81,000 കോടിയുടെ ഗ്രേറ്റര്‍ നിക്കോബാര്‍ പദ്ധതിക്ക് ഹരിത ട്രൈബ്യൂണലിന്റെ പച്ചക്കൊടി

പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്

great nicobar project

നരേന്ദ്ര മോദി സര്‍ക്കാര്‍ ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 81,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പച്ചക്കൊടി. പദ്ധതിയുടെ പരിസ്ഥിതി അനുമതിയില്‍ ഇടപെടാന്‍ തക്കതായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ആറംഗ പ്രത്യേക ബെഞ്ച്, പദ്ധതിക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും നിരീക്ഷിച്ചു. രാജ്യത്തിന്റെ തന്ത്രപരമായ സുരക്ഷ മുന്‍നിര്‍ത്തിയും 2023-ലെ എന്‍ജിടി ഉത്തരവ് പ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചുമാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

2004-ലെ സുനാമിയില്‍ തകര്‍ന്ന തങ്ങളുടെ പൈതൃക ഭൂമി നഷ്ടപ്പെടുമെന്ന നിക്കോബാര്‍ നിവാസികളുടെ ആശങ്കയും പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ആഗോള തലത്തിലുള്ള മുന്നറിയിപ്പുകളും നിലനില്‍ക്കെ തന്നെ പദ്ധതിയുമായി മുന്നോട്ടു പോയിരുന്ന കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ അവരുടെ വഴി തീര്‍ത്തും സുഗമമാക്കി കൊടുക്കുന്നതാണ് ട്രൈബ്യൂണല്‍ വിധി.

ഏകദേശം 166 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ഒരു ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ട്, സംയോജിത ടൗണ്‍ഷിപ്പ്, സിവില്‍-മിലിട്ടറി എയര്‍പോര്‍ട്ട്, 450-എംവിഎ ഗ്യാസ്-സോളാര്‍ പവര്‍ പ്ലാന്റ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇതിനായി 130 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി വകമാറ്റേണ്ടി വരും. ലക്ഷക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റും.

ദ്വീപ് തീരദേശ നിയന്ത്രണ മേഖലയിലെ (ഐസിഈആര്‍ഇസ്ഡ്) ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ഒപ്പം രാജ്യത്തിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സന്തുലിത സമീപനമാണ് ഈ കേസില്‍ ട്രൈബ്യൂണല്‍ സ്വീകരിച്ചതെന്നാണ് വ്യാഖ്യാനം. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആശിഷ് കോത്താരി സമര്‍പ്പിച്ച ഹര്‍ജികളാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്. പദ്ധതിയുടെ ചില ഭാഗങ്ങള്‍ നിര്‍മ്മാണ നിരോധനമുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, മുന്‍ പരിസ്ഥിതി സെക്രട്ടറി ലീന നന്ദന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ആധാരമാക്കി, പദ്ധതിയുടെ ഒരു ഭാഗവും നിരോധിത മേഖലകളില്‍ വരുന്നില്ലെന്ന് ട്രൈബ്യൂണല്‍ സ്ഥിരീകരിച്ചു.

പവിഴപ്പുറ്റുകളുടെ സംരക്ഷണം, കടലാമകളുടെയും നിക്കോബാര്‍ മെഗാപോഡ് പോലുള്ള പക്ഷികളുടെയും ആവാസവ്യവസ്ഥ സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ നിബന്ധനകള്‍ പരിസ്ഥിതി അനുമതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രദേശത്ത് പവിഴപ്പുറ്റുകള്‍ ഇല്ലെന്നും ചിതറിക്കിടക്കുന്നവ ശാസ്ത്രീയമായി മാറ്റിസ്ഥാപിക്കുമെന്നുമുള്ള സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും കോടതി അംഗീകരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം കടല്‍തീരം ഇല്ലാതാകാനോ കടല്‍ക്ഷോഭം ഉണ്ടാകാനോ പാടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. തന്ത്രപ്രധാനമായ പദ്ധതികള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നടപ്പിലാക്കുമ്പോള്‍ സ്വീകരിക്കേണ്ട ‘സന്തുലിത സമീപനം’ എന്ന തത്വം വരുംകാല പ്രോജക്റ്റുകള്‍ക്കും ഈ വിധിയിലൂടെ ഒരു മാതൃകയാകുമെന്ന് പറയുന്നു. വന്‍തോതിലുള്ള വികസനവും പരിസ്ഥിതി സംരക്ഷണവും ഒരേപോലെ കൊണ്ടുപോകണമെന്ന നിരീക്ഷണത്തോടെയാണ് ഹരിത ട്രൈബ്യൂണല്‍ ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.

Content Summary: National Green Tribunal special bench give environmental clearance for Great Nicobar mega infrastructure project

This post was last modified on February 17, 2026 9:21 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment