‘കളിക്കളത്തിലും ഓപ്പറേഷൻ‌ സിന്ദൂർ; രണ്ടിലും ഇന്ത്യൻ വിജയം’;

ടീം ഇന്ത്യയെ അഭിനന്ദിച്ച് മോദി

Modi's x post

ഏഷ്യ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം ചൂടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസാന ഓവർ വരെ ആവേശം നീണ്ട ഏഷ്യാ കപ്പ് 2025 ഫൈനലിൽ ഇന്ത്യൻ ടീം നേടിയ തകർപ്പൻ വിജയം നേടിയത്. അതോടൊപ്പം അയൽരാജ്യത്തിനെതിരെ ഒരു പരിഹാസ ശരവും അദ്ദേഹം തൊടുത്തു. മത്സരത്തെ ‘കളിസ്ഥലത്തെ ഓപ്പറേഷൻ സിന്ദൂർ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി ഫലം സമാനമാണെന്നും പറഞ്ഞു.

“കളിസ്ഥലത്തെ ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റർമാർക്ക് അഭിനന്ദനങ്ങൾ,” പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22-ന് പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരർ 26 വിനോദസഞ്ചാരികളെ വെടിവെച്ച് കൊലപ്പെടുത്തിയ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ രാഷ്ട്രീയ പ്രാധാന്യം കൈവരിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമായി.

ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി കളിച്ചതിന് ബിസിസിഐയെയും ഇന്ത്യൻ സർക്കാരിനെയും വിമർശകർ കുറ്റപ്പെടുത്തുകയും മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തതോടെ മത്സരങ്ങളിൽ വിവാദങ്ങൾ ഉടലെടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിക്കുകയും പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒൻപത് ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്തുകയും നൂറോളം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

ഈ ഓപ്പറേഷൻ നാല് ദിവസത്തെ അതിർത്തി സംഘർഷങ്ങൾക്ക് കാരണമായെങ്കിലും, മെയ് 10ന് സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്തി. എന്നിരുന്നാലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കളിക്കളത്തിലും സംഘർഷം വർധിച്ചുതന്നെയിരുന്നു. പാകിസ്ഥാനെതിരായ ഫൈനൽ മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രശംസിച്ചു. തിലക് വർമയുടെ (53 പന്തിൽ നിന്ന് 69) ഇന്നിങ്സ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും മെൻ ഇൻ ബ്ലൂവിന് അവരുടെ ഒൻപതാമത്തെ ഏഷ്യാ കപ്പ് കിരീടം നേടിക്കൊടുക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ സാഹിബ്സാദ ഫർഹാൻ (38 പന്തിൽ 57) ഫഖർ സമാൻ (35 പന്തിൽ 46) എന്നിവർ ചേർന്ന് ആദ്യ 10 ഓവറിനുള്ളിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, മധ്യ ഓവറുകളിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. 33 റൺസിനിടെ പാകിസ്ഥാന് ഒൻപത് വിക്കറ്റുകൾ നഷ്ടമായി.

ഇന്ത്യയുടെ തുടക്കവും മോശമായിരുന്നു. 20 റൺസ് മാത്രമുള്ളപ്പോൾ അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ പുറത്തായി. എന്നാൽ, തിലക് വർമ്മയും സഞ്ജു സാംസണും വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കാൻ കരുത്തോടെ നിലയുറപ്പിച്ചു. ശിവം ദുബെ നിർണായകമായ 33 റൺസുമായി പിന്തുണ നൽകി. റിങ്കു സിംഗ് നേരിട്ട ആദ്യപന്തിൽ ബൗണ്ടറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇത് ഇന്ത്യയുടെ ഒൻപതാമത്തെ ഏഷ്യാ കപ്പ് കിരീട നേട്ടമാണ്. ടൂർണമെന്റിൽ പാകിസ്ഥാനെതിരെ ഹാട്രിക് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

content summary: “Operation Sindoor on the field of play, victory for India on both fronts.” Modi congratulates the Indian team

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment