രൂപയെ രക്ഷിക്കാനുള്ള തന്ത്രം; കരുതല്‍ ശേഖരം കാക്കാന്‍ ആര്‍.ബി.ഐ സ്വര്‍ണ്ണം വിറ്റതായി സൂചന

രണ്ടാഴ്ചയ്ക്കുള്ളില്‍ വിറ്റത് ഏകദേശം ഒരു ലക്ഷത്തി പതിനാലായിരം കോടിയിലധികം മൂല്യം വരുന്ന സ്വര്‍ണ്ണമെന്ന് ബ്ലൂംബെര്‍ഗ്‌ ഇക്കണമോകിസ് റിപ്പോര്‍ട്ട്

RBI Sold Gold reserves

പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തടയാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) തങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണശേഖരം വന്‍തോതില്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. മെയ് 22-ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 12 ബില്യണ്‍ ഡോളര്‍ (ഏകദേശം ഒരു ലക്ഷം കോടിയിലധികം രൂപ) മൂല്യം വരുന്ന സ്വര്‍ണ്ണമാണ് ആര്‍.ബി.ഐ അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിച്ചതെന്നാണ് ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സിന്റെ പഠനം വ്യക്തമാക്കുന്നത്. ലഭ്യമായ പൊതുവിവരങ്ങള്‍ വിശകലനം ചെയ്ത് ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സിലെ സീനിയര്‍ ഇന്ത്യ ഇക്കണോമിസ്റ്റ് അഭിഷേക് ഗുപ്തയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അമേരിക്കയും ഇറാനും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗത തടസ്സങ്ങളും ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന എണ്ണ ഇറക്കുമതിച്ചെലവും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും രൂപയുടെ മൂല്യത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് തള്ളിയിട്ടിരുന്നു. ഈ ഘട്ടത്തില്‍ വിപണിയില്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ കഴിയുന്ന ലിക്വിഡ് വിദേശനാണ്യ അസറ്റുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആര്‍.ബി.ഐ സ്വര്‍ണ്ണം വിറ്റഴിച്ചതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. സ്വര്‍ണ്ണം വിറ്റഴിച്ച തുക ഉപയോഗിച്ച് ഏകദേശം 7.5 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യ ആസ്തികള്‍ ആര്‍.ബി.ഐ വാങ്ങിക്കൂട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കാലയളവില്‍ രാജ്യം സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു. സാധാരണ നിലയില്‍ ഇറക്കുമതി തീരുവ കൂടുമ്പോള്‍ ആര്‍.ബി.ഐയുടെ പക്കലുള്ള സ്വര്‍ണ്ണശേഖരത്തിന്റെ മൂല്യം വര്‍ദ്ധിക്കുകയാണ് വേണ്ടത്. എന്നാല്‍ അതിനുപകരം കേന്ദ്ര ബാങ്കിന്റെ മൊത്തം സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതാണ് സ്വര്‍ണ്ണം വിറ്റഴിച്ചെന്ന നിഗമനത്തിലേക്ക് ബ്ലൂംബെര്‍ഗ് സാമ്പത്തിക വിദഗ്ദ്ധരെ എത്തിച്ചത്. രൂപയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്നതും വിദേശ നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ ഡോളര്‍ സമാഹരിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ വഴികളും ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ആലോചിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കേന്ദ്ര ബാങ്കിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ കാരണം, ഏഷ്യയിലെ മറ്റ് കറന്‍സികളെ അപേക്ഷിച്ച് രൂപ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. മെയ് 20-ന് രൂപയുടെ മൂല്യം ഡോളറിനെതിരെ സര്‍വ്വകാല തകര്‍ച്ചയായ 96.92 വരെ എത്തിയിരുന്നെങ്കിലും നിലവില്‍ അത് 95.17 എന്ന നിരക്കില്‍ നിയന്ത്രിക്കാന്‍ ആര്‍.ബി.ഐക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 880.52 മെട്രിക് ടണ്‍ സ്വര്‍ണ്ണശേഖരമാണ് ആര്‍.ബി.ഐക്ക് ഉണ്ടായിരുന്നത്. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ റഷ്യയുടെ വിദേശ നിക്ഷേപങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ മരവിപ്പിച്ചതും കണക്കിലെടുത്ത്, വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം ഇന്ത്യ അതിവേഗം തിരികെ എത്തിച്ചിരുന്നു. നിലവില്‍ ആര്‍.ബി.ഐയുടെ ആകെ സ്വര്‍ണ്ണത്തിന്റെ 77 ശതമാനവും ഇന്ത്യയിലെ ബാങ്ക് വോള്‍ട്ടുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബാക്കിയുള്ളവ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് (ബിഐഎസ്) എന്നിവടങ്ങളിലാണ് ഉള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ലിക്വിഡ് ക്യാഷിനായി സ്വര്‍ണ്ണം വിറ്റഴിക്കുന്ന റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ അതേ തന്ത്രമാണ് ഇപ്പോള്‍ ഇന്ത്യയും പയറ്റിയിരിക്കുന്നത്. എന്നിരുന്നാലും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുകയോ ഡോളര്‍ ദുര്‍ബലപ്പെടുകയോ ചെയ്യുമ്പോള്‍ വിദേശനാണ്യ ശേഖരവും സ്വര്‍ണ്ണശേഖരവും വീണ്ടും ശക്തിപ്പെടുത്താന്‍ ആര്‍.ബി.ഐ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണ വില്‍പ്പനയെക്കുറിച്ച് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവരങ്ങള്‍ക്ക് കടപ്പാട്; ബ്ലൂംബെര്‍ഗ്‌

Content Summary: RBI may have sold $12 billion worth of gold from its reserves to support the Indian rupee and manage foreign exchange liquid assets, says Bloomberg Economics report

This post was last modified on June 3, 2026 12:45 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment