പതിനെട്ട് വര്‍ഷമായി ഇറാന്റെ തടവറയില്‍ കഴിയുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും സമാധാന നൊബേല്‍ ജേതാവുമായ നര്‍ഗീസ് മുഹമ്മദിക്ക് ഞായറാഴ്്ച്ച ജാമ്യം അനുവദിച്ചു. രണ്ടര മാസം മുമ്പ് ജയിലില്‍ വെച്ച് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് സിന്‍ചാന്‍ എന്ന സ്ഥലത്തെ ചെറിയ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച നര്‍ഗീസിന്റെ ആരോഗ്യനില വഷളായതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് ബന്ധുക്കള്‍ അധികൃതരെ സമീപിച്ചിരുന്നു. മരണത്തോട് മല്ലടിച്ച് കഴിയുന്ന നര്‍ഗീസിന് ജാമ്യം അനുവദിക്കുകയും തലസ്ഥാനമായ ടെഹ്‌റാനിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 44 വര്‍ഷത്തെ ജയില്‍വാസമാണ് ഇറാന്‍ കോടതി നര്‍ഗീസിന് വിധിച്ചിട്ടുള്ളത്. ഇതിനിടെ നിരവധി പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന അവര്‍ പലപ്പോഴായി കുറിച്ചിട്ട ജയില്‍ ഡയറി ഈ സെപ്തംബറില്‍ വിദേശത്ത് പ്രസിദ്ധീകരിക്കപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ ഇറാനിലെ സമരനായികയുടെ ജ്വലിക്കുന്ന ആത്മകഥ യായിരിക്കുമതെന്ന് ‘ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുള്‍മുറിയില്‍ തുണ്ട് കടലാസുകളിലും ടിഷ്യു പേപ്പറുകളിലും മറ്റുമായി കോറിയിട്ട സ്വാനുഭവങ്ങളുടെ ചോര പുരണ്ട അധ്യായങ്ങളാണ് ‘ഒരു സ്ത്രീയുടെ നിലയ്ക്കാത്ത പോരാട്ടം’ എന്ന ശീര്‍ഷകത്തിലുള്ള നര്‍ഗീസിന്റെ പുസ്തകം.
ഭരണാധികാരികള്‍ അഴിച്ചു വിട്ട കൊടുംക്രൂരതയുടെ ഇരകളായ ഇറാനിലെ സാധാരണ മനുഷ്യര്‍ക്കായി എന്റെ സമാധാന നൊബേല്‍ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നുവെന്ന് മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നര്‍ഗീസ് മുഹമ്മദി. കഴിഞ്ഞ വര്‍ഷമാണ് അവരുടെ ജയില്‍വാസം ഏഴര കൊല്ലം കൂടി നീട്ടിക്കൊണ്ട് ഇറാന്‍ റവലൂഷനറി സര്‍ക്കാര്‍ വിധി പുറപ്പെടുവിച്ചത്. നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട നര്‍ഗീസിന് മുമ്പില്‍ സുദീര്‍ഘമായ തടവറക്കാലം ഇനിയും ബാക്കിയുണ്ട്. അതിനിടയിലാണ് ജയിലില്‍ ബോധക്ഷയയായി വീണതും ഹൃദയാഘാതം നേരിട്ടതും. അപ്പോഴും അവരെ ചികിത്സ നല്‍കാതെ ദ്രോഹിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. രാജ്യത്തിനകത്തും പുറത്തും പ്രതിഷേധത്തിന്റെ തീയാളി. യുദ്ധക്കെടുതി അനുഭവിക്കുന്ന ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന് നര്‍ഗീസ് മുഹമ്മദിക്കെതിരായ നിലപാട് കൂടി കാരണമായി മാറി.
നര്‍ഗീസ് മുഹമ്മദിയെത്തേടി നോര്‍വീജിയന്‍ നൊബേല്‍ പുരസ്‌കാര സമിതിയുടെ 2023 ലെ സമാധാന സമ്മാനത്തിന്റെ അറിയിപ്പെത്തുമ്പോള്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന കുപ്രസിദ്ധമായ എവിന്‍ ജയിലിന്റെ അഴികള്‍ക്ക് പിറകിലായിരുന്നു അവര്‍. സഹതടവുകാരിയും ബ്രിട്ടീഷ്- ഇറാനിയന്‍ പൗരത്വമുള്ള മനുഷ്യാവകാശപ്രവര്‍ത്തകയുമായ നസാനില്‍ സെഗാരിയാണ് ആനന്ദക്കണ്ണീരോടെ ഈ വാര്‍ത്ത അവരെ അറിയിച്ചത്.
ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരായ എന്റെ പോരാട്ടത്തിന് ഈ അംഗീകാരം ഊര്‍ജ്ജം പകരുന്നുവെന്നായിരുന്നു നര്‍ഗീസിന്റെ ആദ്യപ്രതികരണം. ആരോഗ്യ കാരണങ്ങളാല്‍ മുമ്പ് ഒരു തവണ പുറത്തിറിങ്ങിയിരുന്നു നര്‍ഗീസ്. എതിര്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഇറാനിയന്‍ പൗരന്മാരെ കൂട്ടക്കൊല ചെയ്യുന്നതില്‍ പ്രതിഷേധിച്ച് നടന്ന റാലിയെ ആവേശഭരിതമാക്കി നര്‍ഗീസ് അന്ന് അതില്‍ പങ്കെടുക്കുകയും സമരക്കാരില്‍ ഊര്‍ജം വിതച്ച് പ്രസംഗിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ അവരെ പിടികൂടി മഷാദ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നിലവിലെ ജയില്‍ ശിക്ഷയ്ക്ക് പുറമെ ഏഴര വര്‍ഷം കൂടി തടവ്, രണ്ട് വര്‍ഷത്തെ യാത്രാ നിരോധനം, തുടര്‍ന്ന് ഏകാന്ത വാസം- ഇതാണ് കോടതി വിധിയെന്ന് അവരുടെ അഭിഭാഷകന്‍ മുസ്തഫ നീല്‍ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് നേരെയുള്ള രാജ്യത്തെ കഠിനമായ പീഡനത്തിനെതിരായ ഉജ്വലപോരാട്ടത്തിനായിരുന്നു രണ്ട് വര്‍ഷം മുമ്പ് നര്‍ഗീസിനെത്തേടിയെത്തിയ നൊബേല്‍ പുരസ്‌കാരം.
സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് മാധ്യമ പ്രവര്‍ത്തക കൂടിയായ നര്‍ഗീസിനെ നൊബേല്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതെന്നാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ പ്രഖ്യാപിച്ചിരുന്നത്. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികമായ ഡിസംബര്‍ പത്തിന് പുരസ്‌കാരം ജയിലില്‍ എത്തി സമ്മാനിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ ജേതാവുമായ ഷിറിന്‍ എബാദി പുരസ്‌കാരം നേടിയ ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്ന പത്തൊമ്പതാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയന്‍ വനിതയുമാണ് നര്‍ഗീസ് മുഹമ്മദി. പതിമൂന്ന് തവണ തടവിലാക്കപ്പെടുകയും അഞ്ചു തവണ ശിക്ഷിക്കപ്പെടുകയും ചെയ്ത ഇവര്‍ ഇതിനകം പലപ്പോഴായി
നിരവധി വര്‍ഷങ്ങളുടെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വധശിക്ഷക്കെതിരെ നിരന്തരം പോരാടിയ നര്‍ഗീസിനെ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് ഇറാന്‍ ഭരണകൂടം ആദ്യം ശിക്ഷിച്ചത്. മൊത്തം 44 വര്‍ഷത്തെ ജയില്‍വാസത്തിനു പുറമെ 154 ചാട്ടവാറടിയും നര്‍ഗീസിന് വിധിച്ചിരുന്നു. നൊബേല്‍ സമ്മാന കമ്മിറ്റി വെബ്‌സൈറ്റിലുടെ അറിയിച്ചതായിരുന്നു ഇത്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവര്‍ നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചത് ഇറാനിന് അകത്തും പുറത്തും ആഹ്ലാദാരവങ്ങളോടെയാണ് വനിതാ പ്രവര്‍ത്തകര്‍ അന്ന് സ്വീകരിച്ചത്. നര്‍ഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം ഇറാനികള്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. ‘നര്‍ഗീസിന്റെ ധീരമായ പോരാട്ടത്തിന് വളരെയധികം വ്യക്തിപരമായ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നു. നൊബേല്‍ സമിതി പ്രസ്താവനയില്‍ വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി തുടരുന്ന ഇറാനിലെ മുന്‍നിര മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് നര്‍ഗീസ് മുഹമ്മദി. സദാചാര പോലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമിനി എന്ന കുര്‍ദിഷ് യുവതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2022 ല്‍ രാജ്യത്ത് അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ പ്രതിഷേധങ്ങള്‍ ആഗോള തലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.- ‘ഒരു ശിക്ഷയേയും ഞാന്‍ ഭയക്കുന്നില്ല. അത് എന്തുതന്നെയായാലും തന്റെ പോരാട്ടം ഈ നിലയില്‍ തന്നെ തുടരുമെന്നാണ് നര്‍ഗീസ് ഇറാനിയന്‍ ഭരണകൂടത്തിന് നല്‍കുന്ന മറുപടി.
ഇരുപത്തി നാലാം വയസ്സില്‍ വിവാഹിതയായ നര്‍ഗീസിന്റെ ഭര്‍ത്താവ് തഗി റഹ്‌മാനിയാണ്. കിയാന, അലി എന്നീ ഇരട്ടക്കുട്ടികളും ഇവര്‍ക്കുണ്ട്. ആകെ ആറ് വര്‍ഷം മാത്രമാണ് നര്‍ഗീസിന് കുടുംബത്തിനൊപ്പം കഴിയാന്‍ കഴിഞ്ഞത്.
ഇറാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായ നര്‍ഗീസ്, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വധശിക്ഷ ഇല്ലാതാക്കുന്നതിനും വേണ്ടി വിദ്യാര്‍ത്ഥി ജീവിത കാലം തൊട്ടേ ശക്തമായ പോരാട്ടമാണ് നടത്തിവന്നിരുന്നത്. 1972 ല്‍ ഇറാന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ സാന്‍ജാനില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ നര്‍ഗീസ് എന്‍ജിനീയറും മാധ്യമപ്രവര്‍ത്തകയുമായും പ്രവര്‍ത്തിച്ചു. ഇറാന്റെ സാമൂഹിക നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് അവര്‍ മാധ്യമ പ്രവര്‍ത്തനം തെരഞ്ഞെടുത്തത്.
മുമ്പ് പല തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള നര്‍ഗീസ് ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ തന്നെ പലപ്പോഴായി 13 തവണ തടവ് ശിക്ഷയും അനുഭവിച്ചു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ അറസ്റ്റു വരിച്ചു. സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍ഡേഴ്‌സ് എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റാണവര്‍. നിലവില്‍ ഇറാനിയന്‍ ഭരണകൂടം വിധിച്ച നീണ്ട കാലത്തെ ജയില്‍വാസത്തിന്റെ ഏകാന്തവ്യഥകളിലും പോരാട്ടത്തിന്റെ ആഗോള പ്രതീകമായി അവര്‍ മാറിയിരിക്കുന്നു. ഇന്നോളം നര്‍ഗീസ് മുഹമ്മദിയുടെ പേര് കേള്‍ക്കാത്തവരായിരുന്നു പുറം ലോകത്തെ മനുഷ്യര്‍. നൊബേല്‍ പുരസ്‌കാര വാര്‍ത്തയറിഞ്ഞതോടെ അവര്‍ ആഗോളശ്രദ്ധയിലേക്കെത്തുകയായിരുന്നു. സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി പൊരുതുന്ന മനുഷ്യര്‍ക്കെല്ലാം നര്‍ഗീസ് ആവേശമായി മാറിയിരിക്കുന്നു.
ഇറാനിയന്‍ അഭിഭാഷകയും മനുഷ്യാവകാശ പോരാളിയുമായ ഷിറിന്‍ എബാദി സ്ഥാപിച്ച സംഘടനയില്‍ 2000 – ലാണ് നര്‍ഗീസ് ചേരുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ള പോരാട്ട പ്രവര്‍ത്തനത്തിന് ഷിറിന്‍ എബാദി 2003ല്‍ സമാധാനത്തിനുള്ള നൊബേല്‍ നേടിയിരുന്നു.
ഒരു ശിക്ഷയേയും ഞാന്‍ ഭയക്കുന്നില്ല. അത് എന്തുതന്നെയായാലും തന്റെ പോരാട്ടം ഈ നിലയില്‍ തന്നെ തുടരുമെന്നാണ് അവര്‍ ഭരണകൂടത്തിന് നല്‍കുന്ന മറുപടിയെന്ന പ്രസ്താവന, ഇനിയും ഇറാന്‍ ഭരണാധികാരികളുടെ ഉറക്കം കെടുത്തുമെന്നുറപ്പ്. ശിക്ഷാ കാലാവധി ദീര്‍ഘിപ്പിച്ചതിന്റെ പ്രേരണയും മറ്റൊന്നാവില്ല.
ഇരട്ടക്കുട്ടികളായ അലിയേയും കിയാനയേയും നര്‍ഗീസ് പ്രസവിക്കുമ്പോള്‍ തീര്‍ത്തും ശോഷിച്ച ആരോഗ്യം കാരണം കുഞ്ഞുങ്ങളെയെടുക്കാന്‍ നര്‍ഗീസിന് കഴിഞ്ഞിരുന്നില്ല. ആശുപത്രി മുറിയിലെ ജനാലയിലൂടെയാണ് അവരെ ആദ്യമായി കണ്ടത്. ജനിച്ചപ്പോള്‍ മുതല്‍ അമ്മയുമായി അകന്നു കഴിയാന്‍ മാത്രം ദുര്യോഗമുണ്ടായ കുട്ടികളായിരുന്നു അവര്‍.
ഈ കുഞ്ഞുങ്ങള്‍ക്ക് മൂന്നുവയസ്സും ആറുമാസവും പ്രായമുള്ള ഒരു രാത്രിയിലാണ് ആദ്യമായി നര്‍ഗീസിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്നത്. സുഖമില്ലാത്ത കിയാനയെ ആശുപത്രിയില്‍ നിന്നും കൊണ്ടുവന്നതേ ഉണ്ടായിരുന്നുള്ളൂ. അലി കരഞ്ഞുകൊണ്ടിരുന്നു. അലിയെ താരാട്ടുപാടി ഉറക്കാന്‍ പോലീസുകാര്‍ അനുവദിച്ചു. ഉറങ്ങാന്‍ കൂട്ടാക്കാത്ത കിയാനയെ നര്‍ഗീസ് ഉമ്മവച്ചു. പോകാന്‍ സമയമായി എന്ന് പോലീസ് അറിയിച്ചപ്പോള്‍ നര്‍ഗീസ് മകളെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രയാസപ്പെട്ടു. പോലീസിനൊപ്പം പടികളിറങ്ങുമ്പോള്‍ കിയാനയുടെ കരച്ചില്‍ പിറകെ ആര്‍ത്തലച്ചെത്തിയിരുന്നു. തിരികെ ചെന്ന് കിയാനയെ വീണ്ടും വാരിയെടുത്ത് ആ അമ്മ ഉമ്മവച്ചത്, ഒരു വേള ഇറാനിയന്‍ ക്ലാസിക്കല്‍ സിനിമകളുടെ സംവിധായകര്‍ പോലും ഇന്നോളം ഒപ്പിയെടുക്കാത്ത വിധം മനുഷ്യ ഹൃദയങ്ങളിലേക്ക് ഇരച്ചുപാഞ്ഞ വജ്രസൂചികള്‍ പോലെയുള്ള വിഷാദഭരിതമായ വിഷ്വല്‍ ആയിരിക്കണം.
പിന്നെയും മൂന്നുതവണ കൂടി നര്‍ഗീസ് അറസ്റ്റിലായി. അവരുടെ നാലാം വയസ്സിലും അഞ്ചാം വയസ്സിലും എട്ടാം വയസ്സിലും. മക്കളില്‍ നിന്നും വേര്‍പെട്ടുപോകുമ്പോള്‍ അനുഭവിച്ച വിരഹവേദനയെക്കുറിച്ച് വികാരഭരിതമായി എവിന്‍ ജയിലിലെ മലനിരകള്‍ക്കു മുന്നിലേക്ക് തുറക്കുന്ന ഒറ്റ ജനാല മാത്രമുള്ള സെല്ലിലിരുന്ന് നര്‍ഗീസ് എഴുതിയിട്ടുണ്ട്. അമ്മയെ പൊലീസിന് വിട്ടുകൊടുക്കാതെ കഴുത്തിനു കെട്ടിപ്പിടിച്ചു കിടന്ന അലിയും കിയാനയും. പോലീസിനൊപ്പം പോകുമ്പോഴൊക്കെയും പിന്നില്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ കരഞ്ഞ തന്റെ കുഞ്ഞുങ്ങള്‍, സദാ പിന്നിലേക്ക് പിടിച്ചുവലിച്ച അവരുടെ നിലവിളികള്‍.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തുവര്‍ഷത്തെ തടവിനു വിധിക്കപ്പെട്ട നര്‍ഗീസിനെ കൊണ്ടുപോകാന്‍ വന്ന പോലീസ് അലിയും കിയാനയും സ്‌കൂളിലേക്ക് പുറപ്പെടാന്‍ വേണ്ടി പുറത്തു കാത്തുനിന്നു. പിന്നീട് ഇന്നുവരെ നര്‍ഗീസ് അവരെ കണ്ടിട്ടില്ല. ഇറാനില്‍ നിന്നും അവര്‍ക്ക് പിതാവിനൊപ്പം പാരീസിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവര്‍ രാജ്യത്തു ഇല്ലാത്തതിനാല്‍ ഫോണില്‍ സംസാരിക്കാനുള്ള അവസരവും നിഷേധിച്ചു. അവിടേക്ക് സന്ദര്‍ശകര്‍ക്കും കനത്ത വിലക്കാണ്.
ഇറാന്റെ മേല്‍ മിസൈലുകളുടെ മുരള്‍ച്ചയും പോര്‍ വിമാനങ്ങളുടെ ഇരമ്പവുമുണ്ട്. എവിന്‍ ജയിലിലെ കൂറ്റന്‍ മതില്‍ക്കെട്ടുകളും ചെങ്കല്‍സൗധവും പീഡനമുറികളും സ്ഥാപിച്ചത് ഏറെക്കാലം ഇറാനെ കൈക്കുടന്നയിലിട്ട് അമ്മാനമാടിയ ഷാ പെഹ്ലവിയാണ്. പിന്നാലെ വന്ന ഖൊമൈനിയും അനുചരന്മാരും മര്‍ദ്ദനങ്ങളുടെ വ്യാകരണങ്ങള്‍ മാറ്റി. അടിസ്ഥാനപരമായി ഭരണകൂടങ്ങളുടെ മര്‍ദ്ദനസ്വഭാവം മാറുന്നതിനു പകരം അത് കൂടുതല്‍ തീക്ഷ്ണവും മനുഷ്യവിരുദ്ധവുമായി മാറി. ഇന്നും അതങ്ങനെ തുടരുന്നു.
ജയിലിലെ ഘടികാരമണി മുഴങ്ങുന്നു. പുറത്ത് സൈറണ്‍ നിലവിളിക്കുന്നു. എവിന്‍ ജയിലിലെ കൊച്ചുകിളിവാതിലിനപ്പുറത്ത് പകലെരിയുന്നു. മറ്റൊരു രാത്രിയുടെ ഉദയമല്ലാതെ സൂര്യനെ കണി കാണാത്ത ആവര്‍ത്തനവിരസമായ മറ്റൊരു ദിനം കൂടി. തടവുകാരുടെ വിലാപത്തിലും ശുഭകാമനകളുടെ തെളിമയുള്ള കിനാവുണ്ട്. സൂഫികളുടേയും ഖവാലികളുടേയും ഈരടി നിറഞ്ഞ ഇറാനിയന്‍ കിനാവുകള്‍. പേര്‍ഷ്യന്‍ സംസ്‌കൃതിയെ കവിതാമയമാക്കിയ ഹാഫിസിന്റേയും ഫിര്‍ദൗസിയുടേയും ചമല്‍ക്കാരഭംഗിനിറഞ്ഞ ചരിത്രഭൂമിക. പല തവണ ഭൂമിയെ കുലുക്കിയ മലനിരകളിലെ പൊടിഞ്ഞുവരുന്ന പച്ചപ്പിലേക്ക് നോക്കി നര്‍ഗീസ് മുഹമ്മദി കുത്തിക്കുറിച്ച ഡയറിയില്‍ താന്‍ അനുഭവിച്ച വേദനകള്‍ മുഴുവനുണ്ടാകും. ഇറാനിലെ വനിതകളുടെ വരണ്ട ജീവിതത്തിന് ശാശ്വതമായ വിടുതല്‍. ഭീതിരഹിതമായ സ്വച്ഛജീവിതം. ദു:സ്വപ്നങ്ങളില്ലാത്ത ഇളംകാറ്റടിക്കുന്ന ഇരവുകള്‍.
എവിനിലെ ജയിലിനകത്തിരുന്ന് നര്‍ഗീസ് മുഹമ്മദി സ്വപ്നം കണ്ടത് ഇപ്പോള്‍ മിസൈല്‍വര്‍ഷത്തില്‍ കരിഞ്ഞമരുന്ന തന്റെ നാട്ടിലെ ഒമ്പത് കോടി ഇറാനിയന്‍ ജനതയുടെ സ്വച്ഛത നിറഞ്ഞ ജീവിതമായിരിക്കും. ആക്രമണം അഴിച്ചു വിടുന്ന വിദേശ ശക്തികളെയും ആഭ്യന്തര ഭരണാധിപരേയും പേടിക്കാത്ത, ഭരണകൂട മര്‍ദ്ദനങ്ങളില്ലാത്ത ജീവിതം.
Content Summary: Nobel Peace Prize winner Narges Mohammadi released from Iran prison over health concerns. Narges Mohammadi Jail diaries
This post was last modified on May 11, 2026 3:14 pm
Leave a Comment