നെറ്റ്ഫ്‌ളിക്‌സിലെ ‘ ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍’ അറസ്റ്റില്‍

ഇന്റര്‍പോള്‍ ആവശ്യപ്രകാരം ജോര്‍ജിയയില്‍ വച്ചാണ് അറസ്റ്റ് നടന്നത്‌

ഒരു തട്ടിപ്പുകാരന്റെ കഥ പറഞ്ഞ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയായിരുന്നു ‘ദി ടിന്‍ഡര്‍ സ്വിന്‍ഡ്ലര്‍’. ആ തട്ടിപ്പുകാരന്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നു. ഇന്റര്‍പോളിന്റെ അഭ്യര്‍ത്ഥനപ്രകാരം ജോര്‍ജിയയില്‍ വച്ചായിരുന്നു അറസ്റ്റ്.

ഷിമോണ്‍ യഹൂദ ഹയത് എന്ന സൈമന്‍ ലെവിവ് ആയിരുന്നു ദി ടിന്‍ഡര്‍ സ്വിന്‍ഡ്‌ലരറിലെ കേന്ദ്ര കഥാപാത്രം. ജോര്‍ജിയയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശമായ ബറ്റുമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരുന്നു ഹയതിനെ ഞായറാഴ്ച കസ്റ്റഡിയിലെടുക്കുന്നത്.

ശതകോടീശ്വരനായ വജ്ര മുതലാളി ലെവ് ലെവീവിന്റെ മകന്‍ ‘ സൈമണ്‍ ലെവീവ്’ ആയി വേഷം മാറി ടിന്‍ഡര്‍ എന്ന ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച സ്ത്രീകളില്‍ നിന്നും 2017 നും 2019 നും ഇടയിലായി 7.4 മില്യണ്‍ പൗണ്ട്(ഏകദേശം 887 കോടി) തട്ടിയെടുത്തുവെന്നാണ് 34 കാരനെതിരായ കുറ്റം.

ഓണ്‍ലൈന്‍ ലോകത്ത് ഒരു വ്യാജ ഐഡന്റിറ്റി സൃഷ്ടിച്ചായിരുന്നു സ്ത്രീകളെ അയാള്‍ വൈകാരികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നതെന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ പറയുന്നത്. വളരെ വിദഗ്ധമായിട്ടായിരുന്നു അയാള്‍ സ്ത്രീകളെ വശീകരിച്ചിരുന്നത്. ടിന്‍ഡര്‍ ആപ്പ് വഴി പരിചയപ്പെടുന്ന സ്ത്രീകളെ അയാള്‍ ആദ്യ ഡേറ്റിംഗിന് ക്ഷണിക്കുന്നത്, അവരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു. സ്വകാര്യ ജെറ്റുകളില്‍, അംഗരക്ഷകരുടെ അകടമ്പടിയോടെയായിരുന്നു സൈമണ്‍ സ്ത്രീകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അത്യാഢംബര സൗകര്യങ്ങള്‍ അയാള്‍ സ്ത്രീകള്‍ക്ക് മുന്നില്‍ തുറന്നു കൊടുക്കും.

ശതകോടീശ്വര പുത്രനായി തന്നെ അവതരിപ്പിച്ച് സ്ത്രീകളുടെ വിശ്വാസം പൂര്‍ണമായി നേടിയ ശേഷമായിരുന്നു സൈമണ്‍ തന്റെ തട്ടിപ്പ് തുടങ്ങുന്നതെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. പരിചയപ്പെട്ട സ്ത്രീകളെ പിന്നീട് സൈമണ്‍ വിളിക്കുന്നത്, തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗശൂന്യമായെന്നു പറഞ്ഞാണ്. അതിവിദ്ഗ്ധമായി അയാള്‍ തന്റെ വലയില്‍ വീണ സ്ത്രീകളെ പ്രലോഭിപ്പിച്ച് അവരുടെ പേരില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് എടുപ്പിക്കും. പിന്നീട് അതില്‍ നിന്നും പണം തട്ടും.

എന്നാല്‍ ഷിമോണ്‍ ഹയത് ഒരിക്കലും താനൊരു തട്ടിപ്പുകാരനാണെന്ന് സമ്മതിച്ചില്ല. ആരെയും പറ്റിച്ചിട്ടില്ലെന്നും ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും അയാള്‍ വാദിച്ചു. ബിറ്റ്‌കോയ്ന്‍ വഴി സമ്പത്ത് നേടിയെ, നിയമപരമായി ബിസിനസ് ചെയ്യുന്നൊരാളാണ് താനെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.

2019 ല്‍ ഷിമോണ്‍ ഹയത് ഗ്രീസില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്നയാളെ ഇസ്രയേലിലേക്ക് നാടു കടത്തി. അവിടെ അയാള്‍ക്കെതിരേ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ വിധിക്കുകയും 15 മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. പിഴ ശിക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി കാലമായിരുന്നതിനാല്‍ അഞ്ച് മാസമേ അയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വന്നുള്ളൂ. ഇപ്പോള്‍ ഇന്റര്‍പോളിന്റെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജിയയില്‍ അറസ്റ്റിലായെങ്കിലും ഏത് രാജ്യത്തിന്റെ ആവശ്യപ്രകാരമാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതെന്നതില്‍ വ്യക്തത വന്നിട്ടില്ല.  Netflix documentary Tinder Swindler. Shimon Hayut arrested in Georgia

Content Summary; Netflix documentary Tinder Swindler. Shimon Hayut arrested in Georgia

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment