പാലക് പനീറിന്റെ മണം കോടതി കയറി; യുഎസ് സര്‍വകലാശാലയ്ക്കെതിരായ നിയമപോരാട്ടത്തില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് വിജയം

ഇന്ത്യന്‍ വിദ്യാര്‍ത്ഥി മൈക്രോ ഓവനില്‍ തന്റെ ഉച്ചഭക്ഷണം ചൂടാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം

Urmi Bhattacheryya-Aditya Prakash

കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലെ ആന്ത്രോപോളജി വിഭാഗത്തിലെ മൈക്രോവേവ് ഓവനില്‍ ചൂടാക്കിയ പാലക് പനീര്‍ എന്ന ഇന്ത്യന്‍ വിഭവം എങ്ങനെയാണ് ഒരു വലിയ നിയമപോരാട്ടത്തിന് വഴിവച്ചത്?

ദി ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .അതിങ്ങനെയാണ് തുടങ്ങുന്നത്, പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ആദിത്യ പ്രകാശ് തന്റെ ഉച്ചഭക്ഷണം മൈക്രോവേവ് ഓവനില്‍ ചൂടാക്കിയെടുക്കുകയായിരുന്നു. അതേസമയത്ത് അവിടെയുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാലക് പനീറിനെയും ആദിത്യയെയും ഒരുമിച്ച് പരിഹസിച്ചുകൊണ്ട് ഒരു ഡയലോഗ് അടിച്ചു. ‘ഇതിന് രൂക്ഷഗന്ധമാണല്ലോ’ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അവിടം കൊണ്ടും നിര്‍ത്തിയില്ല, ഓഫീസില്‍ രൂക്ഷഗന്ധമുള്ള ഭക്ഷണങ്ങള്‍ ചൂടാക്കരുതെന്ന് നിയമമുണ്ടെന്ന് അവര്‍ ആദിത്യക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെത് വംശീയമായ ആക്ഷേപമായാണ് ആദിത്യ പ്രകാശ് കണ്ടത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കഴിയുന്ന പല ഇന്ത്യക്കാരും പൊതുസ്ഥലങ്ങളില്‍ തങ്ങളുടെ ഉച്ചഭക്ഷണം തുറക്കാന്‍ ഭയപ്പെടുന്നത് ഇത്തരം പരാമര്‍ശങ്ങള്‍ കാരണമാണെന്ന് ആദിത്യ ആരോപിച്ചു. തനിക്ക് ഈ പരാമര്‍ശം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തന്നോട് തട്ടിക്കയറിയെന്നാണ് ആദിത്യയുടെ പരാതി.

ഇതിനെത്തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ആദിത്യയും പങ്കാളിയായ ഊര്‍മ്മി ഭട്ടാചാര്യയും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രതിഷേധസൂചകമായി അതേ ഓവനില്‍ ഇന്ത്യന്‍ ഭക്ഷണം ചൂടാക്കി.

ഈ സംഭവത്തിന് ശേഷം തങ്ങള്‍ക്കെതിരെ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായ പകപോക്കലുകള്‍ ഉണ്ടായതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പ്രമുഖരായ ഫാക്കല്‍റ്റി അഡൈ്വസര്‍മാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായില്ലെന്നും, തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അവര്‍ ആരോപിക്കുന്നു.

അവിടം കൊണ്ടും പക തീര്‍ന്നില്ലെന്നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പഠനത്തില്‍ പുരോഗതിയില്ലെന്ന് കാണിച്ച് ടീച്ചിംഗ് അസിസ്റ്റന്റ് സ്ഥാനത്തുനിന്ന് നീക്കുകയും ലഭിച്ചുകൊണ്ടിരുന്ന ഡോക്ടറല്‍ ഫണ്ടിംഗ് റദ്ദാക്കിയെന്നും ആദിത്യയും ഊര്‍മിയും പറയുന്നു.

4.0 ജിപിഎ ഉള്ള വിദ്യാര്‍ത്ഥികളായിട്ടും തങ്ങള്‍ മോശം പ്രകടനം നടത്തുന്നവരാണെന്ന് ചിത്രീകരിക്കാന്‍ സര്‍വകലാശാല ശ്രമിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു.

ഓഫീസില്‍ മുളക് ഇട്ട വിഭവങ്ങള്‍ ചൂടാക്കാമെങ്കില്‍ ഇന്ത്യന്‍ ഭക്ഷണത്തിന് മാത്രം എന്താണ് വിലക്കെന്നും, ബ്രൊക്കോളി ചൂടാക്കുന്നതുപോലെയാണോ ഇതെന്ന് ചോദിച്ചവരോട് ‘ബ്രൊക്കോളി കഴിച്ചതിന്റെ പേരില്‍ വംശീയ അധിക്ഷേപം നേരിടുന്ന എത്ര പേരെ നിങ്ങള്‍ക്കറിയാം?’ എന്നും ആദിത്യ തിരിച്ചുചോദിച്ചു.

എന്തായാലും സംഭവം കോടതിയിലെത്തി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഫെഡറല്‍ സിവില്‍ റൈറ്റ്സ് കോടതിയില്‍ ഹര്‍ജി കൊടുക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ നിയമവഴികളിലേക്ക് കടക്കാതെ കാര്യങ്ങള്‍ കോടതിക്ക് പുറത്ത് പറഞ്ഞു തീര്‍ക്കാന്‍ വഴിയൊരുങ്ങി. ഒത്തുതീര്‍പ്പ് പ്രകാരം, കേസ് അവസാനിപ്പിക്കാന്‍ സര്‍വകലാശാല ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 2,00,000 ഡോളര്‍ (ഏകദേശം 1.6 കോടിയിലധികം രൂപ) നല്‍കി. കൂടാതെ ഇവര്‍ക്ക് മാസ്റ്റേഴ്‌സ് ബിരുദവും നല്‍കി. നിലവില്‍ വിവാഹിതരാകാന്‍ നിശ്ചയിച്ചിട്ടുള്ള ഇവര്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇന്ത്യയിലാണ് താമസം.

തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ സര്‍വകലാശാല നിഷേധിക്കുകയാണ്. സ്വകാര്യതാ നിയമങ്ങള്‍ കാരണം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എന്നാല്‍ വിവേചന പരാതികളില്‍ കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. വിവിധ ജനവിഭാഗത്തിനുള്ളില്‍ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സര്‍വകലാശാല കൂട്ടിച്ചേര്‍ത്തു.

ഭക്ഷണത്തിന്റെ മണത്തെക്കുറിച്ചുള്ള പരാതികള്‍ ചില ജനവിഭാഗങ്ങളെ തരംതാഴ്ത്തി കാണിക്കാന്‍ പണ്ടുമുതലേ ഉപയോഗിക്കാറുള്ളതാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസര്‍ കൃഷ്‌ണേന്ദു റേ പറയുന്നു. പണ്ട് ഇറ്റാലിയന്‍ കുടിയേറ്റക്കാര്‍ വെളുത്തുള്ളിയുടെയും വൈനിന്റെയും മണമുള്ളവരാണെന്ന് പരിഹസിക്കപ്പെട്ടിരുന്നു. ഒമ്പതാം ക്ലാസില്‍ ഇറ്റലിയില്‍ പഠിക്കുമ്പോള്‍ അമ്മ നല്‍കിയ ഇന്ത്യന്‍ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ സഹപാഠികള്‍ തന്നെ അകറ്റിനിര്‍ത്തിയിരുന്ന കയ്‌പ്പേറിയ ഓര്‍മ്മയും ഈ സംഭവത്തിനൊപ്പം ആദിത്യ പ്രകാശ് പങ്കുവെച്ചിരുന്നു.

Content Summary; Palak Paneer food compliant Indian student couple Receive $200,000 Settlement from University of Colorado

This post was last modified on January 24, 2026 10:20 am

അഴിമുഖം ഡെസ്‌ക്:
Leave a Comment