സിവില്‍ പോലീസ് ഓഫീസറുടെ മരണം; ഏഴു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതായും ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം അറിയിച്ചു.

പാലക്കാട് ജില്ലയിലെ കല്ലേക്കാട് എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏഴു പൊലീസുകാര്‍ക്ക് സസ്പെൻഷൻ. എഎസ്‌ഐമാരായ റഫീഖ് എം, ഹരിഗോവിന്ദ്, സീനിയര്‍ സിപിഒ മുഹമ്മദ് ആസാദ്, സിപിഒമാരായ കെസി മഹേഷ്, ശ്രീജിത് എസ്, വൈശാഖ് കെ, ജയേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് പാലക്കാട് എസ്.പി ജി ശിവവിക്രം വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോർട്ട് പറയുന്നു.

കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കുമാറിന്റെ അനുമതിയില്ലാതെ സാധനങ്ങള്‍ മാറ്റി, ക്വാര്‍ട്ടേഴ്‌സ് നല്‍കുന്നതില്‍ വീഴ്ച വരുത്തി, മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിയും അന്വേഷണം ഉണ്ടാകുമെന്നും പാലക്കാട് എസ്.പി വ്യക്തമാക്കുന്നു.

അതേസമയം, കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതായും ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം പറഞ്ഞു. ആരോപണത്തിന്റെ പശ്ചാത്തലിത്തിൽ മുന്‍ ഡെപ്യൂട്ടി കമാണ്ടന്റ് സുരേന്ദ്രനെതിരെ അന്വേഷണം നടക്കുകയാണെന്നും എസ്പി വ്യക്തമാക്കുന്നു.

അതിനിടെ, സംഭവത്തില്‍ എസ്‌സി- എസ്ടി കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ ക്യാംപിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. സംഭവത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ വ്യക്തമാക്കുന്നു. കുമാറിന്റെ ഭാര്യ സജിനിയില്‍ നിന്നും ആഗസ്റ്റ് 4 ന് കമ്മീഷന്‍ മൊഴിയെടുക്കും. കേസില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സജിനിയും മറ്റ് കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയായിരുന്നു കമ്മീഷന്റെ നടപടി.

 

 

 

അഴിമുഖം ഡെസ്ക്:
Leave a Comment