പാസ്പോർട്ട് പുതുക്കാൻ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരെന്തിന്?

ഒരു മുൻ പത്രാധിപർക്ക് ഇതാണനുഭവമെങ്കിൽ ന്യൂനപക്ഷ സമൂഹത്തിലെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?

മുതിർന്ന മാധ്യമ പ്രവർത്തകനും ‘ദ ടെലിഗ്രാഫ്’ മുൻ പത്രാധിപരുമായ ആർ. രാജഗോപാൽ തന്റെ പൗരാവകാശമായിട്ടുള്ള പാസ്പോർട്ടിനായി അപേക്ഷിച്ചപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികൾ പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയം വേണ്ട വിധത്തിൽ കൈകാര്യം ചെയ്തോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടി സംസാരിച്ച ഒരു മുൻ പത്രാധിപർക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ള അനുഭവം ഇതാണെങ്കിൽ ന്യൂനപക്ഷ സമൂഹത്തിലെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? ആർ രാജഗോപാൽ സംസാരിക്കുന്നു.

പാസ്പോർട്ട് പുതുക്കാനായി അപേക്ഷിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധി എന്തായിരുന്നു?

പാസ്പോർട്ട് പുതുക്കുമ്പോൾ പോലീസ് വെരിഫിക്കേഷൻ എന്ന ഒരു ഫോർമാലിറ്റിയുണ്ട്. എന്റെ അപ്ലിക്കേഷൻ പോലീസ് സ്റ്റേഷനിലേക്ക് അയച്ചപ്പോൾ അവർ പറഞ്ഞത് ‘എസ്. ഐ. ആർ -ൽ നിന്ന് പേര് വെട്ടിയത് കൊണ്ട് വെരിഫൈ ചെയ്യാൻ പറ്റില്ല’ എന്നാണ്. പക്ഷെ, പ്രത്യക്ഷമായിട്ട് പാസ്പോർട്ട് ഇഷ്യൂവിങ് അതോറിറ്റിക്ക് ഇതിനകത്ത് റോളൊന്നുമില്ല. പാസ്സ്‌പോർട്ട് അതോറിട്ടി പറയുന്നത്, ‘ഞങ്ങൾ പോലീസിലേക്ക് നിങ്ങളുടെ പാസ്പോർട്ട് പുതുക്കാനായുള്ള വെരിഫിക്കേഷൻ തേടിയെങ്കിലും ഇനി വീണ്ടും വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയാൽ മാത്രമേ പാസ്സ്‌പോർട്ട് പുതുക്കി കിട്ടുള്ളൂ’ എന്ന് പോലീസ് അറിയിച്ചെന്നാണ്.

ആർ. രാജഗോപാൽ

പാസ്പോർട്ട് പുതുക്കാനായിട്ട് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വേണം എന്ന് നിയമമുണ്ടോ?

ഞാൻ പോലീസിനോടത് പലതവണ ചോദിച്ചു, “ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്?” എന്ന്. ‘എസ്. ഐ. ആർ -ൽ നിന്ന് പേര് നീക്കം ചെയ്തവർക്ക് പാസ്സ്‌പോർട്ട് പുതുക്കി നൽകാൻ പാടില്ല എന്ന് പറയുന്ന ഏതെങ്കിലും ഗവണ്മെന്റ് ഓർഡറോ മെമ്മൊയോ മറ്റോ ഉണ്ടോ’ എന്ന് കൃത്യമായി ചോദിച്ചപ്പോൾ അവരതൊന്നും കാണിക്കാൻ തയ്യാറായില്ല. ഉണ്ടെങ്കിൽ തന്നെയും അത് പബ്ലിക് രേഖകളിൽ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. രഹസ്യമായിട്ട് ഇരിക്കുകയാണ്. പലതവണ ചോദിച്ചിട്ടും അവർ ഉണ്ടോ എന്നോ ഇല്ല എന്നോ പറയുന്നില്ല.

നിയമപരമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണോ?

നിയമപരമായിട്ട് മുന്നോട്ട് പോകണമെങ്കിൽ ഈ പ്രോസസ്സ് പൂർത്തിയാകണമല്ലോ. അതായത് എന്റെ പാസ്സ്‌പോർട്ട് അപ്ലിക്കേഷൻ ഇതുവരെ റിജെക്ട് ചെയ്തിട്ടില്ല. റിജെക്ട് ചെയ്താൽ മാത്രമേ കോടതിയെ സമീപിക്കാൻ കഴിയുള്ളൂ. ഇല്ലെങ്കിൽ നമുക്ക് വളരെ അടിയന്തിരമായി രാജ്യത്തിന് പുറത്ത് പോവാനുള്ള ആവശ്യം ഉണ്ടാകണം. അങ്ങനെയൊന്ന് ഇപ്പോൾ മുന്നിലില്ല. അതുകൊണ്ട് തന്നെ ആ വഴിയും പറ്റില്ല. അടുത്ത 17 ആം തീയതി എന്നെ റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസിലേക്ക് വിളിച്ചിട്ടുണ്ട്. അവിടെ അന്ന് എന്തായാലും പോകണം. പക്ഷെ എന്തിനാണ് വിളിപ്പിച്ചതെന്നോ, കൂടെ എന്തൊക്കെ രേഖകൾ കൊണ്ടുപോകണമെന്നോ അവർ ഇതുവരെ പറഞ്ഞിട്ടില്ല. ഇനി അറിയിക്കുമോ എന്നറിയില്ല.

വോട്ടേഴ്‌സ് ലിസ്റ്റിൽ പല ആൾക്കാർക്കും പേരില്ലാത്തത് എസ്. ഐ. ആർ -നോട് സഹകരിക്കാത്തത് കാരണമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. താങ്കളുടെ കേസിൽ എസ്. ഐ. ആർ -ൽ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നോ?

എസ്. ഐ. ആർ -മായി സഹകരിക്കാത്തത് കൊണ്ടല്ല. എസ്. ഐ. ആർ -ന് ഫോം കൊടുത്ത് സഹകരിക്കാത്തവരുടെ പേരുകൾ തീർച്ചയായിട്ടും ലിസ്റ്റിൽ വരില്ല. എന്റെ കേസ് ഫോം കൊടുക്കാത്തത് കൊണ്ടല്ല. ഫോമിനകത്ത് അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും ഇല്ല എന്നാണ് പറയുന്നത്. എന്റെയോ എന്റെ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ ആയി ആരെങ്കിലും ഒരാളുടെ പേര് 2002- ലെ ലിസ്റ്റിൽ ഉണ്ടായിരിക്കണം. എന്റെ പേരോ എന്റെ അച്ഛന്റെ പേരോ അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പറയുന്നത്. ബാക്കിയുള്ളവരെല്ലാം മുന്നേ മരിച്ചുപോയി. അതുകൊണ്ടാണ് അവർ ‘അണ്ടർ അഡ്ജുഡിക്കേഷൻ’ എന്ന വിഭാഗത്തിൽ എന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലെക്ഷൻ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചതനുസരിച്ച്, ആ വിഭാഗത്തിലുള്ളവർ കമ്മീഷൻ സ്വീകരിക്കുന്ന 11 രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം എന്നാണ്. അതിനകത്തുള്ള ഒന്നാണ് മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്. എസ്. എൽ. സി ബുക്ക്. ഞാൻ അത് കൊടുത്തതുമാണ്‌. ‘ലോജിക്കൽ ഡിസ്ക്രിപ്റ്റൻസി’ എന്ന ഒരു ന്യായവാദം കൊണ്ടാണെന്ന് തോന്നുന്നു, ഔദ്യോഗികമായി അങ്ങനെയൊന്നുണ്ടോ എന്ന് വ്യക്തമല്ല, ആ സർട്ടിഫിക്കറ്റ് അവർ സ്വീകരിച്ചില്ല. എന്തെങ്കിലും സ്പെല്ലിങ് തെറ്റോ മറ്റോ ആയിരിക്കും അവർ കാരണമാക്കുന്നത്. ഞാൻ എസ്. ഐ. ആർ മായി സഹകരിക്കാത്തത് കൊണ്ടല്ല എന്നെ വോട്ടേഴ്‌സ് പട്ടികയിൽ നിന്ന് പുറത്താക്കിയത്.

മുതിർന്ന മാധ്യമ പ്രവർത്തകനായ താങ്കൾ നേരിടുന്ന പ്രശ്നം മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ താത്പര്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടില്ലലോ. അതിനെപ്പറ്റി എന്താണ് പങ്കുവെക്കാനുള്ളത്.

എന്റെയൊരു പ്രശ്നം എന്നതിലുപരി, എന്റെ പരാതി എന്തെന്നാൽ താങ്കൾ മുൻപ് ചോദിച്ച ആ സംശയം, അതായത്, ‘പാസ്പോർട്ട് പുതുക്കാനായിട്ട് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വേണം എന്ന നിയമമുണ്ടോ?’ എന്ന് ഞാൻ പല മാധ്യമപ്രവർത്തകരോടും ചോദിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. ഒന്നുങ്കിൽ അവർക്ക് അതിനുള്ള കൃത്യമായ മറുപടിയില്ല അല്ലെങ്കിൽ പ്രത്യേകിച്ച് താത്പര്യം കാണിച്ചില്ല. എന്റെ വിഷയമായിട്ടല്ല ഞാൻ ഇത് പറഞ്ഞത്… ഏത് ഇന്ത്യക്കാരനെയും ബാധിക്കാവുന്ന പ്രശ്നമല്ലേ ഇത്. അതുകൊണ്ടാണ് ഞാനിത് പൊതുജന മധ്യത്തിൽ കൊണ്ടുവന്നത്. ‘ലൈവ് ലോ’ -യിലെ മനു സെബാസ്റ്റ്യൻ എന്നയാൾ വളരെ വിശദമായി ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതല്ലാതെ മുഖ്യധാരാ മാധ്യമങ്ങൾ, ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ ഇങ്ങനെ ഒരു കുറിപ്പെഴുതിയിട്ടുണ്ടെന്നല്ലാതെ അവരുടേതായിട്ടുള്ള റിപ്പോർട്ടിങ് ചെയ്തതായിട്ട് ഞാൻ കണ്ടില്ല.

വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തത് ബംഗാളിൽ 27 ലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ട്. അവരിൽ പലരും അപ്പീൽ കൊടുത്തിരിക്കുകയാണ്. കാരണം അവർ എസ്. ഐ. ആർ നോട് യോജിക്കുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ ഈ വിഷയം വേണ്ട വിധം കൈകാര്യം ചെയ്യുന്നില്ല. ചെയ്യുന്നവർ തന്നെ വളരെ ഉപരിപ്ലവമായാണ് റിപ്പോർട്ട് ചെയ്യുന്നത്. അല്ലാതെ, ‘ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത്’ എന്നൊന്നും അവർ ഗവൺമെന്റിനോട് ആരായുന്നില്ല.

സ്വതന്ത്ര മാധ്യമ പ്രവർത്തനം വലിയ പ്രതിസന്ധികൾ നേരിടുകയാണോ?

എനിക്ക് നേരിട്ട് ഗൗരവകരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും സർക്കാരിനെതിരെ വിമർശിക്കുന്ന, നന്നായി പ്രവർത്തിക്കുന്ന, പല മാധ്യമപ്രവർത്തകരും വ്യത്യസ്ത രീതികളിൽ ഭീഷണികൾ നേരിടുന്നുണ്ട്. മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ തീർച്ചയായും പ്രാധാന്യമുള്ള വിഷയം തന്നെയാണ്. മാധ്യമ പ്രവർത്തനം വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും അതോടൊപ്പം നമ്മൾ കാണേണ്ട മറ്റൊരു കാര്യം പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മുഖ്യധാരമാധ്യമങ്ങൾ എത്രമാത്രം പരാജയപ്പെടുന്നു എന്നതാണ്. പൗരാവകാശങ്ങൾ സംരക്ഷിക്കുക എന്ന വലിയ കർത്തവ്യത്തിൽ ഇന്ത്യയിലെ “മുഖ്യധാരാ മാധ്യമങ്ങൾ” വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം.

Content Summary: Veteran journalist R. Rajagopal alleges that his passport renewal was stalled after his name was removed from the electoral roll, raising concerns over citizens’ rights and the mainstream media’s silence on the issue.

This post was last modified on June 29, 2026 9:24 pm

വിനയൻ രാഘവൻ:
Related Post
Leave a Comment