പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍, സാംസ്‌കാരിക നായകന്‍, ഉജ്ജ്വല വാഗ്മി, കേരള യുക്തിവാദി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി; ഇതെല്ലാമായിരുന്നു പവനന്‍. തന്റെ ആശയങ്ങളിലും വിശ്വാസങ്ങളിലും വിട്ടുവീഴ്ചകളിലാതെ ഉറച്ചു നില്‍ക്കുക എന്ന പ്രകൃതം യുക്തിവാദി പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവായിരുന്നപ്പോഴും പവനന്‍ പ്രകടിപ്പിച്ചിരുന്നു. കേരള യുക്തിവാദി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളില്‍ പ്രധാനിയായിരുന്നു പവനന്‍.
കേരള സമൂഹത്തെ വര്‍ഗീയതയും, മതഭ്രാന്തും പിടിമുറുക്കി ഒരു മാരകമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് എന്ന് മുന്നറിയിപ്പ് നല്‍കുകയും ഇത്തരം പ്രവണതകളെ ശക്തിയായി പ്രതിരോധിക്കണമെന്ന് പ്രസംഗിക്കുകയും, എഴുതുകയും ചെയ്ത പവനന്‍ എന്ന പൊതു പ്രവര്‍ത്തകന്റെ ഊര്‍ജ്ജസ്വലവും ദീപ്തവുമായ ജീവിതം അദ്ദേഹത്തിന്റെ ജന്മശതാബ്ദി വേളയില്‍ മലയാളി സമൂഹം ഓര്‍മ്മിക്കേണ്ടതാണ്.
”യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതില്‍ ലഭിച്ചതല്ലാതില്ലൊന്നും
ലോക വിജ്ഞാനരാശിയില്‍” എന്ന സഹോദരന്‍ അയ്യപ്പന്റെ വരികള്‍ സ്വന്തം ചിന്തയുടെ വെളിച്ചമായി കൊണ്ടു നടന്ന ഒരാളായിരുന്നു പവനന്‍. യാഥാസ്തിക, ഫ്യൂഡല്‍ ബന്ധങ്ങള്‍ ഉള്ള ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്നതെങ്കിലും എല്ലാവിധ ആചാര, വിഗ്രഹഭഞ്ജക നിലപാടുകള്‍ തന്റെതായി ഉറപ്പിച്ച് ജീവിച്ച വ്യക്തിയായിരുന്നു പവനന്‍. മാനവികവും മനുഷ്യകേന്ദ്രിതവുമായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യവീക്ഷണം.
1950 കളില്‍ മദ്രാസിലെ പ്രശസ്തമായ ‘ജയകേരളം’ മാസികയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ സബ് എഡിറ്റായ കവി പി ഭാസ്‌കരനാണ് വയനാട്ടുകാരന്‍ വയലളം പി.വി.എന്‍ നായര്‍ എഴുതിയ ലേഖനത്തില്‍ ആ പേര് മാറ്റി പവനന്‍ എന്നാക്കിയത്. പേര് ഒരിക്കല്‍ മാറിയെങ്കിലും നാലു വ്യാഴവട്ടക്കാലത്തെ തന്റെ സജീവമായ പത്രപ്രവര്‍ത്തനത്തിലും പൊതുജീവിതത്തിലും കൈക്കൊണ്ട നിലപാടുകള്‍ ഒരിക്കലും മാറ്റാത്ത ഒരു വ്യക്തിത്വമായിരുന്നു പവനന്റെത്.
1957 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തിലേറിയ
ചരിത്ര സംഭവം നടക്കുമ്പോള്‍ മാധ്യമ ലോകം ഒന്നിച്ച് ചേര്‍ന്ന് ഇ.എം.എസ് സര്‍ക്കാരിനെതിരെ വാര്‍ത്താ പ്രചരണമാരംഭിച്ചപ്പോള്‍ ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ പ്രത്യേക ലേഖകനായ പവനനാണ് ഒറ്റയാള്‍ പട്ടാളമായി അവയെ ശക്തമായി പ്രതിരോധിച്ചതും ആ വാര്‍ത്താ പ്രചരണത്തിന്റെ മറുവശം ദേശാഭിമാനിയിലൂടെ എഴുതി ജനങ്ങളെ അറിയിച്ചതും’. അക്കാലത്ത് പവനന്റെ ലേഖനങ്ങളും വാര്‍ത്താ ശകലങ്ങളും ഒരു കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനത്തില്‍ നിന്ന് പ്രൊഫഷ്ണല്‍ ശൈലിയിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നത് ദേശാഭിമാനിക്ക് ഗുണം ചെയ്തു.
1960 ല്‍ പട്ടം താണു പിള്ള മുഖ്യമന്ത്രിയായി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകനായ പവനന്റെ ഒരു വാര്‍ത്താ സ്‌കൂപ്പ് കോളിളക്കമുണ്ടാക്കുകയും പട്ടം മന്ത്രിസഭക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു.
പട്ടം മന്ത്രി സഭയില്‍ വ്യവസായ പബ്ലിക്ക് റിലേഷന്‍സ് മന്ത്രിയായ കെ. എ. ദാമോദര മേനോന്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തയുടന്‍ എല്ലാ മന്ത്രിമാര്‍ക്കും ഒരു രഹസ്യ സര്‍ക്കുലര്‍ അയച്ചു. 1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് ഓരോ വകുപ്പിലും നടന്ന അഴിമതികളും ക്രമക്കേടുകളും കണ്ടുപിടിച്ച് തന്റെ ഓഫീസിന് കൈമാറണമെന്നും അത് പത്രങ്ങള്‍ക്ക് നല്‍കാമെന്നായിരുന്നു രഹസ്യ സര്‍ക്കുലറിന്റെ ഉള്ളടക്കം.
ഇത് രഹസ്യമായി അറിഞ്ഞ പവനന്‍ ആഭ്യന്തര മന്ത്രിയായ പി.ടി. ചാക്കോയുടെ ഓഫീസിലെ തന്റെ സുഹൃത്തായ ഒരു പേഴ്‌സണല്‍ സ്റ്റാഫ് വഴി സര്‍ക്കുലര്‍ ഫയലില്‍ നിന്ന് രഹസ്യമായി എടുത്ത് ഫോട്ടോ കോപ്പി എടുത്ത ശേഷം ഒറിജിനല്‍ തിരികെ വെച്ചു.
പിറ്റേ ദിവസത്തെ ദേശാഭിമാനിയില്‍ ഒന്നാം പേജില്‍ സര്‍ക്കുലറിന്റെ ഫോട്ടോ കോപ്പിയടക്കം നാല് കോളത്തില്‍ ‘ഗവണ്‍മെന്റ് യന്ത്രം സ്വന്തം പാര്‍ട്ടിക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്നു’ എന്ന സചിത്ര വാര്‍ത്ത വന്നപ്പോള്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയടക്കം മന്ത്രിമാരെല്ലാം ഞെട്ടി. ‘അധികാരത്തിലിരുന്നവര്‍ സ്വന്തം കക്ഷിയെ വളര്‍ത്താന്‍ ഗവണ്‍മെന്റിനെ ഉപയോഗിച്ചു എന്ന് പറയുന്നവര്‍ അധികാരത്തില്‍ വന്നപ്പോള്‍ അതേ കുറ്റം തന്നെ ചെയ്യുന്നു’ പവനന്‍ ആ വാര്‍ത്തയില്‍ എഴുതി.
സ്വതവേ പത്രക്കാരെ, പ്രത്യേകിച്ചും, കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകരോട് തീരെ മമത കാണിക്കാത്ത രാഷ്ട്രീയ നേതാവായിരുന്നു പട്ടംതാണുപിള്ള . ‘കടലാസ് ‘ എന്നായിരുന്നു അദ്ദേഹം പുച്ഛത്തോടെ പത്രങ്ങളെ വിശേഷിപ്പിച്ചിരുന്നത്.
ഈ പത്രവാര്‍ത്ത വായിച്ച് ക്ഷുഭിതനായ മുഖ്യമന്ത്രി പട്ടം താണു പിള്ള സര്‍ക്കുലര്‍ അയച്ച തന്റെ മന്ത്രിസഭയിലെ മന്ത്രിയായ കെ.എ. ദാമോദര മേനോനെ ഓഫീസിലേക്ക് വിളിച്ച് സാമാന്യം മോശമായ രീതിയില്‍ തന്നെ ചീത്ത വിളിച്ചു. ‘പ്രസിദ്ധീകരണ വകുപ്പുമന്ത്രി തന്നെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വേണ്ടി പ്രതിപക്ഷത്തെ കുഴപ്പിക്കുന്ന വാര്‍ത്തകള്‍ സ്വന്തം പത്രത്തിന് നല്‍കണമെന്ന് പറയാന്‍ നാണമില്ലേ?’ ഇനി അങ്ങനെ വേണമെങ്കില്‍ തന്നെ മന്ത്രിമാരോട് വാക്കാല്‍ പറഞ്ഞാല്‍ പോരെ? പട്ടം ചോദിച്ചു. ദാമോദര മേനോന് ഉത്തരമില്ലായിരുന്നു.
നല്ലൊരു വാര്‍ത്താ സ്‌കൂപ്പ് നല്‍കി സര്‍ക്കാരിനെ വെട്ടിലാക്കിയത് പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പവനന് പ്രസിദ്ധി നല്‍കിയെങ്കിലും അതില്‍ സന്തോഷിക്കാന്‍ അദ്ദേഹത്തിനായില്ല. അതിന് കാരണം വാര്‍ത്തയുടെ ഭവിഷ്യത്ത് അനുഭവിച്ച ഇര കെ.എ. ദാമോദര മേനോനായിരുന്നു എന്നതാണ്. ‘പൗരശക്തി’ എന്ന പത്രത്തില്‍ പവനന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദാമോദര മേനോന്‍ അദ്ദേഹത്തിന്റെ എഡിറ്ററായിരുന്നു. പവനനെ ആദ്യമായി റിപ്പോര്‍ട്ടിങ്ങിന് അയച്ചത് ദാമോദരമേനോനായിരുന്നു. കുറെ ദിവസം പവനന്‍ ദാമോദര മേനോനെ കാണാതെ നടന്നു. പക്ഷേ, ഒരു ദിവസം ഗസ്റ്റ്ഹൗസില്‍ വെച്ച് അദ്ദേഹത്തിന്റെ മുന്നില്‍ പെട്ടു. ദാമോദര മേനോന്‍ പറഞ്ഞു.’ എനിക്ക് നല്‍കിയ ഗുരുദക്ഷിണ അസ്സലായി. ഇങ്ങനെത്തന്നെ വേണം ശിഷ്യന്‍മാര്‍’ എനിക്ക് നാണക്കേട് തോന്നി. അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷേ, ദാമോദര മേനോന്‍ ഒരു വലിയ മനുഷ്യനായിരുന്നു. അദ്ദേഹം മരണം വരെ എന്നോട് സൗഹൃദത്തോട് തന്നെ പെരുമാറി’ പവനന്‍ എഴുതി.
1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശാഭിമാനി പത്രം സി പി.എം പിടിച്ചെടുത്തു. എഡിറ്റോറിയലിലെ പ്രമുഖരെല്ലാം സി.പി.ഐ അനുഭാവികളായതിനാല്‍ അവരെല്ലാം അരക്ഷിതാവസ്ഥയിലായി. ജോലിക്ക് വേണ്ടി, വിശ്വസിച്ച ആശയം ഉപേക്ഷിക്കുന്നവരായിരുന്നില്ല അവരില്‍ പലരും. അതിനാല്‍ അവരെല്ലാം ദേശാഭിമാനി വിട്ടുപോയി. പക്ഷേ, ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റ പി. ഗോവിന്ദപിള്ളയോട് ഇം.എം.എസ് പറഞ്ഞു. ‘പവനന് താല്‍പ്പര്യമുണ്ടെങ്കില്‍ ദേശാഭിമാനിയില്‍ തുടരാം’. ഇം.എം.എസിന്റെ നിര്‍ദേശം പി. ഗോവിന്ദ പിള്ള പവനനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് ഉടനെ നിരസിച്ചു. ‘ തല്‍ക്കാലം ഉപജീവനങ്ങള്‍ക്കു വ്യത്യസ്തമായി ശമ്പളത്തിന് വേണ്ടി പണിയെടുക്കാന്‍ ഞാനില്ല’ എന്നാണ് ‘പവനന്‍ പറഞ്ഞത്. എന്നാല്‍ പിളര്‍പ്പിന് മുന്‍പ് ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്ന വി.ടി. ഇന്ദുചൂഡന്‍, പത്രത്തിലെ മറ്റു പ്രമുഖരായ സി. ഉണ്ണി രാജ , കെ.കെ. വാര്യര്‍, .ടി. വി.കെ, എന്നിവരോടൊന്നും ഈ സൗമനസ്യം കാണിക്കാന്‍ ഇ.എം.എസ്. തയ്യാറായില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പവനന്റെ കഴിവുകളില്‍ ഇ എം.എസിന് മതിപ്പായിരുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
ആശയപരമായി ഭിന്നിച്ച് പിന്നീട് പല സംവാദങ്ങളിലും ഇ. എം. എസുമായി പവനന്‍ ഏറ്റുമുട്ടിയെങ്കിലും പരസ്പര ബഹുമാനം നിലനിറുത്തിയിരുന്ന ഒരു വാദപ്രതിവാദങ്ങളായിരുന്നു. ഇ. എം.സിന്റെ മികച്ച തൂലികാ ചിത്രമാദ്യമായി എഴുതിയതും പവനനായിരുന്നു.
50 വര്‍ഷം മുന്‍പ് പവനന്‍ ഇം.എം. എസിനെ കുറിച്ച് എഴുതി ”ഒരു രാഷ്ട്രീയ നേതാവിന്, പ്രത്യേകിച്ചും, ഒരു കമ്മ്യൂണിസ്റ്റുകാരന് നിസംഗത്വം എന്ന ഗുണം ആരും കല്‍പിച്ചുകൊടുക്കുകയില്ല. കല്‍പിച്ചു കൊടുത്താല്‍ തന്നെ ആരും അത് സ്വീകരിക്കുകയുമില്ല. ഇം. എം. എസ്സ് നിസ്സംഗനാണെന്ന് ഞാന്‍ പറയുകയില്ല. പക്ഷേ, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഒരു നിസംഗഭാവം സൂക്ഷ്മദൃക്കുകള്‍ക്ക് കാണാന്‍ കഴിയും. തനിക്കുവേണ്ടി മാത്രമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചും ആ തീരുമാനം വിശ്വസ്തതയോടെ നടപ്പാക്കുവാനും മാത്രമേ അദ്ദേഹം പ്രവര്‍ത്തിക്കാറുള്ളൂ.
‘പാര്‍ട്ടി സെക്രട്ടറി സി.എച്ച് കണാരന്‍ ഇ എം എസിനോട് ഇങ്ങനെ പറയുന്നു എന്നിരിക്കട്ടെ, ‘ഇ.എം. എസ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതായിരിക്കും പാര്‍ട്ടിക്ക് ഗുണമെന്നാണ് സ്റ്റേറ്റ് കമ്മറ്റിയുടെ അഭിപ്രായം’
ഉടനെ അദ്ദേഹം പറയും, ‘സ്റ്റേറ്റ് കമ്മറ്റി അങ്ങനെ തിരുമാനിച്ചോ,
ശരി രാജിക്കത്ത് ഞാനിപ്പോള്‍ എഴുതി തരാം. ആര്യയോട് ഇപ്പോള്‍ പറയണ്ട. ഞാന്‍ തന്നെ പിന്നീട് പറഞ്ഞോളാം’. അത്ര ലാഘവമെ ഈ കാര്യത്തിന് അദ്ദേഹം നല്‍കുകയുള്ളൂ. വ്യക്തിപരമായി ഇതില്‍ ഒരു നഷ്ടവും അദ്ദേഹം അശേഷം പ്രകടിപ്പിക്കില്ല. തന്റെ വലിപ്പവും സ്ഥാനവും അല്ല. പാര്‍ട്ടിക്കാണ് പരിഗണനയും മുന്‍ഗണനയും.”.
ഇം.എം.എസിനെ കുറിച്ച് വ്യക്തി – നേതാവ് എന്ന നിലയില്‍ നടത്തിയ ഏറ്റവും നല്ല നിരീക്ഷണമായിരുന്നു പവനന്‍ എഴുതിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം പവനന്റെ നിരീക്ഷണങ്ങള്‍ തികച്ചും ശരിയാണെന്ന് ഉറപ്പിക്കുന്ന ഒരു സംഭവമുണ്ടായി.
‘ഇ.എം.എസ്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താകുന്നു? ‘ മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1991 ല്‍ ഒരു പ്രധാന മലയാള ദിനപത്രത്തിന്റെ മുന്‍പേജ് തലക്കെട്ടായിരുന്നു.
പുറത്താകല്‍ ശരിയോ? അത് വന്‍ ചര്‍ച്ചക്ക് വഴിവെച്ചു ആചാര്യന്‍ വിട പറയുന്നു. പാര്‍ട്ടിക്ക് അകത്തും പുറത്തും തര്‍ക്കം മുറുകി. പിന്നീട് ഒന്നരക്കൊല്ലം കഴിഞ്ഞാണ് മദ്രാസ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ചു ഇ.എം. എസ് സ്ഥാനമൊഴിഞ്ഞത്. വികാരപരമായ യാത്രയയപ്പൊന്നും ഇ.എം.എസ്സിനില്ല. എങ്കിലും പിന്‍ഗാമിക്ക് അധികാരം കൈമാറും മുന്‍പ് ചില വാചകങ്ങള്‍ എല്ലാരും പ്രതീക്ഷിച്ചു. മാധ്യമങ്ങള്‍ക്ക് അടര്‍ത്തിയെടുക്കാന്‍ ഒന്നും ഒന്നും ഇല്ലാതെ അത് അവസാനിച്ചു. പാര്‍ട്ടിയുടെ നയങ്ങളെ സൂഷ്മമായി നിരീക്ഷിച്ച വിശകലനത്തിന് ശേഷം ഒരു അഭിമുഖത്തില്‍ ഇ.എം.എസ് പറഞ്ഞു.
‘ഞാന്‍ പോളിറ്റ് ബ്യൂറോ മെമ്പറാണ്. ആരോഗ്യം കുറയുന്നതനുസരിച്ച് ജോലി ഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടിയിലെ സ്ഥാനം ഒഴിയുന്നത്’. കേരളത്തിലെ ഒരു വലിയ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് സ്ഥാനമൊഴിയുമ്പോഴുണ്ടാകുന്ന കോലാഹലങ്ങളൊന്നും ഇത് സൃഷ്ടിച്ചില്ല. ഇ.എം. എസിന്റെ കനപ്പെട്ട അഭിമുഖങ്ങളൊന്നും പാര്‍ട്ടി പത്രത്തില്‍ പോലും ഉണ്ടായില്ല. തന്നെ കേന്ദ്രീകരിച്ചുള്ള വാര്‍ത്താ സംരംഭങ്ങളെ ഇ. എം. എസ് എന്നും നിരാകരിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളെ പിന്‍ താങ്ങാനോ, പ്രചരിപ്പിക്കാനോ ഒരു അനുചരവൃന്ദവും അദ്ദേഹത്തിനില്ലായിരുന്നു.
ഇ.എം.എസിനെ പവനന്‍ വിലയിരുത്തിയത് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അന്നും അത് അച്ചടിച്ച അക്ഷരങ്ങള്‍ പോലെ അണുവിട മാറ്റമില്ലായിരുന്നു.
പവനന്റെ ഏറ്റവും മികച്ച സാഹിത്യ സംഭാവനകളിലൊന്നായ ‘കേരളം എങ്ങനെ ജീവിക്കുന്നു.'(1967) എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ. എം.എസ് ആണ്. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവിധ ജനവിഭാഗങ്ങളെ നേരിട്ട് കണ്ട് ഒരു പത്രപ്രവര്‍ത്തകന്‍ തയ്യാറാക്കിയ ആദ്യത്തെ പഠന ഗ്രന്ഥമാണ് പവനന്റെ ‘കേരളം എങ്ങനെ ജീവിക്കുന്നു’ എന്ന ഗ്രന്ഥം.
‘കേരളത്തിലെ വിവിധജനവിഭാഗങ്ങളില്‍ പലതിന്റെയും ജീവിതപ്രശ്‌നങ്ങള്‍ അതാതിന്റെ പ്രതിനിധികളായ വ്യക്തികളിലൂടെ അവതരിപ്പിക്കുകയാണു ഇതില്‍ അദ്ദേഹം ചെയ്യുന്നത്. ഇതൊരു നല്ല രീതിയാണെന്നും ആരും സമ്മതിക്കും. സംസ്ഥാനത്തെ ബാധിക്കുന്ന വിവിധ സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പഠിക്കുകയല്ല ഇവിടെ ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ആ പ്രശ്‌നങ്ങള്‍ ഓരോന്നും സ്വജീവിതത്തില്‍ പ്രതിഫലിക്കുന്നതെങ്ങനെയെ’ന്നും ഓരോ വ്യക്തിയെക്കൊണ്ടും പറയിപ്പിക്കുകയാണ്. അങ്ങനെ തികച്ചും മാനുഷികമായ കഥാവരണങ്ങളിലൂടെ കയര്‍ വ്യവസായം, കോണ്‍ട്രാക്റ്റ് ജോലി, അദ്ധ്യാപകവൃത്തി, കശുവണ്ടി വ്യവസായം, കള്ളുചെത്ത്, ഗവണ്‍മെന്റുദ്യോഗം മുതലായ വിവിധ ജോലികള്‍ കൊണ്ട് ജീവിക്കുന്ന തൊഴില്‍ കുഴപ്പങ്ങളും ജീവിത പ്രശ്‌നങ്ങളും അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.’ രസകരമായ ഇത്തരം ഒരു ഗ്രന്ഥം. വായിച്ചു കേരളത്തിന്റെ പുതിയ ചിത്രം മനസ്സിലാക്കാന്‍ വായനക്കാരെ സഹായിക്കുന്ന ഒരു ഗ്രന്ഥം -ഇതിനുമുമ്പ് പുറത്തു വന്നിട്ടില്ലെന്നാണ് തോന്നുന്നത്. ഇതു വായനക്കാര്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നാണു എന്റെ വിശ്വാസം.’ അവതാരികയില്‍ ഇ.എം.എസ്. എഴുതി.
അര നൂറ്റാണ്ടിന് മുന്‍പ് കേരള സമൂഹത്തില്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കുന്നു എന്ന്, 182 പേജ് മാത്രമുള്ള ഈ പുസ്തകത്തില്‍ അദ്ധ്യാപകനായ ലോനപ്പന്‍ മാസ്റ്ററുടെ അദ്ധ്യായത്തില്‍ കഥാനായകനായ ലോനപ്പന്‍ മാസ്റ്റര്‍ വളരെ ലളിതമായി രസകരമായി അവതരിപ്പിച്ചു.
‘മന്ത്രിസഭ മാറുമ്പോഴെല്ലാം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് മന്ത്രിസഭ കൂടെ കൂടെ മാറട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന’. അക്കാലത്തെ ഒരു സ്‌കൂള്‍ അധ്യാപകന്റെ വ്യവസ്ഥകളും വ്യഥകളും ഉള്‍പ്പെടുത്തി പവനന്‍ എഴുതി.
ലോനപ്പന്‍ എന്ന സ്‌ക്കൂള്‍ അധ്യാപകന്‍ പറയുന്നു.’ ശ്രീ ശങ്കര്‍ മുഖ്യമന്ത്രിയായശേഷം അവതരിപ്പിച്ച ബജറ്റുപ്രകാരം രണ്ടുരൂപ കൂടി കൂട്ടിക്കിട്ടി. ഇപ്പോള്‍ തൊണ്ണൂറ്റഞ്ചു രൂപ അടിസ്ഥാന ശമ്പളം, ഇരുപത്തിയെട്ട് രൂപ ഡിയര്‍നസ് പേയും, ഏഴു രൂപ വീട്ടുവാടക അലവന്‍സും (പിന്നീടിതു ശമ്പളത്തില്‍ ലയിപ്പിച്ചിട്ടുണ്ട്) മൂന്നുരൂപ പേഴ്സണല്‍ പേയും അടക്കം നൂറ്റിമുപ്പത്തി മൂന്നു രൂപയാണ് എനിക്കു പ്രതിമാസം കിട്ടുന്നതു. നിദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ പരിഷ്‌കാരം വന്നാല്‍ (1966ലേതു) ഞാന്‍ ഇങ്ങേ അറ്റത്തുനില്‍ക്കുന്ന ആളായതു കൊണ്ട് നൂറ്റെഴുപത്താറു രൂപ പ്രതിമാസം എനിക്കു കിട്ടണമെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്.’
ഹൈറേഞ്ചിലെ കണ്ണന്‍ ദേവന്‍ ചായത്തോട്ടത്തിലെ തൊഴിലാളിയും അന്തിക്കാടെ രാരിച്ചന്‍ എന്ന കള്ള് ചെത്തുകാരനും, തിരുവനന്തപുരത്തെ കോണ്‍സ്റ്റബിള്‍ ചെലപ്പന്‍ പിള്ളയും കണ്ണൂരിലെ നെയ്ത്തുകാരന്‍ ഗോപാലനും, സര്‍ക്കാരുദ്യോഗസ്ഥന്‍ ഗോവിന്ദന്‍ നായരും, കടലോര പ്രദേശത്തെ മീന്‍കാരിയും ഈ പുസ്തകത്തില്‍ അവരുടെ ജീവിതം പവനനോട് പറയുന്നു. 1960 കളിലെ കേരളത്തിന്റെ സാമൂഹിക ജീവിതം ഈ പുസ്തകത്തില്‍ പ്രതിഫലിക്കുന്നു. പിന്നീടു വന്ന കേരളീയ സാമൂഹ്യ പഠനങ്ങള്‍ക്ക് തുടക്കമിട്ടത് ഈ പുസ്തകമാണെന്ന് പറയാം.
ദേശാഭിമാനി വിട്ടശേഷം പവനന്‍ സി. പി. ഐ. യുടെ പ്രസിദ്ധീകരണമായ നവയുഗം വാരികയുടെ പ്രധാന ചുമതലക്കാരനായി. മുന്‍ മുഖ്യമന്ത്രിയും എഴുത്തുകാരനുമായ സി. അച്ചുതമേനോന്‍ തന്റെ ലേഖനങ്ങള്‍ ഭൂരിഭാഗവും എഴുതിയത് നവയുഗത്തിന് വേണ്ടിയായിരുന്നു. ‘പത്രപ്രവര്‍ത്തകന്‍ മാത്രമല്ല ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നതിനാല്‍ പാര്‍ട്ടി പ്രസിദ്ധീകരണത്തിന്റെ സ്വാധീനത്തില്‍ നിന്ന് നവയുഗത്തിനെ മാറ്റി മികച്ച സാഹിത്യ കൃതികളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ഒരു വാരികയാക്കി മാറ്റാന്‍ പവനനു കഴിഞ്ഞു. പ്രചാരവും അല്‍പ്പം കൂടാന്‍ തുടങ്ങി. എന്റെ സാന്നിദ്ധ്യംകൊണ്ട് ‘നവയുഗ’ത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകട്ടെ എന്ന നിലയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത്’.
‘നവയുഗം’ വാരികയുടെ 40-ാം വാര്‍ഷിക വിശേഷാല്‍ പ്രതിയില്‍ വാരികയുടെ ഭൂത കാലത്തെ അവലോകനം ചെയ്തുകൊണ്ട് സി. ഉണ്ണിരാജ എഴുതി ‘.പവനന്‍ ‘നവയുഗം’ പത്രാധിപസമിതിയിലേക്കു വന്നതു വലിയൊരനുഗ്രഹമായെന്നു ഞാന്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു. പവനന്‍ വാരികയുടെ ചുമതല ഏറ്റെടുത്തു വാരികയെ നിലനിര്‍ത്തുവാനും ആകര്‍ഷകമാക്കുന്നതിനും പുതിയ ചില പംങ്തികള്‍ തുടങ്ങി. എതിരാളികളുടെ ആരോപണങ്ങള്‍ക്കു മറുപടി പറയുന്ന ലേഖനങ്ങള്‍ ആഴ്ചതോറും
പ്രസിദ്ധീകരിച്ചു. അതുകൊണ്ടു ഗുണവുമുണ്ടായി.’
പല പ്രമുഖ സാഹിത്യകാരന്‍മാരും നവയുഗത്തിലൂടെയാണ് പ്രതൃക്ഷപ്പെട്ടത്. മേതില്‍ രാധാകൃഷ്ണന്‍, പി. എ.ദിവാകരന്‍ എന്നിവരുടെയൊക്കെ ആദ്യ രചനകള്‍ നവയുഗത്തിലൂടെയായിരുന്നു. കവി. സി. അയ്യപ്പന്‍ നവയുഗത്തിന്റെ പ്രൂഫ് റീഡറായിരുന്നു. അയ്യപ്പന്റെ ആദ്യകാല കവിതകള്‍ നവയുഗത്തിലൂടെ പ്രസിദ്ധീകരിച്ചത് പവനനായിരുന്നു.
ഉദയാ കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രം ‘ശകുന്തള’ പുറത്തിറങ്ങിയപ്പോള്‍ അക്കാലത്തെ സൂപ്പര്‍ ഹിറ്റായി മാറി. പടത്തിലെ വയലാര്‍ ദേവരാജന്‍ ടീമിന്റെ ഗാനങ്ങള്‍, പ്രിയതമാ, ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ തുടങ്ങിയവ കേരളമെങ്ങും മൂളുന്ന പാട്ടുകളായി മാറി.
ഈ പടം കണ്ട പവനന് അതിന്റെ കലാമൂല്യം ഇഷ്ടപ്പെട്ടില്ല. കാളിദാസ സങ്കല്‍പ്പത്തെ വികലമാക്കിയ ഒരു പടമാണെന്ന് നവയുഗത്തിലെ സിനിമ ശകുന്തളയെ ‘ വിമര്‍ശിച്ച് എഴുതി. കുറച്ച് ദിവസത്തിന് ശേഷം ഒരു കത്ത് പവനന് കിട്ടി. എഴുതിയത് മറ്റാരുമല്ല. ഉദയായിലെ കുഞ്ചാക്കോ മുതലാളി;
നിങ്ങള്‍ എന്തിനാണ് ശകുന്തളയെ വിമര്‍ശിച്ചത് എന്നറിയില്ല. നിങ്ങളുടെ ആള്‍ക്കാരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളാണ്. നിങ്ങള്‍ക്കും അങ്ങിനെയാവാം സാമ്പത്തികമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ അറിയിക്കുമല്ലോ എന്നായിരുന്നു സാരം. ഇത് വായിച്ച പവനന് രോഷം അണപൊട്ടിയൊഴുകി.
പവനന്‍ ധാര്‍മ്മിക രോഷത്തോടെ മറുപടി കൊടുത്തു; ‘എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ നിങ്ങളുടെ തൊഴുത്തിലാണെന്നറിയാം, അവര്‍ക്കു നിങ്ങള്‍ പുല്ലും വെള്ളവും കൊടുക്കുന്നതു നല്ലതുതന്നെ. ആ തൊഴുത്തില്‍ കെട്ടാനുള്ള അര്‍ഹത എനിക്കില്ല. എന്നെ കെട്ടിയിടാനുള്ള കയറും നിങ്ങളുടെ വശമില്ല. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തീര്‍ക്കാന്‍ നിങ്ങളുടെ ധനസഹായവും ആവശ്യമില്ല.’
ഇത് കിട്ടിയ ഉടനെ ‘നവയുഗ’ത്തിനു തന്റെ സിനിമാപരസ്യങ്ങളൊക്കെ നിര്‍ത്തലാക്കി എന്ന് കുഞ്ചാക്കോ ഒരു കത്തിലൂടെ അറിയിച്ചു.
പക്ഷേ, കുഞ്ചാക്കോ അങ്ങനെ വിടാന്‍ ഭാവമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ‘ഭാര്യ എന്ന സിനിമ – പുറത്തിറങ്ങിയപ്പോള്‍. ‘ഭാര്യ’ സിനിമ വളരെ നന്നായിരിക്കുന്നു എന്ന് സ്ഥാപിക്കുന്ന സുദീര്‍ഘമായ ഒരു ലേഖനം പവനന്‍ എന്ന പേരില്‍ ആരേക്കൊണ്ടോ എഴുതിച്ചു. പ്രസ്തുത ലേഖനം ‘മലയാള മനോരമയി’ല്‍ അരപ്പേജ് പരസ്യമായി നല്‍കിയ ആ നിരൂപണം വായിച്ച് സിനിമ കാണാന്‍ പോയവര്‍ ഭാര്യ കണ്ട് ഒരു നല്ല പടമാണെന്ന് എഴുതിയ പവനനെ കുറ്റപ്പെടുത്തി നവയുഗത്തിലേക്ക് എഴുതി. ചിലരാകട്ടെ അയാള്‍ കുഞ്ചാക്കോവിന്റെ പണം വാങ്ങി പടത്തെ സ്തുതിക്കുകയാണെന്നു പറഞ്ഞു. ഈ പടം കണ്ട പവനന് സങ്കടവും നാണക്കേടും തോന്നി. താനെഴുതാത്ത ഒരു സിനിമാ നിരൂപണം തന്റെ പേര് വെച്ച് പ്രസിദ്ധീകരിച്ചതിന് മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പവനന്‍ മലയാള മനോരമ ദിനപത്രത്തിന് നോട്ടീസ് അയച്ചു. അന്നത്തെ മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം. ചെറിയാനായിരുന്നു.
അദ്ദേഹം ആദരപൂര്‍വം ഇങ്ങനെ ഒരു മറുപടി അയച്ചു. ‘പരസ്യത്തില്‍ പറഞ്ഞ പവനന്‍ കുഞ്ഞിശങ്കരക്കുറിപ്പ് മകന്‍ പവനനല്ലെന്നും’ ‘മറ്റേതോ പവനനാണെന്ന് തിരുത്ത് പ്രസിദ്ധപ്പെടുത്താമെന്നും അതുകൊണ്ട് തൃപ്തിപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അടുത്ത ദിവസം അറിയിപ്പ് അത്രയൊന്നും പ്രാധാന്യമില്ലാതെ, മനോരമ പത്രത്തില്‍ ഒരിടത്തു കൊടുക്കുകയും ചെയ്തു. അതോടെ സംഭവം തീര്‍ന്നു.
സമൂഹത്തിലെ അനീതികള്‍ക്കെതിരെ നിരന്തരം പ്രതികരിച്ച പവനന്‍ തന്റെ എഴുത്തിലൂടേയും പ്രഭാഷണങ്ങളിലൂടേയും എന്നും സജീവമായി പ്രവര്‍ത്തിച്ചു. തന്റെ ആശയങ്ങളിലും വിശ്വാസങ്ങളിലും വിട്ടുവീഴ്ചകളില്ലാതെ ഉറച്ചുനില്‍ക്കുക എന്ന ഈ പ്രകൃതം യുക്തിവാദി പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാവെന്ന നിലയിലും പവനന്‍ പ്രകടിപ്പിച്ചു പോന്നു. സി.പി. ഐ (എം) മാത്രമല്ല, സി.പി. ഐക്കാര്‍ പോലും ചിലപ്പോള്‍ മതവിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതായി പവനന്‍ ആരോപിക്കുകയും അതേ ചൊല്ലി ഇ.എം.എസ്. തുടങ്ങിയവരുമായി പോലും പരസ്യവിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
അങ്ങനെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തും പുറത്തും ഉള്ളവരുമായി മാത്രമല്ല, യുക്തിവാദി പ്രസ്ഥാനത്തിനകത്തെ അഭിപ്രായവ്യത്യാസമുണ്ടായ ഇടമറുക് തുടങ്ങിയ പ്രമുഖരോടും ആശയരംഗത്തു പവനന്‍ കലഹിച്ചിട്ടുണ്ട്. യുക്തിവാദി പ്രസ്ഥനത്തില്‍ തന്നെ ഇത്തരം വികാരങ്ങള്‍ പിളര്‍പ്പിനു വഴിവെയ്ക്കുകയും ഒടുവില്‍ അവയിലൊന്ന് ഇടമറുകും മറ്റൊരു വിഭാഗം പവനന്റെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. യുക്തിവാദി പ്രസ്ഥാനത്തില്‍ എന്നപോലെ മിശ്ര വിവാഹ സംഘത്തിന്റെയും ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നു പവനന്‍.
മതവിശ്വാസങ്ങളോടും ആചാരങ്ങളോടും ഉള്ള പവനന്റെ എതിര്‍പ്പുകള്‍ എഴുത്തിനിരുത്തുക, നിലവിളക്കു കത്തിക്കുക, ഏതെങ്കിലുമൊരു പ്രാര്‍ത്ഥനാഗാനത്തോടു കൂടി പൊതുയോഗങ്ങള്‍ ആരംഭിക്കുക മുതലായ ചടങ്ങുകള്‍ക്കുകൂടി എതിരായിരുന്നു. ഈ എതിര്‍പ്പും ഒരുതരം അസഹിഷ്ണുതയും മതവിശ്വാസത്തെ അനുസ്മരിപ്പിക്കുന്ന അന്ധതയുമല്ലേ എന്നു തോന്നാമെങ്കിലും ‘വിദ്യാഭ്യാസത്തിലും പരിഷ്‌കൃത ജീവിതത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളം പോലെയുള്ള സ്ഥലങ്ങളില്‍ പോലും അന്ധവിശ്വാസവും അനാചാരങ്ങളും വര്‍ഗീയതയും അനുദിനം എന്നോണം പൂര്‍വാധികം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പവനന്‍ രാഷ്ട്രീയമോ സുഹൃദ് ബന്ധമോ പരിഗണിക്കാതെ അവക്കെതിരെ പ്രതികരിച്ചു.
1977 ല്‍ ഗുരുവായൂര്‍ അമ്പലത്തിലെ കൊടിമരം സ്വര്‍ണ്ണം പൂശുന്നതിനെതിരെ കേരള യുക്തിവാദി സംഘം പവനന്റെ നേതൃത്വത്തില്‍ ശക്തമായ ‘പ്രതിഷേധം രേഖപ്പെടുത്തി ഗുരുവായൂരില്‍ സത്യാഗ്രഹം നടത്തിയതും, അവരെ എതിരാളികള്‍ മര്‍ദ്ദിച്ചതും വലിയ കോളിളക്കമുണ്ടാക്കിയതാണ്.
‘ഒരു മതത്തെ വിമര്‍ശിച്ചാല്‍ കൈയ്യും കാലും നഷ്ടമാകുന്ന ഒരു അവസ്ഥയിലേക്കാണ് നമ്മുടെ നാട് നീങ്ങുന്നത് ‘ 2001 ല്‍ പവനന്‍ ഒരു യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി പ്രസംഗിച്ചു. ഇതിനെതിരെ ഒരു ഇടതു പക്ഷക്കാരന്‍ ലേഖനമെഴുതി ‘ ഈ പവനനൊക്കെ ശരീരത്തിന്റെ ഏത് ഭാഗം കൊണ്ടാണ് ചിന്തിക്കുന്നത്? എന്ന് അയാള്‍ തന്റെ ലേഖനത്തിലൂടെ പരിഹസിച്ചു. പത്ത് വര്‍ഷത്തിന് ശേഷം ചിലര്‍ മത വിദ്വേഷത്തിന്റെ മറവില്‍ മൂവാറ്റുപുഴയിലെ ഒരു കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയപ്പോള്‍ കേരളം ഞെട്ടി. പവനന്റെ ദീര്‍ഘവീക്ഷണം എത്ര ശരിയായിരുന്നു എന്ന് അന്ന് ചിലരെങ്കിലും ഓര്‍ത്തു. ശരീരത്തിന്റെ ശരിയായ ഭാഗം കൊണ്ടു തന്നെയാണ് പവനന്‍ ചിന്തിച്ചത് എന്ന് അന്ന് കേരളമറിഞ്ഞു.
വിവാദങ്ങളും വാദങ്ങളും സഹിഷ്ണുതയോടെ കൈകാര്യം ചെയ്ത യുക്തി വാദിയായിരുന്നു അദ്ദേഹം. തന്റെ വിശ്വാസത്തെ മാനിക്കുന്ന പോലെ മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിച്ചില്ലെങ്കിലും ഒരിക്കലും അവഹേളിച്ചില്ല. പകരം പ്രതിപക്ഷ ബഹുമാനത്തോടെ യുക്തിപൂര്‍വ്വം നേരിട്ടു. ഒരിക്കല്‍ തൃശൂരില്‍ യുക്തിവാദി പ്രവര്‍ത്തകനായ ജോണ്‍സണ്‍ ഐരൂരിന്റെ മകളുടെ വിവാഹ ചടങ്ങില്‍ വേദിയില്‍ ആദ്യമായി പുരോഹിതന്‍ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ സദസിലുള്ളവര്‍ എല്ലാവരും ഒരു നിമിഷം എഴുന്നേറ്റ് നിന്നു. സദസ്സിന്റെ മുന്‍നിരയിലുണ്ടായിരുന്ന പവനനും എഴുന്നേറ്റു നിന്നു. എന്നാല്‍ തൊട്ടിരുന്ന ഒരു പ്രസിദ്ധനായ ചലചിത്ര സംവിധായകന്‍ താടിയും തടവി ഇരിപ്പിടത്തില്‍ തന്നെ ഇരുന്നത് അവിടെ കൂടിയിരുന്നവരില്‍ അവജ്ഞയുണ്ടാക്കി. പ്രസിദ്ധനായ യുക്തിവാദി പവനന്‍ പോലും വിശ്വാസത്തെ മാനിച്ചപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ച ഈ ചലചിത്ര സംവിധായകനെ അവിടെയുള്ള അതിഥികളെല്ലാം വെറുപ്പോടെ നോക്കുന്നത് കാണാമായിരുന്നു.
ഒരിക്കല്‍ പവനനെ ചൊടിപ്പിച്ച ഒരു സംഭവമുണ്ടായി. സാഹിത്യ വാരഫലത്തിലൂടെ കേരളത്തിന്റെ സാംസ്‌കാരിക സാഹിത്യ രാഷ്ട്രീയ പ്രശസ്തരെ മുഖം നോക്കാതെ തല്ലലും തലോടലും നടത്തിയ എം. കൃഷ്ണന്‍ നായര്‍ക്ക് പവനനെ തല്ലാന്‍ കിട്ടിയ ഒരു വിഷയമായിരുന്നു ഒരു ലക്കം പങ്തി – പ്രശസ്തമായ സാഹിത്യ വാരഫലം. ‘ പവനന്‍ എഴുതിയ ഡയറികളെ കുറിച്ചുള്ള ഒരു ലേഖനമായിരുന്നു. കൃഷ്ണന്‍ നായര്‍ ആ ആഴ്ച തിരഞ്ഞ് പിടിച്ച് ഒരു വിഷയമാക്കിയത്.
ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനാര്? കേരള സാഹിത്യ കേരള യുക്തിവാദി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളില്‍ പ്രധാനിയായിരുന്നു പവനന്‍. പ്രശസ്ത പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, രാഷ്ട്രീയക്കാരന്‍, സാംസ്‌ക്കാരിക നായകന്‍, ഉജ്ജ്വല വാഗ്മി തുടങ്ങിയ നിലകളില്‍ അക്കാദമിയുടെ ഭരണസാരഥ്യം വഹിക്കുന്ന പവനന്‍ തന്നെയാണത്. ആ തീരുമാനത്തിലെത്താന്‍ ഞാന്‍ നിര്‍ബന്ധിതനായത് ”ഞായറാഴ്ച” വാരികയില്‍ അദ്ദേഹമെഴുതിയ ”എന്റെ ഞായറാഴ്ചകള്‍” എന്ന ലേഖനം വായിച്ചതുകൊണ്ടു മാത്രമത്രേ.
പവനന്‍ എഴുതുന്നു: ”എന്തുകൊണ്ടാണെന്ന് അറിയുന്നില്ല. ഡയറികള്‍ തയ്യാറാക്കുന്നവര്‍ ഞായറാഴ്ചയ്ക്ക് അനുവദിച്ച സ്ഥലം വളരെ കുറവാണ്. ബഹുഭൂരിപക്ഷത്തിന്റെ സ്ഥിതി ആലോചിച്ചുകൊണ്ടായിരിക്കണം ഡയറി തയ്യാറാക്കുന്നവര്‍ അങ്ങനെ ചെയ്യുന്നത് എന്നു കരുതുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ ഡയറി എഴുതുന്നവരധികവും ഞായറാഴ്ച തിരക്കുള്ളവരായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്. സാധാരണയായി പൊതുകാര്യ പ്രസക്തന്മാര്‍ക്കാണല്ലോ ഡയറിയുടെ ആവശ്യം കൂടുതലുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഡയറിയിലെ ഞായറാഴ്ചകള്‍, ആ ദിവസങ്ങളിലെ ‘എന്‍ഗേജ്‌മെന്റുകള്‍’ കുറിച്ചിടാന്‍ പോലും മതിയാവുകയില്ല”.
പുളിമൂട്ടില്‍ ഭാസ്‌കരന്‍ നായരുടെ കടയിലും ആയുര്‍വേദ കോളേജിനടുത്തുള്ള സ്വാമി ബുക്ക് ഡിപ്പോയിലും അതിനു തൊട്ടടുത്തുള്ള പൈ ആന്‍ഡ് കമ്പനിയിലും 1944-ലെ ഡയറികള്‍ വില്പനയ്ക്കു വച്ചിരിക്കുന്നതു കണ്ടു. ഓരോന്നും എടുത്തു തുറന്നു നോക്കി. ഞായറാഴ്ചകള്‍ക്ക് ആ ഡയറികളില്‍ സ്ഥലം വളരെക്കുറച്ചേയുള്ളൂ. പവനന്‍ തൃശൂര്‍ ബഹുകാര്യ ചര്‍ച്ചാശീലനായി വസിക്കുന്നുവെന്നു ഈ ഡയറി നിര്‍മ്മാതാക്കള്‍ എന്തേ ഓര്‍മ്മിച്ചില്ല! അടുത്ത വര്‍ഷത്തെ ഡയറി അച്ചടിക്കുമ്പോള്‍ ഇവര്‍ പവനന് എന്‍ഗേജ്‌മെന്റുകള്‍ കുറിച്ചിടാന്‍ ഞായറാഴ്ചയുടെ താഴെയായി പത്തു പേജെങ്കിലും ഇടണമെന്നു ഞാന്‍ വിനയത്തോടെ നിര്‍ദ്ദേശിക്കട്ടേ? എം. കൃഷ്ണന്‍ നായര്‍ എഴുതി.
ഇതാണു ഞാന്‍ നേരത്തെ പറഞ്ഞതു പവനന്‍ സൗഭാഗ്യവാനാണെന്ന്. ശ്രീയുക്തനാണെന്നു. നമ്മളെ ആരെയെങ്കിലും ചാരത്തുനിന്നോ ദൂരത്തുനിന്നോ ആരെങ്കിലും കാണാന്‍ വരുന്നുണ്ടോ? ഇല്ലേയില്ല. ഞാന്‍ കാലത്തെഴുന്നേറ്റു കസേരയില്‍ ഒടിഞ്ഞു മടങ്ങിയിരിക്കും. വല്ലവനും വരുമെന്നു കരുതി. ഒരുത്തനുമില്ല. പിന്നെ ഇസ്പേഡ് ഗുലാനെപ്പോലെ വരാന്തയില്‍ നില്ക്കും വളരെ നേരം. വീട്ടിനടുത്തേക്കു വരുന്നവര്‍ എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കാനായി വരികയാണെന്നു വിചാരിച്ചു ഞാന്‍ സന്തോഷിക്കും. ഇല്ല. അവര്‍ വീട്ടിനു സമീപമെത്തി തിരിഞ്ഞങ്ങു പോകുകയാണ്, തൊട്ടപ്പുറത്തുള്ള ബാങ്കിലേക്കു. ഉച്ചയ്ക്കുശേഷം ഞാനുറങ്ങുന്നു. വൈകുന്നേരം കുറെ നടക്കുന്നു. ഒരുത്തനും സംസാരിക്കുന്നില്ല എന്നോട് എന്നല്ല നോക്കുക പോലും ചെയ്യുന്നില്ല. ഞാന്‍ നിരാശനായി പാങ്ങോട്ടുള്ള അമ്പലത്തില്‍ച്ചെന്നു പ്രാര്‍ത്ഥിക്കുന്നു:
”ഭഗവാനേ അടുത്ത ജന്മത്തിലെങ്കിലും ഞാന്‍ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി ജനിക്കേണമേ”.
ഈ ലേഖനം വായിച്ച പവനന് കലശലായ ദേഷ്യം വന്നു. ഉടനെ തന്നെ അദ്ദേഹം തന്റെ പ്രതികരണം എഴുതി കൃഷ്ണന്‍ നായര്‍ക്ക് അയച്ചു. എം. കൃഷ്ണനായര്‍ പവനന്‍ തനിക്കയച്ചു കത്തിന്റെ വാചകങ്ങള്‍ അടുത്ത ലക്കം സാഹിത്യവാരഫലത്തില്‍ കൊടുത്തു. എന്നിട്ടെഴുതി നോ കമന്റ്‌സ്.
പവനന്റെ കത്ത്
പവനന്‍ എനിക്കയച്ച കത്ത് അതേ രീതിയില്‍ താഴെ കൊടുക്കുന്നു. കമന്റില്ല.
”താങ്കള്‍ കുറെക്കാലമായി എന്നെ മറന്നിരിക്കുകയാണെന്നും ഞാനെഴുതുന്നതൊന്നും വായിക്കാറില്ലെന്നുമാണു കരുതിയത്. പക്ഷേ, ‘കലാകൗമുദി’യുടെ 435-ാം ലക്കം കണ്ടപ്പോള്‍ ആശ്വാസമായി. ഒരു പഴയ സുഹൃത്തു എന്ന നിലയില്‍ ഒരു ഉപദേശം തരട്ടെ: അസൂയപ്പെട്ടിട്ടു കാര്യമില്ല. കുറച്ചു മനുഷ്യത്വം വേണം. പാണ്ഡിത്യം മാത്രമുണ്ടായാല്‍പോര. മനുഷ്യനോടു മനുഷ്യനെപ്പോലെ പെരുമാറണം. ഉച്ചാരണശുദ്ധി നോക്കി മനുഷ്യന്റെ വില നിശ്ചയിക്കരുത്. ഞാന്‍ സാഹിത്യ അക്കാദമി സെക്രട്ടറി ആകുന്നതിനു മുമ്പും തിരക്കുള്ള ആളായിരുന്നു; അല്ലാതായാലും തിരക്കൊഴിയാന്‍ പോകുന്നില്ല. നിങ്ങള്‍ വൃത്തികെട്ട മാസികകള്‍ വായിച്ചു സമയം പാഴാക്കുന്നു. ഞാന്‍ മനുഷ്യന് ഉപയോഗപ്രദമായ വല്ലതും ചെയ്യുന്നു. അതുകൊണ്ടു ആളുകള്‍ എന്നെ വന്നു കാണും. പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകും. സുഹൃത്തുക്കളുമായി സല്ലപിക്കും. നിങ്ങളോ? ഇങ്ങനെയൊക്കെ എഴുതേണ്ടിവരുന്നതില്‍ ഖേദമുണ്ട്. എന്നാലും നിങ്ങള്‍ നന്നാവാന്‍ പോകുന്നില്ല”
1970 ല്‍ മദ്രാസിലെ സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ സ്‌റ്റൈയില്‍ എഡിറ്ററായി പവനന്‍ ചുമതലയേറ്റു. സി.പി.ഐയുടെ വത്തിക്കാനായ സോവ്യറ്റ് യൂണിയന്റെ കാവല്‍ ഭടനെപ്പോലെയായിരുന്നു അക്കാലത്ത് പവനന്‍. അക്കാലത്തെ സൂപ്പര്‍ പവറായ സോവ്യറ്റ് യൂണിയനെതിരെ നടക്കുന്ന സാമാജ്യശക്തികളുടെ ദുഷ്പ്രചരണങ്ങള്‍ക്കെതിരെ കണ്ണും കാതും തുറന്നിരുന്ന പവനന്‍ അവയെല്ലാം തന്റെ ലേഖനങ്ങളില്‍ കൂടി പ്രതിരോധിച്ചു.
കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ നടന്ന വിമോചന സമരത്തില്‍ പങ്ക് വഹിച്ച ചില കേന്ദ്രങ്ങള്‍ക്ക് അമേരിക്കന്‍ ചാരസംഘടന കേരളത്തില്‍ പണം നല്‍കി സഹായിച്ച സംഭവങ്ങള്‍ നടന്നത് പവനനെപ്പോലെയുള്ള പത്രപ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാമായിരുന്നു. സി.ഐ എ യുടെ കരങ്ങള്‍ കേരളത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കുന്നുണ്ടന്ന കാര്യം ലേഖനങ്ങളില്‍ കൂടി സ്ഥിരമായി ജനങ്ങളെ അറിയിക്കുമായിരുന്നു. പവനന്റെ തന്നെ ഭാഷയില്‍ എവിടെ സി.ഐ എ? എന്ന് എതിരാളികള്‍ ചോദിക്കുമ്പോള്‍ സി.ഐ എ ഇവിടെ എന്ന ബോര്‍ഡ് തൂക്കി അവര്‍ ഇരിക്കാറില്ല എന്ന മറുപടിയാണ് കൊടുക്കാറ്, അങ്ങനെയുള്ള പവനന്‍ തന്നെ ഒരിക്കല്‍ ആ ചാരവലയത്തില്‍ കുടുങ്ങി. കടുവയെ പിടിച്ചു ആ കിടുവ കഥ ഇതാണ്.
ഒരിക്കല്‍ സോവ്യറ്റ് യൂണിയനില്‍ പോയി തിരിച്ചെത്തിയ പവനനോട് മദ്രാസില്‍ വെച്ച് സംവിധായകന്‍ രാമു കാര്യാട്ട് ഒരാളെ ഹോട്ടലില്‍ ചെന്ന് കാണണമെന്ന് ഓഫീസില്‍ വന്ന് ആവശ്യപ്പെട്ടു. കാര്യമെന്താണെന്ന പവനന്റെ ചോദ്യത്തിന് അയാള്‍ക്ക് പവനനോട് സംസാരിക്കണം എന്നു മാത്രം കാര്യാട്ട് പറഞ്ഞു.
അതനുസരിച്ച് പവനന്‍ അശോക ഹോട്ടലില്‍ ചെന്ന് അയാളെ കാണുന്നു. കുരുവിള എന്ന് പേരുള്ള അയാള്‍ പവനനെ താല്‍പ്പര്യപൂര്‍വ്വം സ്വീകരിച്ചു. സ്‌കോച്ച് വിസ്‌കിയൊക്കെ നല്‍കി സല്‍ക്കരിച്ചു. കൂടാതെ രാത്രി പുറത്ത് പോയി വന്‍കിട ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ചു.
അയാള്‍ തന്നെക്കുറിച്ച് പവനനോട് വിവരിച്ചു. ഞാന്‍ പാലാക്കാരനാണ്. കൃഷിയില്‍ വലിയ താത്പര്യമായിരുന്നു. കുറേയൊക്കെ പഠിച്ചിട്ടുണ്ട്. ശ്രീചിത്തിര തിരുനാളിനെ കൃഷികാര്യങ്ങളില്‍ ഉപദേശിച്ചിട്ടുണ്ട്. സര്‍ സി. പി.യുടെ കാലത്ത് കാര്‍ഷിക ഉപദേഷ്ടാവായിരുന്നു. ആ നിലയിലും അല്ലാതെയും വിദേശങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്; പ്രത്യേകിച്ച് അമേരിക്കയില്‍. അവരുമായി നല്ല ബന്ധത്തിലാണ്. എനിക്ക് ധാരാളം സ്വത്തുണ്ട്…’ സംഭാഷണം ആ രൂപത്തില്‍ നീങ്ങിയപ്പോള്‍ പവനന്‍ ചോദിച്ചു: ‘നിങ്ങളെന്തിന് എന്നെ വിളിച്ചുവരുത്തി? എനിക്കു കൃഷികാര്യത്തില്‍ ഒരു വിവരവുമില്ലല്ലോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ക്ക് വിവരമുള്ള ചില കാര്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്. അതിനുതന്നെയാണ് വിളിച്ചത്. പക്ഷേ, നമ്മള്‍ അതില്‍ നിന്നു തുടങ്ങേണ്ട. അത് പിന്നീട് പറയാം.’ ഹോട്ടലില്‍ കുരുവിള ഓര്‍ഡര്‍ ചെയ്ത വിസ്‌ക്കി അകത്താക്കി; അദ്ദേഹം മൂന്നു ‘ലാര്‍ജും’. പിന്നെ ഭക്ഷണം കഴിച്ചു. കുരുവിള ടാക്‌സി വിളിച്ചു. ടാക്സിയില്‍ വെച്ചും കുരുവിള സംസാരിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്ന് സോവിയറ്റ് യൂണിയനിലെ കാര്യങ്ങളാണ് അറിയേണ്ടത്. അതിന് കാരണമുണ്ടായിരുന്നു.
അല്പം മുമ്പാണ് പവനന്‍ സോവിയറ്റ് യൂണിയനില്‍ പോയി തിരിച്ചെത്തിയത്. അവിടത്തെ നൊവോസ്തി പ്രസ്സ് ഏജന്‍സി ആവശ്യപ്പെട്ടു നടത്തിയ ഒരു പര്യടനമായിരുന്നു അത്. അന്നത്തെ സി.പി.എസ്.യു. ജനറല്‍ സെക്രട്ടറി ബ്രഷ്‌നേവ് ഇന്ത്യയിലേക്കു വരുന്നതിനു തൊട്ടുമുമ്പായിരുന്നു അത്. ആ സന്ദര്‍ശനത്തിന്റെ മുന്നോടിയായി വന്ന സോവിയറ്റ് പത്രപ്രവര്‍ത്തക സംഘത്തിന്റെ കൂടെ അതേ വിമാനത്തിലാണ് പവനന്‍ തിരിച്ചുവന്നത്. കുരുവിളയ്ക്ക് അറിയേണ്ടത് ഇതിന്റെ വിശദാംശങ്ങളാണ് ഇത് എവിടേക്കാണ് എത്തുക എന്നതായിരുന്നു പവനന്റെ ഉല്‍ക്കണ്ഠ. കുരുവിള ആറ് പെഗ് സ്‌കോച്ച് വിസ്‌കിയുടെ ലഹരിയിലാണ് സംസാരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ശബ്ദത്തിനോ സമനിലയ്‌ക്കോ അല്പംപോലും ഊനം പറ്റിയിട്ടില്ലെന്ന് പവനന്‍ മനസ്സിലാക്കി. ചോദ്യങ്ങള്‍ സൂക്ഷ്‌മവും ലക്ഷ്യമുള്ളതുമായിരുന്നു. പക്ഷേ, അല്പം പോലും ഗൗരവം കാണിക്കാതെ സാധാരണ സുഹൃത്തുക്കളെപ്പോലെയുള്ള സംഭാഷണരീതിയില്‍തന്നെ അതു തുടര്‍ന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ എന്നോട് ചോദിച്ച് അറിയേണ്ട കാര്യം ഇയാള്‍ക്കെന്താണ്, എന്ന് പവനന്‍ ആലോചിച്ചു.
ടാക്‌സി എന്റെ വസതിയുടെ മുമ്പാകെ എത്തുന്നതിനുമുമ്പേ പവനന്‍ കുരുവിളയോടുതന്നെ അതു ചോദിച്ചു.
ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുമ്പ് അയാള്‍ പറഞ്ഞു: നിങ്ങള്‍ വല്ലാത്തൊരു മനുഷ്യന്‍തന്നെ ഞാന്‍ കഴിച്ച മദ്യത്തിന്റെ പകുതി മദ്യം നിങ്ങളും കഴിച്ചിട്ടുണ്ട്. സാധാരണ മദ്യപിക്കാത്ത ഒരാള്‍ക്ക് അതും ഇതും പറയുവാന്‍ ഇത്രയൊക്കെ അകത്താക്കിയാല്‍ മതി. പക്ഷേ, ഉടനീളം നിങ്ങള്‍ എന്നോട് വളരെ കരുതി സംസാരിക്കുന്നതുപോലെ തോന്നി. ഇപ്പോള്‍ ഇതാ നിങ്ങള്‍ ഈ വിവരങ്ങള്‍ ചോദിച്ചറിയുന്നത് എന്തിനാണെന്ന ശരിയായ ചോദ്യം എന്നോടു തന്നെ ചോദിച്ചിരിക്കുന്നു. ഇനി ഞാന്‍ പറയാം. ഞാന്‍ ഒരു സി.ഐ.എ. ഏജന്റാണെന്നു കരുതിക്കൊള്ളു. നമ്മള്‍ അടുത്ത ബുധനാഴ്ചയും വൈകുന്നേരം 6 മണിക്ക് ‘അശോക’യിലെ അതേ മുറിയില്‍ തന്നെ സംബന്ധിക്കും. തല്ക്കാലം ഇതിരിക്കട്ടെ’ എന്നു പറഞ്ഞ് എനിക്കു പെട്ടെന്നു തടയാന്‍ കഴിയുന്നതിലും വേഗത്തില്‍ ഒരു കവര്‍ അയാള്‍ പവനന്റെ പോക്കറ്റിലിട്ടു. കവര്‍ പോക്കറ്റിലിട്ടതും ടാക്‌സിയുടെ വാതില്‍ തുറന്ന് പവനനെ അല്പം ബലം പ്രയോഗിച്ചു പുറത്തേക്കു തള്ളിയതും ഒരുമിച്ചായിരുന്നു. അപ്പോള്‍ സമയം രാത്രി 1 മണി.
പവനന്‍ വീട്ടില്‍ കയറി ഭാര്യ ബേബിയെ വിളിച്ചു വിവരമെല്ലാം പറഞ്ഞു. അപ്പോഴും പവനന്റെ ഞെട്ടല്‍ മാറിയിരുന്നില്ല. കവറില്‍ 500 രൂപയും ഒരു കുറിപ്പും. കുറിപ്പില്‍ ഇത്രമാത്രം; മറന്നുപോകേണ്ട. അടുത്ത ബുധനാഴ്ചയും കാണണം.
ഇത്രയും നാള്‍ അമേരിക്കന്‍ ചാരസംഘടനയുടെ വിദ്ധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിയ, സോവിയററ് ഇന്‍ഫര്‍മേഷനില്‍ ജോലിചെയ്യുന്ന താന്‍ തന്നെ ഒരു സി.ഐ.എ. ഏജന്റിന്റെ കൈകളില്‍ പെട്ടിരിക്കുന്നു എന്ന് ഞെട്ടലോടെ പവനന്‍ തിരിച്ചറിഞ്ഞു. പിറ്റേന്ന് തന്നെ രാമു കാര്യാട്ടിനെ പവനന്‍ ഫോണില്‍ വിളിച്ച് സി.ഐ.എ. ദൗത്യവുമായി ഇറങ്ങിയിരിക്കുകയാണോ എന്ന് ചോദിച്ചു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കൂടിയായ കാരാട്ട് പറഞ്ഞു. എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു. പക്ഷെ ഇര പവനനായതു കൊണ്ട് കുഴപ്പമുണ്ടാവില്ല എന്ന് ഞാന്‍ കരുതി.’
പിന്നീട് ഈ സംഭവങ്ങള്‍ പവനന്‍ സോവ്യറ്റ് കൗണ്‍സിലെ ഉന്നതരെ അറിയിച്ചു. അവര്‍ അത്യന്തം ജാഗരൂകരായി. ഇപ്പോള്‍ പവനന്‍ ബന്ധം വിഛേദിച്ചാല്‍ അയാള്‍ മറ്റാരെയെങ്കിലും ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുമെന്നും അതിനാല്‍ അയാളുമായി ബന്ധം തുടരാന്‍ സോവ്യറ്റ് കൗണ്‍സിലിലെ ഉന്നതര്‍ ആവശ്യപ്പെട്ടു. അങ്ങനെ ഹോട്ടലില്‍ പോക്കും മദ്യപാനവും സംഭാഷണങ്ങളുമൊക്കെ മൂന്ന് തവണ ആവര്‍ത്തിച്ചു. ഒടുവില്‍ പവനനില്‍ നിന്ന് കാര്യമായി വിവരം കിട്ടില്ലെന്ന് മനസിലായ കുരുവിള തന്നെ ആ ബന്ധം വിഛേദിച്ചു.
കടുവയെ പിടിച്ച ഈ കിടുവ സംഭവത്തെ കുറിച്ച് പവനന്‍ എഴുതി. ‘തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. സ്വന്തം ഐഡന്റിറ്റിയെ പ്രഥമദര്‍ശനത്തില്‍ തന്നെ വെളിപ്പെടുത്തുന്ന ചാരപ്രവര്‍ത്തനത്തെപ്പറ്റി ഒരിടത്തും ഞാന്‍ വായിച്ചിട്ടില്ല. സുഹൃത്തെന്ന നിലയില്‍ ചില വിവരങ്ങള്‍ ശേഖരിക്കാനും സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം, പ്രത്യേകിച്ചു കൗണ്ടര്‍ പ്രൊപ്പഗാണ്ടയുടെ വിശദാംശങ്ങള്‍ അറിയുവാനുമാണോ, അയാള്‍ ശ്രമിച്ചത്? ഒരു കാര്യം തീര്‍ച്ചയാണ്. അയാള്‍ക്ക് സി.ഐ.എ. യുമായോ അവരുടെ ഇന്ത്യയിലെ ഏജന്റുമാരുമായോ ബന്ധമുണ്ടായിരുന്നു. അല്ലെങ്കില്‍ ഇത്രയൊക്കെ അദ്ധ്വാനം എന്നെ കൂട്ടിലാക്കാന്‍വേണ്ടി അയാള്‍ ചെയ്യുമായിരുന്നില്ല എന്ന് ഉറപ്പാണ്’ .
കുറെക്കാലത്തിന് ശേഷം കോട്ടയത്തെ മനോരാജ്യം വാരികയുടെ ജനറല്‍ എഡിറ്ററായി പവനന്‍ സ്ഥാനമേറ്റു. 1967 ലെ കമ്യൂണിസ്റ്റ് സപ്തകക്ഷി മുന്നണി മന്ത്രിസഭയിലെ പ്രതിപക്ഷ ഉപനേതാവും കേരള ഭൂഷണം പത്രത്തിന്റെ ഉടമയുമായ ഡോക്ടര്‍ ജോര്‍ജ് തോമസായിരുന്നു മനോരാജ്യത്തിന്റെ ഉടമ. വിമോചന സമരക്കാലത്ത് അമേരിക്കന്‍ ചാരസംഘടന കേരളത്തില്‍ പണം വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ഒരു കേന്ദ്രമായിരുന്നു എന്നൊരു ആരോപണം അക്കാലത്ത് ഡോ.ജോര്‍ജ് തോമസിനെതിരെ ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ കുറെക്കാലം ഒരു കോളേജില്‍ ദൈവവിമോചന ശാസ്ത്രം പഠിപ്പിച്ച അദ്ദേഹം അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇന്ത്യന്‍ വകുപ്പിലെ ഉന്നതരുടെ വിശ്വസ്തനായിരുന്നു. 1957 ലെ കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ കളര്‍ പോസ്റ്റുകളും മറ്റ് ലഘുരേഖകളും അച്ചടിക്കാന്‍ അമേരിക്കക്കാര്‍ കളര്‍ പ്രിന്റിംഗ് പ്രസ്സ് നല്‍കിയെന്നും (അക്കാലത്ത് കേരളത്തില്‍ ഒരു ദിനപത്രത്തിനും കളര്‍ പ്രസ്സ് ഉണ്ടായിരുന്നില്ല) ശക്തമായ ഈ ആരോപണങ്ങളെ കുറിച്ചൊക്കെ പവനന് അറിയാമായിരുന്നു. പക്ഷേ ഏത് പണമായാലും ഞാന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണം എന്റെതാണ് എന്ന നിലപാടായിരുന്നു പവനന്റെത്. ഒരു സൗജന്യത്തിനും ഞാന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നില്ല. പവനന്‍ ഡോ .ജോര്‍ജ് തോമസുമായുള്ള ബന്ധത്തെ കുറിച്ച് എഴുതി.
ഞാന്‍ പത്രത്തില്‍ ചേര്‍ന്നപ്പോള്‍ അതിലെ മുഖപ്രസംഗത്തിന്റ രാഷ്ട്രീയസ്വഭാവം ഒരു പ്രശ്നമായി. ഇതു സംബന്ധിച്ചു ഞങ്ങള്‍ തമ്മില്‍ നടന്ന ചര്‍ച്ച ഡോക്ടര്‍ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു: ‘പവനന്‍ ഇവിടെ പത്രാധിപരായി വന്നത് നിരീശ്വരവാദം പ്രചരിപ്പിക്കാനല്ല, ഞാന്‍ പത്രം നടത്തുന്നത് എന്റെ കക്ഷിക്കു വേണ്ടിയുമല്ല.’ (അന്നും അദ്ദേഹം കോണ്‍ഗ്രസ്സുകാരനായിരുന്നു.) ആ ‘സമ്മിങ് അപ്പ്’ എന്നെ വളരെയേറെ സഹായിച്ചു. പവനന്‍ എഴുതി.
ഒരു കടുത്ത യുക്തിവാദിയായ പവനനും തികഞ്ഞ മതഭക്തനും ഈശ്വര വിശ്വാസിയായ ഡോക്ടര്‍ ജോര്‍ജ് തോമസും തമ്മിലുള്ള രസതന്ത്രം അപൂര്‍വ്വതയുള്ള തായിരുന്നു.
ഡോക്ടര്‍ ജോര്‍ജ് തോമസിന്റെ ഭാര്യയും എഴുത്തുകാരിയും അങ്ങേയറ്റം ഈശ്വരവിശ്വാസിയായ റെയ്ച്ചല്‍ തോമസ് പവനനോട് പറഞ്ഞത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.
‘പവനന്‍ ഡോക്ടറുടെ സുഹൃത്താണ്, അതുകൊണ്ട് ഈ കുടുംബത്തിന്റെയും സുഹൃത്തായി ഞങ്ങള്‍ കരുതുന്നു’ എന്നാണ് അവര്‍ പറഞ്ഞത്.
തന്റെ യൗവനം തുടങ്ങുമ്പോള്‍ പവനന്‍ ഒരു പട്ടാളക്കാരനും ഗവണ്മെന്റുദ്യോഗസ്ഥനുമായിരുന്നു. രണ്ടു ജോലികളില്‍ നിന്നും കമ്മ്യൂണിസ്റ്റായതിനാല്‍ പുറത്താക്കപ്പെട്ട പവനന്‍ വയനാടന്‍കുന്നുകളില്‍ ഒളിജീവിതം നയിച്ചിട്ടുണ്ട്. മദ്രാസിലെ തെരുവുകളില്‍ അദ്ദേഹം കൂലി പോര്‍ട്ടറായിരുന്നു. മന്ത്രവാദിയായും മുറിവൈദ്യനായും, ഹസ്തരേഖാ ശാസ്ത്രജ്ഞനായും കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ അദ്ദേഹം അലഞ്ഞുതിരിയാത്ത പ്രദേശങ്ങള്‍ കുറവാണ്. സോവ്യറ്റ് യൂണിയനടക്കം ഇന്ത്യയ്ക്കു പുറത്തും ധാരാളം സഞ്ചരിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടും അരക്ഷിതാവസ്ഥയിലും തന്റെ തത്വങ്ങളിലോ, വിശ്വാസങ്ങളില്‍ നിന്നോ വ്യതിചലിക്കാത്ത പവനനെന്ന കുടുംബനാഥന്റെ കഥ ഭാര്യ പാര്‍വ്വതി പവനന്‍ അവരുടെ ജീവിത സ്മരണകളില്‍ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.
അമ്പതുകളുടെ തുടക്കത്തില്‍ മദ്രാസിലെ ‘ജയകേരളം’ വാരികയില്‍ കടന്നുചെല്ലുന്നതിനു മുമ്പുതന്നെ അദ്ദേഹം ‘ദേശാഭിമാനി’യുമായി ബന്ധപ്പെട്ടിരുന്നു. പിന്നീടു ‘പൗരശക്തി’, ‘ദേശാഭിമാനി ദിനപത്രങ്ങളിലും ഐ. പി. എ., എ. പി. എന്‍. എന്നീ വാര്‍ത്താ ഏജന്‍സികളിലും ‘നവയുഗം’ വാരികയിലും പ്രവര്‍ത്തിച്ചു. കുറച്ചുകാലം അദ്ദേഹം കേരളഭൂഷണം മനോരാജ്യം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ജനറല്‍ എഡിറ്ററായിരുന്നു. കേരളസാഹിത്യ അക്കാദമി സെക്രട്ടറി എന്ന നിലയില്‍ ഒമ്പതരക്കൊല്ലത്തെ പവനന്റെ സേവനം ആ സ്ഥാപനത്തിന്റെ ശൈലിക്കും ചിട്ടയായ പ്രവര്‍ത്തനസമ്പ്രദായത്തിനും വഴിയൊരുക്കി ഉണര്‍വ് നല്‍കി സാഹിത്യ അക്കാദമിയിലെ ഓഫീസ് രീതി ചിട്ടയിലെത്തിച്ച് കാര്യക്ഷമമാക്കിയത് പവനന്റെ ഭരണകാലത്തായിരുന്നു.
കേരള പത്രപ്രവര്‍ത്തക സംഘടനയുടെ ജനറല്‍സെക്രട്ടറി, പുരോ ഗമനസാഹിത്യസംഘത്തിന്റെ സജീവപ്രവര്‍ത്തകന്‍, കേന്ദ്ര കലാസമിതിയുടെ സംഘടനാ സെക്രട്ടറി, കേരളത്തില്‍ ആദ്യമായി രൂപമെടുത്ത ഇന്ത്യാ-ചൈനാ സുഹൃദ് സംഘസ്ഥാപകന്‍, മദ്രാസ് കേരളസമാജത്തിന്റെ സംഘടനാസെക്രട്ടറി, കേരള യുക്തിവാദി സംഘത്തിന്റെ ദീര്‍ഘകാല പ്രസിഡന്റ്, മുഖമാസികയായ യുക്തിരേഖയുടെ മുഖ്യപത്രാധിപര്‍, ഇന്തോ-സോവിയററ്റ് സുഹൃദ് സംഘടന അടക്കം അനേകം സാംസ്‌കാരിക സംഘടനകളുടെ സജീവപ്രവര്‍ത്തകന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, വിശ്വവിജ്ഞാനകോശത്തിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എന്നിങ്ങനെ എണ്ണമറ്റ പദവികളില്‍ പ്രവര്‍ത്തിച്ച് തന്റെ പൊതുജീവിതം പവനന്‍ ഉജ്ജലമാക്കി.
ഇ എം.എസ്, എ.കെ.ജി., അച്ച്യുതമേനോന്‍, വി.ആര്‍.കൃഷ്ണയ്യര്‍, എം.എന്‍.ഗോവിന്ദന്‍ നായര്‍ എന്നിവരുമായി അടുത്ത സൗഹൃദ ബന്ധം പവനനുണ്ടായിരുന്നു. പക്ഷെ, അധികാര രാഷ്ട്രീയത്തിന്റെ വഴികളില്‍ നിന്നും ബഹുദൂരം അകന്ന് നടക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രാഷ്ട്രീയ പത്രപ്രവര്‍ത്തകനും നിരീക്ഷകനുമായി അറിയപ്പെടുന്നതിലായിരുന്നു കൂടുതല്‍ താല്പര്യം. സി. അച്യുതമേനോനുമായി പുലര്‍ത്തിയ അഗാധബന്ധത്തെക്കുറിച്ച് പവനന് ഒരു പുസ്തകം തന്നെ എഴുതാന്‍ കഴിയും. പവനന്‍ വളരെ ആദരവോടെ കാത്തു സൂക്ഷിച്ചൊരു വ്യക്തി ബന്ധമായിരുന്നു അത്.
ഒട്ടുമിക്ക പ്രമുഖ പ്രസിദ്ധീകരണങ്ങളിലും പവനന്‍ ധാരാളം എഴുതി. സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവ വഴിവെച്ചു. നാല്പത്തഞ്ചിലേറെ ഗ്രന്ഥങ്ങളും ആയിരക്കണക്കിന് ലേഖനങ്ങളും എഴുതിയിട്ടുള്ള പവനന്റെ നിരീക്ഷണങ്ങള്‍ കേരളത്തിന്റെ എല്ലാ മേഖലകളിലും വ്യവഹരിച്ചിരുന്നു. ഭരണഭാഷ മലയാളമാക്കാനുള്ള തത്രപാടുകളും മുറവിളികളും കേരളത്തില്‍ സജീവമായ ഒരു സമയത്ത് അദ്ദേഹം അതിന്റെ പ്രായോഗിതയെ കുറിച്ച് ഒരു കുറിപ്പെഴുതിയത് ഇതിനു നല്ലൊരു ഉദാഹരണമായിരുന്നു.”’ വെങ്കലമലയാളം, കേരള സ്റ്റെല്‍’ എന്ന ശീര്‍ഷകത്തില്‍ പവനന്‍ എഴുതി. ‘
‘നമ്മുടെ നിയമസഭയില്‍ മലയാളത്തില്‍ അന്യഭാഷ പദങ്ങള്‍ കടന്നുവരുന്നതിനെ നിരോധിക്കുന്ന ഒരു ‘ബില്‍’ അവതരിപ്പിക്കുയാണെങ്കില്‍ ‘അസംബ്ലി’ തന്നെ കുഴപ്പത്തിലാകും. കാരണം ‘എം. എല്‍. എ.’യും അവരുടെ ‘പാര്‍ട്ടി’കളും അവയുടെ പേരുകളും ഇംഗ്ലീഷിലാണ്. ‘കമ്യൂണിസ്റ്റും, കോണ്‍ഗ്രസും, ലീഗും, ആര്‍. എസ്. പി. യും, എന്‍. ഡി. പി. യും, പി. ഡി. പി’യും മറ്റനേകം ‘പാര്‍ട്ടി’കളും ഇല്ലെങ്കില്‍ ഇവിടെ എന്തു രാഷ്ട്രീയം! എന്ത് ‘അസംബ്ലി’. സംശയമുണ്ടെങ്കില്‍ ‘ലീഡറോട് ചോദിച്ചു നോക്കൂ!”
Content Summary: Pavanan’s life which kerala should remember on his birth centenary
This post was last modified on October 27, 2025 3:04 pm
Leave a Comment