ഓര്‍ഫിഷുകള്‍ ലോകദുരന്തത്തിന്റെ സൂചനയോ?

രണ്ട് കൂറ്റന്‍ ഓര്‍ഫിഷുകള്‍ കരയ്ക്കടിഞ്ഞത്

ഇറാന്‍-അമേരിക്ക സംഘര്‍ഷം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തില്‍, പ്രകൃതിയും യുദ്ധവും തമ്മിലുള്ള നിഗൂഢമായ ബന്ധത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാക്കുന്ന ഒരു വാര്‍ത്തയാണ് മെക്‌സിക്കോയില്‍ നിന്ന് പുറത്ത് വരുന്നത്. മെക്‌സിക്കോയിലെ സമുദ്രതീരത്ത് ഒരേസമയം ലോകാവസാനത്തിന്റെ പ്രവാചകനെന്ന് വിശേഷിക്കപ്പെടുന്ന ഓര്‍ഫിഷ് അഥവാ അന്ത്യദിന മത്സ്യങ്ങളെ കണ്ടെത്തിയത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന് തൊട്ടുമുമ്പ്, ആഴക്കടലിലെ ഈ നിഗൂഢ ജീവികള്‍ സമുദ്രോപരിതലത്തിലേക്ക് എത്തിയത് വെറുമൊരു യാദൃശ്ചികതയാണോ അതോ വരാനിരിക്കുന്ന മഹാവിപത്തുകളുടെ മുന്നറിയിപ്പാണോ എന്ന ഭീതിയിലാണ് വിനോദസഞ്ചാരികളും ശാസ്ത്രലോകവും.

ഇറാന്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, മെക്‌സിക്കോയിലെ ബാജ കാലിഫോര്‍ണിയ സുര്‍ തീരത്താണ് രണ്ട് കൂറ്റന്‍ ഓര്‍ഫിഷുകള്‍ കരയ്ക്കടിഞ്ഞത്. അമേരിക്കന്‍ വിനോദസഞ്ചാരികളായ മോണിക്ക പിറ്റെഞ്ചറും സഹോദരി കാറ്റിയും ഈ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷ്യംവഹിച്ചു. കടല്‍ സര്‍പ്പത്തെപ്പോലെ തോന്നിക്കുന്ന, ഏകദേശം 30 അടി നീളമുള്ള ഈ ജീവികള്‍ കരയ്ക്കടിയുമ്പോള്‍ ജീവനുണ്ടായിരുന്നു. സഹോദരിമാര്‍ അവയെ തിരികെ കടലിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വൈകാതെ അവ ചത്തു. 2025 ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ഓര്‍ഫിഷുകള്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം, 2026-ല്‍ ഇതാദ്യമായാണ് ഇവയെ കാണുന്നത്.

എന്താണ് അന്ത്യദിന മത്സ്യം?

സമുദ്രത്തിന്റെ ആഴങ്ങളില്‍, ഏകദേശം 3,000 അടിയിലധികം താഴെ വസിക്കുന്ന ജീവികളാണ് ഓര്‍ഫിഷുകള്‍. മനുഷ്യര്‍ക്ക് ഇന്നും അപ്രാപ്യമായ ഇരുളടഞ്ഞ മേഖലകളില്‍ കഴിയുന്ന ഇവ അപൂര്‍വ്വമായി മാത്രമേ ഉപരിതലത്തിലേക്ക് വരാറുള്ളൂ. വെള്ളി നിറത്തിലുള്ള നീളന്‍ ശരീരവും ചുവന്ന ചിറകുകളുമുള്ള ഇവ 50 അടി വരെ നീളത്തില്‍ വളരാറുണ്ടെന്ന് പറയപ്പെടുന്നു. സാധാരണഗതിയില്‍ കടല്‍ പ്രവാഹങ്ങളിലോ അസുഖം ബാധിച്ചോ അല്ലാതെ ഇവ ഉപരിതലത്തില്‍ കാണപ്പെടാറില്ല.

ജാപ്പനീസ് നാടോടിക്കഥകളില്‍ റ്യുഗു നോ സുകായ് എന്നാണ് ഓര്‍ഫിഷ് അറിയപ്പെടുന്നത്. കടല്‍ ദൈവത്തിന്റെ കൊട്ടാരത്തില്‍ നിന്നുള്ള ദൂതന്‍ എന്നാണ് ഇതിനര്‍ത്ഥം. വരാനിരിക്കുന്ന വലിയ ദുരന്തങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഭൂകമ്പങ്ങളെയും സുനാമികളെയും കുറിച്ച് മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ദൈവം അയയ്ക്കുന്ന സന്ദേശവാഹകരായാണ് ഇവയെ കാണുന്നത്.

2011 ല്‍ ജപ്പാനെ തകര്‍ത്ത ടോഹോകു ഭൂകമ്പത്തിനും സുനാമിക്കും മാസങ്ങള്‍ക്ക് മുമ്പ് ജപ്പാന്‍ തീരങ്ങളില്‍ ഡസന്‍ കണക്കിന് ഓര്‍ഫിഷുകള്‍ കരയ്ക്കടിഞ്ഞിരുന്നു. 9.0 തീവ്രത രേഖപ്പെടുത്തിയ ആ ദുരന്തം പതിനായിരങ്ങളുടെ ജീവനെടുത്തു. ഇതോടെയാണ് അന്ത്യദിന മത്സ്യം എന്ന വിശ്വാസം ലോകമെമ്പാടും പടര്‍ന്നത്. 1819-ല്‍ ജപ്പാനിലെ സുഷിമ തീരത്ത് പ്രത്യക്ഷപ്പെട്ട ഒരു ഓര്‍ഫിഷ് വലിയൊരു പകര്‍ച്ചവ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായും കഥകളുണ്ട്.

2025 ല്‍ ഓര്‍ഫിഷുകളുടെ സാന്നിധ്യം ലോകത്തിന്റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2025 മെയ് മാസത്തില്‍ തമിഴ്നാട്ടില്‍ 30 അടി നീളമുള്ള ഓര്‍ഫിഷിനെ പിടികൂടി. ഒക്ടോബറില്‍ രാമനാഥപുരത്തെ മത്സ്യത്തൊഴിലാളികള്‍ക്കും ആറ് കിലോ ഭാരമുള്ള ഒരു ഓര്‍ഫിഷിനെ ലഭിച്ചു. കൂടാതെ, ടാസ്മാനിയ തീരത്തും ക്രൈസ്റ്റ്ചര്‍ച്ചിലും ഇവയെ കണ്ടെത്തിയിരുന്നു.

ഇത്തവണ മെക്‌സിക്കോയില്‍ ഇവ പ്രത്യക്ഷപ്പെട്ടത് ഇറാന്‍ യുദ്ധത്തിന്റെ ആരംഭത്തോട് അനുബന്ധിച്ചായതിനാല്‍, ഇത് വെറുമൊരു പ്രകൃതി ദുരന്തത്തിന്റെ മാത്രമല്ല, മനുഷ്യനിര്‍മ്മിതമായ മഹാവിപത്തുകളുടെയും സൂചനയാണെന്ന് പറയപ്പെടുന്നു.

ശാസ്ത്രം പറയുന്നത്

ഭൂകമ്പവും ഓര്‍ഫിഷും തമ്മിലുള്ള ബന്ധത്തെ ശാസ്ത്രലോകം പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല. ചില സിദ്ധാന്തങ്ങള്‍ പ്രകാരം, ഭൂമിക്കടിയിലെ പാളികള്‍ ചലിക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതകാന്തിക വ്യതിയാനങ്ങളോട് ആഴക്കടല്‍ ജീവികള്‍ക്ക് കൂടുതല്‍ സംവേദനക്ഷമതയുണ്ടാകാം. ഇത് അവയെ ഉപരിതലത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ 2019 ല്‍ അമേരിക്കയിലെ സീസ്‌മോളജിക്കല്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ ഓര്‍ഫിഷ് മത്സ്യങ്ങളെ കാണുന്നതും ഭൂകമ്പവും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയിരുന്നു. ശക്തമായ കടല്‍ പ്രവാഹങ്ങളില്‍ പെട്ടോ രോഗം ബാധിച്ചോ ഇവ തീരത്തടിയുവാനുള്ള സാധ്യതയും ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നു.

ശാസ്ത്രീയ തെളിവുകള്‍ എന്തുതന്നെയായാലും, ആയിരക്കണക്കിന് അടി ആഴത്തില്‍ കഴിയുന്ന ഈ നിഗൂഢ ജീവികള്‍ ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നും വിസ്മയമാണ്. 2026 ല്‍ യുദ്ധഭീതിക്കും സാമ്പത്തിക പ്രതിസന്ധിക്കുമിടയില്‍ മെക്‌സിക്കോയില്‍ ഇവയെ കണ്ടത് വരാനിരിക്കുന്ന മാറ്റങ്ങളുടെ പ്രവചനമാണോ അതോ വെറുമൊരു യാദൃശ്ചികതയാണോ എന്നത് കാലം തെളിയിക്കേണ്ടതാണ്. സമുദ്രം ഇന്നും മനുഷ്യന് പിടികിട്ടാത്ത അനേകം രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ അടയാളമാണ് ഈ ഓര്‍ഫിഷുകള്‍.

Content Summary: Oarfish signs of a global disaster?

This post was last modified on March 9, 2026 4:45 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment