വീരപ്പനെ ദൗത്യസേന വകവരുത്തിയത് രണ്ട് പതിറ്റാണ്ട് മുന്‍പ്, ഒക്ടോബര്‍ 18. ഇതേ ദിവസമാണ്.
ഗോപിനാഥത്തില്‍ നിന്ന് ധര്‍മ്മപുരി വരെ കൊലയില്‍ തുടങ്ങി കൊലയില്‍ അവസാനിച്ച വീര്യമായിരുന്നു അത്. മൂന്നു പതിറ്റാണ്ട് തെക്കേ ഇന്ത്യയിലെ കാട്ടുരാജാവായി കൊടുംവനങ്ങള്‍ അടക്കിവാണ, രണ്ട് സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ വിറപ്പിച്ച, മുട്ടുകുത്തിച്ച വീരപ്പനെന്ന കൊള്ളക്കാരനെ ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന് പേരിട്ട ദൗത്യത്തിലൂടെ STF വധിച്ചിട്ട് 21 വര്‍ഷമായി. രണ്ട് സംസ്ഥാന സര്‍ക്കാരുകളും, പോലീസ് സേനയ്ക്കും ജനങ്ങള്‍ക്കും ആശ്വാസമരുളിയതാണ് കൊടും ക്രൂരനായ ആ വ്യക്തിയുടെ മരണം.
എങ്കിലും ആ മരണത്തിന്റെ പോലീസ് ഭാഷ്യം അപ്പാടെ വിശ്വസിക്കാന്‍ ചിലര്‍ തയാറായില്ല. ദുരൂഹതകള്‍ നിലനില്‍ക്കുന്ന ആ ഓപ്പറേഷന്‍ കൊക്കൂണില്‍ വെടിയേറ്റ് തന്നെയാണോ വീരപ്പന്‍ കൊല്ലപ്പെട്ടത്?
ആ കൊക്കൂണ്‍ പൊട്ടിച്ചു വന്നത് നേരിന്റെ ശലഭമല്ല എന്ന് വിശ്വസിക്കുന്ന ഒരാളായിരുന്നു നക്കീരന്‍ തമിഴ് മാസിക എഡിറ്റര്‍ ഗോപാല്‍. അത് STF മുന്‍കൂട്ടി തയ്യാറാക്കിയ ഒരു നാടകമായിരുന്നുവെന്ന് അയാള്‍ തീര്‍ത്തും പറയുന്നു. ജീവിതം പോലെ ദുരൂഹമായിരുന്നു വീരപ്പന്റെ മരണവും. പോലീസ് ഭാഷ്യത്തില്‍ പറഞ്ഞാല്‍ അത് 2004 ഒക്ടോബര്‍ 18-ാം തീയതി അര്‍ദ്ധരാത്രിയില്‍ നടന്നു.
2004 ലെ ഒക്ടോബര്‍ 18 ലെ അര്‍ദ്ധരാത്രിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ‘വസതിയായ ചെന്നെയിലെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ടെലഫോണ്‍ നിറുത്താതെയടിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീല ബാലകൃഷ്ണന്‍ ആ ഫോണ്‍ എടുത്തു. ‘മാഡം ഉറങ്ങാന്‍ പോയി, നാളെ വിളിക്കൂ’ വിളിച്ചയാളിനോട് അവര്‍ പറഞ്ഞു.
ടെലിഫോണ്‍ ലൈനിന്റെ മറുവശത്തുള്ള, വിളിച്ചയാള്‍ പറഞ്ഞു ‘ഇത് വളരെ പ്രധാനമാണ്, ഞാന്‍ പറയുന്ന വിവരം കേട്ടാല്‍ അവര്‍ക്ക് വളരെ സന്തോഷമാകും, മുഖ്യമന്ത്രിയോട് എനിക്ക് നേരിട്ട് സംസാരിക്കണം.’
അടുത്ത നിമിഷം ഫോണ്‍ എടുത്ത മുഖ്യമന്ത്രി ജയലളിത ചെവിയില്‍ വെച്ച ഫോണ്‍ റിസീവറില്‍ നിന്ന് ശബ്ദം പറഞ്ഞത് വ്യക്തമായി കേട്ടു ‘ഓപ്പറേഷന്‍ കൊക്കൂണ്‍ സക്‌സസ്’ വീരപ്പന്റെ കഥ കഴിഞ്ഞു’ ഒരു നിമിഷം അവര്‍ക്കത് വിശ്വസിക്കാനായില്ല. അടുത്ത നിമിഷം ജയലളിത വളരെ ആവേശത്തിലായി. ഓപ്പറേഷന് നേതൃത്വം നല്‍കിയ ഓഫീസറേയും അയാളുടെ ടീമിനെയും അഭിനന്ദിച്ചു. ‘ഞാന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം കേള്‍ക്കുന്ന ആദ്യത്തെ നല്ല വാര്‍ത്തയാണിത് ‘ ആഹ്ലാദത്തോടെ ജയലളിത പറഞ്ഞു.
വീരപ്പനെ പിടികൂടാനുള്ള ദൗത്യം ‘ഓപ്പറേഷന്‍ കൊക്കൂണ്‍’ ആ നിര്‍ണ്ണായക ലക്ഷ്യം വിജയത്തിലെത്തിച്ച വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ തമിഴ്‌നാട് ടാസ്‌ക് ഫോഴ്സിന്റെ തലവനായിരുന്ന വിജയകുമാര്‍ ഐ.പി.എസ് ആയിരുന്നു അര്‍ദ്ധരാത്രിയില്‍ മുഖ്യമന്ത്രി ജയലളിതയെ ആ സുപ്രധാന ‘വിശേഷം’ ഫോണ്‍ ചെയ്ത് അറിയിച്ചതും ജയലളിതയുടെ അഭിന്ദനങ്ങള്‍ സ്വീകരിച്ചതും. ആ വിശേഷം ജയലളിതയ്ക്ക് മാത്രമല്ല കുറഞ്ഞത് രണ്ട് സംസ്ഥാനങ്ങളുടെ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും പോലീസ് സേനയ്ക്കും ആശ്വാസകരമായ ശുഭ വാര്‍ത്തയായിരുന്നു.
അപ്പോള്‍ ചെന്നെയില്‍ നിന്ന് 190 മൈല്‍ അകലെ, ധര്‍മ്മപുരിയിലുള്ള ഒരു ആശുപത്രി മോര്‍ച്ചറിയില്‍ ഒരു കല്‍പ്പലകയില്‍ കാട്ടുകള്ളന്‍ വീരപ്പന്റെ മൃതദേഹം ചോരയൊലിപ്പിച്ച് നിശ്ചലമായി കിടക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ട് മുന്‍പ് തന്റെ തോക്കില്‍ നിന്ന് ചീറിപ്പാഞ്ഞ് മസ്തകം തുളച്ച് ആനയെ വീഴ്ത്തിയ അതേ വെടിയുണ്ട അന്ന് അയാളെ തേടിയെത്തി ഇടം കണ്ണു തുളച്ച്, വീരപ്പനെ വീഴ്ത്തി. അതുവരെ അയാള്‍ അജയ്യനായിരുന്നു. വീരപ്പനെ പിടികൂടാന്‍ വര്‍ഷങ്ങളോളം പരിശ്രമിച്ച പോലീസ് സേനയിലെ ഒരു ഉന്നതന്‍ പറഞ്ഞപോലെ വീരപ്പനെ പിടികൂടിയ ഒരേയൊരു ആള്‍ ‘പ്രായം’ മാത്രമാണ്’. വെടിയുണ്ട തുളച്ച് കയറിയ വീരപ്പന്റെ മുഖത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും സുപരിചിതമായ, എക്കാലവും മാദ്ധ്യമങ്ങളില്‍ വന്ന നിറഞ്ഞ് നിന്ന, വീരപ്പന്റെ ട്രെഡ് മാര്‍ക്കായ ‘ആ കനത്ത മീശ’ അപ്പോള്‍ ഇല്ലായെന്നത് ക്രൂരമായ ഒരു തമാശ പോലെയായി.
ഒടുവില്‍ മരണം അയാളെ 52-ാം വയസ്സില്‍ പിടികൂടിയപ്പോള്‍ ഇന്ത്യന്‍ പോലീസ് സേന ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ മനുഷ്യവേട്ടയുടെ ഭയാനകവും എന്നാല്‍ അനിവാര്യവുമായ ഒരു അന്ത്യമായി, അത് മാറി.
2003 ഒക്ടോബറിലാണ് വീരപ്പന്‍ എന്ന വേട്ടക്കാരന്‍ ഇരയായി മാറി അയാളുടെ പതനത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കര്‍ണ്ണാടകവും തമിഴ്‌നാടും അവസാനമെന്നോണം സംയുക്തമായി ചേര്‍ന്ന് വീണ്ടും വീരപ്പന്‍ വേട്ട ആരംഭിച്ചു. പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായ കെ. വിജയ് കുമാര്‍ തമിഴ്‌നാട് എസ്.ടി.എഫിന്റെ തലവനായി ചുമതലയേറ്റ വിജയകുമാര്‍, വീരപ്പന്‍ വേട്ടയ്ക്ക് വരുന്നത് ഇതാദ്യമായിരുന്നില്ല. വളരെ മുമ്പ്, 1993 ല്‍, വിജയകുമാര്‍ വീരപ്പനെ തേടി കുറെ അലഞ്ഞതാണ്. അദ്ദേഹം വീണ്ടും ചുമതലയേറ്റപ്പോള്‍, ആദ്യം കുമാര്‍ ചെയ്തത് മുന്‍കാല തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.
മുന്‍കാല വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ച വിജയകുമാറും സംഘവും, രഹസ്യമായി പ്രവര്‍ത്തനം ആരംഭിച്ചു. വെറും ആക്രമണത്തിന് പകരം, വീരപ്പന്റെ രഹസ്യ വലയത്തില്‍ നുഴഞ്ഞുകയറാന്‍ ഉതകുന്ന പദ്ധതികളുമായി ഓപ്പറേഷന്‍ കൊക്കൂണ്‍ ആരംഭിച്ചു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തമിഴ്നാട്, കര്‍ണാടക സേനകള്‍ ഒരുമിച്ചാണ് ഇത്തവണ പ്രവര്‍ത്തിച്ചത്. കര്‍ണാടക എസ്.ടി.എഫ് മേധാവി ജ്യോതി പ്രകാശ് മിര്‍ജി പിന്നീട് പറഞ്ഞു: വീരപ്പന്‍ വേട്ട അവസാനിപ്പിക്കുന്നതില്‍ മാത്രം ഞങ്ങള്‍ അതീവ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞങ്ങള്‍ക്ക് ഭാഷ ഒരു പ്രശ്നമായിരുന്നില്ല.’
6,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കൊടുംങ്കാടുകള്‍, കൈവെള്ളയിലെ വരകള്‍ പോലെ വീരപ്പന് നന്നായി അറിയാമെന്ന് എസ് ടി.എഫ് സംഘം മനസ്സിലാക്കിയിരുന്നു. അതിനാല്‍ അവര്‍ വീരപ്പനെ അയാളുടെ താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരാന്‍ പദ്ധതിയിട്ടു
വീരപ്പന് ആധിപത്യമുള്ള സത്യമംഗലം (തമിഴ്‌നാട്), കൊല്ലേഗല്‍ (കര്‍ണാടക) വനപ്രദേശങ്ങള്‍ സൈന്യത്തെ ഉപയോഗിച്ച് വളയുക എന്നതായിരുന്നു തന്ത്രം. വീരപ്പനും സംഘവും ഇടതൂര്‍ന്ന കാടുകളില്‍ നിന്ന് കൂടുതല്‍ വിശാലമായ സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി.
വീരപ്പന്‍ വേട്ടയുടെ ഭാഗമായുള്ള പ്രത്യേക ദൗത്യസേനയുടെ തലവനായി ചുമതലയേറ്റ വിജയകുമാര്‍ ആദ്യം ചെയ്തത് വീരപ്പനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കലായിരുന്നു. ഇതിനിടയില്‍ പ്രധാനപ്പെട്ട ഒരു വിവരം വിജയകുമാറിന് ലഭിച്ചു. വീരപ്പന്റെ കണ്ണിന് എന്തോ പ്രശ്‌നമുണ്ട്. വീരപ്പന്റെ പ്രസിദ്ധമായ മീശ ഡൈ ചെയ്യുന്നതിനിടയില്‍ ഏതാനും ഡൈ ദ്രാവക തുള്ളികള്‍ വീരപ്പന്റെ കണ്ണില്‍ തെറിച്ചു വീഴുകയായിരുന്നു. ഇതോടെയാണ് കണ്ണിന് പ്രശ്നം ആരംഭിച്ചത്. കണ്ണിന് കാഴ്ച മങ്ങിത്തുടങ്ങിയതിനാല്‍ ആശുപത്രിയില്‍ കാണിക്കണമെന്ന അവസ്ഥയില്‍ എത്തി.
തന്റെ സന്ദേശങ്ങള്‍ ഓഡിയോ, വീഡിയോ കാസറ്റുകള്‍ വഴി പുറംലോകത്തേക്ക് അയച്ച് തനിക്ക് പറയാനുള്ളത് അതിലൂടെ അറിയിക്കാനാണ് വീരപ്പന് താല്‍പര്യം. ഇതിന് കാരണം കടലാസില്‍ എഴുതിയത് വായിക്കാന്‍ വീരപ്പന് ബുദ്ധിമുട്ടാണ് എന്നത് ഇന്‍ഫോര്‍മര്‍മാര്‍ വഴി ദൗത്യ സംഘത്തിന് ലഭിച്ചു. ഇതോടെ വീരപ്പന്റെ കണ്ണിന് കാര്യമായ തകരാറുണ്ടെന്ന് അവര്‍ക്ക് മനസിലായി.
കണ്ണിന്റെ ചികിത്സയ്ക്കായി വീരപ്പന് കാട്ടില്‍ നിന്ന് ആശുപത്രിയില്‍ വരേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ആ അവസരത്തിനായി വിജയകുമാറും സംഘവും കാത്തിരുന്നു. വീരപ്പന് ചികിത്സയ്ക്കായി പോകാന്‍ വേഷം മാറ്റി ആള്‍മാറാട്ടം നടത്താമെന്നും യാത്രയ്ക്ക് ആംബുലന്‍സ് ക്രമീകരിക്കാമെന്നും എസ്.ടി.എഫ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരന്‍ വഴി പ്രധാന സംഘാംഗങ്ങളെ ബന്ധപ്പെട്ട് അറിയിച്ചു.
ഒക്ടോബര്‍ 18 തിങ്കളാഴ്ചയോ ഒക്ടോബര്‍ 20 ബുധനാഴ്ചയോ പോകാമെന്ന് ഒടുവില്‍ വീരപ്പന്‍നിശ്ചയിച്ചു. വീരപ്പന്‍ തിങ്കളാഴ്ചകളിലോ ബുധനാഴ്ചകളിലോ മാത്രമേ യാത്ര ചെയ്യാറുള്ളൂ. ഒക്ടോബര്‍ 18 ന് രാത്രി ഏകദേശം 10 മണിയോടെ, വിശ്വസ്തനായ ഡ്രൈവര്‍ വണ്ടിയുമായി എത്തുമെന്ന് സഹായികള്‍ ഉറപ്പുനല്‍കിയ ശേഷം, ധര്‍മ്മപുരി കാടുകള്‍ക്ക് സമീപമുള്ള എവിടെയെങ്കിലും നിന്ന് ആംബുലന്‍സില്‍ കയറാമെന്ന് വീരപ്പന്‍ സമ്മതിച്ചു.
ഒടുവില്‍ രോഗിക്കായി ആംബുലന്‍സ് എത്തി. പക്ഷേ ആ ആംബുലന്‍സ് വന്നത് ആശുപത്രിയില്‍ നിന്നായിരുന്നില്ല. STF ദൗത്യ സംഘത്തിന്റെ ക്യാമ്പില്‍ നിന്നായിരുന്നു. ആ ആംബുലന്‍സില്‍ ‘എസ്.കെ.എസ് ഹോസ്പിറ്റല്‍, സേലം’ എന്ന് എഴുതിയിരുന്നു. ആംബുലന്‍സില്‍ ദൗത്യ സംഘത്തിന്റെ അംഗങ്ങളായ വെളിദുരൈയും ശരവണനും ഉണ്ടായിരുന്നു. ശരവണന്‍ ആയിരുന്നു ഡ്രൈവര്‍. അതേസമയം വീരപ്പനെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ വീരപ്പന്‍ തന്റെ ട്രേഡ് മാര്‍ക്ക് മീശ വെട്ടി ചെറുതാക്കിയിരുന്നു. വെള്ളവസ്ത്രം ധരിച്ച് ഒരു സാധാരണക്കാരനെപ്പോലെയായിരുന്നു വീരപ്പന്‍ ആംബുലന്‍സിലിരുന്നത്. എന്നാല്‍ മുന്‍ കരുതലെടുക്കാന്‍ അയാള്‍ അപ്പോഴും മറന്നില്ല. 3.5 ലക്ഷം രൂപ പണത്തിന് പുറമേ, സംഘത്തിന്റെ കൈവശം രണ്ട് എകെ-47 റൈഫിളുകളും 7.63 സെല്‍ഫ് ലോഡിംഗ് റൈഫിളും ഹാന്‍ഡ് ഗ്രനേഡുകളും ഉണ്ടായിരുന്നു.
സേലത്തെ എസ്.കെ.എസ്. ഹോസ്പിറ്റല്‍ എന്ന പേരിലുള്ള വെളുത്ത ടെമ്പോ ട്രാവലറായ ആംബുലന്‍സ്, വേഷംമാറിയ എസ്.ടി.എഫ് കാരനായ ശരവണന്‍ ഓടിച്ചുകൊണ്ടിരുന്നു. ധര്‍മ്മപുരിയില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ അകലെയുള്ള പപ്പാരപ്പട്ടി ഗ്രാമത്തിനടുത്തുള്ള ഒരു വിജനമായ റോഡില്‍ ആംബുലന്‍സിനെ വഴിതെറ്റിച്ച് ദിശ മാറ്റി ലക്ഷ്യം വെയ്ക്കാനായിരുന്നു വിജയകുമാറിന്റെ പദ്ധതി.
സിവിലിയന്‍ വേഷത്തില്‍ 20 എസ്.ടി.എഫ്. ഉദ്യോഗസ്ഥരുമായി ഒരു ട്രക്ക് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അതിന് ഏകദേശം 10 മീറ്റര്‍ പിന്നില്‍ 10 എസ്.ടി.എഫ്. ഉദ്യോഗസ്ഥരുമായി ഒരു മാറ്റഡോര്‍ വാനും ഉണ്ടായിരുന്നു.
ദൗത്യസംഘം മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് എത്തിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടു. എസ്.ടി.എഫ്. ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറത്തേക്ക് ചാടി മറഞ്ഞു. പെട്ടെന്നുള്ള ബേക്ക് ഇടല്‍ മൂലം ആമ്പുലന്‍സിനകത്തെ യാത്രക്കാരെല്ലാം സീറ്റില്‍ നിന്ന് താഴേക്ക് വീണു. ബ്രേക്ക് ഇട്ട ഉടന്‍ ടയറില്‍ നിന്ന് പുക ഉയര്‍ന്നു. സമീപത്ത് ഒളിച്ചിരുന്ന ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങള്‍ക്ക് ടയര്‍ കത്തുന്നത് മണത്തു. വീരപ്പന്‍ ആംബുലന്‍സിനുള്ളില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ തലവന്‍ വിജയകുമാര്‍ മെഗാഫോണ്‍ കൈയിലെടുത്തു. ‘ഞങ്ങള്‍ നിങ്ങളുടെ വാഹനം വളഞ്ഞു കഴിഞ്ഞു. ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങു’ വിജയകുമാര്‍ വിളിച്ചു പറഞ്ഞു.
എന്നാല്‍ മറുപടി ആംബുലന്‍സിനുള്ളില്‍ നിന്ന് ചീറിപ്പാഞ്ഞ് വന്ന വെടിയുണ്ടകളായിരുന്നു. തുടര്‍ന്ന് ദൗത്യസംഘം നാലു ഭാഗത്തു നിന്നും ആംബുലന്‍സിനെ വളഞ്ഞ് വെടിവച്ചു. ആംബുലന്‍സിന് നേരെ വെടിയുണ്ടകളുടെ ശരവര്‍ഷം തന്നെ വന്ന് മൂടി.
‘ഞങ്ങള്‍ ആകെ 338 റൗണ്ട് വെടിയുതിര്‍ത്തു. പ്രദേശത്ത് പുക നിറഞ്ഞു. 10 മണിക്കൂര്‍ 50 മിനിറ്റില്‍ ആരംഭിച്ച ആ ഓപ്പറേഷന്റെ അവസാന ഘട്ടം വെറും 20 മിനിറ്റിനുള്ളില്‍ അവസാനിച്ചു. വീരപ്പനും ആംബുലന്‍സിനുള്ളിലുണ്ടായിരുന്ന അയാളുടെ മൂന്ന് കൂട്ടാളികളും ആംബുലന്‍സിനുള്ളില്‍ വെടിയേറ്റ് മരിച്ചു വീണു. ആകെ 338 റൗണ്ട് വെടിയുതിര്‍ത്തതില്‍ രണ്ട് വെടിയുണ്ടകള്‍ മാത്രമാണ് വീരപ്പന്റെ ശരീരം തുളച്ചത്’ തന്റെ ആത്മകഥയില്‍ ഇക്കാര്യം പരാമര്‍ശിക്കുമ്പോള്‍ വിജയകുമാര്‍ പറയുന്നു.
‘1960 കളില്‍ ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡിഗോളിന് നേരെ നടന്ന ഒരു വധശ്രമത്തില്‍ കാറിന് നേരെ കൊലയാളി സംഘത്തിന്റെ 140 ബുള്ളറ്റുകള്‍ പാഞ്ഞു വന്നെങ്കിലും അതില്‍ ഏഴെണ്ണം മാത്രമാണ് കാര്‍ തുളച്ചതെന്ന് ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നത്. അതിനെ അടിസ്ഥാനമാക്കിയെടുത്ത ‘ദി ഡേ ഓഫ് ദി ജാക്കിള്‍’ എന്ന പ്രശസ്തമായ ചലചിത്രത്തില്‍ ഈ രംഗം ചിത്രീകരിച്ചത് കണ്ടതാകാം അദ്ദേഹം ഇത് പറയാന്‍ കാരണം.
വീരപ്പന്റെ ഇടതുകണ്ണില്‍ വെടിയുണ്ട തുളച്ചുകയറിയിരുന്നു. പുകയടങ്ങിയപ്പോഴും വീരപ്പന്‍ മരിച്ചുവെന്ന് ടാസ്‌ക് ഫോഴ്സ് സൈനികര്‍ക്ക് വിശ്വസിക്കാനായില്ല. വീരപ്പന്‍ അവസാനിച്ചു എന്ന് ഉറപ്പായതോടെ സൈനികര്‍ വിജയകുമാറിനെ തോളിലേറ്റി ആഹ്‌ളാദപ്രകടനം നടത്തി. മൂന്ന് പതിറ്റാണ്ട് ഭരണകൂടത്തിലും, രാഷ്ട്രീയക്കാരിലും പോലീസ് സേനയിലും ജനങ്ങളിലും ഭീതി വിതറിയ വീരപ്പന്റെ മൃതശരീരവുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ നീല വെളിച്ചം അണഞ്ഞതോടെ വീരപ്പന്‍ ചരിത്രത്തിന് അവസാനമായി.
പക്ഷേ, ജീവിതകാലത്ത് പുലര്‍ത്തിയ ദുരൂഹത, കൊല്ലപ്പെട്ട വീരപ്പന്റെ മരണത്തിലും നിലനിറുത്തിയതിനാല്‍ പിന്നീട് അത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു.
വീരപ്പന്‍ കൊല്ലപ്പെട്ടത് STF ദൗത്യമായ ഓപ്പറേഷന്‍ കൊക്കൂണിലല്ല എന്ന വാദമുയര്‍ത്തുന്ന പുസ്തകമാണ് നക്കീരന്‍ എഡിറ്റര്‍ ഗോപാല്‍ എഴുതിയ ‘വീരപ്പന്‍’ (2018). ഈ പുസ്തകത്തില്‍ പറയുന്നത് തികച്ചും വ്യത്യസ്ത്രമായ കഥയാണ്.
വീരപ്പന്റെ മരണം പല കഥകള്‍ക്കും വഴിയൊരുക്കി. വീരപ്പനെ വിഷം കൊടുത്തു കൊന്നതാണ് എന്നാണ് ഒരു കഥ. കണ്ണ് ചികിത്സയ്ക്കായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച വീരപ്പനെ, ധര്‍മ്മപുരിക്കടുത്തുള്ള പഞ്ചനാംപട്ടി എന്ന സ്ഥലത്തുവെച്ച് എസ്.ടി.എഫ്. തലവന്‍ എ.ഡി.ജി.പി. വിജയകുമാര്‍ വെടിവെച്ചു കൊന്നതായി ഒരു വാര്‍ത്തയും പ്രചരിച്ചു.
വീരപ്പനോടും ശ്രീലങ്കന്‍ തമിഴ്പുലികളോടും അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന്റെ സഹായത്തോടെ വീരപ്പന് കണ്ണിന് ഓപ്പറേഷന്‍ നടത്താന്‍ വേണ്ടി ശ്രീലങ്കയിലേക്ക് കൊണ്ടുപോകാനെന്ന പേരില്‍ വേഷം മാറിയെത്തിയ രണ്ട് പൊലീസുകാര്‍ വീരപ്പനെ വനത്തില്‍നിന്നും പുറത്തു കൊണ്ടു വന്നുവെന്നും ആംബുലന്‍സില്‍ വെച്ച് വെടിവെച്ചുകൊന്നുവെന്നുമുള്ള അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും നാട്ടില്‍ പ്രചരിച്ചു. വീരപ്പന്റെ മരണത്തെപ്പറ്റി പ്രചരിക്കുന്ന കഥകളെല്ലാം വാസ്തവ വിരുദ്ധമാണെന്നു മനസ്സിലാക്കിയ നക്കീരന്‍ സംഘം വീരപ്പന്റെ ജന്മനാടായ ഗോപിനാഥത്തിലെ ചെങ്കപ്പാടിയിലെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.
താഴെത്തട്ടിലുള്ള സാധാരണക്കാരായ പൊലീസുകാരാണ് വീരപ്പനെ വീഴ്ത്താന്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് എന്ന വസ്തുത നക്കീരന്‍ എഡിറ്റര്‍ക്ക് അറിയാമായിരുന്നു. അതില്‍ പ്രധാന പങ്കുവഹിച്ച മുനി (യഥാര്‍ത്ഥ പേരല്ല) എന്ന പോലീസുകാരനുമായി നക്കീരന്‍ ബന്ധപ്പെട്ടു. ആ സമയത്ത് സംഘത്തില്‍ അംഗങ്ങള്‍ ഇതിനകം നാല് പേര്‍ മാത്രമായി ചുരുങ്ങിയത് വീരപ്പന് വിനയായി. രഹസ്യ പോലീസുകാര്‍ വേഷപ്രച്ഛന്നരായി അവിടെ തമ്പടിച്ചതിനാല്‍ വീരപ്പന്റെ നീക്കങ്ങള്‍ക്ക് പ്രതിബന്ധം നേരിട്ടു. ഭക്ഷണം ലഭിക്കാന്‍ വരെ അയാള്‍ കഷ്ടപ്പെട്ടു. ആ സമയത്ത് തന്നെ കാട്ടില്‍ വീരപ്പന് ഭക്ഷണമെത്തിച്ച് കൊടുക്കുന്നവരുമായി രഹസ്യ പോലീസ് ബന്ധം പുലര്‍ത്തി.
രഹസ്യപ്പൊലീസുകാര്‍ ചെങ്കപ്പാടിയിലുള്ള പലര്‍ക്കും വീരപ്പന്റെ ഭക്ഷണത്തില്‍ കലര്‍ത്താനായി സയനൈഡ് കൊടുത്തിട്ടുണ്ടെന്ന വിവരം വീരപ്പന് അറിയാമായിരുന്നു. അതിനാല്‍ പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷണം ആദ്യം തന്റെ സംഘാംഗങ്ങളായ സേതുമണിയെയും ചന്ദ്രഗൗഡയേയും കഴിപ്പിച്ച്, അവര്‍ക്ക് കുഴപ്പമൊന്നുമില്ല എന്നു ബോധ്യപ്പെട്ടശേഷം മാത്രമേ അംഗങ്ങളില്‍ പ്രധാനിയായ സേത്തുക്കുളി ഗോവിന്ദനും വീരപ്പനും കഴിച്ചിരുന്നുള്ളൂ.
മുനിയെന്ന പോലീസുകാരന്‍ ഭക്ഷണമെത്തിക്കുന്ന ഒരാളുമായി ചങ്ങാത്തം സ്ഥാപിച്ചു. 2004 ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് മുനിയും അയാളും കൂടി വീരപ്പന് മോരു കൊടുത്തു വന്നശേഷം, മുരുകനറിയാതെ ഭക്ഷണവുമായി മുനി വീണ്ടും വീരപ്പനടുത്തെത്തി. മുനി ബോംബ് നിര്‍മ്മാണത്തില്‍ അതിസമര്‍ത്ഥനായിരുന്നു,
ഉന്നതരുടെ നിര്‍ദ്ദേശപ്രകാരം താന്‍ നിര്‍മ്മിച്ച ക്ലോറോഫോം നിറച്ച കൈബോംബും ഭക്ഷണത്തോടൊപ്പം കൊണ്ടുപോയ മുനി, സേതുമണിയും ചന്ദ്രഗൗഡയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അതു പൊട്ടിച്ചു. പത്തു മീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരെയും രണ്ടു മണിക്കൂര്‍ നേരം മയക്കിക്കിടത്താന്‍ ശേഷിയുള്ള ആ ക്ലോറോഫോം ബോംബ് സ്‌ഫോടനത്തില്‍ വീരപ്പന്‍ ഉള്‍പ്പെടെ നാലുപേരും ബോധരഹിതരായി നിലംപതിച്ചു. അതിനുശേഷം മുനി നല്‍കിയ സന്ദേശമനുസരിച്ച്, എസ് പിയായ ചെന്താമരക്കണ്ണനും മറ്റു ചില ഉന്നത പോലീസധികാരികളും മാത്രം സ്ഥലത്തുവന്ന് വീരപ്പനെയും മറ്റു മൂന്നുപേരെയും ബന്ധനസ്ഥരാക്കി പിടിച്ച് കൊണ്ടുപോയി.
അന്നു രാത്രി മുഴുവന്‍ മേട്ടൂരില്‍ തങ്ങിയ ഈ പൊലീസ് സംഘം തയ്യാറാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന് അറിയപ്പെടുന്നത്. അതു നടപ്പാക്കാന്‍ ഒരു ആംബുലന്‍സ് വേണമായിരുന്നു. അതിനുവേണ്ടി പുതുക്കോട്ട ജില്ലയില്‍ ഉപയോഗയോഗ്യമല്ലാതെ ഉപേക്ഷിച്ചിരുന്ന വെള്ളനിറത്തിലുള്ള ഒരു പഴയ ടെമ്പോ ട്രാവലര്‍, കൊണ്ടുവന്ന് ചില മാറ്റങ്ങളൊക്കെ വരുത്തി ഒരു ആംബുലന്‍സായി രൂപാന്തരപ്പെടുത്തിയെടുത്തു.
നക്കീരന്‍ ഗോപാല്‍ വീരപ്പന്റെ ജീവചരിത്രത്തില്‍ എഴുതുന്നു: ”ഒക്ടോബര്‍ 18-ാം തീയതി വീരപ്പനെ തടവിലാക്കിയ പൊരശല്‍വനത്തില്‍ വെച്ച് ചെന്ന പൊലീസ് അധികാരികള്‍ വീരപ്പനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്തു എന്നു പറയുന്നതിനേക്കാള്‍ ‘ഭേദ്യം’ ചെയ്തു എന്നു പറയുന്നതാണ് കൂടുതല്‍ ശരി. വീരപ്പനെയും സേത്തുക്കുളി ഗോവിന്ദനെയും അവര്‍ ക്രൂരമായി പീഡിപ്പിച്ചു. സേതുമണിയെയും ചന്ദ്രഗൗഡയെയും മറ്റൊരിടത്താണ് ബന്ധനസ്ഥരാക്കിയിരുന്നത്. ഭക്ഷണമൊന്നും കൊടുക്കാതെ ഒരു ദിവസം മുഴുവന്‍ അവരെയും നഗ്‌നരാക്കി കൊടിയ പീഡനങ്ങള്‍ക്കിരയാക്കി. ഇരുപതു വര്‍ഷങ്ങളായി വീരപ്പനോട് അവര്‍ക്കുണ്ടായിരുന്ന പകയെല്ലാം, മര്‍ദ്ദനരൂപത്തില്‍ പോലീസുകാര്‍ പുറത്തെടുത്തു.
അന്നു വൈകീട്ട് എസ്.ടി.എഫ്. ക്യാമ്പിലെത്തിയ ആംബുലന്‍സില്‍ S.K.S. Hospital, Salem എന്നെഴുതേണ്ടതിന് പകരം S.K.S. Hospital, Selam എന്നു തെറ്റിച്ചാണ് എഴുതിയിരുന്നത്. അത് തിരുത്തിയെഴുതാന്‍ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നതിനാല്‍, അത്രയും സമയം പാഴാക്കിക്കളയേണ്ടെന്ന് കരുതി, സ്ഥലപ്പേര് തെറ്റിച്ചെഴുതിയ ആംബുലന്‍സ് വിജയകുമാറിന്റെ കാര്‍ ഡ്രൈവറായ ശരവണന്‍ ഓടിച്ച് ചെങ്കപ്പാടിയിലെത്തിച്ചു.
ഇതിനിടയില്‍ പൊരശല്‍നത്തം വനത്തില്‍ നിന്നും വീരപ്പനുള്‍പ്പെടെ നാലുപേരെയും അര്‍ദ്ധനഗ്‌നരാക്കി, പഞ്ചമലയ്ക്കു തെക്കുള്ള പള്ളം വഴി ചെങ്കപ്പാടിക്കു കൊണ്ടുവന്നു. അതിനിടയില്‍ വീരപ്പന്റെ മീശയും പൊലീസുകാര്‍ കൈകൊണ്ട് പിഴുതെടുത്തിരുന്നു. ‘ട്രേഡ് മാര്‍ക്കായ’ കൊമ്പന്‍മീശയില്ലാതെയാണ് അയാളെ കൊണ്ടുവന്നത്.
ആംബുലന്‍സ് ചെങ്കപ്പാടിയിലെത്തുമ്പോള്‍ നല്ല വെളിച്ചമുണ്ടായിരുന്നതിനാലും 7. 15ന് മാതേശ്വരന്‍ മലയില്‍ നിന്നും ചെങ്കപ്പാടിയിലേക്കുള്ള ബസ് അതുവഴി കടന്നുപോകാനുള്ളതുകൊണ്ടും ആംബുലന്‍സ് ആരുടെയും കണ്ണില്‍പ്പെടാതിരിക്കാന്‍ അത് ചെങ്കപ്പാടി വഴി ഹൊഗേനക്കല്‍ വരെ വെറുതെ ഓടിച്ചു തിരിച്ചുവരുവാന്‍ നിര്‍ദ്ദേശിച്ച് പറഞ്ഞയച്ചിരുന്നു.
രാത്രി 7.30 മണിക്ക് തിരിച്ചെത്തിയ ആംബുലന്‍സില്‍ ആദ്യം സേതു മണിയെയും ദേവഗൗഡയെയും കയറ്റി, പിന്നില്‍നിന്നും വെടിവെച്ചു കൊന്നു. മുന്‍പ് താളവാടിക്കരികിലുള്ള നെയ്താലപുരം വനത്തില്‍വച്ച് സെന്തില്‍കുമാര്‍ എന്ന സബ്-ഇന്‍സ്‌പെക്ടറുടെ ഇടതുകണ്ണിനു തൊട്ടു മുകളില്‍ പോയന്റ് ബ്ലാങ്കില്‍ വെടി വെച്ച് വീരപ്പന്‍ കൊന്നിരുന്നു. അതിനുള്ള പ്രതികാരം തീര്‍ക്കാനായി വീരപ്പനെയും അതേപോലെ കൊല്ലാന്‍ മേലധികാരികള്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ഇടതു കണ്ണിന് മുകളിലായി തലച്ചോറ് തുളച്ചിറങ്ങുന്നവിധം സൈലന്‍സറുള്ള തോക്കുപയോഗിച്ച് വീരപ്പനെയും വകവരുത്തി. ‘
വീരപ്പനുള്‍പ്പെടെ നാലുപേരുടെയും നഗ്‌നമായ ശരീരങ്ങള്‍ ആംബുലന്‍സില്‍ കയറ്റി, നാലു ജീപ്പ് നിറയെ പൊലീസുകാരുടെ അകമ്പടിയോടെ പാലാറും കടന്ന്, തമിഴ്നാട് അതിര്‍ത്തിയിലുള്ള ചിന്നക്കാവിത്തിട്ട മാരിയമ്മന്‍കോവിലിന് സമീപം ആംബുലന്‍സ് നിര്‍ത്തിയിട്ടശേഷം, എല്ലാവരും മേട്ടൂരില്‍ച്ചെന്ന് വസ്ത്രങ്ങള്‍ മാറി, ഓപ്പറേഷന്‍ കൊക്കൂണ്‍ പൂര്‍ത്തിയാക്കാനായി ധര്‍മ്മപുരിയിലേക്ക് തിരിച്ചു. അവര്‍ മേട്ടൂര്‍, മേച്ചേരി, പെരുംപള്ളം, പെണ്ണാകരം എന്നിങ്ങനെ വിജനമേഖലകളിലൂടെ സഞ്ചരിച്ച് രാത്രി പത്തുമണിയോടെ പാപ്പരപ്പട്ടിയില്‍ ചെന്നെത്തി അതിനു മുമ്പുതന്നെ അവിടെ കാത്തുനിന്നിരുന്ന ഉയര്‍ന്ന പൊലീസധികാരികളും സംഘവും ഒരു ഏറ്റുമുട്ടലുണ്ടായി എന്നു വരുത്തിത്തീര്‍ക്കാനായി ആംബുലന്‍സിലേക്ക് 358 ചുറ്റ് വെടിവച്ചു. അതില്‍ ഏഴെണ്ണം വീരപ്പന്റെ മേല്‍ തറച്ചെന്നും അങ്ങനെ വീരപ്പന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ട് തയ്യാറാക്കി. എത്ര വലിയ ഒരു നുണയായിരുന്നു ആ പൊലീസ് റിപ്പോര്‍ട്ട്! ‘വീരപ്പന്‍’ എന്ന ജീവചരിത്രത്തില്‍ ഗോപാല്‍ എഴുതി.
പിന്നീട് ഓപ്പറേഷനില്‍ പ്രധാന പങ്കു വഹിച്ച മുനിയെ നക്കീരന്‍ മാസികക്കാര്‍ വിശദ വിവരങ്ങള്‍ക്കായി സമീപിച്ചെങ്കിലും, സുരക്ഷാ കാരണങ്ങളാല്‍ അയാള്‍ സഹകരിച്ചില്ല. ഈ വാദങ്ങളാണ് നക്കിരന്‍ ഗോപാല്‍ ഉന്നയിക്കുന്നത്. ഒരു കൊടും ക്രിമിനലായ വീരപ്പനില്‍ നിന്ന് ധനസഹായം പറ്റിയ നിരവധി രാഷ്ട്രീയക്കാര്‍ ഉള്ളതിനാലും സര്‍ക്കാരുകള്‍ക്ക് നിരന്തര തലവേദന സൃഷ്ടിച്ച ഒരു വ്യക്തിയായതിനാലും വീരപ്പന്റെ മരണം അനുഗ്രഹമായി കരുതുന്നവരാണ് ഭൂരിപക്ഷവും എന്നിരിക്കെ വീരപ്പന്റെ വിവാദ മരണം അന്വേഷിക്കാന്‍ നക്കിരനൊഴിച്ച് ആരും ആവശ്യപ്പെട്ടില്ല.
18 വയസ്സില്‍ വനത്തില്‍ വെച്ച് ഒരു കൊമ്പനാനയെ ഒറ്റ വെടിക്ക് കൊന്ന് കാട്ടുരാജാവായി മാറിയ വീരപ്പന്റെ കഥ ഇന്ത്യയിലെ ക്രിമിനല്‍ ചരിത്രത്തില്‍ സമാനതയില്ലാത്ത ഒരു അദ്ധ്യായമാണ്.
കാട്ടുരാജാവ്, ആനവേട്ടക്കാരന്‍, ചന്ദനക്കള്ളക്കടത്തുകാരന്‍, ജീവിതകാലത്ത് കുറഞ്ഞത് 123 കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ക്രൂരനായ വ്യക്തി എന്നീ നിലകളില്‍ കൂസ് മുനസാമി വീരപ്പന്‍ തന്റെ ജീവിതകാലത്ത് ഒരു ചലചിത്ര താരത്തെക്കാള്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടി. തന്റെ മുഖമുദ്രയായ കൊമ്പന്‍ മീശ തഴച്ചു വളരുന്നതു പോലെ അയാളേകുറിച്ചുള്ള ക്രൂരമായ കഥകളും മാനംമുട്ടെ വളര്‍ന്നു. ഇന്ത്യയിലെ ആനകളുടെ നാലിലൊന്ന് ആനകളെ ആനക്കൊമ്പിന് വേണ്ടി കൊന്നു എന്ന് പറയപ്പെടുന്ന അയാളുടെ തലയ്ക്ക് രണ്ട് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച തുക തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നാല് സൂപ്പര്‍ താരങ്ങള്‍ക്ക് കിട്ടുന്ന മൊത്തം പ്രതിഫലത്തുകയേക്കാള്‍ കൂടുതലായിരുന്നു.
ആനകളുടെ എണ്ണം ആശങ്കാജനകമായി കുറയുകയും ആനക്കൊമ്പ് വില്‍പ്പന ഇന്ത്യ നിരോധിക്കുകയും ചെയ്തപ്പോള്‍, ചന്ദനത്തടികള്‍ വെട്ടിക്കൊണ്ട് അയാള്‍ വനം കൊള്ള ആരംഭിച്ചു. തെക്കെ ഇന്ത്യയിലെ പശ്ചിമ-കിഴക്കന്‍ മേഖലയിലെ ഇടതൂര്‍ന്ന ഉഷ്ണമേഖലാ കാടുകളില്‍ 30 വര്‍ഷം തന്റെ കാട്ടു സാമ്രാജ്യം സ്ഥാപിച്ച് കൊമ്പുകള്‍ക്കായി 200-ലധികം ആനകളെ വീരപ്പന്‍ കൊന്നൊടുക്കി. ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് വസ്തുക്കള്‍ എന്നും അയാള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ആനക്കൊമ്പും ചന്ദനത്തടിയും.
കര്‍ണാടകയിലെ കൊല്ലെഗല്‍ താലൂക്കിലെ ഗോപിനാഥം ഗ്രാമത്തില്‍ ജനിച്ച വീരപ്പന്‍ 18 വയസ്സുള്ളപ്പോള്‍ തന്റെ ഉന്നം തെറ്റാതെ വെടിവെയ്ക്കാനുള്ള കഴിവിലുടെ ശ്രദ്ധിക്കപ്പെട്ടു. സെവി ഗൗണ്ടര്‍ എന്ന കള്ളക്കടത്തുകാരന്റെ സംഘത്തില്‍ ചേര്‍ന്ന വീരപ്പന്‍ ഹൊഗ്‌നക്കലടുത്ത ഒരു വനത്തില്‍ വെച്ച് ഒറ്റ വെടിക്ക് തന്റെ ഒരു ആനക്കൊമ്പനെ കൊന്നതോടെ ആനക്കൊമ്പ് വേട്ടക്കാര്‍ക്കിടയില്‍ പ്രശസ്തനായി. ആനക്കൊമ്പ് കൂടാതെ ചന്ദനത്തിന്റെ അമിതമായ വിലയും വര്‍ധിച്ച ഡിമാന്റും അയാളെ വനം കൊള്ളയിലേക്ക് ശ്രദ്ധ തിരിച്ചു. വീരപ്പനും അയാളുടെ അനുജന്‍ അര്‍ജ്ജുനനും സേവിഗൗണ്ടറുടെ ശേഖരിച്ച ആനക്കൊമ്പുകള്‍ ലോറിയിലെ ഡ്രൈവറുടെ ക്യാബിന് മുകളില്‍ കേറ്റി ടാര്‍പോളിന്‍ കൊണ്ട് മറച്ച് റോഡുമാര്‍ഗം വനം വകുപ്പിലെ ഗാര്‍ഡിനേയും ചെക്ക് പോസ്റ്റുകളേയും, പോലീസിനേയും വെട്ടിച്ച് കോഴിക്കോട്, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ചു. അവിടെ നിന്ന് ബോംബെയില്‍ എത്തിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വിപണിയായ ജയ്പൂര്‍, ഉദയപ്പൂര്‍, അഗ്ര, വാരാണസി, മുര്‍ഷിദാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കും സാധനങ്ങള്‍ എത്തിക്കുന്ന സംവിധാനം ഉണ്ടാക്കി.
കര്‍ണാടകത്തിലെ മലേ മഹാദേശ്വര ഹില്‍ലെ വനങ്ങളില്‍ നല്ല ചന്ദനമരം കണ്ടെത്താനും, വെട്ടിയെടുക്കാനും വീരപ്പന്‍ ഗ്രാമവാസികളെ ഉപയോഗിച്ചു. 70 കളുടെ തുടക്കത്തില്‍ ഇടതൂര്‍ന്ന് ഒന്നാന്തരം ചന്ദനമരങ്ങള്‍ അവിടെ തിങ്ങി വളര്‍ന്നിരുന്നു. മരം വെട്ടാനും, തടികള്‍ പുറത്തെത്തിക്കാനും വീരപ്പന്‍ ഗ്രാമവാസികളെ സംഘടിപ്പിച്ചു. അവര്‍ക്ക് നല്ല പ്രതിഫലവും അയാള്‍ നല്‍കി. ജോലി കഴിയുമ്പോള്‍ വാഹനങ്ങള്‍ അപൂര്‍വമായ ആ മേഖലയില്‍ തന്റെ ലോറിയില്‍ കേറ്റി ജോലിക്കാരെ സൗജന്യമായി അവരുടെ വീടുകളില്‍ എത്തിച്ചു. ഏറെ താമസിയാതെ വീരപ്പന്‍ ഗ്രാമവാസികളുടെ ആരാധ്യ വ്യക്തിയായി രൂപം പ്രാപിച്ചു. തങ്ങളുടെ രക്ഷകനായി അയാളെ അവര്‍ കണക്കാക്കാന്‍ തുടങ്ങി. ദൈവത്തെ പോലെ അവര്‍ അരാധിക്കാന്‍ തുടങ്ങിയ വീരപ്പന്റെ കടുത്ത മുന്‍കോപം കണ്ട് അവര്‍ ഒരു വിളിപ്പേരും അയാള്‍ക്ക് നല്‍കി ‘മൊളഗ’. പ്രാദേശിക ഭാഷയില്‍ അതിനര്‍ത്ഥം മുളക് എന്നാണ്.
സാവധാനത്തില്‍ വീരപ്പന്‍ കാട്ടു രാജാവായി വളരുകയായിരുന്നു. ആയിടെ തന്റെ സമീപപ്രദേശത്ത് ചെറുപ്പക്കാര്‍ സംഘമായി ചേര്‍ന്ന് ചന്ദനക്കള്ളത്തടിവെട്ട് തുടങ്ങി. കൂടാതെ അവര്‍ കൊടക്, സംഗാമ, മേക്കടട്ടു തുടങ്ങിയ പ്രദേശങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി. ബാംഗ്ലൂരില്‍ മുത്താറി വരെ അവരുടെ പ്രവര്‍ത്തന മേഖല എത്തിയതോടെ വീരപ്പന്‍ അപകടം മണത്തു. തന്റെ സാമ്രാജ്യത്തില്‍ മറ്റാരും കടന്നുവരുന്നത് പൊറുക്കാന്‍ അയാള്‍ തയ്യാറായില്ല. അയാള്‍ വേഗം തന്റെ പദ്ധതി ആവിഷ്‌ക്കരിച്ചു. ആദ്യത്തെ ചെറിയ ഉരസലുകള്‍ക്ക് ശേഷം വീരപ്പന്‍ അവരെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഒരു പൗര്‍ണമി നാളില്‍ സമ്മേളിച്ച് സംസാരിച്ച് നമുക്ക് രാജിയാകാം. അയാള്‍ അവര്‍ക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. 1989 ലെ ജനുവരി 4 ന് വെളുത്ത വാവ് രാത്രിയില്‍ വീരപ്പന്‍ ഒരു വിരുന്ന് സംഘടിപ്പിച്ചു. എല്ലാ ഗ്രാമവാസികളേയും അയാള്‍ ഇതിന് ക്ഷണിച്ചു. അവരെല്ലാം ഒത്തു കൂടിയ പഞ്ചായത്ത് ആസ്ഥാനമുറ്റത്ത് വെച്ച് വീരപ്പന്‍ ആ സംഘത്തിലെ ചെറുപ്പക്കാരോട് പറഞ്ഞു. ‘ജീവിതകാലം മുഴുവന്‍ നമുക്ക് സുഹൃത്തുക്കളായി തുടരാം. നമുക്കെല്ലാവര്‍ക്കും ആവശ്യമുള്ളത് ഇവിടെ വളരെയധികമുള്ളപ്പോള്‍ എന്തിനാണ് ഈ ശത്രുത ?’ അയ്യന്‍, അയ്യന്‍ദൊരെ, ഗുണശേഖര്‍, മുത്തുകുമാര്‍ ധനപാല്‍ സംഘത്തിലെ അഞ്ച് ചെറുപ്പക്കാരും ആദ്യം ഈ നീക്കം സംശയിച്ചെങ്കിലും, വീരപ്പന്റെ മനസ്സിലിരിപ്പ് അറിയാതെ അവര്‍ അപ്പോള്‍ സമാധാനത്തോടെ സംസാരിച്ച വീരപ്പനെ വിശ്വാസത്തിലെടുത്തു.
ആ പൗര്‍ണ്ണമി രാത്രിയിലെ വിരുന്നില്‍ പ്രദേശികമായി വാറ്റിയ മദ്യവും, മികച്ച ഭക്ഷണവും ധാരാളം ഉണ്ടായിരുന്നു. എല്ലാവരും സന്തോഷത്തിലായിരുന്നു. കൊട്ടും പാട്ടുമായി അവിടെയുള്ളവര്‍ ആടിപ്പാടി രസിച്ചു. വിരുന്ന് ഒരു ഘട്ടത്തിലെത്തിയപ്പോള്‍ വീരപ്പന്‍ അനുരഞ്ജനത്തിന്റെ പ്രതീകമായി ആ സംഘത്തിലെ അഞ്ച് ചെറുപ്പക്കാരോട് പറഞ്ഞു. ‘ഞാന്‍ നിങ്ങളുടെ കാലടികള്‍ തൊടാം. നിങ്ങള്‍ എന്റെ കാലടിയും തൊടുക’ ഒരു നിരുപദ്രവകരമായ ആചാരമായതിനാല്‍ ആ യുവാക്കള്‍ ഉടനെ സമ്മതിച്ചു. പുണ്യമായി കണക്കാക്കുന്ന ഒരു ആചാരമായതിനാല്‍ വീരപ്പന്‍ ഗ്രാമീണ ചത്വരത്തില്‍ നില്‍ക്കുന്ന പുരാതനമായ ഒരു ആല്‍മരത്തിന് താഴെ ചെന്ന് നിന്നു. തൊട്ടു പിന്നാലെ വന്ന അഞ്ച് യുവാക്കളും വീരപ്പന്റെ കാല്‍പാദത്തില്‍ തൊടാനായി കുനിഞ്ഞപ്പോള്‍ അയാള്‍ പെട്ടെന്ന് ഷര്‍ട്ടിന്റെ പിന്നില്‍ നിന്ന് ഒരു തോക്ക് പുറത്തെടുത്ത് അവര്‍ക്കു നേരെ നിറയൊഴിച്ചു. സംഭവിച്ചത് എന്താണെന്നറിയും മുന്‍പ് നിരായുധരായ ആ അഞ്ച് പേരും അവിടെ വീണ് പിടഞ്ഞ് മരിച്ചു.
അപ്രതീക്ഷിതമായ വെടിയൊച്ച കേട്ട അവിടെയുണ്ടായിരുന്ന ഗ്രാമീണര്‍ ഭക്ഷണവും മറ്റും ഉപേക്ഷിച്ച് ഭയന്ന് വിറച്ച് ചിതറിയോടി ജീവനും കൊണ്ട് അവരുടെ കുടിലുകളിലേക്ക് പാഞ്ഞു. നിമിഷങ്ങള്‍ കൊണ്ട് അവിടം ശുന്യമായി. ആ രാത്രിയുടെ നിശബ്ദതയില്‍ ഭയം കൊണ്ട് തണുത്തുറഞ്ഞ് തങ്ങളുടെ വാസസ്ഥലങ്ങളില്‍ മറഞ്ഞിരിക്കുന്ന ഗ്രാമവാസികളോടായി വീരപ്പന്‍ ഉച്ചത്തില്‍ അലറി ‘എന്നെ എതിര്‍ക്കുന്നവരുടെ അവസാനം ഇതായിരിക്കും’ അതിന് ശേഷം കലി പൂണ്ട അയാള്‍ ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന കൊല്ലപ്പെട്ട അഞ്ച് യുവാക്കളുടെ മുതശരീരം ഒരു മഴുകൊണ്ട് വെട്ടി നുറുക്കി പല കഷ്ണങ്ങളാക്കി ഒരു കാളവണ്ടിയില്‍ നിറച്ചു. ആ കാളവണ്ടി ഓടിച്ച് തൊട്ടടുത്ത ഗ്രാമത്തില്‍ എത്തി ഇതേ മുന്നറിയിപ്പ് അവിടേയും ഉച്ചത്തില്‍ അലറിക്കൊണ്ട് ആവര്‍ത്തിച്ചു. പിന്നീട് അതിനടുത്തുള്ള പാലാര്‍ നദിയിലേക്ക് ആ ചോരയില്‍ മുങ്ങിയ ശരീരാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞു.
പ്രാകൃതവും പൈശാചികവുമായ ഈ ക്രൂര പ്രവൃത്തിയിലൂടെ അയാള്‍ ഭീകരരൂപിയായി മാറിയതായി ഗ്രാമീണര്‍ക്ക് മനസിലായി. അയാളുടെ വഴിയില്‍ എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ലെന്ന് അവര്‍ ഭീതിയോടെ തിരിച്ചറിഞ്ഞു. അവരുടെ ഓര്‍മകളില്‍ നിന്ന് ഒരിക്കലും മായാതെ, സിരകളില്‍ ഭീതി പടര്‍ത്തുന്ന ഒരു പേക്കിനാവായി ആ സംഭവം സ്ഥാനം പിടിച്ചെന്ന് പിന്നീട് ഗ്രാമവാസികള്‍ പറയുകയുണ്ടായി.
1989 ഓഗസ്റ്റില്‍ പാലാര്‍ ചെക്ക്‌പോസ്റ്റില്‍ വെച്ച് വീരപ്പന്റെ ചന്ദനത്തടികള്‍ കടത്തുന്ന ഒരു ലോറി ഒരു ഫോറസ്റ്റ് ഗാര്‍ഡ് പിടികൂടി. കുടകുകാരനായ യുവാവായ മോഹനയ്യ എന്നായിരുന്നു ആ ഗാര്‍ഡിന്റെ പേര്. അയാള്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടയ്ക്കുകയും, ലോറി കണ്ടുകെട്ടുകയും ചെയ്തു. പോലീസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും കൈക്കൂലി നല്‍കിയോ ഭയപ്പെടുത്തിയോ തന്റെ വരുതിക്ക് നിറുത്തിയിരുന്ന വീരപ്പന് അതൊരു ഷോക്കായിരുന്നു. തന്റെ ഡ്യൂട്ടിയില്‍ യാതൊരു വീട്ടുവീഴ്ചയും ചെയ്യാത്ത മോഹനയ്യ ഒരു ‘ഒത്തു തീര്‍പ്പിനും വഴങ്ങിയില്ല. രോഷാകുലനായ വീരപ്പന്‍ മോഹനയ്യയുടെ നീക്കങ്ങള്‍ ഫോറസ്റ്റ് വകുപ്പില്‍ തന്നെ സഹായിക്കുന്നവരില്‍ നിന്ന് അറിഞ്ഞ ശേഷം പാലാര്‍ നദിക്കടുത്ത പാലത്തില്‍ വെച്ച് മോഹനയ്യയെ വെടിവെച്ച് കൊന്നു.
ഈ രണ്ട് കുറ്റകൃത്യങ്ങളിലൂടെ വീരപ്പന്‍ അങ്ങനെ ആധുനിക കാലത്തെ നിയമലംഘനത്തിലൂടെ മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ഏറ്റവും രക്തരൂക്ഷിതമായ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു, ഒപ്പം അനിഷേധ്യനായ കാട്ടു രാജാവായി അയാള്‍ ഉയര്‍ത്തപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളുടെ ഭരണകൂടങ്ങള്‍ക്ക് നിരന്തര ഭീഷണിയായി അയാള്‍ വളര്‍ന്നു.
വീരപ്പന്റെ ആദ്യത്തെ രക്ഷിതാവും മാര്‍ഗദര്‍ശിയുമായ മുതിര്‍ന്ന കള്ളക്കടത്തുകാരന്‍ സെവി ഗൗണ്ടര്‍ ഇതിനിടെ ‘വിരമിച്ചി’രുന്നു. ദീര്‍ഘകാലം ആനക്കൊമ്പും ചന്ദനവും കടത്തിയ അയാള്‍ക്കെതിരെ കര്‍ണ്ണാടകവും തമിഴ്‌നാടും ഒട്ടെറെ കേസുകള്‍ ചാര്‍ജ് ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഒരെണ്ണത്തില്‍ പോലും അയാളെ ശിക്ഷിക്കാന്‍ രണ്ട് സര്‍ക്കാരുകള്‍ക്കും കഴിഞ്ഞില്ല. ഈയൊരു വസ്തുത നന്നായി വീരപ്പന്‍ മനസിലാക്കിയിരുന്നത് അയാള്‍ക്ക് ആത്മബലം നല്‍കി.
90 കളുടെ തുടക്കത്തില്‍, 100 അംഗങ്ങളുള്ള തന്റെ സംഘവുമായി, വീരപ്പന്‍ എതിരാളികളെ ക്രൂരമായി വെട്ടിവീഴ്ത്തി തെക്കന്‍ കാടുകള്‍ ഭരിച്ചു. തന്റെ കൊള്ളമുതലിന്റെ ഒരു ഭാഗം ഗ്രാമീണര്‍ക്കിടയില്‍ വിതരണം ചെയ്തുകൊണ്ട് ഒരു റോബിന്‍ ഹുഡ് പ്രതിച്ഛായ വളര്‍ത്തിയെടുക്കാന്‍ ബുദ്ധിമാനായ അയാള്‍ മറന്നില്ല
ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട ചമ്പല്‍ കൊള്ളക്കാരനായ മല്‍ഖന്‍ സിങ്ങിനോ ഫൂലന്‍ ദേവിക്കോ പോലും വീരപ്പന് ലഭിച്ച രാജ്യവ്യാപകമായ പ്രശസ്തി അഥവാ കുപ്രസിദ്ധി ലഭിച്ചിട്ടില്ല. പണം ഉപയോഗിച്ച് ഒരു പരിധിവരെ നല്ല രാഷ്ട്രീയ സ്വാധീനവും വീരപ്പന്‍ നേടി.
1986-ല്‍ തന്റെ സംഘത്തിന് വേണ്ടി ആയുധങ്ങള്‍ വാങ്ങാന്‍ വീരപ്പന്‍, ബാംഗ്ലൂരിലേക്ക് പോയപ്പോള്‍ ആയുധ ഇടനിലക്കാരന്‍ അയാളെ ഒരു ഹോട്ടല്‍ മുറിയില്‍ ഇരുത്തി നേരെ പോലീസിന് വിവരം കൈമാറി. അങ്ങനെ വീരപ്പന്‍ ആദ്യമായി അറസ്റ്റിലായി, ബാംഗ്ലൂര്‍ പോലീസ് വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ മൈസൂരിലെ ഫോറസ്റ്റ് സെല്ലിലെ പോലീസ് സൂപ്രണ്ടിന് വീരപ്പനെ കൈമാറി. അന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഏക ഫോട്ടോയാണ് വീരപ്പന്റെതായി പോലീസ് രേഖകളില്‍ കുറെക്കാലം ഉണ്ടായിരുന്നത്. ഡി.എഫ്.ഒ ശ്രീനിവാസന്റെ കയ്യിലാണ് വീരപ്പന്‍ ചെന്ന് പെട്ടത്. വീരപ്പനെ കാട്ടില്‍ കൊണ്ടുപോയി വെടി വെച്ച് കൊല്ലാനായിരുന്നു ഫോറസ്റ്റുകാരുടെ പദ്ധതി’. അത് മനസിലാക്കിയ വീരപ്പന്‍ 20 ദിവസത്തിന് ശേഷം അവരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഒരിക്കലും അയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ശ്രീനിവാസിനെ വീരപ്പന്‍ ഒരിക്കലും മറന്നില്ല. അയാളെ വകവരുത്താന്‍ വീരപ്പന്‍ കാത്തിരുന്നു.
വീരപ്പനെ പിടികൂടാനുള്ള നിരവധി പോലീസ് ഓപ്പറേഷനുകള്‍ മൂലം സത്യമംഗലം, എംഎം ഹില്‍സ് എന്നിവിടങ്ങളിലെ വനമേഖലകളിലെ ഗ്രാമീണരുടെ ജീവിതം ദുസ്സഹമായിരുന്നു. വീരപ്പനോട് ബന്ധമുണ്ടെന്ന് ആരോപിച്ച് ഗ്രാമീണരെ പോലീസും സ്‌പെഷ്യല്‍ ടാസ്‌കുകാരും നിരന്തരം പീഡിപ്പിച്ചിരുന്നു. പോലീസ് നടപടികള്‍ കാരണം ആളുകള്‍ വനം വകുപ്പില്‍ നിന്ന് അകന്നിരുന്നു. നിരപരാധികളായ നിരവധി ഗ്രാമീണര്‍ പോലീസിന്റെ ക്രൂരതയ്ക്കിരയായി’. അക്കാലത്ത് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫസറായി പി. ശ്രീനിവാസ് ആ ഭാഗത്ത് നിയമിതനായി. വീരപ്പനെ കീഴ്‌പ്പെടുത്തി നന്മയുടെ പാതയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഗ്രാമീണരില്‍ വിശ്വാസം വളര്‍ത്തുക എന്നതായിരുന്നു ശ്രീനിവാസിന്റെ ലക്ഷ്യം. വീരപ്പനെ പിടികൂടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ സമാധാനപരമായി നീങ്ങി. ഗ്രാമീണരുമായി സൗഹൃദം സ്ഥാപിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി. വീരപ്പന്‍ വളര്‍ന്ന ഗ്രാമമായ ഗോപിനാഥത്തില്‍ പോലും അയാള്‍ താമസിക്കാന്‍ എത്തി. ഗോപിനാഥത്തിലെ ഗ്രാമവാസികള്‍ ശ്രീനിവാസിനെ വളരെ ഇഷ്ടപ്പെട്ടു. വീരപ്പനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക ഫണ്ട് ഗ്രാമീണരുടെ ക്ഷേമത്തിനായി അയാള്‍ ഉപയോഗിച്ചു.
ശ്രീനിവാസന്റെ സ്വാധീനം വളരുന്നത് കണ്ട വീരപ്പന്‍ അസ്വസ്ഥനായി. ഇതിനിടയില്‍ ശ്രീനിവാസന്റെ ശ്രമം മൂലം വീരപ്പന്റെ നിരവധി സഹായികള്‍ പോലിസിന് കീഴടങ്ങിയിരുന്നു. ശ്രീനിവാസന്റെ അധികാരവും സ്വാധീനവും അതിവേഗം വളര്‍ന്നുകൊണ്ടിരുന്നു. ശ്രീനിവാസിനെ ഇല്ലാതാക്കേണ്ടത് അതാവശ്യമാണെന്ന് വീരപ്പന്‍ ഉറപ്പിച്ചു. ആയിടെ ജയിലിലായിരുന്ന വീരപ്പന്റെ അനുജന്‍ അര്‍ജ്ജുനന്‍ പുറത്തുവന്നു. വീരപ്പനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കണമെന്ന ഉപാധികളോടെയാണ് ഉന്നത പോലീസ് അധികാരികള്‍ അര്‍ജ്ജുനനെ പുറത്ത് വിട്ടത്.
അതിനിടയ്ക്ക് ലോക്കല്‍ പോലീസിന് ശ്രീനിവാസിന്റെ രീതികള്‍ ഇഷ്ടപ്പെട്ടില്ല. അയാളുടെ ജനസ്വാധീനം അവര്‍ക്ക് രസിച്ചിരുന്നില്ല ഗോപിനാഥത്തിലെ വീരപ്പന്റെ സഹോദരി വിവാഹിതയായ മാരിയുമായി ശ്രീനിവാസിന് ബന്ധമുണ്ടെന്ന് അവര്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചു. ഇത് ഗ്രാമത്തില്‍ പ്രചരിച്ചതോടെ അപമാനം സഹിക്കാന്‍ കഴിയാതെ മാരി വിഷം കുടിച്ച് ആത്മഹത്യ ചെയ്തു. തന്റെ സഹോദരിയുടെ മരണത്തിന് കാരണക്കാരനായ ശ്രീനിവാസിനെ വെട്ടിനുറുക്കുമെന്ന് വീരപ്പന്‍ തീരുമാനിച്ചു. അയാള്‍ ഒരു പദ്ധതി തയ്യാറാക്കി. ശ്രീനിവാസ് നിരായുധനായി വന്നാല്‍ താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് വീരപ്പന്‍ അറിയിച്ചു.
2018 ല്‍ പുറത്തിറങ്ങിയ, തമിഴ് വാരിക നക്കീരന്റെ എഡിറ്ററും കാട്ടില്‍ വീരപ്പനെ അഭിമുഖം ചെയ്ത ഗോപാല്‍ എന്ന നക്കീരന്‍ ഗോപാല്‍ എഴുതിയ ‘വീരപ്പന്‍’ എന്ന ജീവചരിത്രത്തില്‍ ഈ സംഭവം ഇങ്ങനെ എഴുതുന്നു.
ആ സമയത്ത് അര്‍ജുനന്‍ 20 ദിവസങ്ങള്‍ എന്നോടൊപ്പം കാട്ടില്‍ക്കഴിഞ്ഞു. അവസാന ദിവസമാണ് ഐഡിയായെല്ലാം പറഞ്ഞുകൊടുത്ത് അര്‍ജുനനെ പറഞ്ഞയയ്ക്കുന്നത്. അര്‍ജുനന്‍ ഡി.എഫ്.ഒയുടെ അടുത്തു ചെന്ന് ‘ഇരുപതു ദിവസമായി തേടി നടന്ന് അവസാനം കണ്ടുപിടിച്ചു.” അണ്ണന് നല്ല ബുദ്ധി ഉപദേശിച്ചുകൊടുത്തിട്ടുണ്ട്. അണ്ണന്‍ സറണ്ടറാകാമെന്നു സമ്മതിച്ചു. ചില ആവശ്യങ്ങളൊക്കെയുണ്ട്. അക്കാര്യം നേരിട്ടു പറയാമെന്നാണ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് എന്റെ കൂടെ വന്നാല്‍ സംസാരിക്കാം.”ഓ… യെസ്… വരാം.’
അങ്ങനെ ഡി.എഫ്.ഒ. വന്നു, നാട്ടുകാര്‍ രണ്ടുമൂന്ന് പേരും അയാളോടൊപ്പമുണ്ടായിരുന്നു. വന്നു; കണ്ടു. ഒറ്റ വെടി! അയാള്‍ വീണു. ഒരു പള്ളം (ചെറിയ ജലാശയം) താണ്ടിക്കടക്കുമ്പോഴാണ് വെടിവച്ചത്. വെള്ളത്തിലേക്കാണ് വീണത്. അവനെ പൊക്കിയെടുത്ത് കരയ്ക്കിട്ട് തല അറുത്തെടുത്തു. രണ്ടു ലിറ്റര്‍ പെട്രോള്‍ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്നു. അതൊഴിച്ച് ബോഡി കത്തിച്ചു. ഇതുകണ്ട് കൂടെ വന്നിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. രണ്ടുപേര്‍ പേടിച്ചുവിറച്ച് അവിടെത്തന്നെ നിന്നു.’നിങ്ങളെ ഒന്നും ചെയ്യില്ല. നിങ്ങളു പൊയ്‌ക്കോ.” ഡി.എഫ്.ഒയുടെ തല വീരപ്പന്‍ വെട്ടിയെടുത്തു കൊണ്ടുപോയെന്ന് എല്ലാവരോടും പറയണം.’
അങ്ങനെ ചുട്ടുകരിച്ച തലയുമായി ഞങ്ങള്‍ ‘എറക്കി’ എന്ന വനത്തിലെത്തി. നീ ചെയ്ത പാപങ്ങള്‍ക്കെല്ലാം ശിക്ഷയായി ഈ വനത്തിന്റെ കാവല്‍ക്കാരനായി ഇരിക്കണം എന്നു പറഞ്ഞ് ആ തല ഒരുയര്‍ന്ന സ്ഥലത്തുവെച്ച് ഞങ്ങള്‍ പോയി.’ വീരപ്പന്റെ അതിക്രൂരമായ ഈ ചെയ്തി പോലീസ് സേനയിലും മറ്റുള്ളവരിലും ഭീതി വിതച്ചു.
പോലീസ് സേനയാല്‍ വേട്ടയാടപ്പെട്ട വീരപ്പന്‍ മാരകമായ ഒരു വേട്ടക്കാരനായി മാറിയെന്ന് തെളിയിക്കുന്ന ഒന്നാണ് 1992 ഓഗസ്റ്റില്‍ കര്‍ണാടക പോലീസ് ടാസ്‌ക് ഫോഴ്സിന്റെ എസ്.പി ഹരികൃഷ്ണയെയും എസ്.ടി.എഫ് അംഗം ഷക്കീല്‍ അഹമ്മദിനേയും നടത്തി പതിയിരുന്ന് കൊലപ്പെടുത്തിയത്. വീരപ്പനെ പിടികൂടാന്‍ രണ്ട് സംസ്ഥാനങ്ങളും പ്രത്യേക ടാസ്‌ക് ഫോഴ്സിനെ വിന്യസിക്കുകയും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 25 കോടി രൂപ ചെലവഴിക്കുകയും ചെയ്തിട്ടും അവര്‍ക്ക് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഈ കാലയളവില്‍ വീരപ്പന്‍ 21 പോലീസുകാരെയും 12 ഫോറസ്റ്റ് ഗാര്‍ഡുകളെയും 33 ഗ്രാമീണരേയും കൊലപ്പെടുത്തി.
1993 ലാണ് വീരപ്പനും അയാളുടെ ചെയ്തികളും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. അതിനു കാരണം നക്കീരന്‍ തമിഴ് വാരികയായിരുന്നു. വീരപ്പനെ പറ്റിയുള്ള വാര്‍ത്തകള്‍ ധാരാളം വന്നെങ്കിലും അയാളുടെ പഴയ 1986 ലെ ഒരു കസ്റ്റഡി ഫോട്ടോ മാത്രമാണ് ലഭ്യമായിരുന്നത്.
1990-91 കാലത്ത് തമിഴ്നാട്ടില്‍ ഡി.എം.കെ. ഭരണ കക്ഷിയായിരിക്കെ ഡി.ജി.പി. യായ ദുരൈ. വീരപ്പന്‍ വനത്തില്‍ വെട്ടിയിട്ടിരുന്ന 80 ലക്ഷം നില വരുന്ന ചന്ദനത്തടികള്‍ പിടിച്ചെടുത്തതായും വീരപ്പനുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തിയെന്നും ഒരു വാര്‍ത്താ വീഡിയോ മാസികയായ ‘പൂമാലൈ’ യില്‍ പ്രതൃക്ഷപ്പെട്ടു. അതേസമയം, വീരപ്പന്‍ ജീവിച്ചിരിപ്പുണ്ടോ, ഇല്ലയോ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പല പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ‘മൂരശൊലി’, ‘ദിനമണി’ പത്രങ്ങളില്‍ വീരപ്പന്‍ എന്നൊരാള്‍ ജീവിച്ചിരിപ്പില്ല എന്ന് ‘വെണ്ടയ്ക്കാ’ വലിപ്പത്തിലുള്ള തലക്കെട്ടുകളും വന്നുകൊണ്ടിരുന്നു. അതേസമയം ദിനതന്തി, ദിനമലര്‍, ദിനകരന്‍, മാലൈ മൂരശ്, – മലര്‍’ മുതലായ ദിനപത്രങ്ങളില്‍ ‘വീരപ്പന്‍ സംഘത്തില്‍പ്പെട്ട മൂന്നുപേരെ പൊലീസ് വെടിവച്ചു കൊന്നു. എന്നും മറ്റുമുള്ള വാര്‍ത്തകള്‍ പ്രാധാന്യത്തോടെ വന്നുകൊണ്ടിരുന്നു.
1993 ഏപ്രില്‍ ആദ്യവാരം തമിഴ്നാട് നിയമസഭയുടെ ചോദ്യോത്തരവേളയില്‍ വീരപ്പനെപ്പറ്റിയുള്ള ഒരു ചോദ്യത്തിന് മറുപടിയായി അന്നത്തെ വനംവകുപ്പ് മന്ത്രി ചെങ്കോട്ടയ്യന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു;
‘വീരപ്പന്‍ എന്നൊരാള്‍ ഇപ്പോഴിവിടെയില്ല. അയാള്‍ ബോംബെയിലേക്ക് കടന്നുകളഞ്ഞു. ‘മന്ത്രി ചെങ്കോട്ടയ്യന്‍ ആ പ്രസ്താവന നടത്തി പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പത്രങ്ങളില്‍ വെണ്ടയ്ക്കാ വലിപ്പത്തില്‍ ഒരു വാര്‍ത്ത വന്നു.
‘വീരപ്പന്‍ വച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ച് തമിഴ്‌നാട്-കര്‍ണ്ണാടക സംയുക്ത എസ്.ടി.എഫ്. സംഘത്തില്‍പ്പെട്ട 22 പേര്‍ കൊല്ലപ്പെട്ടു. തമിഴ്നാട് എസ്.ടി.എഫ്. തലവന്‍ ഗോപാലകൃഷ്ണന്റെ നില അതീവ ഗുരുതരം.’ അതോടെ തമിഴ്‌നാട് ഗവണ്‍മെന്റിന്റെ അവകാശവാദം പൊളിഞ്ഞു വീണു.രണ്ട് ആഴ്ചയ്ക്ക് ശേഷം തെന്നിന്ത്യയെ ഞെട്ടിച്ചു കൊണ്ട്. 1993 ഏപ്രില്‍ 24-ാം തീയതിയിലെ നക്കീരന്‍ തമിഴ് വാരിക വീരപ്പന്റെ ഏറ്റവും പുതിയ മുഖച്ചിത്രത്തോടും വിശദമായ റിപ്പോര്‍ട്ടോടും കൂടി പുറത്തിറങ്ങി.. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ആ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയിലെ വീരപ്പനും നക്കീരന്‍ ഫോട്ടോഗ്രാഫര്‍ ശിവസുബ്രഹ്‌മണ്യം അതിസാഹസികമായി വനത്തിലെത്തി വീരപ്പനെ നേരില്‍ക്കണ്ട് പകര്‍ത്തിയ കളര്‍ഫോട്ടോകളും തമ്മിലുള്ള അന്തരം വായനക്കാര്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവ രണ്ടും ഉള്‍ക്കൊള്ളിച്ചായിരുന്നു നക്കീരന്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് നക്കീരന്റെ തുടര്‍ച്ചയായുള്ള രണ്ട് ലക്കങ്ങളില്‍ വ്യത്യസ്തമായ വീരപ്പന്റെ ഫോട്ടോകളും കോളിളക്കം സൃഷ്ടിച്ചു.
മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പുതിയൊരു പരിവേഷവുമായി വീരപ്പന്‍ എന്ന കള്‍ട്ട് ഫിഗര്‍ ഉയര്‍ന്നുവന്നു. ഇതാദ്യമായി അയാളുടെ കാടിനകത്തെ സാഹസിക ജീവിതം വായനക്കാരറിഞ്ഞു.
എല്ലാ ദിവസവും രാവിലെ ഒരു അരുവിയില്‍ കുളിച്ച ശേഷം വീരപ്പന്‍ – രണ്ട് കാവല്‍ക്കാരുടെ സുരക്ഷയില്‍ – 15 മിനിറ്റെങ്കിലും പ്രാര്‍ത്ഥിക്കും. തികച്ചും ഒരു മദ്യം തൊടാത്ത, പുകവലിക്കാത്ത അയാള്‍ സദാ ജാഗ്രതാരൂപനാണ്. എങ്കിലും സംഘാംഗങ്ങളുമായി വളരെ സൗഹൃദത്തില്‍ ഇടപെടുന്നു. അവരെ തുല്യരായി പരിഗണിക്കുകയും ചെയ്യുന്നു. പക്ഷേ കര്‍ശനമായ പെരുമാറ്റച്ചട്ടം അയാള്‍ നടപ്പിലാക്കുന്നു. വീരപ്പന്റെ സാന്നിധ്യത്തില്‍ മദ്യപിക്കരുത്. ഒരു സ്ത്രീയെയും പീഡിപ്പിക്കരുത്, നിരപരാധികളെ കൊള്ളയടിക്കുകയോ കൊല്ലുകയോ ചെയ്യരുത്. തന്റെ സാമ്രാജ്യത്തിലെ കാട്ടു നിയമങ്ങള്‍ കര്‍ശനമായി അയാള്‍ നടപ്പിലാക്കുന്നു.
സഹോദരന്‍ അര്‍ജുനന്‍ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ലെഫ്റ്റനന്റാണ്. അംഗങ്ങളുടെ പ്രായം വ്യത്യസ്തമാണ്, ഏകദേശം 60 വയസ്സു തൊട്ട് 6 വയസ്സ് വരെ അംഗങ്ങളാണ്. ഭാര്യ മുത്തുലക്ഷ്മിയും അദ്ദേഹത്തോടൊപ്പം താമസിക്കുന്നു, പക്ഷേ പ്രത്യക്ഷപ്പെട്ടില്ല. മൂന്ന് വയസ്സുള്ള അവരുടെ ഏക മകള്‍ ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പം അടുത്തുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഒളിത്താവളങ്ങളില്‍ ധാന്യങ്ങളും പച്ചക്കറികളും ധാരാളം ഉണ്ട്. മാംസം കൂടുതലും മുയലുകളോ മാനുകളോ ആണ്, ഇരുട്ടിക്കഴിഞ്ഞാല്‍ തീ കത്തിക്കാന്‍ ആര്‍ക്കും അനുവാദമില്ല.
സംഘം നിരന്തരം ക്യാമ്പുകള്‍ മാറ്റുന്നു, ചിലപ്പോള്‍ എല്ലാ ദിവസവും 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നു. ഓരോ അംഗവും തോളില്‍ തൂക്കിയിട്ട തുണി സഞ്ചികളില്‍ റൈഫിളുകളും വെടിയുണ്ടകളും സ്‌ഫോടകവസ്തുക്കളും കൊണ്ടുപോകുന്നു. പോലീസ് എസ്.പി ഹരികൃഷ്ണയെ കൊലപ്പെടുത്തിയ ശേഷം സംഘം അദ്ദേഹത്തിന്റെ കാറില്‍ നിന്ന് മോഷ്ടിച്ച ഒരു വയര്‍ലെസ് സെറ്റ് ഉണ്ട്, അത് പോലീസ് സംഭാഷണങ്ങള്‍ പിടിച്ചെടുക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ അവരുടെ പ്രധാന വിവര സ്രോതസ്സ് വീരപ്പന്‍ വനങ്ങള്‍ക്കുള്ളിലെ 100-ഓളം ഗ്രാമങ്ങളില്‍ താമസിക്കുന്ന ഗ്രാമീണരാണ്. തന്നെ കുടുക്കാന്‍ ഒരുക്കുന്ന ടാസ്‌ക് ഫോഴ്സ് എവിടേക്കാണ് നീങ്ങുന്നതെന്ന് അറിയാന്‍ ഇവര്‍ വഴി അയാള്‍ക്ക് കഴിഞ്ഞു.
6,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നിബിഡ വനപ്രദേശങ്ങളില്‍ അദ്ദേഹം വിദഗ്ധനാണ് – എല്ലാ വഴികളും അദ്ദേഹത്തിന് അറിയാം, അദ്ദേഹം ഒരു മികച്ച ഉന്നമുള്ള ഒരു വെടിക്കാരനാണ്. കൃത്യതയോടെ വെടി വെയ്ക്കാന്‍ തന്റെ സംഘത്തെ പരിശീലിപ്പിക്കുന്നു. തിരിച്ചടിക്കാന്‍ ശ്രമിച്ച് വെടിയുണ്ടകള്‍ പാഴാക്കരുത്. ഓരോ ഉണ്ടയും പ്രധാനമാണ് എന്നാണ് വീരപ്പന്റെ ഉപദേശം.
ഈ സംഭവമൊക്കെ നക്കീരന്‍ മാസികയിലുടെ പുറത്ത് വന്നതോടെ വീരപ്പന്‍ താരമായി. അയാളുടെ വീരകഥകള്‍ പത്ര മാധ്യമങ്ങള്‍ അച്ചടിച്ചത് അത്ഭുതത്തോടെ വായനക്കാര്‍ വായിച്ചു. ടി.വി. ചാനലുകളോ സമൂഹമാധ്യമങ്ങളോ ഇന്നത്തെ പോലെ സജീവമല്ലായിരുന്നത് മാത്രമാണ് വീരപ്പന്റെ ചരിത്രത്തിലെ ഏക ന്യൂനത.
രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിന്റെ നിരവധി രഹസ്യങ്ങള്‍ വീരപ്പന്റെ മരണത്തോടെ ഇല്ലാതായി. രാഷ്ട്രീയക്കാരുമായുള്ള അവിഹിത ബന്ധവും കൊള്ളയടിച്ച സ്വത്ത്, വീരപ്പന്‍ തന്റെ 10 കോടിയിലധികം രൂപ എവിടെയാണ് സൂക്ഷിച്ചതെന്നതും രഹസ്യമായി അവശേഷിച്ചു.
കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 15 എണ്ണം കൊലപാതകങ്ങളുമായി ബന്ധപ്പെട്ടതാണ്. മറ്റുള്ളവ മനുഷ്യക്കടത്തുമായും ആയുധക്കടത്തുമായും ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്നാട് ഡിഎസ്പി ചിദംബരനാഥനെ തട്ടിക്കൊണ്ടുപോകല്‍, കര്‍ണാടക മന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോകല്‍, നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണു വീരപ്പനെതിരെയുള്ള പ്രധാന കേസുകള്‍.
2000 നവംബറില്‍ കന്നട സൂപ്പര്‍ താരം നടന്‍ രാജ് കുമാറിനെ തട്ടിക്കൊണ്ട പോയ വീരപ്പന് മുന്‍ സൂപ്പര്‍ താരത്തെ വിട്ടയക്കുന്നതിന് മുമ്പ് 20 കോടി രൂപ മോചനദ്രവ്യം സര്‍ക്കാര്‍ നല്‍കിയതായി പറയപ്പെടുന്നു. കര്‍ണ്ണാടകയും തമിഴ്‌നാടും തമ്മിലുള്ള ബന്ധം വഷളാകുന്നത് വരെയെത്തി ഈ വിവാദ സംഭവം.
ബാംഗ്ലൂരിലെ ഒരു മനോരോഗവിദഗ്ധന്‍, സമൂഹത്തെയും നിയമത്തെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന എന്തിനോടും അനിയന്ത്രിതമായ ആക്രമണം കാണിക്കുന്ന ഭയാനകമായ കോപാകുലനായ മനുഷ്യനായി ‘ഒരു സൈക്കോ പ്രൊഫൈല്‍ എന്ന് വീരപ്പനെ വിശേഷിപ്പിച്ചു. ‘വീരപ്പന്‍ ഒരിക്കലും പോലീസിന് കീഴടങ്ങില്ല. അവസാനം വരെ പോരാടുകയും പൊരുതി മരിക്കുകയും ചെയ്യും.’ അതായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.
Content Summary: Operation cocoon; Veerappan was killed by the task force two decades ago
This post was last modified on October 18, 2025 11:22 am
Leave a Comment