പവർഫുൾ സിക്സറടിച്ച ‘വൈറൽ’ പ്രസിഡന്റ്: രമ്യ ടീച്ചർ പറയുന്നു: ‘അത് വിശ്വാസമാണ്, പ്രൊഫഷണലല്ല’

കായികമേഖലയോട് അടങ്ങാത്ത ഇഷ്ടമുണ്ട് ഈ ജനപ്രതിനിധിക്ക്

ഒരു പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന വേദിയിൽ ബാറ്റ് വീശിയാൽ സോഷ്യൽ മീഡിയയിൽ എന്തു സംഭവിക്കും? അതും ഒരുഗ്രൻ സിക്‌സറാണെങ്കിലോ…ഒറ്റവാക്കിൽ പറഞ്ഞാൽ, “വൈറൽ!”. തലശ്ശേരി ചൊക്ലിയിൽ ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ‘പവർഫുൾ സിക്സറടിച്ച്’ ശ്രദ്ധ നേടിയ പഞ്ചായത്ത് പ്രസിഡന്റ് രമ്യ ടീച്ചർക്ക് ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ അതാണ് വിളിച്ചോതുന്നത്.  കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഇത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലാകുന്നത്.

ചൊക്ലിയിൽ നടന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന വേദിയിലാണ് ഈ മനോഹര നിമിഷം അരങ്ങേറിയത്. നാട്ടുകാരും യുവജനങ്ങളും ആവേശത്തോടെ കാത്തുനിന്നപ്പോൾ, ടീച്ചർ ക്രീസിലെത്തി. എതിർ ടീമിലെ ഒരാൾ പന്തെറിഞ്ഞു. തന്റെ എല്ലാ ശക്തിയുമെടുത്തുകൊണ്ട് ടീച്ചർ ബാറ്റ് വീശിയപ്പോൾ ആ പന്ത്, ബൗണ്ടറി ലൈനിനും അപ്പുറത്തേക്ക് പറന്നു!

നാടിന്റെ കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു പഞ്ചായത്ത് പ്രസിഡന്റ്, മൈതാനത്ത് ബാറ്റ് കയ്യിലേന്തിയത് കണ്ടപ്പോൾ, “ടീച്ചർ പ്രൊഫഷണൽ ക്രിക്കറ്ററാണോ” എന്ന ചോദ്യമാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്. എന്നാൽ, ആ ആവേശകരമായ ഷോട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് രമ്യ ടീച്ചർ.

“ഞാൻ പ്രൊഫഷണലായി ക്രിക്കറ്റ് പഠിച്ചിട്ടില്ല. പക്ഷെ, മട്ടന്നൂർ കോളേജിൽ പഠിക്കുന്ന സമയത്ത് സോഫ്റ്റ് ബോൾ പഠിക്കുകയും അതിൽ മത്സരിക്കുകയും ചെയ്തിരുന്നു. അല്ലാതെ മറ്റൊരു പ്രൊഫഷണൽ ബാക്ക്ഗ്രൗണ്ടും എനിക്കില്ല,” ടീച്ചർ പറഞ്ഞു.

ഒരു ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമ്പോൾ ഉണ്ടാകേണ്ട ലാഘവത്വമോ, പതിവ് രീതികളോ രമ്യ ടീച്ചർക്ക് ഉണ്ടായിരുന്നില്ല. മറിച്ച്, ക്രീസിൽ ശക്തമായി നിലയുറപ്പിച്ചു. “ബോൾ എന്റെ നേർക്ക് വരുമ്പോൾ വീശിയടിക്കാം എന്നൊരു വിശ്വാസമുണ്ട്. അത് വെച്ച് അങ്ങ് അടിച്ചു,” സിക്സറിന് പിന്നിലെ ‘തന്ത്രം’ ടീച്ചർ ചിരിച്ചുകൊണ്ട് വ്യക്തമാക്കി.

കാഞ്ഞിരോട് ശങ്കരവിലാസം യു.പി. സ്‌കൂളിലെ അധ്യാപികയായ രമ്യ ടീച്ചർ നിലവിൽ അഞ്ച് വർഷത്തെ ലീവിലാണ് പൊതുരംഗത്ത് സജീവമായിട്ടുള്ളത്. റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനാണ് ഭർത്താവ്. രണ്ട് ആൺകുട്ടികളുണ്ട്.

കായികമേഖലയോട് അടങ്ങാത്ത ഇഷ്ടമുണ്ട് ഈ ജനപ്രതിനിധിക്ക്. “എല്ലാ കായിക വിനോദങ്ങളും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. പൊതു പ്രവർത്തനത്തിനിടയിൽ അതിനായി സമയം കണ്ടെത്തുക എന്നത് മനസ്സിന്റെ കൂടി ഒരു കാര്യമാണ്. ഏത് തിരക്കിനിടയിലും അതിനുവേണ്ടി സമയം കണ്ടെത്താൻ ഞാൻ ശ്രമിക്കാറുണ്ട്,” ടീച്ചർ കൂട്ടിച്ചേർത്തു.

വൈറൽ ഹിറ്റിന് ശേഷം ലഭിക്കുന്ന പ്രതികരണങ്ങൾ രമ്യ ടീച്ചറെ അമ്പരപ്പിച്ചിട്ടുണ്ട്. “ഇന്നലെ ഏകദേശം പന്ത്രണ്ട് മണി വരെ ആളുകൾ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. കളിക്കാൻ ആഗ്രഹമുള്ള ഒരു മനസ്സാണ് എന്റേത്. തിരക്കിനിടയിലും അതിനു കൂടിയുള്ള സമയം കണ്ടെത്തും,” അവർ പറഞ്ഞു.

സ്വന്തം താൽപര്യങ്ങൾക്കപ്പുറം, പഞ്ചായത്തിലെ യുവജനങ്ങളുടെ കായിക വികസനത്തിനും ടീച്ചർ ഊന്നൽ നൽകുന്നുണ്ട്. കായിക മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് തന്നെ ചൊക്ലി ഗ്രാമപഞ്ചായത്തിന്റെ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ ഒരു സമഗ്ര കായിക വികസന പദ്ധതിക്ക് രൂപം നൽകി പരിശീലനം നടത്തിവരുന്നുണ്ട്. മറ്റ് വികസന പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ട് പോകുന്നു. എന്തായാലും ചൊക്ലി പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഒരു ‘പവർ സ്റ്റാർട്ട്’ കൂടി ആയിരിക്കുകയാണ് ആ സിക്സർ.

content summary: Panchayat President Ramya Teacher Goes Viral After Speaker Shamseer Shares Her Sixer

This post was last modified on September 27, 2025 4:16 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment