June 13, 2026 |
Share on

നിതീഷ് യുഗത്തിന് അവസാനം; അധികാര മാറ്റത്തിനൊരുങ്ങി ബിഹാര്‍

സംസ്ഥാനത്ത് ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കും

ബിഹാറില്‍ അധികാര കൈമാറ്റത്തിന് കളം തയ്യാറായിരിക്കുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചൊവ്വാഴ്ച രാജിവെയ്ക്കുമെന്നാണ് വിവരം. അടുത്ത ദിവസം തന്നെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തേക്കും.

സംസ്ഥാനത്ത് ഇതാദ്യമായി ബി.ജെ.പിയില്‍ നിന്നൊരാള്‍ മുഖ്യമന്ത്രി പദവിയിലെത്തുകയാണ്. 1962-ല്‍ ഭാരതീയ ജനസംഘം മൂന്ന് നിയമസഭാ സീറ്റുകള്‍ നേടിയ കാലം മുതല്‍ ബിഹാറില്‍ സാന്നിധ്യമുണ്ടെങ്കിലും, ബി.ജെ.പിക്ക് ഇതുവരെ മുഖ്യമന്ത്രി പദം ലഭിച്ചിരുന്നില്ല. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നാണ് എന്‍.ഡി.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിതീഷ് കുമാറിന്റെ മകന്‍ നിശാന്ത് കുമാര്‍ ഉപമുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട്. നിലവില്‍ ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരാണുള്ളത്. എന്നാല്‍ ജെ.ഡി.യുവില്‍ മറ്റൊരു അധികാര കേന്ദ്രം വരുന്നത് ഒഴിവാക്കാന്‍ ഉപമുഖ്യമന്ത്രി പദം ഒന്നായി ചുരുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടേക്കാം.

കുശ്വാഹ വിഭാഗത്തില്‍ നിന്നുള്ള നേതാവായ സാമ്രാട്ട് ചൗധരിക്ക് ജെ.ഡി.യുവിന്റേയും മറ്റ് എന്‍.ഡി.എ സഖ്യകക്ഷികളുടേയും പിന്തുണയുണ്ട്. ചൊവ്വാഴ്ച നടക്കുന്ന എന്‍.ഡി.എ യോഗത്തില്‍ നിതീഷ് കുമാര്‍ തന്നെയാകും പുതിയ മുഖ്യമന്ത്രിയുടെ പേര് നിര്‍ദ്ദേശിക്കുക. മന്ത്രിസഭയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ലെങ്കിലും ജെ.ഡി.യു ചില പുതിയ മുഖങ്ങളെ ഉള്‍പ്പെടുത്തിയേക്കും. വിജയ് കുമാര്‍ സിന്‍ഹ, മംഗള്‍ പാണ്ഡെ തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ മന്ത്രിസഭയില്‍ തുടരാനാണ് സാധ്യത.

ഏതാണ്ട് 20 വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ തന്റെ ഔദ്യോഗിക വസതിയില്‍ നിന്നും സാധനങ്ങള്‍ പുതിയ താമസസ്ഥലമായ 7 സര്‍ക്കുലര്‍ റോഡിലേക്ക് മാറ്റിത്തുടങ്ങി. പത്തുതവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റെക്കോര്‍ഡുള്ള അദ്ദേഹത്തിന്റെ രാജി ബിഹാര്‍ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്. 2010 മുതല്‍ നിതീഷ് നയിച്ച സഖ്യം മൂന്ന് വലിയ വിജയങ്ങളാണ് നേടിയത്. 2010-ല്‍ 206 സീറ്റുകളും, 2015-ല്‍ 178 സീറ്റുകളും, ഒടുവില്‍ 2025-ല്‍ 202 സീറ്റുകളും നേടിയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ കരുത്ത് തെളിയിച്ചത്.

Content Summary; Nitish Kumar to resign today; a new power center in Bihar as BJP secures the Chief Minister post for the first time.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×