‘നമ്മുടെ യുവാക്കള്‍ നിര്‍ഭയരായി ഈ തെരുവിലുണ്ട്’

ഈ രാജ്യത്തെ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടാണവര്‍ തെരുവിലിറങ്ങിയതും വിജയിച്ചതും/ അഭിമുഖം: പരഞ്ചോയ് ഗുഹ താകുര്‍ത്ത

Paranjoy Guha Thakurta- Rakesh sanal Interview

ജന്തര്‍ മന്തറില്‍ തുടങ്ങിയ വിദ്യാര്‍ത്ഥി പ്രക്ഷോഭവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയുമെല്ലാം രാജ്യം ഉറ്റുനോക്കിയ ഗൗരവമേറിയ രാഷ്ട്രീയ സംഭവവികാസമായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കുമെതിരെ ഉയര്‍ന്നു വന്ന ഈ വിദ്യാര്‍ത്ഥി മുന്നേറ്റം കേവലം ഒരു പ്രാദേശിക പ്രതിഷേധമായിരുന്നോ, അതോ 1970-കളിലെ നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ‘ജെന്‍-സി’ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ തുടക്കമാണോ?

അടിയന്തരാവസ്ഥയുടെ അമ്പത്തൊന്നാം വാര്‍ഷികത്തിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന ഈ നാളുകളില്‍, അന്ന് വിദ്യാര്‍ത്ഥിയായി തെരുവിലിറങ്ങുകയും ഇന്ന് അഞ്ച് പതിറ്റാണ്ടോളമായി ഇന്ത്യന്‍ രാഷ്ട്രീയത്തെയും മാധ്യമരംഗത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പരഞ്ചോയ് ഗുഹ താകുര്‍ത്ത തന്റെ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെക്കുന്നു.

ഇന്നത്തെ പ്രക്ഷോഭങ്ങളുടെ സവിശേഷതകള്‍, ഡിജിറ്റല്‍ യുഗത്തിലെ ‘മൊബൈല്‍ തലമുറ’യുടെ കരുത്ത്, ‘ഗോദി മീഡിയ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഖ്യധാര മാധ്യമങ്ങളുടെ ദാരുണമായ അധഃപതനം, ബി.ജെ.പിയുടെ കോര്‍പ്പറേറ്റ് ധനശേഷി, ഭരണകൂടം നേരിടുന്ന രാഷ്ട്രീയ അസ്ഥിരത എന്നിവയെക്കുറിച്ചെല്ലാം അത്യന്തം ഗൗരവത്തോടെ തുറന്നടിക്കുകയാണ് അദ്ദേഹം.

പരഞ്ചോയ് ഗുഹ താകുര്‍ത്തയുമായി അഴിമുഖം പ്രതിനിധി രാകേഷ് സനല്‍ നടത്തിയ പ്രത്യേക അഭിമുഖം താഴെ വായിക്കാം:

രാകേഷ്: സര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം നിറവേറ്റപ്പെട്ടു. പ്രതിഷേധങ്ങളും അവസാനിപ്പിച്ചു. എന്നാല്‍ ഒരൊറ്റ രാജി കൊണ്ട് എല്ലാം അവസാനിക്കുകയാണോ? ശ്രീലങ്കയിലോ, നേപ്പാളിലോ, ബംഗ്ലാദേശിലോ ഒക്കെ നമ്മള്‍ കണ്ടതുപോലെയോ, അല്ലെങ്കില്‍ 1970-കളിലെ നവനിര്‍മ്മാണ്‍ പ്രസ്ഥാനം പോലെ തന്നെയോ, തിരഞ്ഞെടുപ്പുകള്‍ക്കുമപ്പുറം നിരന്തരമായ ഭരണകൂട ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ഒരു ‘ജെന്‍-സി’ പ്രക്ഷോഭത്തിന്റെ തുടക്കമാകുമോ? അതോ അടിയന്തര ആവശ്യം നിറവേറ്റപ്പെട്ടതോടെ ഒടുങ്ങിപ്പോയ മറ്റൊരു പ്രാദേശിക പ്രതിഷേധമായി ഇത് വഴിയില്‍ ഉപേക്ഷിക്കപ്പെടുമോ?

പരഞ്ചോയ്: രാകേഷ്, താങ്കള്‍ ഒരൊറ്റ ചോദ്യത്തില്‍ തന്നെ ഒന്നിലധികം കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. നമുക്കത് ഓരോന്നായി പരിശോധിക്കാം.

കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കാന്‍ തീരുമാനിക്കുന്നത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും, പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രധാന ആവശ്യം ഇതായിരുന്നു. ഭരണകക്ഷിയായ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്നു. അതുമാത്രമല്ല, ബി.ജെ.പിക്ക് ഉള്ളില്‍ നിന്നും ആര്‍.എസ്.എസ് അനുകൂലികള്‍ക്കിടയില്‍ നിന്നും പോലും ഇതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു എന്നതാണ് സത്യം. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. താങ്കള്‍ പറഞ്ഞതുപോലെ ഇത് കേവലം ‘ രൂപപ്പെട്ട്’ വരുന്ന ഒന്നല്ല, മറിച്ച് ഇതൊരു യഥാര്‍ത്ഥ ‘ജെന്‍-സി’ മുന്നേറ്റം തന്നെയാണ്. നേപ്പാളിലോ, ബംഗ്ലാദേശിലോ, ശ്രീലങ്കയിലോ, ഹംഗറിയിലോ, ന്യൂയോര്‍ക്കിലോ ഒക്കെ നടന്നതിനോട് ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍, ഒരു പരിധി വരെ ഈ പ്രക്ഷോഭങ്ങളെയെല്ലാം നയിച്ചത് യുവാക്കളാണ് എന്ന സമാനതയുണ്ട്. എന്നാല്‍ ഇന്ത്യ 140 കോടിയിലധികം ജനങ്ങളുള്ള വിശാലമായ ഒരു രാജ്യമാണ്. അതുകൊണ്ടുതന്നെ സമാനതകള്‍ക്കൊപ്പം വലിയ വ്യത്യാസങ്ങളും ഇവിടെയുണ്ട്.

ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്തെന്നാല്‍, അത് സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ ഇല്ലാതെ വര്‍ഗ്ഗവ്യത്യാസങ്ങള്‍ക്കതീതമായി ആളുകളെ ഒന്നിച്ചുചേര്‍ത്തു എന്നതാണ്. ധനികരായ മനുഷ്യര്‍ സമരം ചെയ്യുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ മുന്നോട്ടുവരുന്നത് ഞാന്‍ നേരിട്ട് കണ്ടു. ഒപ്പം സാധാരണക്കാരായ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. രണ്ടാമതായി, അവിടെ ജാതി തിരിവുകള്‍ ഇല്ലായിരുന്നു. സമരത്തിന്റെ മുന്നണിയില്‍ നിന്ന രണ്ടു പ്രമുഖ നേതാക്കളില്‍ ഒരാളായ സോനം വാങ്ചുക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളയാളാണ്, അഭിജീത്ത് ദീപ്കെ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളാണ്.

അതുപോലെ തന്നെയാണ് ലിംഗസമത്വവും മതസൗഹാര്‍ദ്ദവും. സമര രംഗത്ത് മുന്‍നിരയില്‍ തന്നെ സ്ത്രീകളുണ്ടായിരുന്നു. സിപിഐ(എംഎല്‍)ന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ ഐ എസ് എ-യുടെ മൂന്ന് നേതാക്കളില്‍ ഒരാളായ നേഹ ബോറ എന്ന യുവതി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ റെക്കോര്‍ഡിനൊപ്പം എത്തിനില്‍ക്കുന്ന രീതിയില്‍ 23 ദിവസമാണ് സോനം വാങ്ചുകിനൊപ്പം ഉപവാസമനുഷ്ഠിച്ചത്! അതുപോലെ ഹിന്ദു-മുസ്ലിം ഭേദമന്യേ, സിഖ് സഹോദരങ്ങളടക്കം എല്ലാവരും സമരക്കാര്‍ക്ക് ഭക്ഷണവും പിന്തുണയുമായി രംഗത്തെത്തി. അതിനാല്‍ ഈ സമരം രൂപപ്പെട്ടു കഴിഞ്ഞോ എന്ന് ചോദിച്ചാല്‍, ‘ഇതൊരു വലിയ പ്രസ്ഥാനമായി രൂപപ്പെട്ടു കഴിഞ്ഞു’ എന്ന് തന്നെ ഞാന്‍ പറയും.

ഇനി ഇത് എങ്ങോട്ട് പോകുമെന്നത് നമ്മള്‍ കണ്ടറിയണം. കാരണം, പൊലീസ് കാട്ടിയ ക്രൂരതകള്‍ ജനങ്ങള്‍ അത്രപെട്ടെന്ന് മറക്കില്ല. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും നേരെ പെല്ലറ്റ് തോക്കുകളും ലാത്തികളും പ്രയോഗിച്ച പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമോ? ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി അംഗീകരിച്ചതുകൊണ്ട് മാത്രം സമരം അടങ്ങിപ്പോകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല.

എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. ജന്തര്‍ മന്തറില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ മാത്രം ആയിരുന്നില്ല; രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളില്‍ ഇതേ രീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി. മറ്റൊരു കാര്യം, എന്നെപ്പോലെ 70 വയസ്സുള്ള മുതിര്‍ന്ന പൗരന്മാര്‍ ഇന്ന് സംസാരിക്കാന്‍ പോലും ഭയപ്പെടുമ്പോള്‍, ഈ രാജ്യത്തെ യുവത്വം ഒട്ടും ഭയപ്പെടുന്നില്ല!

പാറ്റ്നയില്‍ നടന്ന ഒരു സംഭവം നോക്കൂ; പൊലീസ് വെച്ച ബാരിക്കേഡുകള്‍ വിദ്യാര്‍ത്ഥികള്‍ കൈക്കലാക്കി ട്രോളികളും സൈക്കിളുകളുമാക്കി അതില്‍ കയറി ഓടിച്ചു! പൊലീസ് കയര്‍ ഉപയോഗിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അവരുമായി വടംവലി മത്സരത്തില്‍ ഏര്‍പ്പെട്ടു. പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് ഊരിയിട്ട് ആ വെള്ളത്തില്‍ നൃത്തം ചെയ്തു! എന്നിട്ട് പൊലീസിന് മുന്നില്‍ ചെന്ന് ‘നിങ്ങളുടെ കണ്ണീര്‍വാതകം എവിടെ, ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്’ എന്ന് വെല്ലുവിളിച്ചു.

യുവാക്കള്‍ അത്രത്തോളം നിര്‍ഭയരായി മുന്‍നിരയിലുണ്ട്. അതുകൊണ്ടുതന്നെ, ഇതൊരു പ്രാദേശിക പൊട്ടിത്തെറി മാത്രമായി ഒടുങ്ങില്ല, അതിനുമപ്പുറത്തേക്ക് ഇത് വളര്‍ന്നു കഴിഞ്ഞു.

രാകേഷ്: നമ്മള്‍ സംസാരിക്കുന്നത് അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ ഇരമ്പിയെത്തുന്ന ദിവസങ്ങളില്‍ കൂടിയാണ്. അമ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഈ സമയത്ത്, താങ്കള്‍ക്ക് ഇരുപതുകളിലായിരുന്നു പ്രായം. അതായത് ജന്തര്‍ മന്തറില്‍ തടിച്ചുകൂടിയ ആ യുവ പ്രതിഷേധക്കാരുടെ അതേ പ്രായം. എപ്പോഴെങ്കിലും സമയം അവിടെ നിശ്ചലമായിപ്പോയി എന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ? ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ശരിക്കും മുന്നോട്ട് കുതിക്കുകയാണോ, അതോ ഒരു നില്പില്‍ തന്നെ നിശ്ചലമായി നില്‍ക്കുകയാണോ?

പരഞ്ചോയ്: നമ്മള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് രാകേഷ്. അതിലേക്ക് വരുന്നതിന് മുന്‍പ്, താങ്കള്‍ കഴിഞ്ഞ ചോദ്യത്തില്‍ ചോദിച്ച ഒരു കാര്യത്തിന് ഞാന്‍ മറുപടി പറയാന്‍ വിട്ടുപോയി. ഗുജറാത്തിലെ ‘നവനിര്‍മ്മാണ്‍ പ്രസ്ഥാന’ത്തെക്കുറിച്ചാണ്. എഴുപതുകളില്‍ ഇന്ദിരാ ഗാന്ധിക്കും അവരുടെ ഭരണത്തിനുമെതിരെ ഉയര്‍ന്നുവന്ന ആദ്യ മുന്നേറ്റമായിരുന്നു അത്. തുടര്‍ന്ന് 1975-ലാണ് അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

അന്ന് ജയപ്രകാശ് നാരായണ്‍ എല്ലാ രാഷ്ട്രീയ ശക്തികളെയും ഒരു കുടക്കീഴില്‍ അണിനിരത്തി ഇന്ന് ജന്തര്‍ മന്തറില്‍ ചെറുപ്പക്കാര്‍ ഒന്നിച്ചു ചേര്‍ന്നതുപോലെ. ഇടത്-വലത് കക്ഷികളെല്ലാം അന്ന് ജെ.പിയുടെ കീഴില്‍ ഒന്നിച്ചു. കോണ്‍ഗ്രസ് പോലും പിളര്‍ന്നു. ബാബു ജഗ്ജീവന്‍ റാമും ഹേമവതി നന്ദന്‍ ബഹുഗുണയും ഇന്ദിരാ ഗാന്ധിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു. ഒരു വശത്ത് ജ്യോതി ബസുവും ഇന്ദ്രജിത്ത് ഗുപ്തയും, മറു വശത്ത് അടല്‍ ബിഹാരി വാജ്‌പേയിയും എല്‍.കെ. അദ്വാനിയും! ഇന്ദിരാ ഗാന്ധിയെയും അവരുടെ ഭരണത്തെയും പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി ഇടതും വലതും അന്ന് ഒന്നിക്കുകയായിരുന്നു.

അന്നത്തെക്കാള്‍ സമയം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. 1977 ജനുവരിയില്‍ രാംലീല മൈതാനത്ത് വെച്ച് ജെ.പിയും മറ്റ് നേതാക്കളും ഇന്ദിരാ ഗാന്ധിക്കെതിരെ ആഹ്വാനം ചെയ്യുമ്പോള്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായി ആ ജനക്കൂട്ടത്തിനിടയില്‍ ഞാനുമുണ്ടായിരുന്നു. അതുകൊണ്ട് ‘സമയം നിശ്ചലമായിപ്പോയി’ എന്ന് പറയാനാകില്ല.

140 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് സോഷ്യല്‍ മീഡിയ സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) കണക്കനുസരിച്ച് ഇന്ത്യയില്‍ 120 കോടിയോളം സിം കാര്‍ഡ് സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇത് ‘മൊബൈല്‍ തലമുറ’യാണ്. ഭരണകൂടത്തെപ്പോലും അമ്പരപ്പിച്ചത് ഇതാണ്! കേന്ദ്രമന്ത്രിമാരോട് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങാന്‍ മോദിക്ക് പറയേണ്ടി വന്നത് അതുകൊണ്ടാണ്. അഭിജീത്ത് ദീപ്‌കെ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ ആരംഭിച്ചപ്പോള്‍, ഇന്‍സ്റ്റഗ്രാമില്‍ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സിനെ അവര്‍ നേടി എന്നത് ഭരണകൂടത്തെ ഞെട്ടിച്ചു കളഞ്ഞു! അവര്‍ കുറച്ചുകാലം ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ വരെ ശ്രമിച്ചു.

ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ പല കാര്യങ്ങളിലും മുന്നോട്ട് പോയിട്ടുണ്ട്, ചിലപ്പോഴൊക്കെ പിന്നോട്ടും പോയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഇന്ത്യയോളം പോന്ന മറ്റൊരു രാജ്യം ലോകത്തില്ല. തീര്‍ച്ചയായും, ഈ പ്ലാറ്റ്‌ഫോമുകളെല്ലാം അമേരിക്കന്‍ ആസ്ഥാനമായ ആല്‍ഫബെറ്റ് (ഗൂഗിള്‍, യൂട്യൂബ്), മെറ്റാ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്) തുടങ്ങിയ വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇതൊക്കെ നടത്തുന്ന ആളുകളുടെ പ്രായം നോക്കൂ, സക്കര്‍ബര്‍ഗിന് നാല്‍പ്പതുകളിലാണ് പ്രായം, ഗൂഗിളിന്റെ സ്ഥാപകര്‍ക്ക് അമ്പതുകളിലും. എന്നാല്‍ അവരുടെ പ്രാഥമിക ലക്ഷ്യം ബിസിനസ്സും ലാഭവുമാണ്, അല്ലാതെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമോ സാമൂഹിക മാറ്റമോ ഒന്നുമല്ല.

എന്നിരുന്നാലും, ഈ സോഷ്യല്‍ മീഡിയ ആയുധമാക്കുന്നത് നമ്മുടെ നാട്ടിലെ യുവാക്കളാണ്. അതുകൊണ്ടാണ് പലപ്പോഴും ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (ഡിപിഡിപിഎ) നിയമങ്ങള്‍ കൊണ്ടു വന്നും, വിവരാവകാശ നിയമത്തെ (ആര്‍ടിഐ) ഇല്ലാതാക്കിക്കൊണ്ടും, പഴയ ബ്രിട്ടീഷ് കാലത്തെ ഒഫീഷ്യല്‍ സീക്രറ്റ്സ് ആക്ടിലേക്ക് തിരികെ പോയിക്കൊണ്ടും കണ്ടന്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഭരണകൂടം ശ്രമിക്കുന്നത്. നൂറുവര്‍ഷം പഴക്കമുള്ള ചിന്താഗതികളും കൗമാരക്കാരും തമ്മിലുള്ള പോരാട്ടമാണിത്!

എന്നാല്‍ ഇതെല്ലാം മറികടന്ന് ജനങ്ങള്‍ ഭയമില്ലാതെ പ്രതിഷേധിക്കുകയാണ്. അതുകൊണ്ട് ഒരു തലത്തില്‍ പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് തോന്നുമ്പോഴും, നമ്മള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇന്ത്യ ഇതൊരു യുവ രാജ്യമാണ്. 140 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ശരാശരി പ്രായം (median age) എന്ന് പറയുന്നത് 28 അല്ലെങ്കില്‍ 29 ആണ്! ആ യുവാക്കളാണ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മാത്രം ഉണ്ടാകേണ്ട മികച്ച ഭരണവും ഉത്തരവാദിത്തവും ആവശ്യപ്പെടുക മാത്രമല്ല അവര്‍ ചെയ്യുന്നത്; മറിച്ച് ‘ഞങ്ങളെ അത്ര നിസ്സാരമായി കാണരുത്’ എന്ന് സര്‍ക്കാരിനോട് ഉറക്കെ പറയുക കൂടിയാണ്.

നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ‘ഞങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷനില്‍ വിശ്വാസമില്ല, നിങ്ങളുടെ സര്‍ക്കാരിലോ പാര്‍ട്ടിയിലോ വിശ്വാസമില്ല, എന്തിനേറെ സുപ്രീം കോടതിയേപ്പോലും ഞങ്ങള്‍ക്ക് വിശ്വാസമില്ല; അതുകൊണ്ടാണ് ഞങ്ങള്‍ തെരുവിലിറങ്ങിയതും വിജയിച്ചതും’ എന്ന ശക്തമായ സന്ദേശമാണ് ഈ ചെറുപ്പക്കാര്‍ നല്‍കുന്നത്. ആ മുന്നറിയിപ്പാണ് ഈ സമരത്തിലൂടെ ഉയര്‍ന്നു കേട്ട ഏറ്റവും പ്രധാനപ്പെട്ട സന്ദേശം!

രാകേഷ്: സര്‍, ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കോവിഡ് ഘട്ടത്തില്‍ ഈ രാജ്യത്തിന്റെ തെരുവുകളില്‍ ഒരു ശക്തമായ ശബ്ദം മുഴങ്ങിക്കേട്ടു, അത് നമ്മുടെ കര്‍ഷകരുടേതായിരുന്നു. ഭരണകൂടം ആദ്യം അവരെ അവഗണിച്ചു, പിന്നീട് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു, ഒടുവില്‍ അവര്‍ക്ക് വഴങ്ങേണ്ടി വന്നു. അതിനുശേഷം ഇന്ത്യ മുന്നോട്ട് പോയി, പക്ഷേ തെരുവുകള്‍ വീണ്ടും നിശ്ശബ്ദമായി. ഇപ്പോള്‍, ഇതാ വീണ്ടും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ശബ്ദങ്ങളാല്‍ തെരുവുകള്‍ മുഖരിതമായി. ഈ നാടിന് അന്നം തരുന്ന കര്‍ഷകരില്‍ നിന്ന് തുടങ്ങി, നാടിന് സ്വപ്നം കാണാന്‍ കരുത്ത് നല്‍കുന്ന വിദ്യാര്‍ത്ഥികളിലേക്കെത്തുന്ന ഈ തുടര്‍ച്ച, ഇത് യഥാര്‍ത്ഥ പ്രതീക്ഷയുടെ അടയാളമാണോ, അതോ ഇടയ്ക്കിടെയുള്ള പൊട്ടിത്തെറികള്‍ക്കും അതിനുശേഷമുള്ള അപകടകരമായ മൗനങ്ങള്‍ക്കും ഇടയില്‍ നമ്മള്‍ അകപ്പെട്ടുപോയിരിക്കുകയാണോ?

പരഞ്ചോയ്: കോവിഡിന്റെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലാണ് രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ മൂന്ന് വലിയ താല്‍ക്കാലിക നഗരങ്ങള്‍ തന്നെ കര്‍ഷകര്‍ കെട്ടിപ്പടുത്തു! പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരായിരുന്നു ഈ സമരത്തിന് പ്രധാനമായും നേതൃത്വം നല്‍കിയത്.

കടുത്ത പൊടിപടലങ്ങളും ചൂടും മഴയും കൊടുംതണുപ്പും വകവെക്കാതെ ഒരു വര്‍ഷത്തോളമാണ് അവര്‍ തെരുവില്‍ കഴിച്ചുകൂട്ടിയത്. ഈ കാലയളവില്‍ അഞ്ഞൂറിലധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ അന്തിമമായി അവര്‍ ആ പോരാട്ടത്തില്‍ വിജയിക്കുക തന്നെ ചെയ്തു. ആ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അംബാനിയെയും അദാനിയെയും പോലുള്ള വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരെ സഹായിക്കാനായി മറ്റ് വളഞ്ഞ വഴികളിലൂടെ ഈ നിയമങ്ങള്‍ വീണ്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ എന്നത് വേറൊരു വിഷയമാണ്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കരാറുകള്‍ അദാനി ഗ്രൂപ്പ് അടക്കമുള്ള സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ അവര്‍ എത്രത്തോളം വിജയിക്കുമെന്ന് നമ്മള്‍ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

എങ്കിലും അന്നത്തെ ആ പോരാട്ടത്തില്‍ സര്‍ക്കാരിന് ജയിക്കാന്‍ കഴിഞ്ഞില്ല. കര്‍ഷകര്‍ ഭരണകൂടത്തിന് കൃത്യമായ വഴി കാണിച്ചുകൊടുത്തു. എത്രയോ തവണ ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ അവരെ വിളിപ്പിച്ചു. വിജ്ഞാന്‍ ഭവനില്‍ വെച്ചു നടന്ന ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ പോലും കര്‍ഷകര്‍ തയ്യാറായില്ല! ഒടുവില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് കര്‍ഷകര്‍ കൊണ്ടുവന്ന ഭക്ഷണം കഴിക്കേണ്ടി വന്നു. അത് തികച്ചും വേറിട്ട, അത്ഭുതകരമായ ഒരു സമരമായിരുന്നു.

എന്നാല്‍ ഇന്നത്തെ ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭം അതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. കര്‍ഷക സമരത്തിന്റെ മുന്നണിയില്‍ പ്രായമായ കര്‍ഷകരും വിവിധ സംഘടനകളുമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍, ഈ സമരം പൂര്‍ണ്ണമായും നമ്മുടെ നാട്ടിലെ യുവത്വം മുന്നില്‍ നിന്ന് നയിക്കുന്ന ഒന്നാണ്.

രാകേഷ്; 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച് എല്‍. കെ. അദ്വാനി ഒരു പ്രസ്താവന നടത്തിയിരുന്നു: ‘വളയാന്‍ മാത്രമാണ് നിങ്ങളോട് ആവശ്യപ്പെട്ടത്, എന്നാല്‍ നിങ്ങള്‍ ഇഴയുകയായിരുന്നു.’ അന്ന് സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പിന് മുന്നില്‍ ഭയം കൊണ്ടാണ് ഭൂരിഭാഗം മാധ്യമങ്ങളും അടിയറവ് പറഞ്ഞത്. എന്നാല്‍ ഇന്ന്, വൈരുധ്യമെന്നു പറയട്ടെ, മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം അദ്വാനിയുടെ സ്വന്തം പാര്‍ട്ടിക്ക് മുന്നില്‍ ഇഴയുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഭയം കൊണ്ട് മാത്രമല്ല, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളും രാഷ്ട്രീയ ചായ്‌വും കൊണ്ടുകൂടിയാണത്. ഭരണകൂടത്തിന്റെ ഭീഷണിക്കു വഴങ്ങിയിരുന്ന ഒരു അവസ്ഥയില്‍ നിന്ന്, അതിന്റെ പ്രചാരണങ്ങള്‍ തൃപ്തിയോടെ ഏറ്റുപാടുന്ന ഒരു പങ്കാളിയായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനം അധഃപതിച്ചുവോ?

പരഞ്ചോയ്: അടിയന്തരാവസ്ഥയ്ക്ക് ശേഷം അദ്വാനി പറഞ്ഞ ആ വാചകം വളരെ പ്രശസ്തമാണ്. എന്നാല്‍ ഇന്ന് നമ്മള്‍ കാണുന്നത് അതിലും ദാരുണമായ മറ്റൊരു അവസ്ഥയാണ്. മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാര്‍ നല്‍കിയ ഒരു പേരുണ്ട് ‘ഗോദി മീഡിയ’ (Godi Media). എന്‍.ഡി.ടി.വി അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് അദ്ദേഹം അവിടെനിന്ന് രാജിവെക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് മാത്രം ഒരു കോടി നാല്‍പ്പത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്!

ഇന്ന് ഇന്ത്യയിലെ ഭൂരിഭാഗം മാധ്യമങ്ങളും ഈ ‘ഗോദി മീഡിയ’ എന്ന വിഭാഗത്തില്‍ പെടുന്നവരാണ്. ‘ഗോദി’ എന്നാല്‍ ഹിന്ദിയില്‍ മടിത്തട്ട് എന്നാണ് അര്‍ത്ഥം. അവര്‍ വാച്ച് ഡോഗുകളോ (Watch dogs) മറ്റ് കാവല്‍ക്കാരോ അല്ല, മറിച്ച് കേവലം ‘ലാപ് ഡോഗുകള്‍’ (Lap dogs) ആണ്! ഒരു നായ ഒരു രാഷ്ട്രീയക്കാരന്റെയോ, വ്യവസായിയുടെയോ, സൈനികോദ്യോഗസ്ഥന്റെയോ, അല്ലെങ്കില്‍ ഒരു മാഫിയാ തലവന്റെയോ മടിയിലിരിക്കുമ്പോള്‍ അത് കുരയ്ക്കില്ല, കടിക്കില്ല; മറിച്ച് വാലാട്ടുക മാത്രമേയുള്ളൂ. ഇന്ന് ഇന്ത്യന്‍ മാധ്യമരംഗത്തെ വലിയൊരു വിഭാഗത്തിന്റെ അവസ്ഥ ഇതാണ്.

രജത് ശര്‍മ്മയെപ്പോലുള്ള ആങ്കര്‍മാരുടെ പൂര്‍വകാലം എന്തായിരുന്നു? ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എ.ബി.വി.പി നേതാവായിരുന്ന കാലം മുതല്‍, 70-കള്‍ മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ ചിന്താഗതി ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അതേ പ്രത്യയശാസ്ത്രമാണ്. സുധീര്‍ ചൗധരിയുടെ കാര്യമോ? തിഹാര്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുള്ള അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണോ അതോ സര്‍ക്കാരിന്റെ വക്താവാണോ? അര്‍ണബ് ഗോസ്വാമിയും, രാഹുല്‍ ശിവശങ്കറും ഒക്കെ ഏത് ഗണത്തിലാണ് പെടുന്നത്?

ഇനി വനിതാ മാധ്യമപ്രവര്‍ത്തകരുടെ കാര്യമെടുക്കാം. അഞ്ജന ഓം കശ്യപ്, റൂബിക ലിയാഖത് തുടങ്ങിയവര്‍! 2024-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദിയോട് അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ എന്തൊക്കെയായിരുന്നു? അതിലൊന്നിലാണ് മോദി ‘ഞാന്‍ ഒരു ജൈവീക (biological) ഉത്പന്നമാണെന്ന് കരുതുന്നില്ല’ എന്ന് പ്രസ്താവിച്ചത്. എന്താണ് അതിന്റെ അര്‍ത്ഥം? അദ്ദേഹം ദൈവത്തിന്റെ അവതാരമാണെന്നോ?

യാഥാര്‍ത്ഥ്യത്തില്‍ ഇവരൊന്നും മാധ്യമപ്രവര്‍ത്തകരല്ല! ഇവര്‍ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരും പരസ്യ ഏജന്റുകളുമാണ്. സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ കിട്ടുന്നതുകൊണ്ട് മാത്രമാണ് ഇവരുടെ ചാനലുകളും സ്ഥാപനങ്ങളും മുന്നോട്ടുപോകുന്നത്. ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ഇവരുടെ വിശ്വസനീയത പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായി. അവര്‍ മോദിയോട് ഒരൊറ്റ കടുത്ത ചോദ്യം പോലും ചോദിച്ചില്ല, അവര്‍ ഒരിക്കലും ചോദിച്ചിട്ടുമില്ല!

പ്രധാനമന്ത്രിയായി ഇരുന്ന ഈ 12-13 വര്‍ഷത്തിനിടയില്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുന്ന ഒരൊറ്റ വാര്‍ത്താസമ്മേളനം പോലും നരേന്ദ്ര മോദി നടത്തിയിട്ടില്ല! തനിക്ക് ഇഷ്ടമുള്ള, നവിക കുമാറിനെപ്പോലെയുള്ള ചിലരെ മാത്രം തിരഞ്ഞെടുത്ത് അഭിമുഖങ്ങള്‍ നല്‍കി. അല്ലെങ്കില്‍ അക്ഷയ് കുമാറിനെപ്പോലുള്ള നടന്മാര്‍ക്ക് അഭിമുഖം കൊടുത്തു! ‘എന്റെ ഡ്രൈവറുടെ മകള്‍ ചോദിക്കാന്‍ പറഞ്ഞു, താങ്കള്‍ എങ്ങനെയാണ് മാമ്പഴം കഴിക്കുന്നത്? കഷണങ്ങളാക്കി മുറിച്ചാണോ അതോ ഞെക്കിപ്പിഴിഞ്ഞാണോ?’ എന്നൊക്കെയാണ് ആ അഭിമുഖത്തില്‍ ചോദിച്ചത്! ചിന്തിച്ചു നോക്കൂ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയോടാണ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്!

49 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന, അമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനം ഇന്ന് അങ്ങേയറ്റം സ്വാധീനിക്കപ്പെടുകയും തരംതാഴുകയും ചെയ്തിരിക്കുന്നു.

എങ്കിലും എനിക്ക് പൂര്‍ണ്ണമായും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. അത് രവീഷ് കുമാറിലോ, സഞ്ജയ് ശര്‍മ്മയിലോ, ദീപക് ശര്‍മ്മയിലോ, പുണ്യപ്രസൂന്‍ വാജ്‌പേയിയിലോ, അജിത് അഞ്ചനിലോ, ആകാശ് ബാനര്‍ജിയിലോ ഒക്കെ ഉള്ള പ്രതീക്ഷയാണ്. അവര്‍ മികച്ച രീതിയില്‍ ഗ്രൗണ്ടിലിറങ്ങി റിപ്പോര്‍ട്ട് ചെയ്യുന്നു, ഭരണകൂടത്തോട് ശക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു. അതുകൊണ്ട് പ്രതീക്ഷ പൂര്‍ണ്ണമായി അസ്തമിച്ചിട്ടില്ല. എങ്കിലും മുഖ്യധാര എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങള്‍ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ ഇന്ത്യയുടെ സ്ഥാനം വര്‍ഷം തോറും താഴേക്ക് പതിക്കുന്നത് ഇതിന്റെ തെളിവാണ്. എങ്കിലും ഏതെങ്കിലും ഒരുനാള്‍ ഈ ഘട്ടം അവസാനിക്കും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

രാകേഷ്: സര്‍, പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പന്ത്രണ്ടു മണിക്ക് ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് സംസാരിക്കുകയുണ്ടായി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചോ, പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചോ വ്യക്തമായി ഒന്നും സംസാരിക്കാതെ ഉപരിപ്ലവമായ ചില കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് അദ്ദേഹം ചെയ്തത്. നമ്മുടെ മാധ്യമങ്ങളാകട്ടെ മോദിയുടെ ലൈവിന് ലഭിച്ച വ്യൂസ് മാത്രം ആഘോഷമാക്കി! യഥാര്‍ത്ഥത്തില്‍ ഇതാണോ മാധ്യമപ്രവര്‍ത്തനം?

പരഞ്ചോയ്: ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ആളുകള്‍ തങ്ങളെ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മോദി സ്വന്തം മന്ത്രിമാരോട് ആവശ്യപ്പെടുന്ന കാലമാണിത്. ‘ചോദ്യപേപ്പര്‍ ചോര്‍ച്ചയില്ലാത്ത സുതാര്യമായ സംവിധാനവും വേഗത്തിലുള്ള കോഴ്സുകളും കൊണ്ടുവരും’ എന്നൊക്കെ ഉപരിപ്ലവമായി അദ്ദേഹം പറഞ്ഞേക്കാം. എന്നാല്‍ സമരം ചെയ്ത ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും നേരെ ക്രൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ട പോലീസുകാരെ വിചാരണ ചെയ്യാന്‍ ഒരു ട്രിബ്യൂണല്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞോ? ‘നിങ്ങള്‍ക്ക് കുട്ടികളില്ലേ?’ എന്ന് ചോദിച്ച ആ വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്താന്‍ ഭരണകൂടം തയ്യാറാകുമോ? അത് നമ്മള്‍ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ബി.ജെ.പിയുടെ ഐ.ടി സെല്ലും ട്രോളുകളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നമുക്കറിയാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനശേഷിയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് ഞാന്‍ പറയുമ്പോള്‍ പലരും വിശ്വസിക്കാറില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെങ്കില്‍ അമേരിക്കയിലെ ഡെമോക്രാറ്റിക്/റിപ്പബ്ലിക്കന്‍ പാര്‍ട്ടികളാണ് ഏറ്റവും വലിയ സമ്പന്നര്‍ എന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലുള്ള വിവരങ്ങള്‍ നോക്കുക, അതിലുള്ള കണക്കുകളെ ‘പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി’ (PPP – Purchasing Power Parity) അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍, ലോകത്തിലെ ഏറ്റവും ധനികമായ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി തന്നെയാണ്!

ലോക്‌സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുക എന്നതാണ് മോദിയുടെയും അമിത് ഷായുടെയും ലക്ഷ്യം. അതിനായി എം.പിമാരെയും എം.എല്‍.എമാരെയും പണം കൊടുത്ത് വാങ്ങാന്‍ അവരുടെ പക്കല്‍ ആവശ്യത്തിന് പണമുണ്ട്! ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കള്‍ മാറിയതും, ശിവസേനയെയും എന്‍.സി.പിയെയും പിളര്‍ത്തിയതും, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ചതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

എന്നാല്‍ പണവും അധികാരവും ഉപയോഗിച്ചുള്ള ഈ കളി ഒരു പരിധി വരെ മാത്രമേ നടക്കൂ! ഈ രാജ്യത്തെ രാഷ്ട്രീയത്തെ അവര്‍ എത്രത്തോളം തരംതാഴ്ത്തി എന്ന കാര്യം നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായി മനസ്സിലാകുന്നുണ്ട്. അവരാരും മണ്ടന്മാരല്ല. അതുകൊണ്ടുതന്നെ കേവലം പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറം ഈ രാജ്യത്തെ യുവത്വമാണ് ഈ സമരത്തിലൂടെ യഥാര്‍ത്ഥ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്.

രാകേഷ്; ഈ സമരം വിജയിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. ഈ സമരത്തിന് പിന്നിലെ യഥാര്‍ത്ഥ ശക്തി ഈ രാജ്യത്തെ യുവാക്കളല്ലേ? രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ?

പരഞ്ചോയ്; തുടക്കത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ കൂട്ടായ്മയെക്കുറിച്ച് വലിയ നിശ്ചയമൊന്നുമില്ലായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ ഒന്നൊന്നായി ഇവിടേക്ക് എത്താന്‍ തുടങ്ങി. സമാജ് വാദി പാര്‍ട്ടി എം.പി ഡിംപിള്‍ യാദവ് ഇവിടേക്ക് എത്തി, തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വക്താക്കള്‍ ജന്തര്‍ മന്തറിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. തുടക്കത്തില്‍ അല്പം സമയമെടുത്തുവെങ്കിലും, പിന്നീട് രാഹുല്‍ ഗാന്ധിയും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് രംഗത്തുവരികയും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.

വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കപ്പെട്ടതും, കോച്ചിംഗ് സെന്ററുകള്‍ക്കായി പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ചെലവഴിക്കേണ്ടി വരുന്നതുമൊക്കെ അദ്ദേഹം തുറന്നടിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ഇതിനൊരു ഉദാഹരണം മാത്രമാണ്. സമീപകാലത്തായി നൂറ്റമ്പതിലധികം പരീക്ഷാ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്! അതിനാല്‍, വിദ്യാഭ്യാസ മന്ത്രിയുടെ രാജി വലിയൊരു വിജയമാണെങ്കിലും, ഈ പ്രക്ഷോഭത്തിന്റെ ലക്ഷ്യം അതിലും വലുതാണ് ഈ രാജ്യത്തിന്റെ മികച്ചൊരു വിദ്യാഭ്യാസ വ്യവസ്ഥയ്ക്കും ഭാവിപൊരുളിനും വേണ്ടിയുള്ള പോരാട്ടമാണത്.

സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിലാണെങ്കിലും അധികാരം വച്ചുനീട്ടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 2029-ലെ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. മണ്ഡല പുനര്‍നിര്‍ണ്ണയവും, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയും, വനിതാ സംവരണവുമൊക്കെ വരാനിരിക്കുകയാണ്. സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തിലുള്ള രാഷ്ട്രീയ അസ്ഥിരതയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. മെട്രോ സ്റ്റേഷനുകള്‍ അടച്ചിടേണ്ടി വന്നതും, ഇന്റര്‍നെറ്റ് വിച്ഛേദിക്കേണ്ടി വന്നതും, പോലീസിന് ക്രൂരമായ ബലപ്രയോഗം നടത്തേണ്ടി വന്നതുമെല്ലാം സര്‍ക്കാരിന്റെ പരിഭ്രാന്തിയാണ് കാണിക്കുന്നത്.

രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനിലും സുപ്രീം കോടതിയിലുമൊക്കെയുള്ള വിശ്വാസം ചെറുപ്പക്കാര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ‘ഞങ്ങളുടെ ഭാവി കവര്‍ന്നെടുക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല’ എന്നാണ് അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്.

രാകേഷ്: സര്‍, അവസാനം ഒരു ചോദ്യം കൂടി ചോദിക്കട്ടെ; ഈ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് വേദിയായ സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) ഭാവിയില്‍ ഒരു പൂര്‍ണ്ണ രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയാണെങ്കില്‍, അവര്‍ക്ക് ഇന്ത്യയില്‍ വലിയൊരു രാഷ്ട്രീയ ഭാവി ഉണ്ടാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

പരഞ്ചോയ്: നമുക്ക് കണ്ടറിയാം, വരും ദിവസങ്ങളില്‍ അത് വ്യക്തമാകും! സിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുമോ എന്ന് ഇപ്പോള്‍ തീര്‍ത്തു പറയാനാകില്ല. എനിക്ക് അഭിജീത്തിനെ അടുത്തറിയാം; അവര്‍ ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. കടുത്ത സമരത്തിന് ശേഷം ചെറിയൊരു ഇടവേള എടുക്കാനാണ് അവരുടെ തീരുമാനം. അതുകൊണ്ട് അവര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുമോ എന്ന് നമ്മള്‍ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു!

Content Summary; Veteran journalist Paranjoy Guha Thakurta unpacks India’s Gen-Z student movement, media accountability, and the political shifts following Education Minister Dharmendra Pradhan’s resignation in an exclusive interview with Rakesh Sanal

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

This post was last modified on July 27, 2026 11:26 am

രാകേഷ് സനല്‍: ന്യൂസ് എഡിറ്റര്‍, അഴിമുഖം
Related Post
Leave a Comment