July 14, 2026 |
Share on

“ഗവർണർക്ക് വിവേചനാധികാരമുണ്ട്.  എന്നാലും, ഇത് കടുംപിടിത്തം!”

വിസികെ യുടെ പിന്തുണ ഔദ്യോഗികമായി ഉറപ്പായതോടെ വിജയ് 120 സീറ്റുകളുടെ ഭൂരിപക്ഷം നേടിയിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രവർത്തന പരിചയമുള്ള ലോക്സഭാ മുൻ സെക്രട്ടറി ജനറൽ ആയ പി.ഡി.ടി ആചാരി വിവരങ്ങൾ പങ്കുവെക്കുന്നു.

തമിഴ്നാട് രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് തൊട്ട് നടന്നുകൊണ്ടിരിക്കുന്നത് സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകളാണ്. ആകെയുള്ള 234 മണ്ഡലങ്ങളിൽ 107 സീറ്റുകൾ നേടിയ വിജയ് യുടെ ടിവികെ ആണ് ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഒറ്റകക്ഷി. 118 സീറ്റുകളാണ് ഭൂരിപക്ഷം കിട്ടാൻ ആവശ്യമായുള്ളത്. മറ്റ് മുന്നണികളെല്ലാം വിജയ്-യുടെ ടിവികെ-യെക്കാളും പിന്നിലാണ്. ഈ സാഹചര്യത്തിൽ മൂന്ന് തവണയാണ് വിജയ് സർക്കാർ രൂപവത്കരിക്കാൻ ഗവർണറെ കണ്ടത്. കോൺഗ്രസിന്റെ പിന്തുണയോടെ ടിവികെ-കോൺഗ്രസ് എന്ന ഏറ്റവും കൂടുതൽ സീറ്റുകളുള്ള തിരഞ്ഞെടുപ്പാനന്തര മുന്നണി എന്ന നിലയിലാണ് മന്ത്രിസഭ രൂപീകരിക്കാനായി വിജയ് ബുധനാഴ്ച ഗവർണ്ണറെ കണ്ടത്. എന്നാൽ ഈ മുന്നണിക്ക് 118 എന്ന ഭൂരിപക്ഷ അംഗബലമില്ലെന്ന് കാട്ടി തിരിച്ചയച്ചു. വ്യാഴാഴ്ച ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഒറ്റകക്ഷിയെന്ന അവകാശമുന്നയിച്ച് സർക്കാരിനെ കണ്ടു. അതിനും ഫലം കണ്ടില്ല. കോൺഗ്രസ്, സിപിഐ(എം), വിസികെ തുടങ്ങിയ പാർട്ടികളുടെയും പിന്തുണയോടെ ആകെ 118 സീറ്റുകളുണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്ച്ച വീണ്ടും വിജയ് ഗവർണറെ കണ്ടപ്പോഴും നിരാശയായിരുന്നു ഫലം. മറ്റു പാർട്ടികളുടെ പിന്തുണ കിട്ടിയെന്നതിന് തനിക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള തെളിവ് വേണമെന്നായിരുന്നു രാജേന്ദ്ര അർലേഖറുടെ നിലപാട്. എന്നാൽ ടിസികെ യുടെ പിന്തുണ അനിശ്ചിതത്വത്തിൽ നീളുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ആണ് ടിവികെ-യോടുള്ള വിസികെ-യുടെ പിന്തുണ സ്ഥിരീകരിച്ചത്. ഇതോടെ സ്ഥിരീകരിച്ച പിന്തുണയോടെ 118 എന്ന കടമ്പ വിജയ് കടന്നിരിക്കുകയാണ്. ഇനിയുടനെ തന്നെ സർക്കാർ രൂപീകരിക്കാനായി ഗവർണറെ കാണാൻ വിജയ് ഒന്നും കൂടെ പുറപ്പെടും. ഇപ്രാവശ്യം ഗവർണർക്ക് വിജയ്-യെ തിരിച്ചയക്കാനാകില്ല.

ടിവികെ നേതാവ് വിജയ്

ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഒറ്റകക്ഷിയായിട്ടും ഒരു മന്ത്രിസഭ രൂപീകരിക്കാൻ വിജയ് നേരിട്ട പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. മന്ത്രിസഭ രൂപീകരണത്തിൽ ഗവർണറുടെ അധികാരം എന്താണ്? ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഒറ്റകക്ഷി എന്ന നിലക്ക് ടിവികെ ക്ക് മന്ത്രിസഭ രൂപീകരിക്കുന്നതിൽ നിയമതടസ്സമുണ്ടോ? തിരഞ്ഞെടുപ്പാനന്തരം രൂപീകരിക്കപ്പെട്ട ഏറ്റവും കൂടുതൽ സീറ്റുള്ള മുന്നണിക്ക് അധികാരത്തിൽ വരാൻ ഭൂരിപക്ഷാംഗബലമെന്ന കടമ്പയും കടക്കേണ്ടതായിട്ടുണ്ടോ? 

ഈ വിഷയത്തിൽ പ്രവർത്തന പരിചയമുള്ള ലോക്സഭാ മുൻ സെക്രട്ടറി ജനറൽ ആയ പി.ഡി.ടി ആചാരി അഴിമുഖം പ്രതിനിധി വിനയൻ രാഘവനുമായി പങ്കുവച്ച വിവരങ്ങളനുസരിച്ച്, ഗവർണർക്ക് തീർച്ചയായും വിവേചനാധികാരമുണ്ട്, പക്ഷേ തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേഖർ കാണിച്ചത് കടുംപിടിത്തമായിരുന്നു. 

പി.ഡി.ടി ആചാരി

“സഭയിലെ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർക്ക് ആവശ്യപ്പെടാം. എന്നാൽ, ചരിത്രം നോക്കുകയാണെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മന്ത്രിസഭാരൂപീകരണത്തിൽ വ്യത്യസ്ത തരം നിലപാടുകളെടുത്ത പ്രസിഡന്റുമാരെ നമുക്ക് കാണാം.1996-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ വാജ്‌പെയ് നയിച്ച ബിജെപി മുന്നണിയെ കൃത്യമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ അന്ന് രാഷ്ട്രപതി ചെയ്തത് കൂടുതല്‍ സീറ്റുകളുണ്ട് എന്ന നിലയില്‍ ദേവ ഗൗഡയെ മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍, ഭൂരിപക്ഷ അംഗബലം തെളിയിക്കാന്‍ ഒരു നിശ്ചിത സമയം കൊടുത്തിട്ടായിരുന്നു മന്ത്രസഭ രൂപീകരിക്കാന്‍ അനുവദിച്ചത്.. ഈ സമയത്തിനുള്ളിൽ അന്നത്തെ മന്ത്രിസഭക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ല. മന്ത്രിസഭ വീഴുകയാണുണ്ടായത്. 1998-ലും വാജ്പെയ്-യുടെ എൻഡിഎ മുന്നണിക്ക് ഭൂരിപക്ഷ അംഗബലമുണ്ടായിരുന്നില്ല. പക്ഷേ, അന്നത്തെ പ്രസിഡന്റ് കെ.ആർ നാരായണൻ ഭൂരിപക്ഷം ഉറപ്പിച്ച ശേഷം മാത്രമാണ് മന്ത്രിസഭയുണ്ടാക്കാൻ അനുവദിച്ചത്. ഈ രണ്ട് സാഹചര്യങ്ങളിലും പ്രസിഡന്റുമാർ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചതെന്ന് കാണാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നോക്കുകയാണെങ്കിൽ, മഹാരാഷ്ട്രയിലും ഗോവയിലുമൊക്കെ ഭൂരിപക്ഷ അംഗബലമില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുള്ള ഒറ്റക്കക്ഷി എന്ന നിലയിലോ, ഏറ്റവും കൂടുതൽ സീറ്റുള്ള തിരഞ്ഞെടുപ്പാനന്തര മുന്നണി എന്ന നിലയിലോ ഒക്കെ മന്ത്രിസഭ രൂപീകരണത്തിന് ഗവർണർമാർ അനുമതി കൊടുത്തിട്ടുണ്ട്.  ഗവർണറിനു ഭൂരിപക്ഷം തേടാമെന്നോ തേടേണ്ടതില്ലായെന്നോ ഭരണഘടനയിൽ പറഞ്ഞിട്ടില്ല. ‘മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരം മറ്റ് മന്ത്രിമാരെയും ഗവർണർ നിയമിക്കുന്നു’ എന്നാണ് ഭരണഘടനയിലുള്ളത്. എന്നാൽ, വ്യക്തമായി പറഞ്ഞിട്ടുള്ള മറ്റൊന്നുണ്ട്. അത്, മന്ത്രിസഭക്ക് നിയമസഭയോട് കൂട്ടുത്തരവാദിത്വമുണ്ട് എന്നാണ്. അതായത്, നിയമസഭയിൽ ഭൂരിപക്ഷമുള്ളവർക്ക് മാത്രമേ മന്ത്രിസഭ രൂപീകരിക്കാൻ കഴിയുകയുള്ളൂ. തമിഴ്നാടിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു ഗവർണർക്ക് വേണമെങ്കിൽ ഏറ്റവും കൂടുതൽ സീറ്റുള്ള ഒറ്റകക്ഷി എന്ന നിലക്ക് ടിവികെ-യോട് മന്ത്രിസഭയുണ്ടാക്കാൻ പറയാം. അങ്ങനെ പറയാതിരിക്കുകയും ചെയ്യാം. നിലവിൽ 118 പേരുടെ പിന്തുണയുടെ തെളിവ് വേണമെന്നാണ് ഗവർണർ പറഞ്ഞത്. ഗവർണറുടെ വിവേചനാധികാരമാണത്. പിന്നെ പൊതുവായി ചില മാനദണ്ഡങ്ങളുണ്ട്. ഇലക്ഷന് മുന്നേയുള്ള മുന്നണിയെ(തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകൾ കിട്ടിയത്) പരിഗണിക്കണം. അതല്ലെങ്കിൽ ഇലക്ഷന് ശേഷം ഒരു മുന്നണി എന്ന നിലയിലല്ലാതെ മറ്റു പാർട്ടികളെയും സഹകരിപ്പിച്ചുകൊണ്ട് മന്ത്രിസഭയുണ്ടാക്കാം. ഇലക്ഷന് ശേഷം ഒരു കൂട്ടുമുന്നണി തന്നെയുണ്ടാക്കാം. ഇപ്പോൾ ടിവികെ കോൺഗ്രസുമായും വിസികെ-യുമായും ചേർന്ന് ഉണ്ടാക്കിയ പോലെ. കൂട്ടുമുന്നണിയായാൽ നിർബന്ധമായും ഭൂരിപക്ഷം ആവശ്യമാണ്. ഒറ്റക്കക്ഷിയാകുമ്പോൾ ഭൂരിപക്ഷം ഇല്ലെങ്കിലും പരിഗണിക്കാവുന്നതാണ്. എന്തൊക്കെയായാലും, ഈ ഗവർണർ കടുംപിടിത്തത്തിലാണ്- ‘118 എന്ന കേവല ഭൂരിപക്ഷത്തോടെ മാത്രമേ മന്ത്രിസഭ രൂപീകരിക്കാൻ പാടുള്ളൂ’ എന്ന്.”-പി.ഡി.ടി ആചാരി അഭിപ്രായപ്പെട്ടു.

Disclaimer: The information was given by P.D.T Achary

Content Summary: Vijay’s TVK became the single largest party in Tamil Nadu but faced repeated hurdles in forming the government as Governor Rajendra Arlekar insisted on proof of majority support. Former Lok Sabha Secretary General P. D. T. Achary said governors have discretionary powers, and past precedents on inviting parties to form governments have differed.

വിനയൻ രാഘവൻ

വിനയൻ രാഘവൻ

അഴിമുഖം സബ് എഡിറ്റർ ട്രെയ്‌നി, ജേർണലിസത്തിൽ പിജി ഡിപ്ലോമ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം

More Posts

Leave a Reply

Your email address will not be published. Required fields are marked *

×