യുപിയിലെ ഗാസിയാബാദില്‍ ഓണ്‍ലൈന്‍ ഗെയിമിംഗിനോടുള്ള അമിതാസക്തി മൂന്ന് സഹോദരിമാരുടെ ജീവനെടുത്തിരിക്കുകയാണ്. നിരന്തരമായ ഗെയിമിംഗ് ആസക്തിയെ മാതാപിതാക്കള്‍ എതിര്‍ത്തതില്‍ മനംനൊന്ത് സഹോദരിമാര്‍ ഒമ്പതാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ചേതന്‍ കുമാറിന്റെ മക്കളായ പഖി (12), പ്രാചി (14), നിഷിക (16) എന്നിവരാണ് മരിച്ചത്. കോവിഡ് 19 കാലത്തിന് ശേഷം കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ലെന്നും മൂത്ത സഹോദരിയായ നിഷിക വെറും നാലാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെ കുട്ടികള്‍ ഇവര്‍ താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റിന്റെ പൂജാമുറിയുടെ ജനല്‍ തുറന്ന് കസേരയിട്ട് ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പോലീസെത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, പെണ്‍കുട്ടികള്‍ എഴുതിയ എട്ട് പേജുള്ള ഹൃദയഭേദകമായ ഡയറിക്കുറിപ്പുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡയറിക്കുറിപ്പുകള്‍ വായിക്കണമെന്ന് കുട്ടികള്‍ മാതാപിതാക്കളോട് അപേക്ഷിക്കുന്നുണ്ട്. ”ഈ ഡയറിയില്‍ എഴുതിയതെല്ലാം വായിക്കുക, കാരണം ഇതെല്ലാം സത്യമാണ് (ഈസ് ഡയറി മേ ജോ കുച്ച് ഭി ലിഖാ ഹേ വോ സബ് പദ് ലോ ക്യൂകി യേ സബ് സച്ച് ഹേ)”
”ക്ഷമിക്കണം പപ്പാ, ശരിക്കും നല്ല സങ്കടമുണ്ട്” കുറിപ്പില്‍ പെണ്‍കുട്ടികള്‍ പറയുന്നു. കൂടാതെ കുട്ടികളുടെ മുറിയുടെ ചുമരില്‍ ” ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കാണ്” എന്നും എഴുതിയിട്ടുണ്ട്.
കേവലം ഓണ്‍ലൈന്‍ ഗെയിമിംഗ് വെറുമൊരു ആസക്തി മാത്രമല്ല, കടുത്ത മാനസിക സമ്മര്‍ദവും ഏകാന്തതയുമാണ് കുട്ടികള്‍ക്ക് സമ്മാനിച്ചതെന്നാണ് ഇവരുടെ കുറിപ്പുകള്‍ വ്യക്തമാക്കുന്നത്.
”ഞങ്ങള്‍ക്ക് കൊറിയ വിട്ടുപോകാന്‍ കഴിയില്ല. കൊറിയയാണ് ഞങ്ങളുടെ ജീവിതം. ഞങ്ങളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ ജീവിതം അവസാനിപ്പിക്കുകയാണ്.” ഈ വരികള്‍ കുട്ടികളുടെ മനസ്സില്‍ ആ ഗെയിം എത്രത്തോളം ആഴത്തില്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നു.
കൊറിയന്‍ പശ്ചാത്തലത്തിലുള്ള ടാസ്‌ക് അധിഷ്ഠിത ഗെയിമിംഗ് ആപ്പിനായിരുന്നു കുട്ടികള്‍ അടിമപ്പെട്ടിരുന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. ഇത്തരം ഗെയിമുകള്‍ നല്‍കുന്ന അപകടകരമായ വെല്ലുവിളികളാണോ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മുമ്പ് രാജ്യത്ത് വലിയ ആശങ്കയുണ്ടാക്കിയ ‘ബ്ലൂ വെയ്ല്‍’ പോലുള്ള ഗെയിമുകള്‍ക്ക് സമാനമായി, കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുകയും അപകടകരമായ ഘട്ടങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്ന രീതി ഇത്തരം ആപ്പുകള്‍ക്കുണ്ടോ എന്ന് സൈബര്‍ സെല്‍ വിഭാഗം അന്വേഷിച്ചുവരികയാണ്.
Content Summary: Online gaming claims the lives of three sisters in UP
This post was last modified on February 4, 2026 1:23 pm
Leave a Comment