പുതിയ തൊഴിലുറപ്പ് നിയമം പ്രാബല്യത്തില്‍; കേരളത്തെ ബാധിക്കുന്നത് എങ്ങനെയൊക്കെ?

തൊഴില്‍ ദിനം കൂടുന്നത് ഗുണം. അധിക സാമ്പത്തിക ബാധ്യതവും, കുറഞ്ഞ കൂലി വര്‍ദ്ധനവും തിരിച്ചടി

VB-G RAM G -kerala

രണ്ട് പതിറ്റാണ്ടായി രാജ്യത്ത് നിലവിലുണ്ടായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം(എംജിഎന്‍ആര്‍ഇജിഎ, 2005) ചരിത്രമായി. ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)’ അഥവാ ‘വിബി-ജി റാം ജി’ (വിബി ജിആര്‍എഎംജി) ആക്ട്, 2025 പ്രകാരമുള്ള പുതിയ തൊഴിലുറപ്പ് പദ്ധതി ജൂലൈ ഒന്നു മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി അവിദഗ്ദ്ധ ഗ്രാമീണ തൊഴിലാളികളുടെ പുതിയ പ്രതിദിന വേതന നിരക്കുകളും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പുതിയ നിയമപ്രകാരം സംസ്ഥാനങ്ങളില്‍ പ്രതിദിന വേതനം 300 രൂപ മുതല്‍ 409 രൂപ വരെയായി നിശ്ചയിച്ചു. സിക്കിമിലെ ചില പ്രത്യേക ഗ്രാമപഞ്ചായത്തുകളില്‍ ഇത് 450 രൂപ വരെയാണ്.

വേതന വര്‍ദ്ധനവിലെ അസമത്വം

പുതിയ ശമ്പള പരിഷ്‌കരണത്തില്‍ ഉത്തരേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, അസം, ത്രിപുര, സിക്കിം, പശ്ചിമ ബംഗാള്‍ എന്നിവയ്ക്ക് 15 ശതമാനത്തിലധികം വേതന വര്‍ദ്ധനവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതന നിരക്കുള്ള (409 രൂപ) ഹരിയാനയില്‍ ഇത്തവണ വെറും 2.25 ശതമാനത്തിന്റെ മാത്രം ഏറ്റവും കുറഞ്ഞ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും വേതന വര്‍ദ്ധനവ് മൂന്ന് ശതമാനമോ അതില്‍ താഴെയോ ആയി ഒതുങ്ങി.

പുതുക്കിയ നിരക്കനുസരിച്ച് കേരളത്തില്‍ പ്രതിദിന വേതനം 401 രൂപയായും ഗോവയില്‍ 406 രൂപയായും കര്‍ണാടകയില്‍ 382 രൂപയായും നിശ്ചയിച്ചു. തമിഴ്നാട്ടില്‍ 345 രൂപയും, ആന്ധ്രയില്‍ 312 രൂപയും, തെലങ്കാനയില്‍ 308 രൂപയുമാണ് പുതിയ നിരക്ക്. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഒഡീഷ, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ 21 സംസ്ഥാനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കായ 300 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം സിക്കിമിലെ ലാച്ചന്‍, ലാചുങ്, ഗ്‌നാതാങ് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ തൊഴിലാളികള്‍ക്ക് 450 രൂപ വീതം പ്രത്യേക നിരക്കായി ലഭിക്കും.

നിലവിലുണ്ടായിരുന്ന തൊഴിലുറപ്പ് വേതനത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് പുതിയ പദ്ധതിയില്‍ കാണുന്നതെങ്കിലും, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2026-27) പഴയ പദ്ധതിയില്‍ കേന്ദ്രം വേതനം വര്‍ദ്ധിപ്പിക്കാതിരുന്നതിനാലാണ് ഈ വ്യത്യാസമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27-നാണ് കേന്ദ്രം അവസാനമായി എം.ജി.എന്‍.ആര്‍.ഇ.ജി.എ വേതനം പരിഷ്‌കരിച്ചത്. ഇത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും (ഏപ്രില്‍-ജൂണ്‍) തുടര്‍ന്നുപോരുകയായിരുന്നു. പുതിയ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ക്ക് വ്യത്യസ്ത വേതന നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നാല്‍ ഈ നിരക്കുകള്‍ പഴയ നിയമപ്രകാരമുള്ള വേതന നിരക്കിനേക്കാള്‍ കുറയരുതെന്ന് വ്യവസ്ഥയുണ്ട്.

ഫണ്ട് വിഹിതവും സംസ്ഥാനങ്ങളുടെ ആശങ്കയും

പുതിയ പദ്ധതിയില്‍ വരുത്തിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം കേന്ദ്ര-സംസ്ഥാന ഫണ്ട് വിഹിതത്തിലാണ്. പഴയ തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി ഇനത്തിലുള്ള തുകയുടെ 100 ശതമാനവും കേന്ദ്രമായിരുന്നു നല്‍കിയിരുന്നത്; സംസ്ഥാനങ്ങള്‍ മെറ്റീരിയല്‍ ചിലവിന്റെ ചെറിയൊരു പങ്ക് (ഏകദേശം 10 ശതമാനം) മാത്രമാണ് വഹിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ചിലവ് പങ്കിടല്‍ 60:40 എന്ന അനുപാതത്തിലായിരിക്കും. അതായത് ഭൂരിഭാഗം സംസ്ഥാനങ്ങളും തങ്ങളുടെ ആകെ ചിലവിന്റെ 40 ശതമാനം സ്വന്തമായി വഹിക്കേണ്ടി വരും. പുതിയ ഈ ചിലവ് പങ്കിടല്‍ വ്യവസ്ഥ സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണെന്ന് ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

പദ്ധതിയുടെ സുഗമമായ മാറ്റത്തിനായി, സ്വന്തം സംസ്ഥാനങ്ങളില്‍ പുതിയ നിയമപ്രകാരം പദ്ധതി വിജ്ഞാപനം ചെയ്യാന്‍ സാധിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സെക്ഷന്‍ 36 ഉത്തരവ് പ്രകാരം ഇത്തരം സംസ്ഥാനങ്ങള്‍ക്ക് മൂന്ന് പ്രധാന നിബന്ധനകളോടെ പഴയ എം.ജി.എന്‍.ആര്‍.ഇ.ജി.എ പദ്ധതിയുമായി താല്‍ക്കാലികമായി മുന്നോട്ട് പോകാം. പുതിയ ഭേദഗതി പ്രകാരം ഇത്തരം സംസ്ഥാനങ്ങളില്‍ തൊഴില്‍ ദിനങ്ങള്‍ 100 ദിവസത്തില്‍ നിന്നും 125 ദിവസമായി ഉയര്‍ത്തും. കൂടാതെ ചെയ്യുന്ന ജോലികള്‍ പുതിയ നിയമത്തിന്റെ ഷെഡ്യൂള്‍ 1-ന് അനുസൃതമായിരിക്കണം. താല്‍ക്കാലികമായി ആറ് മാസത്തേക്ക് പഴയ പദ്ധതി തുടരുന്ന സംസ്ഥാനങ്ങളും പുതിയ 60:40 ചിലവ് പങ്കിടല്‍ വ്യവസ്ഥ അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. തൊഴിലാള കേന്ദ്രീകൃതമായ ഈ പരിവര്‍ത്തനം സുഗമമാക്കാനാണ് താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഒരുക്കിയതെന്ന് ഗ്രാമവികസന മന്ത്രാലയത്തിന്റെ വിശദീകരണം.

കേരളത്തെ എങ്ങനെയെല്ലാം ബാധിക്കും?

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കേരള മന്ത്രിസഭ തീരുമാനം എടുത്തിട്ടുണ്ട്. ദേശീയതലത്തില്‍ പദ്ധതിയുടെ പേര് മാറ്റുന്നതിനെതിരെയും സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ക്കെതിരെയും വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇത് കേന്ദ്രാവിഷ്‌കൃത പദ്ധതിയായതിനാല്‍ കേരളത്തില്‍ നടപ്പിലാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറയുന്നത്. പുതിയ പദ്ധതി പ്രകാരം തൊഴില്‍ ദിനങ്ങള്‍ 100-ല്‍ നിന്നും 125 ദിവസമായും, ചെയ്യാവുന്ന ജോലികളുടെ എണ്ണം 266-ല്‍ നിന്നും 318 ആയും ഉയരും. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുടുംബങ്ങളെയും പുതിയ പദ്ധതിയിലേക്ക് നേരിട്ട് മാറ്റുമെന്നും ഇതിനായുള്ള സോഫ്റ്റ്വെയര്‍ മൈഗ്രേഷന്‍ നടപടികളും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

പുതിയ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന് ഇത് വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മുന്‍പ് തൊഴിലാളികളുടെ കൂലി മുഴുവനായും കേന്ദ്രം തന്നിരുന്ന സ്ഥാനത്ത്, പുതിയ 60:40 അനുപാതം വരുന്നതോടെ കേരളത്തിലെ തൊഴിലുറപ്പ് ചിലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കയ്യില്‍ നിന്ന് മുടക്കേണ്ടി വരും. ഇത് കേരളം പോലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്. കേന്ദ്ര-സംസ്ഥാന സാമ്പത്തിക വിഹിതത്തിന്റെ അനുപാതം 60:40 ആയി മാറുന്നതോടെ കേരളത്തിന്റെ വാര്‍ഷിക സാമ്പത്തിക ബാധ്യത 250 കോടി രൂപയില്‍ നിന്നും 2,090.96 കോടി രൂപയായി കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്; ഇതിന്റെ ആദ്യഘട്ടമായി പുതുക്കിയ ബജറ്റില്‍ 1,422.60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുമുണ്ട്.

കേരളത്തിലെ പുതുക്കിയ കൂലി 401 രൂപയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച 15 ശതമാനത്തിലധികം വര്‍ദ്ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് ലഭിച്ച വര്‍ദ്ധനവ് വെറും മൂന്നു ശതമാനത്തില്‍ താഴെ മാത്രമാണ്. വേതന വര്‍ദ്ധനവിലെ ഈ വിവേചനം തൊഴിലാളികള്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യില്ല.

പുതിയ പദ്ധതിയിലേക്ക് മാറുന്നതുവരെ താല്‍ക്കാലികമായി ലഭിക്കുന്ന ആറു മാസത്തെ ഇളവ് ഉപയോഗപ്പെടുത്തിയാല്‍, തൊഴിലാളികള്‍ക്ക് 100 ദിവസത്തിന് പകരം 125 ദിവസത്തെ തൊഴില്‍ ലഭിക്കും എന്നത് മാത്രമാണ് ഇതിലെ ഏക ആശ്വാസകരമായ വശം. എന്നാല്‍ ഇതിനും സംസ്ഥാനം 40 ശതമാനം വിഹിതം നല്‍കേണ്ടതുണ്ട്.

ചുരുക്കത്തില്‍, തൊഴിലാളികള്‍ക്ക് കൂടുതല്‍ ദിവസത്തെ തൊഴില്‍ ലഭിക്കുമെന്ന നേട്ടമുണ്ടെങ്കിലും, സംസ്ഥാന ഖജനാവിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന 40 ശതമാനം സാമ്പത്തിക ബാധ്യതയും കുറഞ്ഞ വേതന വര്‍ദ്ധനവും കാരണം ഈ പുതിയ പദ്ധതി കേരളത്തെ സംബന്ധിച്ച് വലിയ പ്രതിസന്ധികള്‍ക്കാണ് വഴിതുറക്കുന്നത്.

Content Summary; The new VB-G RAM G Act replaces MGNREGA with revised wage rates. The 60:40 cost-sharing pattern poses a major financial burden for states like Kerala

This post was last modified on July 1, 2026 2:45 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment