യുഎൻ വേദിയിൽ ഗാസയിലെ സൈനിക നടപടി പൂർത്തിയാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്നും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം ഭ്രാന്താണെന്നും നെതന്യാഹു പറഞ്ഞു.
യുഎൻ പൊതുസഭയിൽ നെതന്യാഹു പ്രസംഗിക്കാൻ എത്തിയപ്പോൾ 50ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള നൂറിലേറെ നയതന്ത്രജ്ഞർ പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോവുകയായിരുന്നു.
പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള യുകെ, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ തീരുമാനത്തെ നെതന്യാഹു ശക്തമായി വിമർശിച്ചു. ഞങ്ങൾ അത് ചെയ്യില്ല, ഒക്ടോബർ 7 ലെ ആക്രമണത്തിന് ശേഷം പലസ്തീനികൾക്ക് ഒരു രാജ്യം നൽകുന്നത് അൽ-ഖ്വയ്ദക്ക് ന്യൂയോർക്കിന് ഒരു മൈൽ അകലെ ഒരു രാജ്യം നൽകുന്നതിന് തുല്യമാണ്, നെതന്യാഹു പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര സമൂഹത്തിന്റെ വ്യാപകമായ വിമർശനങ്ങളെ അവഗണിച്ച്, ഗാസ സിറ്റിയിലെ ആക്രമണം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസിന്റെ ശേഷിക്കുന്ന സൈനികർ ഗാസയിൽ ഒളിച്ചിരിക്കുകയാണെന്നും ഒക്ടോബർ 7ലെ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇസ്രയേൽ യുദ്ധം പൂർത്തിയാക്കണമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചു. 193 യുഎൻ അംഗരാജ്യങ്ങളിൽ 157 എണ്ണവും ഇപ്പോൾ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നുണ്ട്.
അതേസമയം, വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള നെതന്യാഹുവിൻ്റെ തീരുമാനത്തെ താൻ നെതന്യാഹുവിനെ തടയുമെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ താൻ ഇസ്രയേലിനെ അനുവദിക്കില്ലെന്നും അത് ഒരിക്കലും സംഭവിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. നെതന്യാഹുവിന്റെ ഈ പരാമർശങ്ങൾ വരുന്നതിന് മുൻപ് തന്നെ, തലേദിവസം ഗാസയിൽ 22ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഹമാസിനുള്ള അന്ത്യശാസനം
ഹമാസ് നേതാക്കൾക്ക് യുഎൻ വേദിയിൽ വെച്ച് അന്ത്യശാസനവും നെതന്യാഹു നൽകി. ഹമാസ് ആയുധങ്ങൾ താഴെവെച്ച് കീഴടങ്ങണമെന്നും ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ പറയുന്നത് അനുസരിച്ചാൽ നിങ്ങൾ ജീവിച്ചിരിക്കുമെന്നും അല്ലെങ്കിൽ ഇസ്രയേൽ നിങ്ങളെ വേട്ടയാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
Content Summary: Netanyahu promises to “finish the fight” in Gaza during his UN speech as some delegates walk out
This post was last modified on September 27, 2025 10:38 am
Leave a Comment