റ്റായി. 1957 ല്‍ ഇറങ്ങായ പാടാത്ത പൈങ്കിളി തൊട്ട് അവസാനം 1990 കോട്ടയം കുഞ്ഞച്ചന്‍(വേലി നോവലിന്റെ ചലചിത്രാവിഷ്‌ക്കാരം) വരെ മുട്ടത്തു വര്‍ക്കിയുടെ 31 നോവലുകള്‍ മലയാളത്തില്‍ സിനിമയായി. എല്ലാം തന്നെ തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യന്‍ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീര്‍ അഭിനയിച്ച ഇണപ്രാവുകള്‍, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം അക്കാലത്തെ പണം വാരിപ്പടങ്ങളായിരുന്നു. കെ. എസ് സേതു മാധവന്‍, എ.വിന്‍സെന്റ് എന്നീ അക്കാലത്തെ മുന്‍ നിര സംവിധായകര്‍ വരെ മുട്ടത്ത് വര്‍ക്കിയുടെ നോവലുകള്‍ സിനിമയാക്കിയെന്നത് ആ മേഖലയില്‍ മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ക്കുള്ള സ്വാധീനം തെളിയിക്കുന്നു.
1950 കള്‍ക്കു ശേഷം ദിനപത്രങ്ങളുടെ ഞായറാഴ്ച പതിപ്പില്‍ തുടര്‍ക്കഥകള്‍ കൊടുക്കാന്‍ ആരംഭിച്ചതോടെയാണ് ജനപ്രിയ സാഹിത്യത്തിന്റെ തുടക്കം. പത്രങ്ങളിലും വാരികകളിലും വന്ന ജനപ്രീതിയാര്‍ജ്ജിച്ച തുടര്‍ക്കഥകളെ ‘പൈങ്കിളി സാഹിത്യം’ എന്ന് ആദ്യം വിളിച്ചത് ഉറൂബായിരുന്നു. ചങ്ങമ്പുഴയുടെ രമണന്‍ പോലെ പ്രസിദ്ധമായ കൃതിയായിരുന്നു അക്കാലത്ത് വന്ന മുട്ടത്തു വര്‍ക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവല്‍. അത് എഴുതുമ്പോള്‍ പൈങ്കിളി സാഹിത്യം എന്നൊരു ശാഖ സാഹിത്യ മലയാളത്തില്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ട് പാടാത്ത പൈങ്കിളി ഏത് വീട്ടിലും എത്തുകയും വായിക്കുപ്പെടുമായിരുന്നു. എഴുത്തുകാര്‍ക്കിടയില്‍ അയിത്തക്കാര്‍ ഉണ്ടായിരുന്നില്ല. ഏറെ താമസിയാതെ മലയാള വായനയിലെ അടിസ്ഥാന വര്‍ഗത്തിന്റെ എഴുത്തുകാരനായി മുട്ടത്തു വര്‍ക്കി. 50 കളിലും 60 കളിലും മധ്യതിരുവിതാംകുറില്‍ വായന ജനകീയമായതോടെ പുതിയ അഭിരുചികള്‍ ആവശ്യമായി വന്നു. സി.വി. രാമന്‍ പിള്ള യില്‍ തുടങ്ങി തകഴി, ദേവ്, ബഷീര്‍ എന്നിവരുടെ പുരോഗമന രചനകള്‍ ജനകീയവും ജീവിതഗന്ധികളായിട്ടും അവ സാധാരണ വായനക്കരുടെ വായനാ രുചിയുടെ പരിധിക്ക് പുറത്തായിരുന്നു. തങ്ങളുടെ അഭിരുചിക്കനുസരിച്ച രചനകളെ ഈ പുതിയ വായനാ സമൂഹം തേടുമ്പോഴാണ്. മുട്ടത്തു വര്‍ക്കി ‘പാടാത്ത പൈങ്കിളിയും’ ഇണപ്രാവുകളുമായി രംഗപ്രവേശനം ചെയ്യുന്നത്. വാസ്തവത്തില്‍ മുട്ടത്ത് വര്‍ക്കി ആദ്യം എഴുതിയത് ‘ആത്മാഞ്ജലി’ യെന്ന ഒരു ഖണ്ഡകാവ്യമായിരുന്നു. എം.പി. പോളിന്റെ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചിരുന്ന മുട്ടത്ത് വര്‍ക്കിയെ നോവല്‍ സാഹിത്യത്തിലേക്ക് തിരിച്ച് വിട്ടത് എം.പി. പോളാണ്.
വാരികകള്‍ ഇത് ഏറ്റെടുത്തതോടെ കേരളത്തില്‍ പൈങ്കിളി സാഹിത്യത്തിന് തുടക്കം കുറിച്ചു. മംഗളം, മനോരമ, മനോരാജ്യം എന്നീ വാരികകളില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച ഇത്തരം നോവലുകള്‍ വാരികകളുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഈ വാരികളുടെ പേരുകളുടെ ആദ്യാക്ഷരം ‘മ’ യിലാണ് തുടങ്ങുന്നത്. അവയുടെ ആദ്യാക്ഷരമായ ‘മ’ ചേര്‍ത്ത് ഇത്തരം എഴുത്ത് പ്രസിദ്ധീകരണങ്ങളെ ‘മ’ പ്രസിദ്ധീകരണങ്ങള്‍’ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി. സാധാരണക്കാരുടെ ജീവിതം പറയുന്ന ഇത്തരം നോവലുകളുമായി ധാരാളം പുതിയ എഴുത്തുകാര്‍ വന്നു തുടങ്ങി. മലയാളത്തിലെ ഒരു പ്രമുഖ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന വള്ളുവനാട്ടിലെ ഭാരതപ്പുഴയുടെ തീരത്തുള്ള നാരായണന്‍ നായരുടെയും നാരായണിയമ്മയുടെയും കഥക്കൊപ്പം വായനക്കാര്‍ മീനച്ചിലാറിന്റെ തീരത്തു നടക്കുന്ന ആന്റണിയുടെയും റാഹേലിന്റെയും പ്രണയവും ഏറ്റെടുത്തു. ഇ ജെ കാനം, മുട്ടത്തു വര്‍ക്കി, ചെമ്പില്‍ ജോണ്‍ എന്നിവര്‍ 1950 -60 കളിലെ കോട്ടയം വാരികകളുടെ ജനപ്രിയ എഴുത്തുകാരായി മാറി.
മലയാള നോവലുകളില്‍ അന്ന് വരെയില്ലാത്ത ജനപ്രിയാഖ്യാനം മുട്ടത്തുവര്‍ക്കി തന്റെ കൃതികളില്‍ അവതരിപ്പിച്ചതോടെ വായനക്കാര്‍ ആ നോവലുകള്‍ ഏറ്റു വാങ്ങി. ഒരേയൊരു വിപ്ലവാശയമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സാധാരണക്കാര്‍ക്ക് മനസിലാവുന്ന നോവല്‍ എഴുതണം കാശ് കിട്ടണം. അദ്ദേഹം അത് തുറന്നു പറഞ്ഞിട്ടുണ്ട്. ‘ദീപിക പത്രത്തിലെ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ടു മാത്രം കുടുംബം നടത്തിക്കൊണ്ടുവാന്‍ കഴിഞ്ഞില്ല. ഞാന്‍ ജീവിതപ്രാരാബ്ധങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന ആ അവസരത്തിലാണ് നോവലെഴുത്തിനെക്കുറിച്ചാലോചിച്ചത്. എഴുതാനുള്ള കടലാസ് ദീപികയില്‍ നിന്ന് കിട്ടും. അങ്ങനെ ഞാന്‍ എഴുതിത്തുടങ്ങി. ഞാന്‍ നോവലെഴുത്ത് തൊഴിലാക്കി മാറ്റി. എല്ലാ ആഴ്ചപ്പതിപ്പുകള്‍ക്കും എന്റെ നോവലുകള്‍ വേണമെന്നായ്. എന്റെ കഥകള്‍ വരുന്ന വാരികകളുടെ സര്‍ക്കുലേഷന്‍ വാണം പോലെ കുതിച്ചു കയറി. എനിക്ക് കാശ് കിട്ടി’.
വായനശാലകള്‍ കേരള സമൂഹത്തില്‍ ശക്തിയായി വേരോടാന്‍ തുടങ്ങിയ കാലമായിരുന്നു. മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ ഇല്ലാത്ത പ്രദേശിക ലൈബ്രറികള്‍ കേരളക്കരയില്‍ ഇല്ലെന്നായി. നിരൂപകനായ ഡോ. കെ.എം. തരകന്‍ എഴുതി’ ‘കേരളത്തില്‍ ഏറ്റവും കുറവു പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുന്നവരാണ് സുറിയാനി ക്രിസ്താനികള്‍. അങ്ങനെയുള്ള ഒരു സമൂദായത്തെ വായിക്കാന്‍ പഠിപ്പിക്കുകയാണ് മുട്ടത്തു വര്‍ക്കി ചെയ്തത്.’
വേഗത്തില്‍ പ്രചാരം നേടിയ മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ ഒരു ഘട്ടത്തില്‍ സാഹിത്യ പ്രവര്‍ത്ത സഹകരണ സംഘം അച്ചടിക്കാന്‍ വിസമ്മതിച്ചു. സംഘം ഭരണസമിതിക്കാരുടെക്കാള്‍ വായിക്കപ്പെടുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ അയോഗ്യത. മലയാള പ്രസാധക രംഗത്തെ ഉള്ളം കൈയിലിട്ടിരുന്ന, അന്ന് സംഘം സെക്രട്ടറിയായ ഡിസി കിഴക്കേ മുറി അതങ്ങനെ വിടാന്‍ തയ്യാറായില്ല. ഡിസിയുടെ സഹോദരനായ ജെ. ജോണ്‍സണിനെക്കൊണ്ട് കാശിറക്കി മുട്ടത്ത് വര്‍ക്കിയുടെ പുസ്തകങ്ങള്‍ അച്ചടിച്ച് എന്‍.ബി.എസിനെ വിതരണത്തിനേല്‍പ്പിച്ചു. ഇതിന്റെ വില്‍പ്പന സംഘത്തിന് വന്‍ ലാഭം ഉണ്ടാക്കി കൊടുത്തുയെന്നത് ആ സ്ഥാപനത്തിന്റെ ചരിത്രം പറയുന്നു. പിന്നീട് ഡി.സി സംഘം വിട്ട്, സ്വന്തം സ്ഥാപനമായ ഡിസി ബുക്‌സ് ആരംഭിച്ചപ്പോള്‍ മുട്ടത്തുവര്‍ക്കിയുടെ 40 പുസ്തകങ്ങള്‍ ഡി.സി ബുക്‌സിലൂടെ ഇറക്കി.
കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവായ കുടിയേറ്റത്തിന്റെ ചരിത്രം, തിരുവിതാം കൂറില്‍ നിന്ന് മലബാറിലെത്തിയ കുടിയേറ്റക്കാരുടെ കഥ എസ്. കെ. പൊറ്റെക്കാട് ‘വിഷ കനൃക’ യിലൂടെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചപ്പോള്‍ മുട്ടത്ത് വര്‍ക്കി ആ കുടിയേറ്റത്തിനവരെ പ്രേരിപ്പിച്ച സാമ്പത്തിക സാഹചര്യമടക്കമുള്ള അവരുടെ മുഴുവന്‍ ചരിത്രവുമെഴുതി. ‘1950 കളില്‍ സാധാരണ വായനക്കാര്‍ക്കുള്ള ഒരു പ്രസ്ഥാനമായിയാണ് ഇത് ആരംഭിച്ചത്. ക്രിസ്ത്യാനികള്‍ ആധിപത്യം പുലര്‍ത്തുന്ന ആ കുന്നിന്‍ പ്രദേശങ്ങളില്‍ നിരവധി തൊഴിലാളികള്‍ ജീവിച്ചിരുന്നു, ഈ നോവലുകള്‍ അവര്‍ക്കിടയില്‍ ഒരു സ്വപ്നലോകം സൃഷ്ടിച്ചു. സാഹിത്യ നിരൂപകനും സാംസ്‌കാരിക ചരിത്രകാരനുമായ പി കെ രാജശേഖരന്‍ പറയുന്നു. ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രഭാഷ, പുത്തുലയുന്ന ഫീച്ചര്‍ എഴുത്തുകളുടെ ഭാഷയും ശൈലിയും ഹൈസ്‌കൂള്‍, കോളേജ് തലത്തിലെ പ്രണയ ലേഖനങ്ങളുടെ ഭാഷ, നഴ്‌സുമാരുടെ കിനാവിന്റെ ഭാഷ ഇവയെല്ലാം ആദ്യമായി മുട്ടത്തു വര്‍ക്കിയുടെ കൃതികളിലൂടെയാണ് പ്രചരിച്ചത്. പിന്നീട് മറ്റുള്ളവര്‍ ഏറ്റെടുത്ത് പുഷ്‌കലമാക്കിയ ഒരു ശൈലിയായിരുന്നു അത്. എത്രയോ പ്രണയ നിലാവുകള്‍ക്ക് തുണയായി നിന്നിരിക്കാം ആ വര്‍ക്കി ശൈലി.
പ്രസിദ്ധീകരണം നിന്നു പോയ മനോരാജ്യം വാരിക അറുപതുകളുടെ അവസാനത്തില്‍ പുന:പ്രസിദ്ധീകരണത്തിന് ഒരുങ്ങിയപ്പോള്‍ അതിന്റെ പ്രവര്‍ത്തകര്‍ ഒരു ഉപാധി വെച്ചത് മുട്ടത്തു വര്‍ക്കിയുടെ ഒരു നോവല്‍ നിര്‍ബന്ധമായും ആദ്യ ലക്കത്തില്‍ വേണമെന്നായിരുന്നു. അത്രയ്ക്ക് വായനക്കാരുടെ അദ്ദേഹം മനസില്‍ ഇടം പിടിച്ചിരുന്നു. ദീപിക പത്രമാഫീസില്‍ കാല്‍ നൂറ്റാണ്ട് ഔദോഗികമായി ചിലവിട്ട കാലത്ത് നോവലെഴുത്തിന് പുറമേ 21 പത്രമാഫീസിലെ പരിഭാഷകളും ചെയ്തിരുന്നു ഫ്രാന്റം മാന്‍ഡ്രേക്ക് തുടങ്ങിയ കോമിക്ക് സ്ട്രിപ്പുകള്‍ ഏറെക്കാലം മൊഴിമാറ്റിയത് മുട്ടത്തു വര്‍ക്കിയായിരുന്നു. ഇംഗ്ലീഷ് നല്ല പോലെ വഴങ്ങുമായിരുന്ന അദ്ദേഹം ഡയറിയെഴുതിയിരുന്നതും ഇംഗ്ലീഷിലായിരുന്നു. ഈ തിരക്കുകള്‍ക്കിടയിലും ഒരു ഡസന്‍ കൃതികള്‍ മൊഴിമാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
സാഹിത്യപരവും ചരിത്രപരവുമായ കാരണത്താല്‍ മുട്ടത്തു വര്‍ക്കിയുടെ പരിഭാഷകളില്‍ ഏറ്റവും ശ്രദ്ധേയമായത് റഷ്യന്‍ നോവലിസ്റ്റും, കവിയും വിവര്‍ത്തകനുമായ ബോറീസ് പാസ്റ്റര്‍നാക്കിന്റെ ‘ ഡോക്ടര്‍ ഷിവാഗോ എന്ന പ്രശസ്ത നോവല്‍ വിവര്‍ത്തനം തന്നെ. ഡൊസ്റ്റോവിസ്‌ക്കിക്കും, ടോള്‍സ്റ്റോയിക്കും ശേഷം ലോകം ശ്രദ്ധിച്ച റഷ്യന്‍ എഴുത്തുകാരനായിരുന്നു ബോറിസ് പാസ്റ്റര്‍നാക്ക്. ശേഷം രാഷ്ട്രീയ സാഹചര്യങ്ങളാല്‍ പാസ്റ്റര്‍നാക്കിന് സ്വന്തം നാട്ടിലോ മാതൃഭാഷയിലോ തന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇറ്റലിയിലെ മിലാനിലെ പ്രസാധകന്‍ ജിയോ ഫെര്‍ട്ടിനെല്ലിയാണ് ഇറ്റാലിയന്‍ ഭാഷയില്‍ നോവല്‍ ഇറ്റലിയില്‍ പ്രസിദ്ധീകരിച്ചത്. 1958 ല്‍ നോബല്‍ സമ്മാനം പാസ്റ്റര്‍നാക്കിനെ തേടിയെത്തിയെങ്കിലും സ്വന്തം നാട്ടിലെ എതിര്‍പ്പ് മൂലം അത് അദ്ദേഹം സ്വീകരിച്ചില്ല. സമകാലീന റഷ്യയുടെ ആത്മാര്‍ത്ഥമായ ചിത്രീകരണം; ആത്മാര്‍ത്ഥയോടെ ഒരു കവി എഴുതിയത് എന്ന് നോവലിന്റെ ആമുഖത്തില്‍ പ്രസാധകന്‍ എഴുതി. അയാള്‍ തന്നെ മുന്‍കൈയ്യെടുത്ത്, ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഈ നോവലിന്റെ മൂല്യം ലോകമറിയുന്നതും പ്രശസ്തമാകുന്നതും. അതോടെ വിവാദങ്ങളും ആരംഭിച്ചിരുന്നു. നോവല്‍ സ്വന്തം രാജ്യത്തിന് പുറത്ത് പ്രസിദ്ധീകരിച്ച പാസ്റ്റര്‍നാക്ക് റഷ്യന്‍ ഭരണകൂടത്തിന് അനഭിമതനായി. ഒരു വിവാദത്തിനും ചെവികൊടുക്കാതെ, പ്രതികരിക്കാതെ ഒതുങ്ങി കൂടിയ പാസ്റ്റര്‍നാക്ക് 1960 മെയ് 30 ന് അര്‍ബുദം ബാധിച്ച് മരണമടഞ്ഞു.
1957 ല്‍ പ്രസിദ്ധീകരിച്ച ഡോക്ടര്‍ ഷിവാഗോവിന്റെ ഇംഗ്ലീഷ് പരിഭാഷ ഒരു വര്‍ഷത്തിന് ശേഷം പുറത്ത് വന്നു. നോബല്‍ സമ്മാന പരിവേഷം ലഭിക്കും മുന്‍പേ മുട്ടത്തു വര്‍ക്കി ഇതിന്റെ പരിഭാഷ ആരംഭിച്ചിരുന്നു. 1960 ല്‍ നല്ല കാലിക്കോ ബൈന്റില്‍ ഡോക്ടര്‍ ഷിവാഗോ പരിഭാഷ NBS പ്രസിദ്ധീകരിച്ചു. സ്വതന്ത്ര പരിഭാഷയായിരുന്നു മുട്ടത്ത് വര്‍ക്കി സ്വീകരിച്ചത്. മലയാള ഭാഷയുടെ സ്വാഭാവികത നിലനിറുത്തി കൊണ്ടുതന്നെ റഷ്യന്‍ ഗോതമ്പുപാടങ്ങളുടെ ഗന്ധവും മഞ്ഞിന്റെ തണുപ്പും വായനക്കാരനെ അനുഭവിപ്പിക്കാന്‍ പരിഭാഷകന് കഴിഞ്ഞു. കഥാപാത്രങ്ങളുടെ ദീര്‍ഘമായ റഷ്യന്‍ പേരുകള്‍ വായനക്ക് തടസമുണ്ടാകാതിരിക്കാന്‍ ചുരുക്കി. യൂറി ആന്ദ്രോ വിച്ച് ഷിവാഗോ എന്ന നായകന്‍ യൂറിയായി. മാര്‍ഫാ ഗവറിലോവന മാര്‍ഫയെന്നായി ചുരുങ്ങി. കഥാപാത്രങ്ങളുടെ പേരുകള്‍ പുസ്തകത്തില്‍, കൊടുത്തത് മാത്രം 2 പേജ് വരും. മലയാളത്തിലെ മികച്ച പരിഭാഷകളിലൊന്നായി ഡോക്ടര്‍ ഷിവാഗോ കണക്കാക്കപ്പെടുന്നു.
ഡി. സി. കിഴക്കേ മുറി ഒരിക്കന്‍ എഴുതിയതാണ്. തകഴിയുടെ ചെമ്മീന്‍ പ്രശസ്തിയുടെ കൊടുമുടി കയറിയ കാലം. അക്കൊല്ലം എസ്എസ്എല്‍സി പരീക്ഷക്ക് മലയാളം ചോദ്യപേപ്പറില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു. അടുത്ത കാലത്ത് ഏറ്റവും പ്രസിദ്ധി നേടിയ ഒരു മലയാള നോവലിന്റെ പേരെഴുതുക. പരീക്ഷയെഴുതിയ തകഴി ശിവശങ്കരപിള്ളയുടെ മകള്‍ എഴുതി – മുട്ടത്തു വര്‍ക്കിയുടെ ‘പാടാത്ത പൈങ്കിളി. ഈ സംഭവം തകഴിയോട് പറഞ്ഞ് പലപ്പോഴും ഞങ്ങള്‍ കളിയാക്കാറുണ്ട്. ഒന്ന് മുഖം കോട്ടുകയല്ലാതെ ഒരിക്കലും തകഴി ഇത് നിഷേധിച്ചിട്ടില്ല. മലയാള സാഹിത്യത്തമ്പുരാക്കന്മാര്‍ എന്നും അവജ്ഞയോടെയാണ് തന്നെ നോക്കിക്കാണുന്നതെന്ന് നന്നായി അറിയാമായിരുന്ന മുട്ടത്തു വര്‍ക്കി ഒരിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു സാഹിത്യ ലേഖനത്തില്‍ തന്നെ പരിഹസിക്കുന്ന പരാമര്‍ശം വായിച്ചു. ‘ വര്‍ക്കത്ത് മുട്ടി’ എന്നായിരുന്നു ലേഖനത്തിലെ പ്രയോഗം. മുട്ടത്ത് വര്‍ക്കി പ്രതികരിച്ചു. ഒരു കത്ത് മാത്രം പത്രാധിപര്‍ക്ക് എഴുതി. അത് അച്ചടിച്ചു വരികയും ചെയ്തു.’ ‘ചൊറിച്ചു മല്ലുമ്പോള്‍ തെറ്റാതെ ചൊല്ലണം. വര്‍ക്കത്ത് മുട്ടി എന്നല്ല. വട്ടത്ത് മുര്‍ക്കി എന്ന് വേണം’. എന്ന് – മുട്ടത്ത് വര്‍ക്കി.
കലാകൗമുദി വാരികയില്‍ തനിക്കെതിരെയുള്ള പടപ്പുറപ്പാടിനെതിരെ 1983 ല്‍ ഒരു ലേഖനത്തില്‍ മുട്ടത്തു വര്‍ക്കി എഴുതി. ‘എന്റെ പൈങ്കിളി നോവലുകള്‍ക്ക് ഡിമാന്‍ഡ് കൂടി കൂടി വരുന്നേയുള്ളൂ. എന്റെ നോവലുകള്‍ എക്കാലവും വിലമതിക്കപ്പെടുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഞാന്‍ ലോകത്തെ നന്നാക്കാനല്ല, ആഹ്ലാദിപ്പിക്കാനാണ് എഴുതുന്നത്. പണത്തിന് വേണ്ടിയാണ് എഴുതുന്നത്. ഒരു ശൂദ്ര വിമര്‍ശകന്‍ പറഞ്ഞ പോലെ ഞാന്‍ നോവല്‍ എഴുതുകയല്ല. ഉണ്ടാക്കുകയാണ്, നിര്‍മ്മിക്കുകയാണ്, പടയ്ക്കുകയാണ്.’ ഞാന്‍ പൈങ്കിളി നോവലിസ്റ്റാണെങ്കില്‍ മലയാളത്തിലെ ‘ മഹാ’ നോവലിസ്റ്റുകളെ ഏതിനത്തില്‍ പെടുത്തും. മസൂറി നോവലിസ്റ്റോ? അതോ കഴുകനോ? അതോ കൂമനോ?
നല്ലെയാളുകളെ വിവരക്കുറവു കൊണ്ട് കളിയാക്കിയാല്‍ അവര്‍ മറുപടി പറയില്ല. കളിയാക്കിയവന്‍ പിന്നീട് ദുഖിക്കേണ്ടി വരും. അങ്ങനെയൊരു ദുഃഖത്തില്‍ വീണു ഞാന്‍. കാമ്പിശ്ശേരി പത്രാധിപരായ ജനയുഗത്തില്‍ എം. കൃഷ്ണന്‍ നായര്‍ എഴുതി. ‘ മുട്ടത്തു വര്‍ക്കി തൂലികയെടുക്കുമ്പോള്‍ വിദ്യയുടെ അധിഷ്ഠാന ദേവതയായ സരസ്വതി ദേവി ലജ്ജിക്കുന്നു എന്നോ മറ്റോ ആണ് ഞാന്‍ എഴുതിയത്. ഫിഡില്‍ എന്ന നോവലില്‍ ഒരു കഥാപാത്രം രോഗം പിടിച്ച് കിടക്കുമ്പോള്‍ വെറെയൊരു കഥാപാത്രം വന്ന് ഫിഡില്‍ വായിക്കുന്നു. ഫിഡിലിന്റെ നാദം കേട്ട് രോഗി രോഗ വിമുക്തി നേടുന്നു. ഈ ഭാഗമെടുത്തെഴുതിയിട്ട് ഞാന്‍ ആക്ഷേപ സ്വരത്തില്‍ ചോദിച്ചു. ‘എന്നാല്‍ പിന്നെ ആശുപത്രികളില്‍ പെന്‍സിലിനും സ്‌ട്രൊപ്പറ്റൊമെസിനും ഒന്നും വേണ്ടല്ലോ കുറെ ഫിഡില്‍ വാങ്ങി അവിടെ കൊടുത്താല്‍ പോരെ? ഡോക്ടര്‍മാര്‍ ഓരോ രോഗിയുടേയും അടുത്ത് ചെന്ന് ഫിഡില്‍ വായിച്ചാല്‍ പോരെ രോഗം ഭേദമാകും’ അന്ന് മുട്ടത്ത് വര്‍ക്കിയെ ആക്ഷേപിച്ചത് തെറ്റായിപ്പോയി എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു. The Five Sense എന്ന പുസ്തകത്തില്‍ സംഗീതത്തിന്റെ രോഗോപശമശക്തിയെ കുറിച്ച് അസന്ദിഗ്ധമായി പലതും പറഞ്ഞിട്ടുണ്ട്. ബൈബിളിലെ ഡേവിഡ് സാരംഗി വായിച്ച് സോലിന്റെ ഉന്മാദം മാറ്റിയെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതൊക്കെ മനസിലാക്കിയാണ് വര്‍ക്കി ഫിഡില്‍ വായനയെ രോഗ വിമുക്തിയോട ബന്ധപ്പെടുത്തിയത്. ഫിഡില്‍ വായനയെ കുറിച്ച് ഞാന്‍ എഴുതിയത് വിവരക്കുറവുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. ഈ ലോകം വിട്ടു പോയ ആ നല്ല മനുഷ്യന്റെ ആത്മാവ് എനിക്ക് മാപ്പു തരട്ടെ. സാഹിത്യ വാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ എഴുതി.
എല്ലാ വിഭാഗത്തിലെയും കൂടി ഇരുനൂറോളം കൃതികള്‍. നോവലും കഥയും നാടകവും വിവര്‍ത്തനവും അടുക്കി വെച്ചാല്‍ മൂന്നു മുട്ടത്തു വര്‍ക്കിയുടെ ഉയരം വരും. ഒരിക്കലും മഷി വറ്റാത്ത എഴുത്ത്. എഴുതിയവയെല്ലാം ഒന്നാം തരമാണെന്ന് ഒരിക്കലും മുട്ടത്ത് വര്‍ക്കി അവകാശപ്പെട്ടില്ല. എച്ച്. ബി. ക്ലാപ്പ് സാറ്റിലിന്റെ വിഖ്യാതമായ ജീവചരിത്രം ‘ ഡോക്ടര്‍ മേയോ’ മുട്ടത്തുവര്‍ക്കി മായാത്ത കാല്‍പ്പാടുകള്‍ എന്ന പേരില്‍ പരിഭാഷപ്പെടുത്തി. മായാത്ത കാല്‍പ്പാടുകള്‍ക്ക് കവര്‍ വരച്ചത് പില്‍കാലത്ത് പ്രശസ്ത സംവിധായകനായ ജി. അരവിന്ദനാണ്. കവര്‍ പേജിന് ഒരു മാതൃകയുമായി കോട്ടയത്തെ ‘ആര്‍ട്ടിസാന്‍ ‘ എന്ന സ്ഥാപനത്തില്‍ വര്‍ക്കി സാര്‍ വന്ന കഥ എഴുത്തുകാരനായ എന്‍. ഗോപാലകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. വര്‍ക്കി സാര്‍ കൊണ്ടു മാതൃക ഇടതും വലതും രണ്ട് കാല്‍ പാദങ്ങള്‍ സമാന്തരമായി നില്‍ക്കുന്നതായിരുന്നു. മാതൃക കണ്ട് അവിടെയുണ്ടായിരുന്ന ഗോപാലകൃഷ്ണന്‍ പറഞ്ഞു, മലവിസര്‍ജ്ജനത്തിരിക്കുന്നവന്റെ കാല്‍പ്പാടുകളാണല്ലോ വര്‍ക്കി സാറെ’ ഇത് കേട്ട് ചൊടിച്ച വര്‍ക്കി സാറിനെ കൂടെയുള്ള അരവിന്ദന്‍ സമാധാനിപ്പിച്ച് ഫ്രീയായി കവര്‍ വരയ്ക്കാമെന്ന് പറഞ്ഞു തിരിച്ചയച്ചു. പിന്നെ അരവിന്ദന്‍ തന്നെ കുറച്ചു സമയം കൊണ്ട് കവര്‍ പൂര്‍ത്തിയാക്കി. ‘മണല്‍ വിരിച്ച് അതില്‍ ചായം തെറിപ്പിച്ച് കവര്‍ ഉണ്ടാക്കി. വര്‍ക്കി സാര്‍ കവര്‍ കണ്ട് ഇഷ്ടപ്പെടുകയും പതിനഞ്ച് രൂപ പ്രതിഫലമായി കൊടുക്കുകയും ചെയ്തു.
ജി അരവിന്ദന്‍ വരച്ച കവര്‍
ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന മുട്ടത്തുവര്‍ക്കിയുടെ ബാലസാഹിത്യ കൃതി ഏറെ പ്രശംസക്കപ്പെട്ട ചെറുനോവലായിരുന്നു. ആ വഴിയില്‍ അദ്ദേഹം പോയിരുന്നെങ്കില്‍ കുറെ കൂടി നല്ല ബാലസാഹിത്യ രചനകള്‍ ലഭിക്കുമായിരുന്നു എന്ന് പലരും വിലയിരുത്തിയിട്ടുണ്ട്.
1992 ല്‍ ആദ്യത്തെ മുട്ടത്ത് വര്‍ക്കി അവാര്‍ഡ് ലഭിച്ച ഒ.വി. വിജയന്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ചങ്ങനാശ്ശേരിയില്‍ വന്നപ്പോള്‍ ഒരു ചോദ്യമുണ്ടായി. ഖസാക്കിലെ രവിയുടെ പെട്ടിയില്‍ എന്തിനാണ് മുട്ടത്തു വര്‍ക്കിയുടെ പുസ്തകം വച്ചത്? ഉടന്‍ ഒ.വി. വിജയന്‍ പറഞ്ഞു. ‘മുട്ടത്തുവര്‍ക്കി കാല്‍പ്പിനകമായ പ്രണയ സരിത്തുകളില്‍ ഗ്രാമ വിശുദ്ധി കൂടി കലരുന്ന മനസിന്റെ പ്രതീകമാണ്.’ മുട്ടത്ത് വര്‍ക്കിയെ പരിഹസിക്കാനാണ് വിജയന്‍ രവിയുടെ പെട്ടിയില്‍ പുസ്തകം ഇട്ടുകൊടുത്തത് എന്ന സിദ്ധാന്തക്കാരുടെ കാര്യം അവിടെ നില്‍ക്കട്ടെ. അവര്‍ അത് തിരുത്തണമെന്നില്ല. അവര്‍ക്ക് വേണ്ടിയല്ലല്ലോ മുട്ടത്തു വര്‍ക്കി കഥകളെഴുതിയത്.
വയലാര്‍ രാമവര്‍മ്മയുടെ ആദ്യ കൃതി കവിത അച്ചടിച്ച് വന്നത് ദീപിക ഞായറാഴ്ചപ്പതിപ്പിലാണ് . ദേശബന്ധു, കേരള ഭൂഷണം, പൗരധ്വനി എന്നി വാരികളില്‍ കവിത കൊടുക്കാന്‍ കയറിയിറങ്ങി നിരാശനായ വയലാറിനെ യാദൃശ്ചികമായി മുട്ടത്തു വര്‍ക്കി കണ്ടു മുട്ടുന്നു. 40 വരിയുള്ള ആ കവിത ഇഷ്ടപ്പെട്ട മുട്ടത്തുവര്‍ക്കി അത് ദീപിക ഞായാഴ്ചപ്പതില്‍ കൊടുത്തു. പ്രതിഫലമായി 5 രൂപയും വയലാറിന് കൊടുത്തു. വയലാറിന്റെ ആദ്യ കൃതി അച്ചടിക്കാന്‍ മുട്ടത്തു വര്‍ക്കി കാരണക്കാരനായി. നടന്‍ എന്‍ ഗോവിന്ദന്‍ കുട്ടിയേയും ആദ്യമായി സിനിമയില്‍, ക്രിസ്തുമസ് രാത്രി എന്ന മെറിലാന്റ് ചിത്രത്തില്‍- അഭിനയിപ്പിച്ചതും മുട്ടത്ത് വര്‍ക്കിയായിരുന്നു.
‘മലയാളത്തിന്റെ എണ്ണപ്പെട്ട എഴുത്തുകാര്‍ക്കെല്ലാം സിനിമാ രംഗത്ത് കടന്ന് പണവും പ്രശസ്തിയും നേടാന്‍ വാതില്‍ തുറന്നു കൊടുത്തത്എന്റെ പാവപ്പെട്ട പൈങ്കിളിയാണ്. ഇന്ത്യന്‍ പ്രസിഡന്റ് സുനില്‍ ദത്തും നര്‍ഗീസും അഭിനയിച്ച ‘മദര്‍ ഇന്ത്യക്ക്’ സ്വര്‍ണ മെഡല്‍ കൊടുത്തപ്പോള്‍ നമ്മുടെ പാടാത്ത പൈങ്കിളിക്ക് വെള്ളി മെഡല്‍ തന്നു.’ മുട്ടത്ത് വര്‍ക്കി ഒരിക്കല്‍ അഭിമാനത്തോടെ പറഞ്ഞു. Muttathu Varkey, Popular malayalam novelist death anniversary
Content Summary; Muttathu Varkey, Popular malayalam novelist death anniversary
Leave a Comment