കേരള ടൂറിസത്തെ ‘ഓടിക്കുന്ന’ ഓൺലൈൻ – ഓഫ് ലൈൻ ടാക്സി പോര്

കാഴ്ചക്കാരായി സർക്കാരും

ലോകത്തിലെ മുന്‍നിര യാത്ര പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ബുക്കിംഗ് ഡോട്ട് കോം. അവര്‍ പറയുന്നത്, അടുത്ത വര്‍ഷം സഞ്ചാരികള്‍ നിര്‍ബന്ധമായും കൊച്ചി കണ്ടിരിക്കണമെന്നാണ്. കൊച്ചി മാത്രമല്ല, കേരളത്തിലെ പല പ്രദേശങ്ങളും ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ എങ്ങനെ വരുമെന്നു സഞ്ചാരികള്‍ ചോദിക്കുന്ന സാഹചര്യമാണിപ്പോള്‍ ഉള്ളത്.

പരമ്പരാഗത ടാക്‌സിക്കാരും ഓണ്‍ലൈന്‍ ടാക്‌സിക്കാരും തമ്മില്‍ നടക്കുന്ന ശീതയുദ്ധവും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗതയും സഞ്ചാരികളെ പെരുവഴിയില്‍ നിര്‍ത്തുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

പ്രശ്‌നം ‘ സ്റ്റാര്‍ട്ട്’ ആയതിന് കാരണം

കേരളത്തിലെ പ്രധാന നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ പരമ്പരാഗത ഓട്ടോ-ടാക്‌സി തൊഴിലാളികളും ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി തൊഴിലാളികളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നഷ്ടമാകുന്ന ട്രിപ്പുകളെക്കുറിച്ചും തുടര്‍ന്നുണ്ടാകുന്ന വരുമാന നഷ്ടവുമാണ് ഇതിലെ പ്രധാന കാരണം. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നിയമവിരുദ്ധമാണെന്ന വാദവും ഇവിടെ ഉയരുന്നുണ്ട്. യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നതിലൂടെ മറ്റ് ടാക്‌സി ജീവനക്കാര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നുവെന്നാണ് അവര്‍ പറയുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ തങ്ങളുടെ പ്രധാന വരുമാന ഇടങ്ങള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ കൈയ്യടക്കുന്നതായും അവര്‍ ആരോപിക്കുന്നു.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ നല്‍കുന്നുണ്ടെങ്കിലും, പലപ്പോഴും കമ്പനികള്‍ ഈടാക്കുന്ന കമ്മീഷനും ഇന്ധനവില വര്‍ധനവും കാരണം തങ്ങള്‍ക്കും കാര്യമായ വരുമാനം ലഭിക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി തൊഴിലാളികളും ആരോപിക്കുന്നു. കേരളത്തില്‍ പല ഇടങ്ങളിലും ‘നിയമ വിരുദ്ധം’ എന്ന പേരില്‍ ഓണ്‍ലൈന്‍ ടാക്‌സികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാത്തത് കൊണ്ടാണ് പ്രശ്‌നം ഗുരുതരമായതെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലൂടെ സാധാരണ ടാക്‌സി ജീവനക്കാരുടെ വരുമാനം ഇല്ലാതാക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന സെക്രട്ടറി, ബാഹുലേയന്‍ അഴിമുഖത്തോട് പറഞ്ഞു.

‘സിഗ്നൽ’ തെറ്റിയുള്ള ഓട്ടമോ?

‘യൂബര്‍, ഓല പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ നിര്‍ബന്ധമായും ഗവണ്‍മെന്റിന്റെ അംഗീകാരത്തോട് കൂടി തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. നിലവില്‍ അങ്ങനെയല്ല ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. വിഷയത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി സര്‍ക്കാരിന് ഞങ്ങള്‍ പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നില്ല. അതിന്റെ ഭാഗമായാണ് മൂന്നാറില്‍ യുവതി നേരിട്ട ദുരനുഭവം.

സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളവര്‍ മാത്രം ടാക്‌സി ഓടിയാല്‍ മതിയെന്നുള്ള നിയമം കര്‍ശനമാക്കണമായിരുന്നു. 2020 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഗ്രഗേറ്റര്‍ പോളിസി നിലവില്‍ വന്നു. 2024 ലാണ് പോളിസിയുടെ അടിസ്ഥാനത്തിലാവണം പ്രവര്‍ത്തിക്കേണ്ടതെന്ന് വ്യക്തമാക്കി കരട് വിജ്ഞാപനമിറക്കിയത്. അതിന് ശേഷമാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അഗ്രഗേറ്ററുടെ അപേക്ഷകള്‍ ക്ഷണിച്ച് തുടങ്ങിയത്. അതേസമയം, ലൈസന്‍സിന് വേണ്ടിയിട്ടുള്ള അപേക്ഷ ഇതുവരെയും ആരും തന്നെ നല്‍കിയിട്ടില്ല എന്നുള്ളതാണ് പ്രധാന പ്രശ്‌നം. അങ്ങനെ നോക്കുകയാണെങ്കില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കേരള സര്‍ക്കാരുമായി എന്തു പ്രതിബദ്ധതയാണുള്ളത്?

സമൂഹത്തിനോട് പ്രതിബദ്ധതയുള്ളവരായി വേണം ടാക്‌സി ഡ്രൈവര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതൊരു സേവനമാണ്. ഒരു നാടിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പില്ലറുകളില്‍ ഒന്നാണ് ടാക്‌സി എന്ന് പറയുന്നത്. കേരളത്തിലെ ടൂറിസത്തിന്റെ അംബാസിഡര്‍മാരായിട്ടാണ് ടാക്‌സി ഡ്രൈവേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. അതൊന്നും ഉള്‍ക്കൊണ്ട് കൊണ്ടല്ല ഇവിടെ കാര്യങ്ങള്‍ നടക്കുന്നത് എന്നതാണ് ഇവിടത്തെ വിഷയം. കേരളത്തിലുള്ള മറ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ തന്നെയാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ഒരു വാഹനങ്ങളും സ്വന്തമായിട്ടില്ല. സാധാരണക്കാരായ ആളുകളുടെ കോണ്‍ട്രാക്റ്റ് എടുത്തിട്ടാണ് അവര്‍ ഓടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ അഗ്രഗേറ്റര്‍ പോളിസി പ്രകാരം, ഡ്രൈവേഴ്‌സിന് ഒരുപാട് ഗുണങ്ങളുണ്ട്. ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധമായും ഇന്‍ഷുറന്‍സിന്റെ ആനുകൂല്യങ്ങള്‍ നല്‍കണം, യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് അത്തരത്തിലുള്ള കാര്യങ്ങളൊന്നും പാലിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കഴിയുന്നില്ല.

ഓണ്‍ലൈന്‍ ടാക്‌സികളോട് ഞങ്ങള്‍ക്ക് എതിര്‍പ്പോ വിദ്വേഷമോ ഇല്ല. എന്നാല്‍ വിഷയം നമ്മുടെ തൊഴില്‍ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ഒരു സ്ഥലത്ത് നമ്മള്‍ ഒരു കാര്യം ഓപ്പറേറ്റ് ചെയ്യുമ്പോള്‍ അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരിതിക്കുള്ളില്‍ നിന്ന് കൊണ്ട് വേണമത് ചെയ്യാന്‍. നമ്മുടെ കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ആ പരിധി നിശ്ചയിച്ച് നല്‍കിയിട്ടില്ല. അവര്‍ എല്ലായിടങ്ങളിലുമെത്തി ട്രിപ്പുകളെടുക്കുകയാണ്. അങ്ങനെ വരുമ്പോള്‍ അവിടെയുള്ള സാധാരണ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ട്രിപ്പുകള്‍ കുറയുന്നു.

മൂന്നാര്‍ പോലെയുള്ള പ്രദേശങ്ങളില്‍ ടൂറിസ്റ്റുകളെ ഡ്രോപ്പ് ചെയ്യുന്നതിന് ഞങ്ങള്‍ ഒരു പ്രശ്‌നമായി പറയാറില്ല. എന്നാല്‍ അവരെ പിക്ക് ചെയ്യുന്നത് ഞങ്ങളെ പോലുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഒരു പ്രശ്‌നം തന്നെയാണ്. ആയിരക്കണക്കിന് ടാക്‌സി ഡ്രൈവര്‍മാര്‍ മൂന്നാര്‍ പോലെയുള്ള സ്ഥലത്ത് നിലനില്‍ക്കുന്നുണ്ട്. അവരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് യാതൊരുവിധ നയങ്ങളുമില്ലേ? ഈ വര്‍ഷം മെയില്‍ ഗോവയില്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരോധിച്ചു. എന്നിട്ട് അവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്കെ എന്തെങ്കിലും ഇടിവ് സംഭവിച്ചോ? സര്‍ക്കാര്‍ കൃത്യമായി ഒരു നിലപാടെടുക്കാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ശരിയല്ല’, ബാഹുലേയന്‍ അഴിമുഖത്തോട് പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്ന കാര്യം അറിയിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇല്ലെങ്കില്‍ കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം കുറയുമെന്നും പേര് വെളിപ്പെടുത്താനാ?ഗ്രഹിക്കാത്ത ഒരു യൂബര്‍ ഡ്രൈവര്‍ അഴിമുഖത്തോട് പറഞ്ഞു.

‘റെഡ് ലൈറ്റിൽ’ സർക്കാർ

യൂബറിന് കേരളത്തില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെങ്കില്‍, ലൈസന്‍സ് ആവശ്യമാണെന്ന കാര്യം നമ്മുടെ അതോറിറ്റിയെ വിളിച്ച് ബോധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ഒരു നോട്ടീസ് നല്‍കിയാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ ഞങ്ങളെ തടയേണ്ട ആവശ്യമെന്താണ്? സര്‍ക്കാരാണ് ഇതില്‍ കൃത്യമായ നിലപാട് പറയേണ്ടത്. കേരളത്തിന്റെ ഭംഗിയാസ്വദിക്കാനായി എത്തുന്ന ടൂറിസ്റ്റുകള്‍ നമ്മുടെ നാടിന് എന്നും ഒരു മുതല്‍കൂട്ടാണ്. എന്നാല്‍ ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കൂ. ടൂറിസ്റ്റുകള്‍ ഇവിടേക്ക് വരാതാകും. സര്‍ക്കാരിന്റെ നിലപാടില്ലായ്മയുടെ പ്രശ്‌നമാണ് ഇവിടെയുണ്ടായിരിക്കുന്നത്. ദുബായില്‍ നിന്ന് നാട്ടിലെത്തി യൂബര്‍ ഓടി ജീവിക്കുന്നവര്‍ ഇവിടെയുണ്ട്. യൂബര്‍ വണ്ടിയുടമയും ഡ്രൈവറും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എംവിഡിക്കോ സര്‍ക്കാരിനോ ഞങ്ങളോട് ലൈസന്‍സിന്റെ മാനദണ്ഡങ്ങളെക്കുറിച്ച് പറഞ്ഞാല്‍ മതിയായിരുന്നില്ലേ? ഒരു സുപ്രഭാതത്തില്‍ വന്ന് ലൈസന്‍സ് വേണമെന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യാന്‍ കഴിയുക? എല്ലാ വാഹനങ്ങള്‍ക്കും ടാക്‌സി പെര്‍മിറ്റ് ഉള്ളതാണ്. ഒരു സിസ്റ്റത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് മാത്രമാണ് എടുക്കാത്തത്, യൂബര്‍ ഡ്രൈവര്‍ അഴിമുഖത്തോട് പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഗുണ്ടായിയമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, നിയമം ലംഘിച്ച് അതിക്രമം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

Content Summary: Online and traditional taxi drivers fight; If it is illegal, let the government take action , both taxi services blame governmnet

This post was last modified on November 14, 2025 11:52 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment