ഭർത്താവ് മുഖത്തടിച്ചു, തല പിടിച്ച് തറയിലിടിച്ചു; ഉപദ്രവിക്കുമ്പോൾ ഭർതൃമാതാവ് അത് കണ്ട് ആനന്ദിച്ചു

ഓച്ചിറ സ്വദേശി നേരിട്ടത് ക്രൂര മർദനം

കേരളത്തിൽ സ്ത്രീധന പീഡനങ്ങളും അതേ തുടർന്നുള്ള മരണങ്ങളും തുടർക്കഥയാവുകയാണ്. അഭ്യസ്ത വിദ്യരും സമൂഹത്തിൽ ഉന്നത നിലയിലുള്ളവരുമാണ് പലപ്പോഴും ഇത്തരം കേസുകളിൽ  വേട്ടക്കാരാവുന്നത്. ഇപ്പോഴിതാ അതിലേക്ക് ഒരു കേസ് എഴുതിച്ചേ‍ർക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷിച്ച് പോലെ സ്ത്രീധനം കിട്ടിയില്ലെന്ന് ആരോപിച്ച് കൊല്ലം ഓച്ചിറ സ്വദേശി അക്ഷയയ്ക്ക് ഏൽക്കേണ്ടി വന്നത് ക്രൂര പീഡനങ്ങളാണ്. സംഭവത്തിൽ സൈനികനായ ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.

ഏതാണ്ട് ഏഴു മാസക്കാലമായി ഭർത്താവിന്റെ വീട്ടിൽ നിന്ന് തനിക്കേൽക്കേണ്ടി വന്നത് ക്രൂരപീഡനമാണെന്നാണ് ഓച്ചിറ സ്വദേശി അക്ഷയ അഴിമുഖത്തോട് പറയുന്നത്. വിവാഹം കഴി‍ഞ്ഞ് മൂന്നാം ദിവസം മുതൽ തുടങ്ങിയ ക്രൂരതയാണ്. നൽകിയ സ്ത്രീധനം കുറ‍ഞ്ഞുപോയെന്ന് ആരോപിച്ച് ആദ്യ പ്രശ്നം തുടങ്ങിയത് ഭാ​ര്യപിതാവായിരുന്നു. മാട്രിമോണി വഴി വന്ന ആലോചനയായിരുന്നു ഇത്. നിങ്ങൾ ആവശ്യപ്പെടുന്ന സ്ത്രീധനം നൽകാനുള്ള കഴിവ് ഞങ്ങൾക്കില്ലെന്ന് മുമ്പേ പറഞ്ഞിരുന്നത്. എന്നാൽ തങ്ങൾക്ക് ഒന്നും വേണ്ടെന്ന് ഭർത്താവിന്റെ കുടുംബം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വിവാഹം നടത്തുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ അതിന് നേരെ വിപരീതമായി കുടുംബം പ്രവർത്തിക്കാൻ തുടങ്ങി.

സാധാരണ വീട്ടിൽ നിന്ന് കെട്ടിക്കൊണ്ട് പോയതിനാൽ ഒരു വീട്ടുവേലക്കാരിയുടെ സ്ഥാനം മാത്രമാണ് അവരെനിക്ക് തരുന്നത്. വിവാഹാലോചന വന്നപ്പോൾ ആദ്യം എല്ലാവരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആവശ്യപ്പെട്ട സ്ത്രീധനം നൽകാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രശ്നമുണ്ടാക്കിയതിനാൽ ഭർത്താവിന് ഇതിന് മുൻപ് വന്ന ഒരു ആലോചന മുടങ്ങി പോയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് തിരക്കിയപ്പോൾ അത്തരത്തിലൊരു സംഭവമില്ലെന്ന് ആയിരുന്നു ഭർത്താവിന്റെ കുടുംബം ഞങ്ങളെ ധരിപ്പിച്ചത്. എന്റെ വീട്ടിൽ നിന്ന് ഒത്തിരി ദൂരെയല്ല വിവാഹം ചെയ്ത് അയച്ച വീട്. അതാണ് അച്ഛനും അമ്മയും ഈ ആലോചനയിൽ ഉറച്ചു നിൽക്കാനുള്ള കാരണമെന്ന് അ​ക്ഷയ പറയുന്നു.

ഞാൻ കുടുംബാം​ഗങ്ങളെ ഉപദ്രവിച്ചുവെന്ന രീതിയിൽ ഇവർ പ്രചരിപ്പിക്കുന്നുണ്ട്. സിആർപിഎഫിന്റെയും കോബ്രയുടെയും ട്രെയിനിം​ഗ് ലഭിച്ചിട്ടുള്ള ആളാണ് എന്റെ ഭർത്താവ്. അങ്ങനെയുള്ള ഒരാളുടെ മുമ്പിൽ വച്ച് ഞാൻ ഉപദ്രവിച്ചുവെന്ന് പറയുന്നതിൽ എത്ര മാത്രം വസ്തുതയുണ്ടെന്ന് ആലോചിച്ച് നോക്കൂ. ഭർത്താവും അച്ഛനും ചേർന്നാണ് എന്നെ ഉപദ്രവിച്ചത്. ഭ‌ർത്താവിന്റെ അമ്മയ്ക്ക് ആൻജിയോപ്ലാസ്റ്ററി കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അമ്മ കസേരയിട്ടിരുന്ന് ഇത് മുഴുവൻ കണ്ട് രസിക്കുകയായിരുന്നു. ആദ്യ മർദനത്തിന് ശേഷം ഞാൻ ഇറങ്ങിയോടാൻ ശ്രമിച്ചിരുന്നു. ആ സമയത്ത് ഇവളെ അങ്ങനെ വിട്ടാൻ പറ്റില്ലെന്ന് പറഞ്ഞ് അമ്മായിഅമ്മ ഓടിവന്ന് വാതിലടച്ചതായി അക്ഷയയുടെ വാക്കുകൾ.

നിസാര പ്രശ്നങ്ങളുടെ പേരിലായിരുന്നു എന്നെ ഉപദ്രവിച്ചിരുന്നത്. കല്യാണം കഴിഞ്ഞ് പതിമൂന്നാം ദിവസം എന്റെ വീട്ടുകാരെ വിളിച്ചുവരുത്തി. ഭർത്താവിനെ അനുസരിക്കുന്നില്ല എന്നതായിരുന്നു എനിക്ക് മേലെ ആരോപിച്ച. ബെഡ്ഷീറ്റ് വിരിച്ചപ്പോൾ ചുളിവ് മാറിയില്ല, അലമാര അടച്ചു കുറ്റിയിട്ടില്ല എന്നതൊക്കെയായിരുന്നു കാരണങ്ങൾ. ഈ വിവാഹത്തിനോട് ഭർത്താവിന് താത്പര്യമില്ലായിരുന്നു. അച്ഛൻ കണ്ടുപിടിച്ച പെണ്ണ് മോശമാണെന്ന് കാണിക്കാനുള്ള ശ്രമങ്ങൾ ഭർത്താവിന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ട്. കുടുംബത്തിന്റെ നിർദേശത്തിന് അനുസരിച്ച് പലപ്പോഴായി എന്നെ ഉപദ്രവിച്ചിട്ടുണ്ട്.

തൊട്ടടുത്ത് തന്നെ വീടുകളുണ്ടെങ്കിലും ഈ വീട്ടിലേക്കാരും കയറി വരികയോ , ഇവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യാറില്ല. പുറംലോകവുമായി സഹകരണമില്ലാത്ത കുടുംബമാണ്. പ്രശ്നമുണ്ടായ സമയത്ത് തടസം നിൽക്കാൻ വന്ന അമ്മൂമ്മ വീണ് പരിക്കേറ്റിരുന്നു. ഇത് ഞാൻ ചെയ്തതാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും അവരുടെ ഭാ​ഗത്ത് നിന്നുണ്ടായി. ഞാൻ ഉരുട്ടി വീഴിച്ചതാണെന്ന് പറഞ്ഞ് അയൽവീട്ടുകാരെയൊക്കെ വിളിച്ച് കാണിച്ച് കൊടുക്കുകയും ചെയ്തു. എനിക്ക് മാനസിക രോ​ഗമാണെന്ന് നാടു മുഴുവൻ പറ‍ഞ്ഞു നടക്കുകയാണ്. അവര് തെളിയിക്കട്ടെ. അസുഖമുള്ള ആളാണെങ്കിൽ എന്തായാലും മരുന്നും ചികിത്സയും ചെയ്യുന്നുണ്ടാവും. അത് കണ്ടെത്തി തെളിവുകൾ നിരത്തട്ടെ അവർ.

​ഗർഭിണി ആണെന്ന പരി​ഗണന പോലും നൽകാതെ എന്നെയവർ ഒരുപാട് ഉപദ്രവിച്ചു. മുഖത്തടിക്കുകയും , തറയിലേക്ക് തല പിടിച്ചിടിക്കുകയും ചെയ്തു. എന്നെ ഇത്ര ഉപദ്രവിച്ചിട്ടും അവർക്ക് ഒരു ദയയോ കരുണയോ തോന്നിയില്ല. എന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തിയപ്പോൾ പിടി വിടുവിക്കാൻ ഞാൻ ഭർത്താവിന്റെ കൈയിൽ കയറി കടിച്ചിരുന്നു. ആ സമയത്ത്, എന്റെ ഭർത്താവ് എന്നെ ഉപദ്രവിച്ചിട്ട് ഞാനിവിടെ കിടന്ന് ഇഴഞ്ഞിട്ടുണ്ട്. അന്ന് പോലും ഞാൻ തിരികെ പ്രതികരിച്ചിട്ടില്ലെന്നാണ് അമ്മായിഅമ്മ നൽകിയ മറുപടി.

വീട്ടിൽ നിന്ന് അച്ഛനെയും അമ്മയേയും വിളിച്ചു വരുത്തി അവരാണ് എന്നെ ആശുപത്രിയിലെത്തിക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ നിന്ന് നേരെ പോകുന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. എന്റെ അവസ്ഥ കണ്ട് അവരാണ് ആശുപത്രിയിലേക്ക് വിടുന്നത്. കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം അടിക്കൊണ്ട് വീങ്ങിയിരുന്നു. സ്കാൻ ചെയ്ത ശേഷം കുട്ടിയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായത്.
കൈയിൽ കിട്ടിയാൽ കൊന്നു കളയുമെന്നാണ് ഭർത്താവിന്റെ കുടുംബം പറയുന്നത്. ആ ആശങ്കയിലാണ് കുടുംബം. എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാക്കിയിരുന്നു. അമ്മ കഴുത്തിന് താങ്ങി പിടിച്ചാണ് എഴുന്നേൽപ്പിച്ചിരുന്നതെന്ന് അക്ഷയ പറയുന്നു.

content summary: Ochira woman brutally beaten; husband slapped her, while mother-in-law watched in delight

This post was last modified on September 17, 2025 6:14 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment